OVS - Latest NewsOVS-Kerala News

ചരിത്ര മ്യൂസിയം ഉദ്ഘാടനം ചെയ്തു

കായംകുളം: പൗരാണികമായ കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ എ.ഡി 825 സ്ഥാപിതമായ പഴയ ദേവാലയത്തിന്റെ അവശേഷിപ്പുകൾ ദേവാലയത്തിന്റെ തെക്കുഭാഗത്തായി പരിശുദ്ധ മദ്ബഹയോട് ചേർന്ന് കൂദാശ ചെയ്തു സ്ഥാപിച്ചു. എ.ഡി 822ൽ പേർഷ്യയിൽ നിന്നും മലങ്കരയിൽ എത്തിയ മാര്‍ സാബോര്‍ മാര്‍ അഫ്രോത്ത് പിതാക്കന്മാര്‍ കേരളത്തിന്റ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയും നിരവധി ദേവാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എ.ഡി 825 പരിശുദ്ധ പിതാക്കന്മാര്‍ സ്ഥാപിച്ച പ്രമുഖ പഴയ ദേവാലയങ്ങളിൽ ഒന്നാണ് കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ. പഴയ ദേവാലയം 1969ൽ പുനർനിർമ്മിക്കുകയും ഇന്നു കാണുന്ന പുതിയ ദേവാലയം സ്ഥാപിക്കുകയും ചെയ്തു. പഴയ ദേവാലയത്തിന്റെ കൽ തൂണുകൾ, പഴയകാല പേർഷ്യൻ കൊത്തുപണികൾ ഉള്ള പൂമുഖ വാതിൽ, എ.ഡി 825 മുതൽ 1969 വരെ ദേവാലയത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒറ്റക്കല്ലിൽ തീർത്ത പരിശുദ്ധ മാമോദിസ തൊട്ടി, പുരാതനമായ പള്ളി മണി, പഴയകാലങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചീനഭരണി, പഴയ കാലങ്ങളിൽ ശവസംസ്കാര ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ശവമഞ്ചൽ തുടങ്ങിയ പുരാതനമായ ചരിത്ര വസ്തുക്കളാണ് പഴയകാലത്തിന്റെ പ്രൗഡിയോടുകൂടി ചരിത്രം മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇടവക വികാരി ഫാ. ജോസഫ് സാമൂവൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സഹവികാരി ഫാ. ജോബ് റ്റി. ഫിലിപ്പ്, ഇടവക ട്രസ്റ്റി ശ്രീ. കോശി ഓടാശ്ശേരി, സെക്രട്ടറി ശ്രീ. കുഞ്ഞുമോൻ കട്ടച്ചിറ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടന പ്രവർത്തകർ, വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in