OVS - ArticlesOVS - Latest News

മാത്യൂസ് ത്രിതീയനെ കാത്തിരിക്കുന്ന പൈതൃക ചിഹ്നങ്ങള്‍

2021 ഒക്‌ടോബര്‍ 14-ന് പരുമല സെമിനാരിയില്‍വെച്ചു നടക്കുന്ന മലങ്കര അസോസിയേഷന്‍ യോഗത്തില്‍, അദ്ധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് സീനിയര്‍ മെത്രാപ്പോലീത്താ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നിമിഷം, പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ശുപാര്‍ശ ചെയ്ത്, മാനേജിംഗ് കമ്മറ്റി നാമനിര്‍ദേശം ചെയ്ത്, അസോസിയേഷന്‍ ഏകകണ്‌ഠ്യേന അംഗീകരിക്കുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ മലങ്കര മെത്രാപ്പോലീത്താ ആകും. അതോടെ അസോസിയേഷന്‍ യോഗത്തിന്റെ തുടര്‍ നടപടികളുടെ അദ്ധ്യക്ഷനും സാങ്കേതികമായി അദ്ദേഹമാകും. 1934 ഡിസംബര്‍ 26-നു ശേഷം തിരഞ്ഞെടുക്കപ്പെടുമ്പോഴെ മലങ്കര മെത്രാപ്പോലീത്താ ആകുന്ന ആദ്യ വ്യക്തി എന്ന സ്ഥാനവും മാര്‍ സേവേറിയോസ് അതോടെ സ്വന്തമാക്കും.

മലങ്കര മെത്രാപ്പോലീത്താ ആയി സ്ഥാനമേല്‍ക്കുമ്പോള്‍ പൂര്‍വ-കൊളോണിയല്‍ കാലത്തെ രണ്ടു അധികാര വിശേഷണങ്ങള്‍കൂടി മാര്‍ സേവേറിയോസിനു സ്വന്തമാകും. ഇന്ത്യയിലെ കല്‍ദായ മെത്രാന്മാരും 1653-നു ശേഷം മാര്‍ത്തോമ്മാ എപ്പിസ്‌ക്കോപ്പാമാരും അറിയപ്പെട്ടിരുന്ന തറവോദ് കോല്‍ ഹിന്ദോ – ഇന്ത്യയൊക്കയുടേയും വാതില്‍ – എന്ന വിശേഷണവും, ഉത്തര കൂനന്‍കരിശുകാലത്ത് മാര്‍ത്തോമ്മാ മെത്രാന്മാരില്‍ ലയിപ്പിക്കപ്പെട്ട അര്‍ക്കദ്‌യക്കോന്‍ സ്ഥാനികള്‍ക്ക് പരമ്പരാഗതമായി ഉണ്ടായിരുന്ന മലങ്കര നസ്രാണികളുടെ ജാതിക്കു തലവന്‍ എന്ന ജാതിക്കു കർത്തവ്യൻ സ്ഥാനവും. അതോടൊപ്പം മഹത്തായ പൈതൃകത്തിന്റെ സുഗന്ധം പേറുന്ന ഒരുപിടി സ്ഥാന ചിഹ്നങ്ങളും.

മണക്കുളം മോതിരം – 1815 മാര്‍ച്ച് 21-ന് പഴഞ്ഞി പള്ളിയില്‍ വെച്ച് മേല്പട്ടസ്ഥാനമേറ്റ തന്റെ ധീര സേനാനായകന്റെ പൗത്രനായ പഴയ സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് മണക്കുളം രാജാവ് സമ്മാനിച്ച പച്ചക്കല്ലു പതിച്ച മോതിരമാണ് ഇന്നു മണക്കുളം മോതിരം എന്നറിയപ്പെടുന്നത്. അന്നുമുതല്‍ മലങ്കര മെത്രാന്റെ സ്ഥാന ചിഹ്നങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഈ അംഗുലീയം.

