ഡിസംബര്‍ 16…???
1958 ഡിസംബര്‍ 16: അന്നായിരുന്നു കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ ആ ഐതിഹാസിക സംഭവം അരങ്ങേറിയത്. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയനെ അംഗീകരിച്ചുകൊണ്ടുള്ള അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്റെ കല്പന, പരദേശി മെത്രാന്‍ ഏലിയാസ് മാര്‍ യൂലിയോസ് കൈമാറി. പകരം പ. യാക്കൂബ് ത്രിതീയനെ ‘മലങ്കരസഭാ ഭരണഘടനയ്ക്ക് വിധേയമായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസായി അംഗീകരിക്കാന്‍ പ്രസാദിച്ചുകൊണ്ട്’ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരുഡനായിരുന്ന് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നല്‍കിയ കല്പന സ്വീകരിച്ചു.
1911-ല്‍ മറനീക്കി പുറത്തുവന്ന വിഭാഗീയതയാണ് 1958 ഡിസംബര്‍ 16-നു രാത്രി അവസാനിച്ചത്. അതിനൊരു പശ്ചാത്തലമുണ്ട്. കോട്ടയം ജില്ലാക്കോടതിയില്‍ 1938-ല്‍ ആരംഭിച്ച ഒന്നാം സമുദായക്കേസ് 1958 ഡിസംബര്‍ 12-ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് കാതോലിക്കോസ് പക്ഷത്തിന് പൂര്‍ണ്ണമായും അനുകൂലമായി ഐകകണ്‌ഠ്യേന വിധി പ്രസ്താവിച്ചു. ഈ വിധിപ്രകാരം പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആണെന്നും, 1934 ഡിസംബര്‍ 26-നു പാസാക്കിയ മലങ്കരസഭാ ഭരണഘടന സാധുവാണന്നും സ്ഥാപിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നു നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അതേവര്‍ഷം ഡിസംബര്‍ 16-ന് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
പിന്നീട് ഒരു വ്യാഴവട്ടക്കാലം തികഞ്ഞ ഒരുമയുടെ കാലമായിരുന്നു. ഇക്കാലത്താണ് മുമ്പ് വിഘടിച്ചുനിന്ന ഇരു വിഭാഗവും ഉള്‍പ്പെടുന്ന മാനേജിംഗ് കമ്മറ്റി സഭാ ഭരണഘടനയില്‍ സമഗ്ര ഭേദഗതികള്‍ വരുത്തിയത്. 1964-ല്‍ പാത്രിയര്‍ക്കീസിന്റെ സഹകരണത്തോടെ പ. ഔഗേന്‍ പ്രഥമനെ പൗരസ്ത്യ കാതോലിക്കാ ആയി വാഴിക്കുകയും ചെയ്തു. ഇതിനിടയില്‍ ചില്ലറ ശീശ്മകളൊക്കെ ഉണ്ടായി ഏങ്കിലും അവയൊക്കയും പരിഹരിക്കപ്പെട്ടു.
എന്നാല്‍ 1970-ല്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അത് യാക്കൂബ് ത്രിതീയന്റെ കുപ്രസിദ്ധമായ 203-ാം നമ്പര്‍ കല്പനയുടെ രൂപത്തിലാണ് വന്നു പതിച്ചത്. പ. മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് പൗരോഹിത്യം ഇല്ലായെന്നും അതിനാല്‍ സിംഹാസനവും ഇല്ലന്നും ഈ കല്പനയില്‍ അദ്ദേഹം പ്രസ്ഥാവിച്ചു. ഈ വേദവിപരീതം അംഗീകരിക്കാന്‍ മലങ്കര സഭ തയാറായില്ല.
സംഗതികള്‍ ഇങ്ങനെ പുകഞ്ഞുകൊണ്ടിരിക്കെയാണ് പാത്രിയര്‍ക്കീസ് മലങ്കരസഭാംഗങ്ങളായ ചില സ്ഥാനമോഹികളെ ഏകപക്ഷീയമായി മെത്രാന്മാരായി വാഴിക്കുകയും മലങ്കര സഭയില്‍ സമാന്തര ഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രാരംഭമിട്ടതും ചെയ്തത്. ഇതിനു മകുടം ചാര്‍ത്തിക്കൊണ്ട് 1975 ഓഗസ്റ്റ് 21-ന് ഔഗേന്‍ പ്രഥമനേയും കൂടയുള്ളവരേയും പാത്രിയര്‍ക്കീസ് മുടക്കി. 1970-74 കാലഘട്ടത്തില്‍ പാത്രിയര്‍ക്കീസിന്റെ നടപടികള്‍ അതിരു കടന്നതോടെ അദ്ദേഹം, 1958-ലെ സമാധാന വ്യവസ്ഥകളില്‍നിന്നും സ്വമേധയാ പിന്മാറിയെന്നും അതിനാല്‍ പരസ്പര സ്വീകരണം വഴി ലഭിച്ച എല്ലാ അവകാശങ്ങളും നഷ്ടപ്പെടുത്തിയെന്നും മലങ്കര സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് 1974 ഓഗസ്റ്റ് 3-ന് പ്രഖ്യാപിച്ചു.
ഈ സംഭവങ്ങളെത്തുടര്‍ന്നുണ്ടായ വ്യവഹാര പരമ്പരയാണ് 2017-ലെ സുപ്രീം കോടതി വിധിയില്‍ കലാശിച്ചത്. 1934-ലെ മലങ്കരസഭാ ഭരണഘടന സാധുവും എല്ലാവര്‍ക്കു ബാധകവുമാണന്ന് 2017-ലും തുടര്‍വിധികളിലും സുപ്രീം കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു. മലങ്കരയില്‍ സമാന്തര ഭരണം അനുവദനീയമല്ലന്നും കോടതി തീരുമാനിച്ചു. 1958-ന് സമാനമായ അവസരമാണ് അന്ന് സംജാതമായത്.
