OVS - ArticlesOVS - Latest News

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളും

മലങ്കര നസ്രാണികളുടെ ആധുനിക പളളിയോഗങ്ങളായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗങ്ങള്‍ നസ്രാണി മാര്‍ഗത്തിന്റെ സൂക്ഷിപ്പുകാരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനപ്രതിനിധി സഭകളില്‍ ഒന്നാണ്. മലങ്കര നസ്രാണികളുടെ തലവനെയും ഇടയന്‍മാരെയും കൂട്ടുട്രസ്റ്റിമാരെയും തിരഞ്ഞെടുക്കുന്നത് ആ യോഗമാണ്.

1873 സെപ്തംബര്‍ 8-നു പരുമലയില്‍ കൂടിയ പളളിയോഗമാണ് ഒരു അസോസിയേഷന്‍ രൂപീകരിക്കുവാന്‍ ആദ്യമായി ആലോചിക്കുന്നത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മലങ്കര മെത്രാപ്പോലീത്തായായിരുന്ന പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസിന്റെ ഏകാധിപത്യശൈലി തന്നെയായിരുന്നു. നസ്രാണി പളളിയോഗങ്ങളുടെ പരമ്പരാഗതമായ അവകാശങ്ങള്‍ക്ക് വലിയ ഒരളവില്‍ കുറവ് സംഭവിച്ചിരുന്നു അക്കാലത്ത്. തന്റെ ദീര്‍ഘമായ ഭരണകാലയളവില്‍ പളളിയോഗങ്ങള്‍ കൂടി നിശ്ചയങ്ങള്‍ കൈക്കൊളളുവാന്‍ മാര്‍ അത്താനാസിയോസ് കൂടുതല്‍ ശ്രമിച്ചില്ല. വട്ടിപ്പണത്തിന്റെ പലിശയ്ക്കായി കൂട്ടുട്രസ്റ്റിമാര്‍ ആവശ്യമെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരു തവണ കൂടി. പിന്നീട് ഒരു തവണ കൂടിയിട്ട് കൈകൊണ്ട നിശ്ചയങ്ങള്‍ പാലിക്കുവാന്‍ മെത്രാപ്പോലീത്താ തന്നെ തയ്യാറാകാതിരുന്നപ്പോള്‍ യോഗം തന്നെ പ്രഹസനമായി. ഇങ്ങനെ മെത്രാന്റെ ഏകനായകത്വം സഭയ്ക്ക് ദോഷമായതിനാല്‍ സഭാ ഭരണത്തിന് ഒരു അസോസിയേഷന്‍ രൂപീകരിക്കുവാന്‍ പരുമലയോഗം തീരുമാനിച്ചു. മറ്റൊരു രീതിയില്‍, പളളിയോഗം ഇടക്കാലത്ത് നഷ്ടമായ തങ്ങളുടെ അധികാരം അസോസിയേഷന്‍ രൂപീകരണത്തോടെ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പരുമലയിലെ യോഗനിശ്ചങ്ങള്‍ പൂര്‍ണ്ണമായും നിയമാനുസൃതമെന്ന് പറയാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. കാരണം രാജകീയ വിളംബരത്തിന്റെ പിന്‍ബലത്തോടെ നിയമാനുസൃത മെത്രാപ്പോലീത്തായായി മാര്‍ അത്താനാസിയോസ് മലങ്കര മെത്രാനായി തുടരുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശമോ സാന്നിദ്ധ്യമോ ഇല്ലാതെ കൂടുന്ന യോഗത്തിനു, അതില്‍ ഭൂരിഭാഗം പളളികള്‍ സംബന്ധിച്ചാല്‍ പോലും നിയമസാധുത ലഭിക്കുമായിരുന്നില്ല. ഈ പരിതസ്ഥിതിയെ എങ്ങനെ തരണം ചെയ്യണമെന്ന ചിന്തയാണ് പത്രോസ് തൃതിയന്‍ പാത്രിയര്‍ക്കീസിന്റെ മലങ്കര സന്ദര്‍ശനത്തില്‍ കാലാശിച്ചത്.