ബർത്തുൽമായി ശ്ലീഹാ: ഒരു ലഘു ചരിത്രം
ബർത്തുൽമായി ഗലീലയിലെ കാനാ പട്ടണത്തിൽ ജനിച്ചു. ചരിത്രരേഖകളില്ലാത്ത പക്ഷം അദ്ദേഹം യിസ്സാഖർ ഗോത്രക്കാരനാണോ ആശിർ ഗോത്രക്കാരനോ എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കുകയില്ല. ബർത്തുൽമായി ശ്ലീഹായുടെ ആദ്യത്തെ നാമം യേശു എന്നായിരുന്നു. തന്റെ ഗുരുവായ ക്രിസ്തു യേശുവിന്റെ പേരിൽ നിന്ന് വ്യത്യസ്തനായി അറിയപ്പെടുന്നതിന് തുൽമായിയുടെ പുത്രൻ എന്നർത്ഥമുള്ള ബർതുൽമായി (Son of Tolmai) എന്ന പേര് സ്വീകരിച്ചുവെന്ന് കരുതപ്പെടുന്നു.
വിശുദ്ധ മത്തായി 10: 3 -ൽ ഇപ്രകാരം എഴുതിയിരിക്കുന്നു; “പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാവിത്: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ”. വിശുദ്ധ മര്‍ക്കോസ് 3:18, വിശുദ്ധ ലൂക്കൊസ് 6: 14 എന്നി സുവിശേഷകര്‍ മാത്രമേ ബര്‍ത്തലോമിയോ എന്ന ശിഷ്യനെപ്പറ്റി എഴുതിയിട്ടുള്ളു. കൂടാതെ അപ്പൊ പ്രവത്തികൾ 1: 13 -ലും “അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവ്മല വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമാസ്, ബർത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാർഥന കഴിച്ചുപോന്നു” എന്നും എഴുതിയിരിക്കുന്നു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ‘നഥാനിയേല്‍’ എന്നു വിളിക്കപ്പെടുന്ന വ്യക്തി ബര്‍ത്തലോമിയോ തന്നെയാണെന്ന് ബൈബിള്‍ പണ്ഡിതന്‍മാരില്‍ ഏറെപ്പേരും വിശ്വസിക്കുന്നു. ഗലീലയിലെ കാനായില്‍ നിന്നുള്ള നഥാനിയേല്‍ എന്നു സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ എഴുതുന്നത് ബര്‍ത്തലോമിയോയെകുറിച്ചാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. യോഹന്നാന്‍ ബര്‍ത്തലോമിയോ എന്ന പേര് സുവിശേഷത്തില്‍ ഉപയോഗിച്ചിട്ടില്ലാത്തതു പോലെ മറ്റു സുവിശേഷകര്‍ നഥാനിയേലിനെ കുറിച്ചും എഴുതിയിട്ടില്ല. യേശുവിന്റെ മറ്റൊരു ശിഷ്യനായ ഫീലിപ്പോസാണ് നഥാനിയേലിനെ യേശുവിന്റെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു വരുന്നതെന്ന് വിശുദ്ധ യോഹന്നാന്‍ എഴുതിയിരിക്കുന്നു. ഫിലിപ്പോസും നഥാനിയേലും സ്നേഹിതൻമാരായിരുന്നു. യേശുവുമായി നഥാനിയേലിന്റെ ആദ്യ കൂടിക്കാഴ്ചയും അവന്റെ വിശ്വാസ സത്യത്തിന്റെ തീക്ഷ്ണതയും യോഹന്നാന്റെ പുസ്തകത്തിൽ പ്രതിവാദിക്കുന്നു. (യോഹ 1: 45-50) “ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻതന്നെ എന്നുപറഞ്ഞു. നഥനയേൽ അവനോട്: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട് വന്നു കാൺക എന്നു പറഞ്ഞു. നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്ന് അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോട്: എന്നെ എവിടെവച്ച് അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പേ, നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്ന് യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്ന് ഉത്തരം പറഞ്ഞു.”
എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് വിശ്വാസ പ്രഖ്യാപനം നടത്തിയ കർത്ത്യ ശിഷ്യനായ വിശുദ്ധ തോമാശ്ലീഹാ എ.ഡി. 52 -ല്‍ ഇന്ത്യയിലെത്തിയെങ്കില്‍ ബര്‍ത്തലോമിയോ എ.ഡി. 55-ലാണ് ഇന്ത്യയിലെത്തിയത്. ബര്‍ത്തലോമിയോ ശ്ലീഹായെ ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്‌തോലൻ എന്നും വിളിക്കുന്നു. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിന്റെ ഒരു കൈയെഴുത്തുപ്രതി ബര്‍ത്തലോമിയോ ഇന്ത്യയിൽ ക്രിസ്തു വിശ്വസം പഠിപ്പിക്കുവാൻ വന്നപ്പോൾ കൊണ്ടുവന്നു എന്നൊരു വിശ്വാസമുണ്ട്. പെന്തികൊസ്തി പെരുന്നാളിനുശേഷം യമൻ, അറേബ്യ, ഏഷ്യാ മൈനർ, പാർത്യ എന്നീ സ്ഥലങ്ങളിൽ ബർത്തുൽമായി കടൽ മാർഗ്ഗം സഞ്ചരിച്ച് സുവിശേഷം അറിയിച്ചു. ചരിത്രകാരനായ കേസരിയായിലെ യൂസീബിയസ്ന്റെ സഭാചരിത്രത്തിൽ യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം, ബർത്തുൽമായി ഇന്ത്യ, എത്യോപ്യ, മെസൊപ്പൊട്ടേമിയ, പാർത്തിയ, ലൈക്കോണിയ തുടങ്ങിയ രാജ്യങ്ങളിൽ മിഷനറിയായി സേവനമനുഷ്ഠിച്ചതായി രേഖപ്പെടുത്തുന്നു. ബർത്തുൽമായി ശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിക്കുകയും പിന്നീട് ഗ്രേറ്റർ അർമേനിയയിലേക്ക് പോവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ വിശുദ്ധ ബർത്തുൽമായിയുടെ ദൗത്യത്തെക്കുറിച്ചും സന്ദർശനത്തെക്കുറിച്ചും പറയുന്ന രണ്ട് പുരാതന സാക്ഷ്യപത്രങ്ങൾ നിലവിലുണ്ട്. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ സിസേറിയയിലെ യൂസിബിയസ്, നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലെ സെന്റ് ജെറോം എന്നിവ ഇവയാണ്. രണ്ടാം നൂറ്റാണ്ടിൽ പന്തേനസ് ഇന്ത്യ സന്ദർശിച്ചതായി പറയുമ്പോൾ ഇവ രണ്ടും ഈ പാരമ്പര്യത്തെ പരാമർശിക്കുന്നു. ഇന്ത്യയിലെ പുരാതന നഗരമായ കല്യാൺ എന്നറിയപ്പെട്ടിരുന്ന കൊങ്കൺ തീരത്തെ ബോംബെ പ്രദേശം വിശുദ്ധ ബർത്തുൽമായിയുടെ മിഷനറി പ്രവർത്തനങ്ങൾ നടത്തിയിരുന്ന മേഖലയായിരുന്നു എന്ന് ചരിത്രകാരൻമാർ പ്രതിപാദിക്കുന്നു. ടർക്കിയിലെ ഹിരയാപ്പോലീസിൽ ഫിലിപ്പോസ് ശ്ലീഹായോടുകൂടി ക്രൂശിക്കപ്പെടാനിരുന്നെങ്കിലും ആ സമയത്തുണ്ടായ ശക്തമായ ഭൂമികുലുക്കം നിമിത്തം രക്ഷപെട്ടു അർമ്മേനിയയിലേക്ക് പോയി എന്നും ചരിത്രം പറയപ്പെടുന്നു. പിന്നീട് അവിടെ നിന്നും ക്രൈസ്തവ വിശ്വാസം ഉറപ്പിക്കുന്നതിനും അത് പഠിപ്പിക്കുന്നതിനുമായി കാസ്പിയൻ കടലിനു സമീപമുള്ള ലുക്കാനിയയിലെത്തി. ഈ സ്ഥലത്തെ ആധുനിക അസർബൈജാൻ എന്നറിയപ്പെടുന്നു. ബര്‍ത്തലോമിയോയുടെ സുവിശേഷം എന്ന പേരില്‍ ഒരു അപ്രാമാണിക ഗ്രന്ഥമുണ്ട്. യേശുവിനോടും തന്റെ അമ്മയായ മറിയത്തോടും ബര്‍ത്തലോമിയോ സംസാരിക്കുന്ന രീതിയിലാണ് ഈ സുവിശേഷം രചിക്കപ്പെട്ടിരിക്കുന്നത്.