– സ്വര്‍ണ്ണ ഇരട്ടപ്പത്തി വടി – പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് കുന്നംകുളത്തെ മലങ്കര നസ്രാണികള്‍ സമ്മാനിച്ച സ്വര്‍ണ്ണ നിര്‍മ്മിത ഇരട്ടപ്പത്തി അംശവടി. ഇന്ന് അസോസിയേഷന്‍ യോഗങ്ങള്‍ക്ക് മാത്രമാണ് അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ മലങ്കര മെത്രാപ്പോലീത്താ ഈ അംശവടി ഉപയോഗിക്കുന്നത്.

വിധിവിഹിതം എന്നു പറയാം, മാര്‍ സേവേറിയോസ് മേല്പട്ടക്കാരന്‍ എന്ന നിലയില്‍ ആദ്യം കൈയ്യിലേന്തിയതും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അംശവടിയാണ്. 1991 ഏപ്രില്‍ 30-ന് പരുമല സെമിനാരിയില്‍വെച്ച് മേല്പട്ടസ്ഥാനം ഏറ്റപ്പോള്‍ സ്ഥാന ചിഹ്നമായി പ. സഭ അദ്ദേഹത്തിനു നല്‍കിയത് പ. വട്ടശ്ശേരില്‍ തിരുമേനിയുടെ വെള്ളിയില്‍ തീര്‍ത്ത ഒറ്റപ്പത്തി വടിയാണ്. സ്വന്തമായി ഒരു അംശവടി പണിതീര്‍പ്പിക്കുന്നവരെ ഉപയോഗിച്ച ശേഷം ഈ വടി പൗരസ്ത്യ കാതോലിക്കായെ അദ്ദേഹം തിരിച്ചേല്‍പ്പിച്ചു.

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് ഉപയോഗിച്ചിരുന്നതും പിന്നീട് തോമസ് മാര്‍ അത്താനാസ്യോസ് കൈവശപ്പെടുത്തിയതുമായ വെള്ളി അംശവടി 1889-ല്‍ കോടതി വഴി മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ നടത്തിയെടുത്ത് ഉപയോഗിച്ചിരുന്നു. അദ്ദേഹം പിന്‍ഗാമിയായ പ. വട്ടശ്ശേരില്‍ തിരുമേനിക്ക് കൈമാറിയ ഈ വടി 1911-ല്‍ അബ്ദള്ളാ പാത്രിയര്‍ക്കീസ് അദ്ദേഹത്തില്‍നിന്നും ഇരവു വാങ്ങി ക്‌നാനായ മെത്രാന്‍ ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസിന് മറിച്ചുവിറ്റു. ഇന്ന് ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ പ. പരുമല തിരുമേനിയുടെ അംശവടി എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതാണ്.

– പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വര്‍ണ്ണ സ്ലീബാ – പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ വില്‍പ്പത്രപ്രകാരം പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിയ്ക്ക് കൈമാറിയ വിലയേറിയ കല്ലുകള്‍ പതിച്ച സ്വര്‍ണ്ണ സ്ലീബാ, മലങ്കര മെത്രാന്റെ സ്ഥാനചിഹ്നമായി ആണ് ഇത് ഇന്ന് പരിഗണിക്കുന്നത്.

– സ്വര്‍ണ്ണ മുതലവായന്‍ മുടി – രൂപഘടനയില്‍ കല്‍ദായ, റോമന്‍ കത്തോലിക്കാ സ്വാധീനമുള്ളതും മാര്‍ത്തോമ്മാ ഒന്നാമന്‍ മുതലുള്ള മലങ്കര മെത്രാന്മാര്‍ ഉപയോഗിച്ചിരുന്നതുമായ കിരീടം. പരമ്പരാഗതമായി ലഭിച്ചത് കാലപ്പഴക്കത്താല്‍ ഉപയോഗ ശൂന്യമായതോടെ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ എന്ന വാകത്താനത്തു ബാവാ പുതുതായി ഒരണ്ണം സ്വര്‍ണ്ണ കുമിളകള്‍ തുന്നിച്ചേര്‍ത്ത് രൂപപ്പെടുത്തി. തുന്നല്‍ വിദഗ്ദനായ അദ്ദേഹം തന്നെയാണ് അത് തൈച്ചെടുത്തതും.

