ബഥനി ആശ്രമസ്ഥാപനം
MD സ്കൂളിൻ്റെ പ്രിന്‍സിപ്പാള്‍ ആയിരിക്കുന്ന അവസരത്തിലാണ് ഹവ്വല്‍സ് എന്ന ആംഗ്ളിക്കന്‍ മിഷണറി ഫാ. പി ടി ഗീവര്‍ഗീസിനെ സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപനം നടത്തുന്നതിനായി ക്ഷണിക്കുന്നത്. അപ്രകാരം സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ ഫാ. പി ടി ഗീവര്‍ഗീസ് മലങ്കര സഭയിലെ നിരവധി ആളുകളെ സെറാംപൂരില്‍ കൊണ്ടുപോയി പഠിപ്പിക്കുന്നതിനായി ശ്രമിച്ചിരുന്നു. അപ്രകാരം സെറാംപൂരില്‍ ആയിരിക്കുമ്പോള്‍ ഫാ. പി ടി ഗീവര്‍ഗീസിൻ്റെ മനസില്‍ ഉദിച്ച ആശയമാണ് മലങ്കര സഭക്കും ഒരു ആശ്രമ പ്രസ്ഥാനം ഉണ്ടാവണം എന്നത്. വിഷയം മലങ്കര മെത്രാപോലീത്ത ആയിരുന്ന വട്ടശേരില്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അദ്ദേഹവും ഈ ആശയത്തിന് പിന്തുണ നല്‍കി. മലങ്കര സഭയിലെ അല്‍മായ പ്രമുഖനായിരുന്ന ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍ ഈ ആവശ്യത്തിലേക്കായി 100 ഏക്കര്‍ ഭൂമി റാന്നി പെരുന്നാട്ടില്‍ സംഭാവനയായി നല്‍കാം എന്നേറ്റതോടെ ആശ്രമസ്ഥാപനം എന്ന ആശയം കരുത്തോടെ മുന്നോട്ടു പോയി.
പെരുനാട് മുണ്ടന്‍മലയില്‍ ജോണ്‍ വക്കീല്‍ നല്‍കിയ 100 ഏക്കര്‍ സ്ഥലം ആശ്രമത്തിനനുയോജ്യമായ രീതിയില്‍ പാകപ്പെടുത്താന്‍ മട്ടക്കല്‍ അലക്സിയോസ് ശെമ്മാശനാണ് നിയോഗിക്കപ്പെട്ടത്. അങ്ങനെ മുണ്ടന്‍മലയില്‍ ആശ്രമവാസിയായി ആദ്യം താമസം തുടങ്ങിയത് മട്ടക്കല്‍ അലക്സിയോസ് അച്ചനും ഉമ്മന്‍ വാദ്ധ്യാരും (പിന്നീട് ബര്‍സ്കീപ്പ ഒ ഐ സി) ആണെന്ന് ഗിരിദീപത്തില്‍ ഈവാനിയോസ് മെത്രാന്‍ തന്നെ വിവരിച്ചിട്ടുണ്ട്.
ജോണ്‍ വക്കീല്‍ നല്‍കിയ 100 ഏക്കറിനോട് ചേര്‍ന്നു കിടക്കുന്ന സര്‍ക്കാരിൻ്റെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ ഭൂമി കൂടെ ആശ്രമത്തിനായി ആര്‍ജിച്ചെടുക്കണം എന്ന ചിന്തയുണ്ടായപ്പോള്‍ അതിനായി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയത് കെ സി മാമന്‍ മാപ്പിളയാണ്. ഭൂമി പതിച്ചു വാങ്ങാനായി ഒരു നിസാര തുക ഗവണ്‍മെന്റില്‍ കെട്ടിവക്കേണ്ടി വന്നു. ഈവാനിയോസ് മെത്രാൻ്റെ പിതാവാണ് ഈ പണം നല്‍കിയത് എന്ന് മലങ്കര കത്തോലിക്ക ചരിത്രകാരന്മാര്‍ മനപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗിരിദീപത്തില്‍ ഈവാനിയോസ് മെത്രാന്‍ തന്നെ വിവരിക്കുന്നുണ്ട് ഈ പണം കടമായാണ് വാങ്ങിയത് എന്ന്. മാവേലിക്കരയിലുള്ള ഒരു തമ്പുരാൻ്റെ പക്കല്‍ നിന്നും കടംവാങ്ങാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പണം നല്‍കേണ്ട സമയം ആയപ്പോള്‍ ആകസ്മികമായി ഇദ്ദേഹം മരണപ്പെടുകയും അങ്ങനെ പണം ലഭിക്കാതെ വരികയും ചെയ്തപ്പോള്‍ ഈവാനിയോസ് മെത്രാൻ്റെ അനുജന്‍ മത്തായി പണിക്കര്‍ ആണ് അപ്പൻ്റെ കൈവശം ചിട്ടി പിടിച്ച പണം ഉണ്ട് എന്നും ആവശ്യപ്പെട്ടാല്‍ അപ്പന്‍ പണം തരും എന്നും അറിയിച്ചത്. അങ്ങനെ ഈവാനിയോസ് മെത്രാൻ്റെ അപ്പൻ്റെ കയ്യില്‍ നിന്നും പണം കടമായി വാങ്ങിയാണ് ഗവണ്‍മെന്റിലേക്ക് അടച്ച് ഭൂമി വാങ്ങിയത് എന്ന് ഗിരിദീപത്തില്‍ തന്നെ പറയുന്നു. (ഗിരിദീപം പേജ് 72, 73).
നിസാര പണം ആണ് ഗവണ്‍മെന്റിലേക്ക് അടക്കേണ്ടി വന്നത്. പതിച്ച് കിട്ടിയ ഭൂമിയില്‍ നിരവധി വിലപിടിപ്പുള്ള മരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അത് വെട്ടി വിറ്റ് കിട്ടിയ പണം കൊണ്ട് ഈവാനിയോസ് മെത്രാൻ്റെ പിതാവിൻ്റെ കയ്യില്‍ നിന്നും കടമായി വാങ്ങിയ പണം തിരികെ നല്‍കി കടം വീട്ടിയിരുന്നു. വിഖ്യാതമായ ബഥനി കേസില്‍ കോടതിയും ഈ വിഷയം പരിശോധിച്ചിരുന്നു. ആയതിനാല്‍ ബഥനി ആശ്രമത്തിനായി മുണ്ടന്‍മലയില്‍ 300 ഏക്കര്‍ സര്‍ക്കാരില്‍ നിന്നും വാങ്ങിയത് ഈവാനിയോസ് മെത്രാൻ്റെ കുടുംബസ്വത്തുപയോഗിച്ചാണ് എന്നുള്ള മലങ്കര കത്തോലിക്ക ചരിത്രകാരന്മാരുടെ പ്രചരണം തികച്ചും അസംബന്ധം ആണ്.
കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info