ബര്‍ത്തലോമിയോ ശ്ലീഹായുടെ മരണത്തിൽ രണ്ട് പക്ഷങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയില്‍ വച്ചുതന്നെയാണ് ശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതെന്നും ഒരുപക്ഷവും, അര്‍മീനിയായില്‍ വച്ചാണ് രക്തസാക്ഷിത്വം വരിച്ചതെന്നും മറുപക്ഷവും വാദിക്കുന്നു. ബര്‍ത്തലോമിയോയുടെ രക്തസാക്ഷിത്വം’ എന്ന പേരിലുള്ള അപ്രാമാണിക ഗ്രന്ഥത്തില്‍ അദ്ദേഹം ഇന്ത്യയില്‍ വച്ച് രക്തസാക്ഷിയായി എന്നു പറയുന്നു. എ.ഡി. അറുപതില്‍ ഇന്ത്യാ ഫെലിക്‌സ് എന്നറിയപ്പെട്ടിരുന്ന കല്യാണിലേക്ക് അദ്ദേഹം മിഷനറി പ്രവർത്തനം നടത്തി എന്നും എ.ഡി. 62 ഓഗസ്റ്റ് 24-ന് അവിടെവച്ച് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്നു. ഈ ചരിത്ര ഗ്രന്ഥങ്ങളില്‍ അവിടെ ഭരിച്ചിരുന്ന പോളിമൂസ്, അസ്ത്രിയാജിസ് എന്ന രണ്ടു രാജാക്കന്‍മാരെപ്പറ്റി പരമാർശിക്കുന്നുണ്ട്. എ.ഡി. 55 കാലഘട്ടത്തിൽ ഇന്ത്യയിലെ കല്യാണ്‍ ഭരിച്ചിരുന്ന പുലിമയി എന്ന രാജാവിനെ ലാറ്റിന്‍ഭാഷയില്‍ അറിയപ്പെട്ടിരുന്ന പേരാണ് പോളിമൂസ് എന്ന് കരുതുന്നു. പുലിമയിയുടെ കാലശേഷം വന്ന അരിസ്തകര്‍മന്‍ രാജാവ് (അസ്ത്രിയാജിസ്) ബർത്തലോമിയ ക്രൈസ്തവ വിശ്വാസം ജനങ്ങളിൽ അറിയിച്ചതിന്റെ പേരിൽ കല്‍പന പുറപ്പെടുവിച്ച് ശ്ലീഹായെ തലയറുത്ത് കൊല്ലുകയായിരുന്നു എന്ന് ചില ചരിത്രക്കാരൻമാർ അഭിപ്രായപ്പെടുന്നു. മറ്റു ചില ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ അസർബൈജാനിൽ യാത്ര ചെയ്യുമ്പോൾ വിഗ്രഹാരാധനക്കാരുടെ പ്രേരണയാൽ നാടുവാഴിയായ ഹേസ്തിക് ബർത്തുൽമായി ശ്ലീഹായെ ജീവനോടെ തൊലിയുരിച്ച് തലകീഴായി ക്രൂശിച്ചു എന്നും പറയപ്പെടുന്നു. ഈ സംഭവത്തെ “ചുവന്ന രക്തസാക്ഷിത്വം” എന്നുകൂടി അറിയപെടുന്നു. മലങ്കര സഭ പരിശുദ്ധ ബർത്തുൽമായി ശ്ലീഹായുടെ പെരുന്നാൾ ജൂൺ 11 -ാം തീയതി ആഘോഷിക്കുന്നു. ക്രിസ്തുവിനു വേണ്ടി ജീവൻ രക്ത സാക്ഷിത്വം വഹിച്ച ബർത്തുൽമായി ശ്ലീഹായുടെ മദ്ധ്യസ്ഥത നമ്മുക്ക് കോട്ടയായിരിക്കട്ടെ.
വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