– മൂറീസും സൂര്‍പ്ലീസും ഇടക്കെട്ടും – പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് വരെയുള്ള മലങ്കര മെത്രാന്മാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥാന വസ്ത്രം. ഇതിനുപിമ്പില്‍ വ്യക്തമായ റോമന്‍ കത്തോലിക്കാ സ്വാധിനമുണ്ട്. പക്ഷേ സ്വര്‍ണ മുദ്രവെച്ച ഇടക്കെട്ട് തികച്ചു തദ്ദേശീയമാണ്. മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ഉപയോഗിച്ചിരുന്ന നടുവില്‍ സ്വര്‍ണ്ണ മുദ്രയുള്ള ഇടക്കെട്ടാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അന്ത്യോഖ്യന്‍ സഭാവിജ്ഞാനീയത്തിന്റെ സ്വാധീനം ശക്തമായതോടെ മൂറീസും സൂര്‍പ്ലീസും മുതലവായന്‍ മുടി പോലെ ഉപയോഗലുപ്തമായി. എങ്കിലും മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, ആറാമന്‍ എന്നിവര്‍ വിശേഷ അവസരങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നു. മുതലവായന്‍ മുടി പോലെ ഇവയും ഉപയോഗശൂന്യമായി മാറിയതോടെ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ഇവയുടെ സമജ്ഞസമായ ഒരു പുതിയ മാതൃക രുപകല്പനചെയ്ത് തുന്നിയെടുത്തു. ഇപ്പോള്‍ മലങ്കര മെത്രാപ്പോലീത്താമാര്‍ അസോസിയേഷനില്‍ അദ്ധ്യക്ഷത വഹിക്കുമ്പോള്‍ ഇവ മുതലവായന്‍ മുടിയോടൊപ്പം ഉപയോഗിക്കുന്നു.

– ആര്‍ച്ച് മാന്‍ഡ്രിയേറ്റ് വടി – ബൈസന്റൈന്‍ – ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ അദ്ധ്യക്ഷ സ്ഥാനത്തുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വടി. മലങ്കര മെത്രാന്മാരും പ. പൗലൂസ് ദ്വിതീയന്‍ വരെയുള്ള കാതോലിക്കാമാരും ഇത് ഉപയോഗിച്ചിരുന്നു. പ. വട്ടശ്ശേരില്‍ തിരുമേനി, പ. ഗീവര്‍ഗീസ്, ദ്വിതീയന്‍, പ. മാത്യൂസ് പ്രഥമന്‍, പ. പൗലൂസ് ദ്വിതീയന്‍ എന്നിവര്‍ ഉപയോഗിച്ചിരുന്നവയില്‍ ഒന്ന് – ഇവ ഒക്കയുടെമേല്‍ അവകാശം ഉണ്ടെങ്കിലും – പരുമല അസോസിയേഷനില്‍ വെച്ചുതന്നെ മാര്‍ സേവേറിയോസിന് ലഭിക്കും.

– സിംഹാസനം – എല്ലാ എപ്പിസ്‌ക്കോപ്പാമാര്‍ക്കും സിംഹാസനം ഉണ്ട്. പട്ടംകൊടകള്‍ക്ക് ഇവ അനിവാര്യവുമാണ്. പ്രതീകാത്മകമായി എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ എല്ലാ ദേവാലയങ്ങളിലേയും മദ്ബഹാകളില്‍ ഓരോ കസേര എപ്പിസ്‌കോപ്പായുടെ സിംഹാസനമായി സൂക്ഷിക്കുക പതിവുണ്ട്. മെത്രാന്മാരുടെ ആസ്ഥാന ദേവാലയങ്ങളില്‍ അവരുടെ സിംഹാസനം എന്ന രീതിയില്‍ വിശേഷമായി ഓരോ കസേര സൂക്ഷിക്കും. പ. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിലാണ് മലങ്കര മെത്രാന്മാര്‍ ആരൂഡരായിരുന്നത്. തദ്ദേശീയ മലങ്കര മെത്രാന്മാര്‍ മാത്രമല്ല, ആ സ്ഥാനം അവകാശപ്പെട്ട പരദേശി യൂയാക്കീം മാര്‍ കൂറിലോസും പ. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ മലങ്കര മെത്രാപ്പോലീത്ത എന്ന് ചുവന്ന മഷിയില്‍ മുദ്ര കുത്തിയിരുന്നു.

