ശെമവൂൻ മാർ അത്താനാസിയോസ്: മലങ്കരയുടെ സത്യവിശ്വാസപാലകൻ
സത്യവിശ്വാസ സംരക്ഷകനായി മലങ്കര സഭയിലേക്ക് എഴുന്നള്ളി മലങ്കര സഭയുടെ വിശ്വാസ സത്യങ്ങളെയും പാരമ്പര്യത്തെയും അനുഷ്ഠാനങ്ങളെയും ആരുടെ മുന്നിലും അടിയറവുപറയാതെ കാത്തു സംരക്ഷിച്ച മഹാ ഇടയൻ, സുറിയാനി പണ്ഡിതൻ, വിശ്വാസ സംരക്ഷകൻ, ദീർഘവീക്ഷകൻ, ഉത്തമ ദയറാക്കാരൻ എന്നി നിലകളിലും ഏറെ ശ്രദ്ധയനായ പിതാമാണ് ശെമവൂൻ മാർ അത്താനാസിയോസ്.
1875-ൽ പത്രോസ് തൃതീയൻ നാലാമൻ പാത്രിയർക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നള്ളുകയും 1876 -ലെ മുളന്തുരുത്തി സുന്നഹദോസും പുലിക്കോട്ടിൽ ജോസഫ് മോർ ദീവന്നാസിയോസിനെ മലങ്കര മെത്രാപ്പോലീത്തായാക്കിയുള്ള നിയമനവും ഭരണ ക്രമീകരണങ്ങളും കാര്യങ്ങളും ഏൽപിക്കുകയും ചെയ്തു. മൂന്ന് തവണകളായി മലങ്കരയിൽ മെത്രാപ്പോലീത്താമാരെ വാഴിക്കുന്നതിനും അദ്ദേഹം പ്രധാന കാർമ്മികത്വം വഴിച്ചു. 1876 ഡിസംബർ മൂന്നിന് (കടവിൽ പൗലൂസ് മാർ അത്താനാസ്യോസ്, കോനാട്ട് ഗീവർഗീസ് മാർ യൂലിയോസ്) 1876 ഡിസംബർ പത്തിന് ( അമ്പാട്ട് ഗീവറുഗീസ് മാർ കൂറിലോസ്, ചാത്തുരുത്തി ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് ). 1877 മെയ്യ് പതിനെഴാം തീയതി കുന്നംകുളം ചിറളയം മാർ ലാസർ ദേവാലയത്തിൽ വച്ച് മുറിമറ്റത്തിൽ പൗലോസ് മാർ ഇവാനിയോസ് തിരുമോനിയോസ് (ഒന്നാം കാതോലിക്കാ), ശെമവൂൻ മാർ ദിവന്നാസിയോസ് എന്നിവരെ വാഴിക്കുകയും ആറുപേർക്കും ഭദ്രാസനങ്ങൾ വിഭജിച്ചു നൽകുകയും ആറു പേരുടെയും കൈയിൽ നിന്നും ഉടമ്പടി വാങ്ങിക്കുകയും, ആറുപേർക്കും നിയമന കല്പന അഥവാ സ്താത്തിക്കാൻ കൊടുക്കുകയും ചെയ്തു. പരിശുദ്ധ പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവാ തന്റെ മലങ്കര സന്ദർശനത്തിന് ശേഷം ബോംബെയിൽ നിന്നു തിരിച്ചുപോയി.
ആ കാലഘട്ടത്തിൽ പഴയ സെമിനാരിയും വസ്തുവകകളും നവീകരണക്കാരുടെ കൈവശമായിരുന്നു. മലങ്കരസഭയെ അവജ്ഞയോടെ നോക്കികണ്ട നവീകരണക്കാർ മലങ്കരസഭയുടെ വിശ്വാസ സത്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളും ബൈബിളിനെമാത്രം കേന്ദ്രമാക്കി നവീകരണ രീതിയിലുള്ള വ്യത്യാസങ്ങൾ ചെയ്യുവാൻ തീരുമാനിച്ചു. പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രർത്ഥന, വിശുദ്ധൻമാരോടുള്ള സഭയുടെ സമീപനം മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, മലങ്കര സഭയുടെ ആരാധനകൾ മുതലായവ അക്ഷന്തവ്യമായ അപരാധമായി നവീകരണക്കാർ കരുതിയിരുന്നു. ആരാധന, കാനോനിക, ദൈവശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും എല്ലാ അബദ്ധസിദ്ധാന്തങ്ങളും തുടച്ചു നീക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ നവീകരണക്കാർ സെമിനാരികളിലും വൈദീകപരിശീലനത്തിലും, പൊതു സദസ്സുകളിലും ആംഗ്ലിക്കന്‍ ദൈവശാസ്ത്രം പഠിപ്പിക്കാന്‍ തുടങ്ങി. ഇത് മലങ്കര സഭയുടെ സത്യവിശ്വാസ ആരാധനകളെ ആഴത്തിൽ മുറിവേൽപിച്ചു.
