ഓറിയന്റൽ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ചു ഓർത്തഡോക്സ് സഭ
കോട്ടയം : ലബനനിൽ നടന്ന സ്വകാര്യചടങ്ങിൽ ആരെങ്കിലും വാഴിക്കപ്പെടുന്നതായിരുന്നില്ല മലങ്കര ഓർത്തഡോക്സ് സഭ ഉന്നയിച്ച ആശങ്ക. ഭാരതത്തിന്റെ നിയമത്തെ ഒരു വിദേശരാജ്യത്തിരുന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെയാണ് സഭ തുറന്നുകാട്ടിയത്. ഭാരതത്തിന്റെ പൗരൻമാരും, ഭരണഘടനയെത്തൊട്ട് സത്യം ചെയ്ത ചിലരും ആ ചടങ്ങിനെ ആശീർവദിക്കാൻ പോകുന്നതിലെ ശരികേടാണ് സഭ പൊതുസമൂഹത്തെ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മലങ്കരസഭ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കും, ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവൻമാർക്കും കത്തയച്ചത്. കേന്ദ്ര മന്ത്രിമാരെ അയക്കാതെ ഭാരതത്തിന്റെ ഉന്നതമായ ഭരണഘടനാ മൂല്യത്തെ ഉയർത്തിപ്പിടിച്ച ശ്രീ. നരേന്ദ്രമോദി സർക്കാരിനോടുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.
ഓറിയന്റൽ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളും മലങ്കരസഭയുടെ ആശങ്കയെ ഗൗരവത്തോടെ ഉൾക്കൊണ്ടു. കോപ്റ്റിക്ക് ഓർത്തഡോക്സ് സഭാ തലവൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് യാഥാർത്ഥ്യം തുറന്നുകാട്ടി.കേരളത്തിലെ ക്നാനായ സഭ പരിശുദ്ധ പാത്രിയർക്കീസുമായി ആഴത്തിൽ ബന്ധമുള്ള സഭയാണ്. ആ സഭയുടെ സമുദായ മെത്രാപ്പോലീത്തയും സ്വകാര്യചടങ്ങിൽ നിന്ന് വിട്ടുനിന്നു. സത്യത്തിനൊപ്പം നിലകൊണ്ട സഭാതലവൻമാർ ഇന്ത്യൻ നീതിപീഠത്തിന്റെ മൂല്യം കാത്തു.
കേരളത്തിലെ മാധ്യമങ്ങളും മലങ്കര ഓർത്തഡോക്സ് സഭയുടെ ആശങ്ക പൊതുസമൂഹത്തെയും, അധികാരികളെയും അറിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പെയ്ഡ് പ്രൊമോഷനുകളിൽ വീഴാതെ മാധ്യമധർമ്മം സംരക്ഷിച്ച മാധ്യമസ്ഥാപനങ്ങൾക്കും നന്ദി. ക്രിസ്തു ശിഷ്യനായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കരസഭ കൂനൻ കുരിശ് സത്യത്തിലൂടെ വൈദേശിക ആധിപത്യത്തെ അറബിക്കടലിന് പുറത്താക്കിയ മലങ്കര നസ്രാണികളുടെ സഭയാണ്. അതിനാലാണ് ഈ സഭയെ മലങ്കരസഭ എന്ന പേരിനൊപ്പം ഭാരതസഭയെന്നും അറിയപ്പെടുന്നത്. ഭാരതീയ സഭയെന്ന നിലയിൽ ഈ രാജ്യത്തിന്റെ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും നിയമപരമായ മാർഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുക എന്നത് സഭയുടെ ധർമ്മമാണ്.