എന്നാല്‍ പഴയ സെമിനാരി സ്ഥാപിച്ചതോടെ മലങ്കര മെത്രാന്മാര്‍ക്ക് സ്ഥിരം ആസ്ഥാനം ഉണ്ടായി എന്നു പറയാം. പക്ഷേ 1836-ലെ മാവേലിക്കര പടിയോലയ്ക്കു ശേഷം ആംഗ്ലിക്കന്‍ മിഷണിമാരുടെ പ്രതികാര ബുദ്ധി മൂലം മലങ്കര മെത്രാന്റെ കട്ടില്‍ പോലും സായിപ്പിനെ സുഖിപ്പിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി വിറ്റു. പിന്നീട് 1887-ല്‍ പഴയ സെമിനാരി നടത്തിയെടുക്കുന്നതുവരെ സ്ഥിരമായ ആസ്ഥാനം ഇല്ലാതിരുന്ന മലങ്കര മെത്രാന്മാര്‍ക്ക് അപ്രകാരം ഒരു കത്തീഡ്രലോ സ്ഥിരം സിംഹാസനമോ ഇല്ലായിരുന്നു. പഴയ സെമിനാരി കൈവശം കിട്ടിയതു മുതല്‍ ഇതഃപര്യന്തം അവിടമാണ് മലങ്കര മെത്രാന്മാരുടെ ഔദ്യോഗിക ആസ്ഥാനം. 1901-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ പൗരോഹിത്യ രജത ജൂബീലിക്കു കോട്ടയം എം.ഡി. സെമിനാരി ഹൈസ്‌ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അദ്ദേഹത്തിനു സമ്മാനിച്ചതും, പഴയ സെമിനാരി നാലുകെട്ടിലെ മലങ്കര മെത്രാന്റെ ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ കസേരയാണ് ഇന്ന് മലങ്കര മെത്രാന്റെ സിംഹാസനമായി കണക്കാക്കുന്നത്.

– പഴയ സെമിനാരി – ചെപ്പേടുകള്‍ – വട്ടിപ്പണം – 1840-ലെ കൊല്ലം പഞ്ചായത്തു വിധിപ്രകാരം കേരളത്തിലെ ആധുനിക വിദ്യാഭ്യാസ വിപ്ലവത്തിന് അടിസ്ഥാനമിട്ട കോട്ടയം കോളേജ്, പടിത്ത വീട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പഴയ സെമിനാരിയുടെ കൈവശവും മാര്‍ത്തോമ്മാ ആറാമന്‍ എന്ന വലിയ മാര്‍ ദീവന്നാസ്യോസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ സ്ഥിര നിക്ഷേപമാക്കിയ 3,000 പൂവരാഹന്റെ പലിശയും മലങ്കര മെത്രാന്റെ അധികാരത്തിനുള്ളിലാണ്.

അതോടൊപ്പം കേരളചരിത്രത്തിലെ സുപ്രധാന രേഖകളായ ഇരവികൊര്‍ത്തന്‍ ചെപ്പേട്, തരിസാപ്പള്ളി പട്ടയം, ആര്‍ത്താറ്റ് പടിയോല എന്നീ ചെമ്പോല കരണങ്ങളുടേയും ഔദ്യോഗിക കൈവശക്കാരന്‍ മലങ്കര മെത്രാനാണ്.

