യാക്കോബായ പ്രസ്താവനയിൽ സംശയം പ്രകടിപ്പിച്ചു ഓർത്തഡോക്സ് സഭ
കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുമായി ചർച്ചകൾക്ക് തയാറാണെന്ന പാത്രിയർക്കീസ് വിഭാഗം ബദൽ കാതോലിക്കായുടെ നിലപാടിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നുന്നതായി ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. എത്രയോ കാലങ്ങളായി മലങ്കരസഭ ഇക്കാര്യം ആവശ്യപ്പെടുന്നു. ആരോട് ക്ഷമിച്ചാലും ദേവലോകത്തെ കാതോലിക്കയോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ നാവിൽ നിന്ന് തന്നെ സമാധാനത്തിന്റെ സ്വരമുയർന്നത് നന്നായി. ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ മലങ്കരയിൽ സമാധാനമുണ്ടാകും. കേസുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഈ കേസുകൾക്കെല്ലാം തുടക്കം കുറിച്ചത് ആരാണെന്നത് വിസ്മരിക്കരുത്. മലങ്കരസഭയെ കേസുകളിലേക്ക് വലിച്ചിട്ടത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിഭാഗമാണ്. ചരിത്രത്തെ വിസ്മരിച്ച് ബദൽ ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.
നിയമം അനുസരിച്ചാൽ വ്യവഹാരങ്ങൾ അവസാനിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ മാത്രമാണ് കേസുകൾ ഉണ്ടായിട്ടുള്ളത്. കാഞ്ഞിരമറ്റം പള്ളിയിൽ നിയമം ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തത്. കോടതി വിലക്കുള്ള സ്ഥലത്ത് പ്രവേശിച്ച ശേഷം കേസുണ്ടാകുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല. പ്രവേശന വിലക്കുള്ള സ്ഥലത്ത് അനധികൃതമായി കടക്കാതിരിക്കുക എന്നതാണ് സമാന്യ മര്യാദ.
ആർക്കെങ്കിലുമെതിരെ കേസുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അവർ അത്രയുമധികം തവണ നിയമം ലംഘിച്ചെന്ന് വേണം മനസിലാക്കാൻ.
1934 -ലെ ഭരണഘടനയെ അംഗീകരിക്കുന്നുവെന്ന് ബഹുമാനപ്പെട്ട കോടതി മുൻപാകെ സത്യവാങ്മൂലം എഴുതിക്കൊടുത്ത മെത്രാപ്പോലീത്താമാരിൽ ഒരാളാണ് അഭി.ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനി. എന്നാൽ പിന്നീട് അദ്ദേഹം ഭാരതത്തിന്റെ നിയമസംവിധാനങ്ങളെയും, നീതിപീഠം അംഗീകരിച്ച ഭരണഘടനയെയും ധിക്കരിച്ച് പ്രവർത്തിക്കുന്നതാണ് കണ്ടിട്ടുള്ളത്. ചർച്ചകളുണ്ടാകേണ്ടത് രാജ്യത്തിന്റെ നിയമം അംഗീകരിക്കുന്നവർ തമ്മിലാകണമല്ലോ. അത് വ്യക്തമായി പറയുവാൻ അദ്ദേഹം സന്നദ്ധനാകണം. സമാധാനത്തിലേക്ക് പ്രവേശിക്കാനുള്ള ആദ്യപടി രാജ്യത്തിന്റെ നിയമത്തെ അംഗീകരിക്കുക എന്നതാണ്.രാജ്യത്തെ നിയമത്തെ അംഗീകരിച്ചുള്ള സമാധാനത്തിന് തയാറല്ലെങ്കിൽ അക്കാര്യവും അദ്ദേഹം വ്യക്തമാക്കണം.പൂർണമായും മറ്റൊരുസഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കിൽ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികൾ തിരികെ നൽകുക എന്നതാണ് ഉചിതം. മലങ്കരസഭയ്ക്കൊപ്പം നിലകൊള്ളാൻ ആഗ്രഹിക്കുന്ന വിശ്വാസിസമൂഹത്തെ അടർത്തിമാറ്റരുത്. നിയമം നടപ്പാക്കിയ പള്ളികൾ പിടിച്ചെടുക്കപ്പെട്ടു എന്ന വ്യാഖ്യാനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പള്ളികൾ യഥാർത്ഥ അവകാശികളിലേക്ക് വന്നുചേരുകയാണ് ചെയ്തത്. വ്യവഹാരരഹിത മലങ്കരസഭ എന്ന ഏവരുടെയും അഭിലാഷം പൂവണിയാൻ നമുക്ക് ക്രൈസ്തവ മാർഗത്തിലൂടെ ശ്രമിക്കാാം. മലങ്കര ഓർത്തഡോക്സ് സഭ പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്നതും ഇതേ ആശയമാണ്.