OVS - Latest NewsOVS-Kerala News

സഭാ ഐക്യത്തിന് യാക്കോബായ വിഭാഗത്തെ ക്ഷണിച്ചു പരി. കാതോലിക്ക ബാവ

കോട്ടയം: മലങ്കര സഭാ ഐക്യത്തിന് യാക്കോബായ വിഭാഗത്തെ ക്ഷണിച്ച് ഓര്‍ത്തഡോകസ് സഭ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയാണ് യാക്കോബായ വിഭാഗവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്. മലങ്കര ഓര്‍ത്തഡോകസ് സഭയുടെ രക്തസാക്ഷിയായ മലങ്കര വര്‍ഗീസിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പെരുമ്പാവുര്‍ ബഥേല്‍ സൂലാക്ക ഓർത്തഡോക്സ്‌ പള്ളിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തിലാണ് യാക്കോബായ വിഭാഗം ഐക്യത്തിന്റെ വഴിയിലേക്ക് മടങ്ങിവരണമെന്ന് പരിശുദ്ധ ബാവ ആഹ്വാനം ചെയ്തത്.

മുന്‍കാലങ്ങളിലുണ്ടായ തെറ്റുകള്‍ പരസ്പരം ക്ഷമിച്ച് ഇരുസഭകളും ഒന്നാകണമെന്ന സന്ദേശമാണ് ബാവ നല്‍കിയത്.1934-ലെ ഭരണഘടന സഭാ സമാധാനത്തിള്ള മാര്‍ഗമാണ്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ കാലം മുതല്‍ സഭയ്ക്ക് ഒരു സത്യമുണ്ട്,നീതിയുണ്ട്,സ്വാതന്ത്ര്യമുണ്ട്. അത് ആരെങ്കിലും നിഷേധിക്കാന്‍ ശ്രമിച്ചാലും മലങ്കര സഭയുടേതെന്ന് പ്രഖ്യാപിക്കാന്‍ രാജ്യത്ത് നീതിന്യായപീഠങ്ങളുണ്ട്.അത് തിരിച്ചറിയാനും ഉള്‍ക്കെള്ളാനും എല്ലാ മലങ്കര സഭാ മക്കള്‍ക്കും സാധിക്കണം.

കുറവുകളും കുറ്റങ്ങളും ആര്‍ക്കും ഉണ്ടാകാം.അത് ഓരോ കാലഘട്ടത്തില്‍ വൈകാരികമായ അനുഭവങ്ങളില്‍ കടന്നു പോകാം. അത് എല്ലാം തിരിച്ചറിഞ്ഞ് സഭയുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും ബാവ ആഹ്വാഹനം ചെയ്തു. രണ്ടു സഭകളും ഒന്നായാല്‍ വലിയ ശക്തിയായി മാറുമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.

പള്ളിത്തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായ വിധി പ്രഖ്യാപനത്തിന് ശേഷമാണ് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ഐക്യത്തിന് ആഹ്വാനം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഓര്‍ത്തഡോക്‌സ് സഭക്ക് വിധിച്ച ആറു പള്ളികളുടെ ഭരണനിര്‍വ്വഹണം ഉടന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.യാക്കോബായ വിഭാഗം കൈയ്യേറിയ പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സൗഹൃദപരമായി പ്രശ്‌നം തീര്‍ക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ ആണ് കോടതി താല്‍പര്യപ്പെടുന്നത്. എല്ലാവര്‍ക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞിരുന്നു.

error: Thank you for visiting : www.ovsonline.in