മലങ്കര സഭാ ഭരണഘടനയുടെ സംരക്ഷകന്‍ എന്ന ഉത്തരവാദിത്വത്തോടൊപ്പം ഈ അവകാശങ്ങള്‍ എല്ലാം മലങ്കര മെത്രാപ്പോലീത്തായ്ക്ക് അസോസിയേഷന്‍ വേദിയില്‍ത്തന്നെ ലഭിക്കുമെങ്കിലും കിഴക്കിന്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ തന്റെ പിന്‍ഗാമിക്കു കല്‍പ്പിച്ചു നല്‍കിയ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ എന്ന സ്ഥാനനാമം അസോസിയേഷന്‍ പ്രഖ്യാപനം കൊണ്ടു മാത്രം മാര്‍ സേവേറിയോസിനു ലഭിക്കില്ല. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ രണ്ടു മാല ലഭിക്കുങ്കിലും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ എന്ന സ്ഥാനനാമം, അസോസിയേഷന്‍ തിരുമാനം അന്ന് ചേരുന്ന പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച ശേഷം മാത്രമേ ഭരണഘടനപ്രകാരം കരഗതമാവുകയുള്ളു.

ഹൂദയ കാനോനും മലങ്കര സഭാ ഭരണഘടനയും വിവക്ഷിക്കുന്ന പ്രകാരം മലങ്കരയിലെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തായെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹീക സിംഹാസനത്തില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്‌ളീത്തോയോ കാതോലിക്കാ ആയി വാഴിക്കുമ്പോള്‍ മലങ്കര സഭയില്‍ മേല്പട്ടക്കാരെ വാഴിക്കുവാനും പ. മൂറോന്‍ കൂദാശ ചെയ്യുവാനുള്ള അധികാരവും സ്തുതി ചൊവ്വാകപ്പെട്ട ഓര്‍ത്തഡോക്‌സ് വിശ്വാസം പരിപാലിക്കാനുള്ള ഉത്തരവാദിത്വവും മാത്രമല്ല, സ്ഥാനന്യായേനെയുള്ള ചില സ്ഥാന ചിഹ്നങ്ങള്‍ക്കും അദ്ദേഹത്തെ അര്‍ഹനാക്കും.

ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തില്‍ അത്യുന്നത മഹാപുരോഹിതന് അവകാശപ്പെട്ട മൂന്നു മാലകളാണ് അവയില്‍ പ്രധാനം. പ. സ്ലീബായോടൊപ്പം തിയോടോക്കോസ്, പ. മാര്‍ത്തോമ്മാ ശ്ലീഹാ ഇവരുടെ ഐക്കണുകള്‍ ആലേഖനം ചെയ്ത ഓരോ മുദ്ര മാലകള്‍ കൂടി പൗരസ്ത്യ കാതോലിക്കായ്ക്ക് അവകാശപ്പെട്ടതാണ്. സ്ഥാനാരോഹണ വേളയില്‍ മുഖ്യ കാര്‍മ്മികന്‍ ഇവ ധരിപ്പിക്കും.

അത്യുന്നത മഹാപുരോഹിതന് മാത്രം അര്‍ഹമായതും സുറിയാനി പാരമ്പര്യത്തില്‍ ഏഫോദ് എന്നും സാക്രോ എന്നും അറിയപ്പെടുന്നതുമായ ഇടക്കെട്ടില്‍നിന്നും ധരിക്കുന്ന അംഗവസ്ത്രമാണ് അടുത്തത്. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ വരെയുള്ളവര്‍ കാപ്പയോടൊപ്പം ഉപയോഗിച്ചിരുന്ന ഈ അംഗവസ്ത്രം മലങ്കര സഭയുടെ ആത്മീയവും ലൗകീകവും കൗദാശികവുമായ മേലധികാരി എന്ന നിലയില്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേല്‍ക്കുമ്പോള്‍ത്തന്നെ ലഭിക്കുമെങ്കിലും കൗദാശികമായി ഉപയോഗിക്കാന്‍ സാധിക്കുക കാതോലിക്കാ വാഴ്ചയ്ക്കു ശേഷം മാത്രമാണ്.