പക്ഷേ 2017-ലെ തുടര്‍വര്‍ഷങ്ങളിലോ ഡിസംബര്‍ 16 ആവര്‍ത്തിച്ചില്ല. 2002-നു ശേഷം മുന്‍ പാത്രിയര്‍ക്കീസ് പക്ഷത്തിനുണ്ടായ നയവിത്യാസമായിരുന്നു അതിനു കാരണം. 1911 മുതല്‍ പരസ്പരം പോരാടിയ ഇരുപക്ഷത്തിനും ‘ജയിച്ചു ഭരിക്കണം’ എന്നല്ലാതെ ‘പിളര്‍ത്തി ഭരിക്കണം’ എന്നൊരു ചിന്ത 2002 വരെ ഇല്ലായിരുന്നു. 2002 മുതല്‍ മുന്‍ പാത്രിയര്‍ക്കീസ് പക്ഷം ‘വിഭജനം മാത്രം’ എന്ന തത്വത്തിനു ഊന്നല്‍ നല്‍കുന്ന നിലപാടും അതിനനുയോജ്യമായ പ്രവര്‍ത്തന ശൈലിയും സ്വീകരിച്ചു എന്നതാണ് കാരണം. പക്ഷേ മലങ്കര സഭ ഒരിക്കലും വിഭജനത്തെ അനുകൂലിക്കുന്ന ഒരു നിലപാട് സ്വീകരിച്ചിട്ടില്ല, സ്വീകരിക്കാന്‍ സാദ്ധ്യവുമല്ല.
1958 ഡിസംബര്‍ 16 ആവര്‍ത്തിക്കാനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. 1934-ലെ സഭാ ഭരണഘടനയുടെ സാധുത അടിവരിയിട്ടു പറഞ്ഞ സുപ്രീം കോടതി, മലങ്കരസഭയില്‍ ‘വിഭാഗീയതയുടെ ചെകുത്തനല്ല; ഐക്യതയുടെ ശുദ്ധാത്മാവാണ്’ തങ്ങളുടെ ലക്ഷ്യം എന്നു വ്യക്തമാക്കി. സുപ്രീം കോടതിയുടെ 2024 ഡിസംബര്‍ 3-ലെ ഈ നിര്‍ദ്ദേശത്തിനു അനുരൂപമായി പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ഐക്യത്തിനു ആഹ്വാനം നല്കിക്കഴിഞ്ഞു.
ഇനിയൊരു നീക്കം ഉണ്ടാകേണ്ടത് പാത്രിയര്‍ക്കീസിന്റെ ഭാഗത്തുനിന്നാണ്. 1934-ലെ മലങ്കരസഭാ ഭരണഘടന അംഗീകരിച്ചുകൊണ്ട് സമാനമായ ഒരു ഐക്യ ആഹ്വാനം അദ്ദേഹം നടത്തുമോ? 2024 ഡിസംബര്‍ 16-നു അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ കേരളത്തിലുണ്ട്. അദ്ദേഹം അന്ന് അത്തരമൊരു തീരുമാനം പ്രഖ്യാപിക്കുമെങ്കില്‍ അത് ഐതിഹാസികമായിരിക്കും. കേരളത്തില്‍ വെച്ച് അത്തരമൊരു കല്പന അദ്ദേഹം പുറപ്പെടുവിച്ചാല്‍ 1923-ല്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കു പിന്‍വലിച്ച പ. ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ കല്പന ഏലിയാസ് മാര്‍ യൂലിയോസ് മുക്കിയതുപോലെ ഇനി സംഭവിക്കാതിരിക്കും.
1958-ലേതുപോലെ ഇന്ന് ഒരു ദിവസംകൊണ്ടു സമാധാനം ഉണ്ടാകില്ല. മുറിവുണങ്ങാനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും സമയമെടുക്കും. പ. പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ ‘തട്ടിക്കൂട്ട് സമാധാനം’ ഇനി മലങ്കരയ്ക്ക് ആവശ്യമില്ല. ശാശ്വത സമാധാനത്തിന് ചില അടിസ്ഥാന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായ 1970-ലെ 203-ാം നമ്പര്‍ കല്പനയും 2020 ഓഗസ്റ്റ് 20-ന് ‘യാക്കോബായ സഭയുടെ പ്രാദേശിക സുന്നഹദോസ് നടപ്പില്‍ വരുത്തി എന്നവകാശപ്പെടുന്ന 1975-ലെ മുടക്കും അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പിന്‍വലിക്കണം. അതിനുശേഷം 1974-ലെ പാത്രിയര്‍ക്കീസിനെ പുറത്താക്കിയ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനം പിന്‍വലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയനും ‘പ്രസാദിക്കണം’. ഇരു മുടക്കുകളും അസാധുവാണന്നു 1995-ല്‍ സുപ്രീം കോടതി വിധിച്ച വസ്തുത വിസ്മരിച്ചല്ല ഇതെഴുതുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു ശുദ്ധീകരണക്രിയ ശാശ്വത സമാധാനത്തിന് അത്യന്താപേഷിതമാണ്.
മറിച്ച് 2024 ഡിസംബര്‍ 16-ന് മലങ്കരയിലെ സമാന്തര ഭരണം തുടരാനുള്ള നീക്കങ്ങളാണ് നടത്തുന്നതെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരിക അന്ത്യോഖ്യയിലെ സുറിയാനി പാത്രിയര്‍ക്കീസ് മാത്രമായിരിക്കും.
ഡോ. എം. കുര്യന്‍ തോമസ്