രാജ്യാന്തര അംഗീകാരത്തിന്റ്റെ തിളക്കത്തിൽ സെന്റ് തോമസ് കത്തീഡ്രൽ ഗായകസംഘം
ദുബായ് :- പോളണ്ടിലെ ഹജ്നോവ്കായിൽ നടന്ന രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. ഇന്ത്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചാണു കോട്ടയം ശ്രുതി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ഫാ. ഡോ. എം.പി.ജോർജിന്റെ നേതൃത്വത്തിലുള്ള 22 അംഗ സംഘം മൽസരത്തിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 36 ഗായക സംഘങ്ങളാണു മൽസരത്തിൽ പങ്കെടുത്തത്.
ഇടവക, അമച്വർ, സെക്യുലർ, കുട്ടികൾ, പ്രഫഷനൽ, സംഗീത അക്കാദമി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിരുന്നു മൽസരം. 2000, 2002 വർഷങ്ങളിൽ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ സുമോറോ ഗായകസംഘം സമ്മാനങ്ങൾ നേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഫിൽഹാർമോണിക് സിംഫണിയായ ദ് സോംങ് ഓഫ് ആൻ ഇന്ത്യൻ കുക്കു-എ ഫിൽഹാർമോണിക് സിംഫണി എന്ന സംഗീത ശിൽപത്തിന്റെ പുസ്തകാവിഷ്കാരത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.