ദാര്‍ശനികനും കലാകാരനുമായ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ദീര്‍ഘവീക്ഷണത്തോടെ തനിക്കും പിന്‍ഗാമികള്‍ക്കുമായി കാതോലിക്കായിക്കടുത്ത ഒരു അംശവടി രൂപകല്പന ചെയ്ത് പണികഴിപ്പിച്ചു. അദ്ദേഹത്തിന്റെ തൊട്ടു പിന്‍ഗാമിയായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ മുതല്‍ സ്ഥാനമേല്‍ക്കുന്നത് നാഗശിരസ് ഇല്ലാതെ അഹറോന്റെ തളിര്‍ത്ത വടിക്കു സമാനമായി പണികഴിപ്പിച്ച ഈ അംശവടി പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ഏല്‍പ്പിക്കുന്നതോടെയാണ്. അദ്ദേഹം തന്നെ സൃഷ്ടിച്ച പൗരസ്ത്യ കാതോലിക്കായുടെ അല്‍മത്തിക്കാപ്പ ഇന്ന് ഉപയോഗിക്കുന്നിില്ല എന്ന ദുഃഖസത്യവും ഇവിടെ പങ്കുവെക്കട്ടെ.

1951-ലാണ് കാതോലിക്കേറ്റിന്റെ ആസ്ഥാനമായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന പ. സഭ സ്വന്തമാക്കുന്നത്. ഈ കേന്ദ്ര ആസ്ഥാനത്ത് പൗരസ്ത്യ കാതോലിക്കായുടെ രാജകീയ പ്രൗഡിക്ക് അനുയോജ്യമായ ഒരു കാതോലിക്കാ സിംഹാസനം പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ പണികഴിപ്പിച്ചു. അരമനയോടൊപ്പം അരമന ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്ന ഈ സിംഹാസനവും സ്ഥാനന്യായേന കാതോലിക്കായ്ക്ക് കൈവശമാകും.

തിഗ്രീസിലെ മഫ്രിയാമാരുടെ ബസേലിയോസ് എന്ന സ്ഥാനനാമമാണ് 1912-ല്‍ ഒന്നാം കാതോലിക്കായ്ക്ക് നല്‍കിയത്. ഒന്‍പതാം കാതോലിക്കായും ഉപയോഗിക്കുക ഈ സ്ഥാനനാമമാകും. അതോടൊപ്പം അഞ്ചാം കാതോലിക്കാ മുതല്‍ മാര്‍ത്തോമ്മാ എന്ന മലങ്കര മെത്രാന്റെ സ്ഥാനനാമവും ഉപയോഗിച്ചു വരുന്നുണ്ട്. ഇതിനു പിമ്പില്‍ ദീര്‍ഘമായ ഒരു ചരിത്രമുണ്ട്.

1653-ല്‍ മലങ്കരയില്‍ ഒരു തദ്ദേശീയ മേല്പട്ടശ്രേണി ജന്മമെടുത്തപ്പോള്‍ തങ്ങളുടെ മാര്‍ത്തോമ്മാ പൈതൃക സ്മരണയായി മാര്‍ തോമ്മാ എന്ന സ്ഥാനനാമമാണ് നസ്രാണികള്‍ നവാഭിഷിക്തന് നല്‍കിയത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ക്ക് മാര്‍ തോമ്മാ നാമവും അതു ദ്യോതിപ്പിക്കുന്ന പൈതൃകവും അസഹനീയമായി. തന്റെ സ്ഥാനനാമം ദീവന്നാസ്യോസ് എന്നു പരിവര്‍ത്തനം ചെയ്യണമെന്നുള്ള അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആവശ്യം അഞ്ചാം മാര്‍ത്തോമ്മാ വകവെച്ചില്ല. എന്നാല്‍ സഭയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ പിന്‍ഗാമിയായ ആറാം മാര്‍ത്തോമ്മാ എപ്പിസ്‌ക്കോപ്പാ, ദീവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ ആയി സിംഹാസനാരോഹണം ചെയ്തു. പക്ഷേ അദ്ദേഹം ഈ നവനാമം ഉപയോഗിക്കുകയോ പിന്‍ഗാമിക്കു നല്‍കുകയോ ചെയ്തില്ല.