അന്നത്തെ തിരുവിതാംകൂർ കോടതി നവീകരണക്കാർ (പ്രൊട്ടസ്റ്റന്റ്) അനുഭാവികളുള്ള ദേവാലയങ്ങളിൽ ഒരുതവണ അവരുടെ പട്ടക്കാർക്കും വിശ്വാസികൾക്കും ആരാധന നടത്തുവാൻ അനുവാദമുണ്ടായിരിക്കത്തക്കവിധം വിധി പ്രസ്താവിച്ചിരുന്നു. ആയതിനാൽ ഒന്നിടവിട്ട ആഴ്ചകളിൽ രണ്ടുകൂട്ടരും ശുശ്രൂഷകൾ നടത്തിപ്പോന്നു. എന്നാൽ കോട്ടയം ചെറിയ പള്ളിയുടെ വിധിയിൽ ആലപ്പുഴ മുൻസീഫ് നവീകരണക്കാർക്ക് അനുകൂലമായി വിധിച്ചതിനാൽ സത്യവിശ്വാസികളായ മലങ്കര നസ്രാണികൾ ആ പള്ളിയുപേക്ഷിച്ച് തൊട്ടടുത്തുള്ള പുത്തൻപള്ളിയിൽ ആരാധനകൾ നിർവ്വഹിക്കേണ്ടതായി വന്നു. നവീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടുവന്നതിനാൽ 1865 -ൽ പ. ഇഗ്നാത്തിയോസ് യാക്കൂബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവായാൽ മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട ജോസഫ് മാർ ദീവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്താ 1879 -ൽ നവീകരണ വക്താവായ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്റെ (കോട്ടയം സെമിനാരി പ്രസ്സിൽ നിന്നും അച്ചടിപ്പിച്ച് നമസ്കാര പുസ്തകത്തിൽ ഇദ്ദേഹം “കൃപനിറഞ്ഞ മറിയമേ ‘ എന്ന പ്രാർത്ഥന ചേർത്തിരുന്നില്ല) പിൻഗാമിയായ തോമസ് മാർ അത്താനാസിയോസിനെ പ്രതിയാക്കി തിരുവിതാംകൂർ കോടതിയിൽ അന്യായം ബോധിപ്പിച്ചു.
സഭയിലെ സത്യവിശ്വാസവും പാരമ്പര്യങ്ങളും അനുഷ്ഠാനരീതികൾക്കും സഹായകമായി വി. കന്യകമറിയാമിന്റെ മധ്യസ്ഥതയെയും, മരിച്ചവരുടെ ഓർമ്മ ആചരിക്കുന്നതിനെയും വേദവിപരീതമെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന നവീകരണക്കാരുടെ പ്രവർത്തനം മൂലമുണ്ടായിക്കൊണ്ടിരുന്ന പ്രയാസങ്ങളെപ്പറ്റി മലങ്കര മെത്രാപ്പോലീത്തായായിരുന്ന ജോസഫ് മോർ ദീവന്നാസിയോസ് തിരുമേനിയും, ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയും (പരിശുദ്ധ പരുമല തിരുമേനി) ചേർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അടുക്കൽ കത്ത് മുഖേനേ സങ്കടം ബോധിപ്പിച്ചു. 1880-ൽ പ. പത്രോസ് പാത്രിയർക്കീസ് ബാവ വന്ദ്യ ശെമവൂൻ റമ്പാച്ചനെ ശെമവൂൻ മോർ അത്താനാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് മലങ്കരയിലേക്ക് അയച്ചു. അദ്ദേഹം തെക്ക് കിഴക്കൻ തുർക്കിയിലെ തുറാബ്ദീൻക്കാരനായിരുന്നു എന്ന് പറയപ്പെടുന്നു. ശിഷ്യനായ സ്ലീബായ്ക്കു ശെമ്മാശ സ്ഥാനം നൽകി. ഗുരുവും ശിഷ്യനും കേരളത്തിലേക്ക് യാത്രതിരിച്ചു. 1881 ജനുവരി മാസം 1-ാം തീയതി കപ്പൽ മാർഗ്ഗം കൊച്ചി തുറമുഖത്ത് വന്നിറങ്ങി.
