ദൈവസ്നേഹവും മനുഷ്യസ്നേഹവും നിറഞ്ഞവരായി ജീവിക്കണം: സഖറിയാസ് മാർ അന്തോനിയോസ്
കുണ്ടറ ∙ സമൂഹത്തിലെ ദുഷ്പ്രവൃത്തികളിൽ പങ്കുചേരാതെ വിശ്വാസികൾ ദൈവസ്നേഹവും മനുഷ്യസ്നേഹവും നിറഞ്ഞവരായി ജീവിക്കണമെന്ന് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ്. പതിനാറാം കുണ്ടറ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഓരോ വിശ്വാസിയും ദൈവവചനം ഉൾക്കൊണ്ടു നല്ല സാക്ഷ്യം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈ. ജോണിന്റെ വേദവായനയോടെയാണു കൺവൻഷൻ ആരംഭിച്ചത്.
വലിയപള്ളി മുൻ ട്രസ്റ്റി ഒ. വർഗീസ് പണിക്കരുടെ (ബേബി) നിര്യാണത്തിൽ അധ്യക്ഷൻ ഫാ. സി.ഡി. രാജൻ നല്ലില അനുശോചിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് വചനശുശ്രൂഷ നടത്തി. കൺവൻഷൻ പാട്ടുപുസ്തകത്തിന്റെ പ്രകാശനം ഫാ. ഫിലിപ്പ് ജി. വർഗീസിനു നൽകി സഖറിയാസ് മാർ അന്തോനിയോസ് നിർവഹിച്ചു. ജനറൽ കൺവീനർ ഫാ. വി. തോമസ് പട്ടാഴി, ജോർജ് മാത്യു മുളമൂട്ടിൽ, ഫാ. പി.ഒ. തോമസ് പണിക്കർ, ഫാ. ആൻഡ്രൂസ് വർഗീസ് തോമസ്, ട്രസ്റ്റി ജോൺസൺ പണിക്കർ, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന് ഏഴിനു ഫാ. അജി കെ. തോമസ് മാവേലിക്കര വചനശുശ്രൂഷ നടത്തും.