1815 മുതല്‍ തുടര്‍ച്ചയായി മൂന്നു മലങ്കര മെത്രാന്മാരെ വാഴിച്ചത് കടുത്ത അന്ത്യോഖ്യന്‍ പാരമ്പര്യം പിന്തുടരുന്ന തൊഴിയൂര്‍ മെത്രാന്‍ ആയിരുന്നതിനാല്‍ മാര്‍ത്തോമ്മാ നാമം അസ്തമിക്കുകയും ദീവന്നാസ്യോസ് ഉറയ്ക്കുകയും ചെയ്തു. 1934-ലെ സഭാ ഭരണഘടന മലങ്കര മെത്രാന്‍ – കാതോലിക്കാ സ്ഥാനങ്ങള്‍ സംയോജിപ്പച്ചതോടെ ദീവന്നാസ്യോസ് എന്ന സ്ഥാനനാമത്തിനു പ്രസക്തിയില്ലാതെ ആയി. അതോടെ ദീവന്നാസ്യോസ് എന്ന സ്ഥാനനാമത്തിന് സഭാദ്ധ്യക്ഷനുള്ള സംവരണം ഒഴിവായി. സഭയിലെ ഇതര മേല്പട്ടക്കാര്‍ക്ക് അത് നല്‍കുവാനും തുടങ്ങി.

എന്നാല്‍ തങ്ങളുടെ ജാതിക്കുതലവന്റെ മാര്‍ത്തോമ്മാ എന്ന പൂര്‍വിക സ്ഥാനനാമത്തെപ്പറ്റിയുള്ള സ്മരണ നസ്രാണിയില്‍ നിന്നും വിട്ടുപോയില്ല. 1953-ല്‍ അഞ്ചു മേല്പട്ടക്കാരെ വാഴിക്കുന്നതിനു തൊട്ടുമുമ്പ് മാര്‍ ഗീവര്‍ഗീസ് ദ്വിതീയന്‍, സ്വന്ത സ്ഥാനനാമങ്ങളില്‍ നിയുക്ത മെത്രാന്മാരില്‍ ഓരോരുത്തരുടേയും അഭിപ്രായം ആരാഞ്ഞു. പാറേട്ട് മാര്‍ ഈവാനിയോസ്, തനിക്ക് മാര്‍ തോമ്മാ എന്ന സ്ഥാനനാമം വേണമെന്നു ആവശ്യപ്പെട്ടു. പക്ഷേ …അത് നമുക്ക് അവകാശപ്പെട്ടതാണ്, മറ്റാര്‍ക്കും നല്‍കില്ല... എന്നായിരുന്നു മറുപടി. 1975-ല്‍ തന്റെ സ്ഥാനാരോഹണ വേളയില്‍ ജാത്യാഭിമാനിയായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ചരിത്ര പ്രാധാന്യമുള്ള മാര്‍ത്തോമ്മാ എന്ന സ്ഥാനനാമം പുനര്‍ജീവിപ്പിച്ചു. ആ പാരമ്പര്യം ഇന്നും തുടരുന്നു.

അഹറോനു ശേഷം പുത്രനായ എലയാസാറിനെ മഹാപുരോഹിതനായി വാഴിച്ചതിനെപ്പറ്റി …യഹോവാ കല്‍പ്പിച്ചതുപോലെ മോശ ചെയ്തു. സര്‍വസഭയും കാണ്‍കെ അവര്‍ ഹോര്‍ പര്‍വതത്തില്‍ കയറി. അഹറോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലയാസാറിനെ ധരിപ്പിച്ചു… (സംഖ്യ 20: 27) എന്നാണ് രേഖപ്പെടുത്തുന്നത്. മാർ മാത്യൂസ് ത്രിതീയന് മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിലും കാതോലിക്കാ എന്ന നിലയിലും ഓരോ സ്ഥാനചിഹ്നവും ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ രണ്ടു സഹസ്രാബ്ദക്കാലത്തെ നസ്രാണി പൈതൃകത്തിന്റെ തിരുശേഷിപ്പുകളാണ് ആ കൈകളിലെത്തുക. അഹറോന്റെ തിരുവസ്ത്രവും എലിയായുടെ പുതപ്പും പോലെ.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 09 October 2021)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര അസോസിയേഷന്‍ 1653 മുതല്‍ 2020 വരെ

error: Thank you for visiting : www.ovsonline.in