നവികരണക്കാർ പല മാർഗ്ഗങ്ങളിലൂടെയും ഭരണാധികാരികളെ സ്വാധീനിച്ചിരുന്നു. ഇതിന്റെ ഫലമായി പലപ്പോഴും വിധികൾ അവർക്ക് അനുകൂലമായി വന്നിരുന്നു. കോട്ടയം പഴയ സെമിനാരിയും കോട്ടയം ചെറിയപള്ളിയും നവീകരണക്കാരുടെ കൈവശമായതിനാൽ മലങ്കര വിശ്വാസികൾ കോട്ടയം പുത്തൻപള്ളി സ്ഥാപിച്ച് അവിടെ അരാധന നടത്തിവന്നു. ശെമവൂൻ മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായും തന്റെ ശിഷ്യനായ സ്ലീബാ ശെമ്മാശനും പുത്തൻപള്ളിയിൽ താമസമാക്കി വിശ്വാസികളുടെ അത്മീയ കാര്യങ്ങൾ നിർവ്വഹിച്ചു. 1889-ൽ കോട്ടയം പഴയസെമിനാരിയും, സ്വത്തുകളും ജോസഫ് മോർ ദീവന്നാസിയോസിന് കോടതി വിധിമൂലം ലഭിച്ചപ്പോൾ മോർ ശെമവൂൻ ബാവായും സ്ലീബാ ശെമ്മാശനും പഴയസെമിനാരിയിലേക്ക് താമസം മാറ്റി. വിധിയുടെ പശ്ചാത്തലത്തിൽ നവീകരണക്കാർക്ക് പഴയ സെമിനാരിയിൽ പ്രവേശിക്കുവാൻ അനുവാദമില്ലാതെയായി. ഇതുമൂലം അവർ സെമിനാരിയിലുള്ള അവരുടെ അവകാശങ്ങൾ ഉപേക്ഷിക്കുകയും ഇന്ന് സി എം എസ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നവീകരണ മിഷനറിമാർ അവരുടെ പുതിയ സെമിനാരി സ്ഥാപിക്കുകയും ചെയ്തു. അന്ന് മുതൽ കോട്ടയം തിയോളോജിക്കൽ സെമിനാരിയെ പഴയ സെമിനാരി എന്നറിയപ്പെടുവാൻ തുടങ്ങി.
1849-ൽ പരിശുദ്ധ യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിലേക്കയച്ച സ്തേഫാനോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കൂടെ ആദ്യമായി ശെമവൂൻ റമ്പാച്ചൻ മലങ്കരയിൽ വന്നിരുന്നു. എട്ട് വർഷം മലങ്കരയിൽ താമസിച്ചതിനുശേഷം ശീമയിലേക്ക് മടങ്ങി. ആ കാലഘത്തിൽ തന്നെ മലങ്കരയിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ വാഴ്ചകളും അധികാരങ്ങളും നിലനിന്നിരുന്നു. മിഷനറിമാരുടെ പാഷാഡോപദേശങ്ങളിൽ സുറിയാനി സഭാമക്കളിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്ന കാലമായിരുന്നു അത്. ശെമവൂൻ റമ്പാച്ചനിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളും മലങ്കരയിലുള്ള അനുഭവമ്പമ്പത്തുമാകാം രണ്ടാം തവണയും അദ്ദേഹത്തെ മലങ്കരയിലേക്ക് അയക്കുവാൻ പ. പത്രോസ് പാത്രിയർക്കീസ് ബാവയെ പ്രരിപ്പിച്ചത്.
സത്യവിശ്വാസം നിലനിർത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും ദൈവത്താൽ നിയോഗം ലഭിച്ച ശെമവൂൻ മോർ അത്താനാസിയോസ് 1889 ജൂൺ മാസം 11 -ാം തീയതി പഴയ സെമിനാരിയിൽ വച്ച് ദൈസന്നിധിയിൽ ചേർക്കപ്പെട്ടു. അദ്ദേഹം ദീർഘകാലം താമസിച്ച കോട്ടയം പുത്തൻപള്ളിയുടെ വിശുദ്ധ മദ്ബഹായുടെ വടക്കുവശത്തു കബറടക്കി. സ്വദേശത്തും വിദേശത്തും സ്ലീബാ ശെമ്മാശന്റെ ഗുരുവായിരുന്ന ശെമവൂൻ മോർ അത്താനാസിയോസിന്റെ വേർപാടിൽ സ്ലീബാ ശെമ്മാശൻ (സ്ലീബാ മാർ ഒസ്താത്തിയോസ്) വാവിട്ടുകരഞ്ഞുവെങ്കിലും “കലപ്പയ്ക്കു കൈവച്ചശേഷം പുറകോട്ടു നോക്കാതെ” പഴയ സെമിനാരിയിൽ താമസിച്ച് സുവിശേഷവേലയും സഭാ ചരിത്രപ്രസംഗങ്ങളും നടത്തി സഭയെ സത്യവിശ്വാസത്തിൽ സംരക്ഷിക്കുന്നതിനും അത് നിലനിർത്തുന്നതിനും തന്റെ ശിഷ്യനായ സ്ലീബാ ശെമ്മാശനും അത്യുത്സാഹം പരിശ്രമിച്ചു. അവിടുത്തെ പ്രാർത്ഥനകൾ നമ്മെ നയിക്കട്ടെ.
വർഗീസ് പോൾ കൈത്തോട്ടത്തിൽ