മലങ്കരയിലെ സവീകരണവിരുദ്ധ വിഭാഗത്തിന്റെ രേഖമൂലമുളള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാത്രിയര്‍ക്കിസ് 1875-ല്‍ മലങ്കരയിലെത്തി. തുടര്‍ന്ന് അദ്ദേഹം തന്നെ കരിങ്ങാച്ചിറ പളളിയില്‍ നിന്ന് കല്‍പ്പനയയച്ച് ഒരു പളളിയോഗം മുളന്തുരുത്തിയില്‍ കൂടി. മുളന്തുരുത്തി പളളിയുടെ വടക്കേമുറ്റത്ത് കെട്ടിയുണ്ടാക്കിയ പന്തലില്‍ 1876  ജൂൺ 27 മുതൽ 30 വരെ വരെ കൂടിയ പളളിയോഗമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഔദ്യോഗികമായി രൂപീകരിച്ചത്. യോഗനടപടികള്‍ രേഖപ്പെടുത്തിയ മിനുട്‌സ് ബുക്കില്‍ കാണുന്നതിപ്രകാരമാണ്, മേല്‍പറഞ്ഞ പൊതുമുതല്‍ ഉണ്ടാകുന്നതിനും വിദ്യാഭ്യാസവും അതില്‍നിന്നുളള വിശേഷഫലങ്ങളും നമ്മുടെ ജാതിക്കു പൊതുവേ ഉണ്ടാക്കുന്നതിനും എന്തു മാര്‍ഗമെന്നു ചിന്തിക്കുന്നത് എത്രയും ആവശ്യമാകുന്നു. മെത്രാന്മാരുടെ ഏകനായകത്വത്തിന്റെ ശക്തി നിമിത്തം പളളിവക മുതല്‍ ദുര്‍ലഭമായി തീര്‍ന്നിരിക്കയാല്‍ ജനങ്ങളില്‍ നിന്ന് തന്നെ പ്രയാസവും ഞെരുക്കവും കൂടാത്തവിധം ഒരു മുതല്‍ശേഖരണം ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിലേക്ക് ജാതി മുഴുവന്‍ കൂടിയതായ ഒരു സമൂഹവും അതിന് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്ന പേരും… എന്നിങ്ങെനെയാണ്. ഇപ്രകാരം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടശേഷമുളള കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ് യോഗങ്ങളുടെ ചരിത്രമാണ് ഈ ലേഖനം

മലങ്കരമെത്രാപ്പോലീത്താ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനി തന്റെ അനാരോഗ്യം മാനേജിംഗ് കമ്മറ്റിയെ അറിയിച്ചതിനെത്തുടര്‍ന്ന് വൈസ് പ്രസിഡണ്ട് പരുമല മാര്‍ ഗ്രീഗോറിയോസിനെ 1895-ല്‍ മലങ്കരമെത്രാപ്പോലീത്തായെ സഹായിക്കാനായി മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്തു. സ്വാഭാവികമായി മാര്‍ ദീവന്നാസിയോസിനു ശേഷം മലങ്കരമെത്രാപ്പോലീത്താ സ്ഥാനം അദ്ദേഹത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അവിചാരിതമായി 1902 നവംബറില്‍ കാലം ചെയ്തു. അദ്ദേഹത്തിന്റെ മുപ്പതാം അടിയന്തിരദിവസം ഒരു യോഗം കൂടാന്‍ മലങ്കര മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 3-ാം തീയതി ഉച്ചകഴിഞ്ഞുളള പ്രദക്ഷിണത്തിനു ശേഷം നാല് മണിയോടെ യോഗം ആരംഭിച്ചു. പഴയസെമിനാരി മാനേജരായിരുന്ന പൗലോസ് റമ്പാനെയും വട്ടശേരില്‍ ഗീവറുഗീസ് മല്‍പ്പാനെയും തിരഞ്ഞെടുക്കണമെന്ന് അഭിപ്രായം ഉണ്ടായി. എന്നാല്‍ ഈ രണ്ട് സ്ഥാനാര്‍ഥികള്‍ പോരെന്നും വടക്ക് നിന്നും ആളുകള്‍ വേണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എങ്കിലും വടക്ക് നിന്ന് ആരാണ് യോഗ്യരെന്ന് പ്രതിനിധികള്‍ക്ക് കൃത്യമായ ബോധ്യമില്ലാത്തതിനാല്‍ അത് ആരൊക്കെയാണെന്ന് വലിയ തിരുമേനിയും മറ്റ് തിരുമേനിമാരും നിശ്ചയിച്ചാല്‍ മതിയെന്നും ആരെ നിശ്ചയിച്ചാലും തങ്ങള്‍ക്ക് സമ്മതമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കൈയടിച്ച് അത് പാസാക്കി. ഇങ്ങനെ നിശ്ചയിച്ച് പിരിഞ്ഞതിനുശേഷം വട്ടശേരില്‍ ഗീവറുഗീസ് മല്‍പ്പാനു റമ്പാന്‍ സ്ഥാനം നല്‍കിയതൊഴിച്ചാല്‍ നടപടികള്‍ കാര്യമായി മുന്നോട്ട് പോയില്ല. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്റെ ആരോഗ്യം അത്ര നല്ല സ്ഥിതിയിലുമായിരുന്നില്ല. കടവില്‍ മാര്‍ അത്താനാസിയോസ് 1907 നവംബറില്‍ കാലം ചെയ്തതിനെത്തുടര്‍ന്ന് മെത്രാപ്പോലീത്താമാരുടെ സംഖ്യ വീണ്ടും കുറഞ്ഞു. അതിനാല്‍ ഒരിക്കല്‍കൂടി പളളിയോഗം കൂടാന്‍ മാര്‍ ദീവന്നാസിയോസ് നോട്ടീസ് അയച്ചു. വലിയ തിരുമേനിക്ക് ഇഷ്ടമുളളവരെ തിരഞ്ഞെടുക്കാന്‍ യോഗം അനുമതി കൊടുത്തെങ്കിലും ആ അവകാശം പളളിയോഗത്തിനു തന്നെ പുലിക്കോട്ടില്‍ തിരുമേനി വിട്ടുകൊടുത്തു. 1908 ഫെബ്രുവരി 27-നു പഴയസെമിനാരിയില്‍ യോഗം കൂടി. മുമ്പുതന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുളള വട്ടശേരില്‍ ഗീവറുഗീസ് റമ്പാന്റെയും കൊച്ചുപറമ്പില്‍ പൗലോസ് റമ്പാന്റെയും തിരഞ്ഞെടുപ്പ് യോഗം ഒന്നുകൂടി സ്ഥിരപ്പെടുത്തി. ഇതില്‍ ഗീവറുഗീസ് റമ്പാനെ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്റെ അസിസ്റ്റന്റും പിന്തുടര്‍ച്ചാവകാശിയുമായും നിശ്ചയിച്ചു. (ഇടവക പത്രിക 1908 കുംഭം). യോഗത്തിലെ തീരുമാനപ്രകാരം രണ്ട് റമ്പാന്‍മാരും ജറുശലേമിലേക്ക് പോവുകയും അവിടെ വച്ച് ഇഗ്നാത്തിയോസ് അബ്ദുളള പാത്രിയര്‍ക്കീസ് അവരെ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ്, പൗലോസ് മാര്‍ കൂറീലോസ് എന്നീ പേരുകളില്‍ മെത്രാപ്പോലീത്താമാരായി വാഴിക്കുകയും ചെയ്തു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്റെ മരണത്തെതുടര്‍ന്ന് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനി മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രവേശിച്ചു. എന്നാല്‍ അതിന് മുമ്പ് തന്നെ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തന്റെ ചുമതലകള്‍ മിക്കവയും വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ ഏല്‍പ്പിച്ചിരുന്നു. അത് സൂചിപ്പിച്ച് റസിഡണ്ടിനുള്‍പ്പെടെ കത്തും നല്‍കിയിരുന്നു.

