റഹ്മാനി പാത്രികീസും പരുമല സുന്നഹദോസും കത്തിടപാടുകളും
1925-ല്‍ പരിശുദ്ധ ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്ക ബാവായാല്‍ ബഥനി ആശ്രമത്തിൻ്റെ എപ്പിസ്കോപ്പയായി ഫാ. പി ടി ഗീവര്‍ഗീസ് വാഴിക്കപ്പെട്ടു. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്ന നാമത്തിലാണ് അദ്ദേഹം എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ടത്. മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പരിശുദ്ധ പാത്രികീസ് ബാവായെ സന്ദര്‍ശിക്കാന്‍ സിറിയയിലേക്ക് പോയ അവസരത്തില്‍ അവിടുത്തെ അന്ത്യോഖ്യന്‍ കത്തോലിക്ക റീത്തിൻ്റെ തലവന്‍ റഹ്മാനി പാത്രികീസുമായി വട്ടശേരില്‍ തിരുമേനി സൗഹൃദ സന്ദര്‍ശനം നടത്തിയിരുന്നു. ശേഷം മലങ്കരയിലേക്ക് മടങ്ങിയെത്തിയ വട്ടശേരില്‍ തിരുമേനിക്ക് റഹ്മാനി പാത്രികീസ് ഒരു കത്തയച്ചു എന്നും വട്ടശേരില്‍ തിരുമേനിയേയും മലങ്കര സഭയെയും റോമാ സഭയിലേക്ക് ക്ഷണിക്കുക ആയിരുന്നു കത്തിൻ്റെ ഉള്ളടക്കത്തില്‍ എന്നും മലങ്കര കത്തോലിക്ക ചരിത്രകാരന്മാര്‍ പ്രചരിപ്പിക്കുന്നു. മലങ്കര കത്തോലിക്ക സഭയിലെ തോമസ് ഇഞ്ചക്കലോടി അച്ചന്‍ എഴുതിയ മാര്‍ ഈവാനിയോസ് മെത്രാൻ്റെ ജീവചരിത്രം volume 1 പേജ് 286, 287-ല്‍ പറയുന്നു റഹ്മാനി പാത്രികീസിൻ്റെ കത്തിന് മറുപടി അയക്കുന്നതിനായി വട്ടശേരില്‍ തിരുമേനി മാര്‍ ഈവാനിയോസ് മെത്രാനെ ചുമതലപ്പെടുത്തി എന്നും ചുമതലപ്പെടുത്തിയ ശേഷം വട്ടശേരില്‍ തിരുമേനി മാര്‍ ഈവാനിയോസ് മെത്രനോട് ഇപ്രകാരം പറഞ്ഞു. യോജിക്കുന്നതിന് എനിക്ക് സമ്മതമാണ്” (Page 287, Mar Ivanios, Volume 1 . Fr തോമസ് ഇഞ്ചക്കലോടി ).
ഇവിടെ വട്ടശേരില്‍ തിരുമേനി റോമന്‍ സഭയുമായുള്ള യോജിപ്പിന് സമ്മതമാണെന്ന് പറഞ്ഞതായി ഫാ. തോമസ് ഇഞ്ചക്കലോടി അദ്ദേഹത്തിൻ്റെ ആര്‍ചുബിഷപ് മാര്‍ ഈവാനിയോസ് എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നു. അതു പ്രകാരം വട്ടശേരില്‍ തിരുമേനിയുടെ മൗനാനുവാദത്തോടെ പരുമലയില്‍ സുന്നഹദോസ് കൂടി റോമാ ഐക്യത്തിനുള്ള തീരുമാനം എടുത്തു, അതിനായി ബഥനി മെത്രാന്‍ മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തി എന്നും ഗ്രന്ഥകാരന്‍ പറഞ്ഞു വക്കുന്നു.
ഇതിലെ സത്യാവസ്ഥ എന്തെന്ന് നമുക്ക് പിന്നീട് പരിശോധിക്കാം. എന്തായാലും ഈ ഗ്രന്ഥത്തില്‍ തന്നെ 334 -ആം പേജില്‍ ഈ റോമന്‍ കത്തോലിക്ക ഐക്യത്തിനുള്ള സുന്നഹദോസ് തീരുമാനം വട്ടശേരില്‍ തിരുമേനിയെ അറിയിച്ചിരുന്നില്ല എന്നും കാര്യങ്ങള്‍ സുഗമമാക്കിയ ശേഷം മാത്രം വട്ടശേരില്‍ തിരുമേനിയെ അറിയിച്ചാല്‍ മതി എന്നു തീരുമാനിച്ചതായും പറയുന്നു (Mar Ivanios Volume 1 Page 334).
