മാര്‍ ഈവാനിയോസും മലങ്കര സഭയും
മാവേലിക്കരയിലെ പ്രസിദ്ധമായ നസ്രാണി കുടുംബമായ പണിക്കര്‍വീട്ടില്‍ തോമാപണിക്കരുടെയും അന്നാമ്മയുടെയും മകനായിട്ടാണ് ഗീവര്‍ഗീസ് പണിക്കര്‍ (പിന്നീട് മാര്‍ ഈവാനിയോസ്) ജനിച്ചത്. മലങ്കര മെത്രാപോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസിയോസ് രണ്ടാമന്‍ തിരുമേനി മാവേലിക്കര പുതിയകാവ് പള്ളിയില്‍ വച്ച് യാദൃശ്ചികമായി കണ്ടു മുട്ടിയ ഗീവര്‍ഗീസിനെ സഭാ വേലക്കായി ക്ഷണിക്കുകയായിരുന്നു. അപ്രകാരം പഴയസെമിനാരിയില്‍ എത്തിയ ഗീവര്‍ഗീസ് പണിക്കര്‍ മലങ്കര മല്‍പാനായിരുന്ന വട്ടശേരില്‍ ഗീവര്‍ഗീസ് മല്‍പാൻ്റെ ശിക്ഷണത്തിലും മലങ്കര മെത്രാപോലീത്ത പുലിക്കോട്ടില്‍ തിരുമേനിയുടെ അനുഗ്രഹാശിസിലും അടിസ്ഥാന വൈദീക പഠനവും സെകുലര്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
ശേഷം വട്ടശേരില്‍ മല്‍പാൻ്റെ പ്രത്യേകം താല്‍പര്യത്തില്‍ കോട്ടയം സി എം എസ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ച ശേഷം പി ടി ഗീവര്‍ഗീസ് പഴയസെമിനാരിയില്‍ മടങ്ങിയെത്തി. അദ്ദേഹത്തിൻ്റെ പഠനത്തിലുള്ള ചിലവുകള്‍ എല്ലാം വഹിച്ചത് മലങ്കര സഭയാണ്. തൻ്റെ ആത്മകഥയായ ”ഗിരിദീപം” എന്ന പുസ്തകത്തില്‍ മാര്‍ ഈവാനിയോസ് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. മലങ്കര സഭ പണം മുടക്കി പഠിപ്പിച്ച ആദ്യത്തെ വൈദീക വിദ്യാര്‍ത്ഥി ഒരുപക്ഷേ ഏക പണിക്കരുവീട്ടില്‍ ഗീവര്‍ഗീസ് ശെമ്മാശന്‍ ആവാം. സാമ്പത്തിക ബുദ്ധിമുട്ടിന്നിടയിലും സമുദായം ഒരു വൈദീക വിദ്യാര്‍ത്ഥിയെ പണം മുടക്കി പഠിപ്പിച്ചു എന്നത് മലങ്കര സഭ എത്രത്തോളം പ്രതീക്ഷ ആ വ്യക്തിയില്‍ അര്‍പ്പിച്ചിരുന്നു എന്നതിൻ്റെ ഒരു നേര്‍ക്കാഴ്ചയാണ്. മദ്രാസില്‍ നിന്നും MA വിദ്യാഭ്യാസം കഴിഞ്ഞ് മടങ്ങി വന്ന ഗീവര്‍ഗീസ് ശെമ്മാശനെ വട്ടശേരില്‍ തിരുമേനി കോട്ടയം MD സ്കൂളിൻ്റെ പിന്‍സിപ്പലായി നിയമിച്ചു.
അക്കാലം വരെ MD സ്കൂളിൻ്റെ പ്രിന്‍സിപ്പാള്‍ ആയിരുന്നത് കണ്ടത്തില്‍ മാമന്‍ മാപ്പിള ആയിരുന്നു. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അല്‍മായരേക്കാള്‍ സംഭാവന നല്‍കാന്‍ കഴിയുക പുരോഹിതര്‍ക്കാണെന്ന് വിശ്വസിച്ച വട്ടശേരില്‍ തിരുമേനി മാമന്‍ മാപ്പിളയെ നിഷ്കരുണം MD സെമിനാരി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ഗീവര്‍ഗീസ് ശെമ്മാശനെ നിയമിക്കുകയായിരുന്നു. എന്നാല്‍ വട്ടശേരില്‍ തിരുമേനിയുടെ കണക്കുകൂട്ടല്‍ പൂര്‍ണമായി തെറ്റിയെന്നാണ് പിന്നീടുള്ള ചരിത്രം വ്യക്തമാക്കുന്നത്. തഴയപ്പെട്ടു എങ്കിലും മലങ്കര സഭയുടെ സന്നിഗ്ദഘട്ടങ്ങളില്‍ മലങ്കര മെത്രാപോലീത്താക്ക് ഒപ്പം നിന്ന് പോരാടാന്‍ മാമന്‍ മാപ്പിള ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ മലങ്കര സഭ നോക്കിക്കണ്ട ഗീവര്‍ഗീസ് ശെമ്മാശനോ?
കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info