ഇവിടെ റോമാ സഭയുമായുള്ള ഐക്യത്തിനു സമ്മതമാണെന്ന് അറിയിച്ച വട്ടശേരില്‍ തിരുമേനിയെ എന്തുകൊണ്ട് അപ്രകാരം ഒരു സുന്നഹദോസ് തീരുമാനം എടുത്തപ്പോള്‍ അറിയിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. റോമാ സഭയുമായി ഐക്യത്തിനു ആദ്യം സമ്മതം മൂളിയത് വട്ടശേരില്‍ തിരുമേനി ആണെന്ന് ഒരിടത്ത് പറയുകയും എന്നാല്‍ അതൊരു സുന്നഹദോസ് തീരുമാനം ആയപ്പോള്‍ അദ്ദേഹത്തെ അതറിയിച്ചില്ല എന്നു പറയുന്നതും വൈരുദ്ധ്യം അല്ലേ. മലങ്കര സഭയുടെ സുന്നഹദോസിൻ്റെ അദ്ധ്യക്ഷന്‍ അല്ലേ അദ്ദേഹം. അപ്പോള്‍ അദ്ധ്യക്ഷനെയല്ലേ അത് ആദ്യം അറിയിക്കേണ്ടത്. അദ്ധ്യക്ഷൻ്റെ അസാന്നിദ്ധ്യത്തില്‍ എങ്ങനെ സുന്നഹദോസ് കൂടാന്‍ കഴിയും. ഇനി പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ കൂടേണ്ടി വന്നു എന്നിരിക്കട്ടേ. ഇത്രയും അതി നിര്‍ണായകമായ ഒരു തീരുമാനം അദ്ദേഹത്തെ അറിയിക്കേണ്ട എന്ന് തീരുമാനിക്കാന്‍ കാരണം.
മലങ്കര കത്തോലിക്കരുടെ വാദങ്ങള്‍ എന്തുകൊണ്ടാണ് ഇത്രയും പരസ്പര വിരുദ്ധമായി മാറുന്നത് ?
സത്യത്തില്‍ പരുമലയില്‍ ഇപ്രകാരം ഒരു സുന്നഹദോസ് കൂടുകയോ ഇപ്രകാരം ഒരു തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. അത് നമുക്ക് വരുന്ന അദ്ധ്യായങ്ങളില്‍ കൃത്യമായി തെളിയിക്കാം. ഇല്ലാത്ത ഒരു സുന്നഹദോസും സുന്നഹദോസ് തീരുമാനവും ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുമ്പോളാണ് ഇവിടെ കാര്യങ്ങള്‍ പരസ്പരവിരുദ്ധങ്ങള്‍ ആവുന്നത്.
സത്യത്തില്‍ റോമാ സഭയുമായി ഒരു ഐക്യത്തെ കുറിച്ച് ആലോചിക്കരുതോ എന്നൊരു നിര്‍ദേശം മാര്‍ ഈവാനിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെയും കല്ലാശേരില്‍ ഗ്രീഗോറിയോസ് തിരുമേനിയുടെയും മുമ്പാകെ വക്കുകയായിരുന്നു. എന്നാല്‍ നിരവധി വിശ്വാസ വൈരുദ്ധ്യങ്ങളും റോമന്‍ പോപ്പിൻ്റെ പൊതുതലവന്‍ എന്ന വാദം അംഗീകരിക്കാനും കഴിയാത്ത മലങ്കര സഭക്ക് റോമുമായി യാതൊരു ഐക്യത്തിലും എത്താന്‍ കഴിയില്ല എന്നറിയാമായിരുന്ന ഗീവര്‍ഗീസ് പ്രഥമന്‍ ബാവായും കല്ലാശേരില്‍ തിരുമേനിയും ഈ നിര്‍ദേശം നിര്‍ദാഷണ്യം തള്ളിക്കളയുകയുമാണ് യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചത്.
എന്നാല്‍ ഈവാനിയോസ് മെത്രാന്‍ സ്വന്തം നിലയില്‍ റോമുമായി കത്തിടപാടുകള്‍ ആരംഭിക്കുകയും റോമുമായി ആശയ വിനിമയം സ്ഥാപിക്കുകയുമാണ് ചെയ്തത്. ഇത് നമുക്ക് വിശദമായി വരുന്ന അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാം.
കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info