1909-ല്‍ അബ്ദുളള പാത്രിയര്‍ക്കീസ് മലങ്കരയില്‍ എത്തിചേര്‍ന്നു. അദ്ദേഹവും സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും പലപ്പോഴും തര്‍ക്കത്തിലായിരുന്നു. അദ്ദേഹം 1911 ഇടവമാസത്തില്‍ മലങ്കരമെത്രാപ്പോലീത്താ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ മുടക്കിയതായി ഒരു കല്‍പ്പന പുറപ്പെടുവിച്ചു. തുടര്‍ന്ന് 1911 ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളിലായി ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ ബാവാകക്ഷിയുടെ ഒരു യോഗം പാത്രിയര്‍ക്കീസിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും കൊച്ചുപറമ്പില്‍ മാര്‍ കൂറീലോസിനെ ബദല്‍ മലങ്കരമെത്രാപ്പോലീത്തായായി തിരഞ്ഞെടുക്കുകയും ചെയ്തു. ബാവാകക്ഷിയിലായ കൂട്ടുട്രസ്റ്റിമാരെ നീക്കുവാന്‍ മറുവിഭാഗവും യോഗം ചേര്‍ന്നു. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കോനാട്ട് കോര മാത്തന്‍ മല്‍പ്പാനെയും സി.ജെ.കുര്യനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി പകരം പാലപ്പളളില്‍ മാണി പൗലോസ് കത്തനാര്‍, ചിറക്കടവില്‍ കോര കൊച്ചുകോരുള എന്നിവരെ കൂട്ടുട്രസ്റ്റിമാരായി തിരഞ്ഞെടുത്തു. തുര്‍ക്കി സുല്‍ത്താന്‍ ഫര്‍മാന്‍ (അധികാരപത്രം) പിന്‍വലിച്ചതിനാല്‍ സ്ഥാനത്തിനടുത്ത പ്രവര്‍ത്തികള്‍ തുര്‍ക്കിയില്‍ ചെയ്യാന്‍ സാധിക്കാതിരുന്ന ഇഗ്നാത്തിയോസ് അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവായെ മലങ്കരയിലേക്ക് ക്ഷണിക്കുവാന്‍ സഭ തീരുമാനിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ച് മലങ്കരയില്‍ എത്തിചേര്‍ന്നു. മലങ്കരയുടെ ചിരകാല അഭിലാഷമായിരുന്ന കാതോലിക്കേറ്റ് ഇവിടെ സ്ഥാപിക്കണമെന്ന് സഭ ഔപചാരികമായി പാത്രിയര്‍ക്കീസിനോട് അഭ്യര്‍ത്ഥിച്ചു. ആയതിന്‍പ്രകാരം കണ്ടനാട് ഇടവകയുടെ മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസിനെ പാത്രിയര്‍ക്കീസിന്റെ പ്രധാന കാര്‍മികത്വത്തില്‍ 1912 സെപ്തംബര്‍ 15-നു നിരണം പളളിയില്‍ വച്ച് ബസേലിയോസ് പൗലോസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. എന്നാല്‍ അദ്ദേഹം 1913 മെയ് മാസത്തില്‍ കാലം ചെയ്തു. പാമ്പാക്കുട ചെറിയ പളളിയില്‍ കബറടക്കി.

ഒന്നാം കാതോലിക്കായുടെ മരണത്തെത്തുടര്‍ന്ന് ഉടനെ ഒരു കാതോലിക്കാ സ്ഥാനാരോഹണം സഭ നടത്തിയില്ല. ഭിന്നത മൂര്‍ച്ഛിക്കാന്‍ ഇടയാക്കേണ്ട എന്ന ചിന്തയും അതിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കാം. മലങ്കരമെത്രാപ്പോലീത്താ ഉണ്ടായിരുന്നതും അദ്ദേഹത്തിനു പുറമേ കല്ലാശേരില്‍ ഗീവറുഗീസ് മാര്‍ ഗീഗോറിയോസ്, യുയാക്കീം മാര്‍ ഈവാനിയോസ്, ഗീവറുഗീസ് മാര്‍ പീലക്‌സീനാസ് (വാകത്താനം) എന്നിവര്‍ മെത്രാപ്പോലീത്താമാരായി ഉണ്ടായിരുന്നതും വാഴ്ച നീണ്ടാലും പ്രശ്‌നമില്ല എന്ന സ്ഥിതിയില്‍ എത്തി. എന്നാല്‍ മാര്‍ ഈവാനിയോസ് അസുഖബാധിതനായത് സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവന്നു. ഹൂദായ കാനോന്‍ പ്രകാരം ഒരു മേല്‍പ്പട്ടക്കാരനെ വാഴിക്കേണ്ടത് മൂന്ന് മേല്‍പ്പട്ടക്കാര്‍ ചേര്‍ന്നാകണമെന്നതിനാല്‍ ഇനിയും താമസിക്കുന്നത് ചിലപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്ന ചിന്തയില്‍ രണ്ടാം കാതോലിക്കായുടെ സ്ഥാനാരോഹണത്തിലേക്ക് സഭ കടന്നു. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് സഭയില്‍ സമാധാനം ഉണ്ടാക്കുവാനായി മര്‍ദ്ദീന്‍ വരെ യാത്രചെയ്‌തെങ്കിലും അത് ഫലം കണ്ടില്ല. ഇതും കാതോലിക്കാസ്ഥാനാരോഹണം ത്വരിതപ്പെടുത്താന്‍ ഇടയാക്കി. വട്ടിപ്പണക്കേസിന്റെ വിചാരണ നടന്ന കാലഘട്ടമായിരുന്നതിനാല്‍ ഔദ്യോഗികമായ നോട്ടീസ് കല്‍പ്പന മലങ്കരമെത്രാപ്പോലീത്താ അയച്ചില്ല. ഗീവറുഗീസ് മാര്‍ പീലക്‌സീനോസ് 1925 മീനം 19-നു ഒരു കല്‍പ്പന അയച്ചു. തിരുമൂലപുരത്ത് മേടം 7-നു യോഗം കൂടാന്‍ ആദ്യം ആലോചിച്ചെങ്കിലും നിരണം പളളിയില്‍ 1925 ഏപ്രില്‍ 29,30 തീയതികളിലായി യോഗം ചേര്‍ന്നു. ഏപ്രില്‍ 29-നു ഉച്ചയ്ക്ക് ശേഷം കൂടിയ യോഗം ഗീവറുഗീസ് മാര്‍ പീലക്‌സീനോസിനെ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പിറ്റേന്ന് അദ്ദേഹം അവിടെവച്ച് തന്നെ സ്ഥാനം പ്രാപിക്കുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്തായും മാര്‍ ഗ്രീഗോറിയോസും മാര്‍ ഈവാനിയോസും ശുശ്രൂഷയില്‍ സംബന്ധിച്ചു.

രണ്ടാം കാതോലിക്കാ 1928 ഡിസംബര്‍ 17-നു കാലം ചെയ്തു. 1928 ഡിസംബര്‍ 24-നു വളളിക്കാട്ട് ദയറായില്‍ നിന്ന് ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് നോട്ടീസ് കല്‍പ്പന അയച്ചു. രണ്ടാം കാതോലിക്കായുടെ മുപ്പതാം അടിയന്തിരദിവസമായ ജനുവരി 15-നു വളളിക്കാട്ട് ദയറായില്‍ യോഗം കൂടാനായിരുന്നു നിശ്ചയിച്ചത്. യോഗം കൂടുകയും യോഗത്തില്‍ വച്ച് ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസിനെ കാതോലിക്കാസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. 1925, 1929 എന്നീ യോഗങ്ങളില്‍ പൂര്‍ണ്ണമായും മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗങ്ങള്‍ ആയിരുന്നു എന്നു പറയാനാകില്ല. കാരണം മലങ്കരമെത്രാപ്പോലീത്തായുടെ നോട്ടീസ് കല്‍പ്പനയുണ്ടായില്ല എന്നത് തന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ അനുമതിയും സാന്നിദ്ധ്യവും യോഗത്തിന് ഉണ്ടായിരുന്നു. 1929-ലെ യോഗത്തിന്റെ അദ്ധ്യക്ഷനും മലങ്കരമെത്രാപ്പോലീത്ത വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് ആയിരുന്നു. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് പൗരസ്ത്യകാരോലിക്കായുടെ തിരഞ്ഞെടുപ്പ് അസോസിയേഷന്‍ പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നുവെങ്കിലും പ്രധാന തീരുമാനങ്ങള്‍ പളളിയോഗം തന്നെ കൈക്കൊളളട്ടെയെന്ന താല്‍പര്യമാകാം ഈ രണ്ട് യോഗങ്ങളിലും നിഴലിച്ചത്.

ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് 1929 ഫെബ്രുവരി 15-നു ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനം പ്രാപിച്ചു. മലങ്കര മെത്രാപ്പോലീത്താ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് 1934 ഫെബ്രുവരി 23-നു കാലം ചെയ്തു. തുടര്‍ന്ന് 1934 മാര്‍ച്ചില്‍ ഒരു അസോസിയേഷന്‍ കൂടാന്‍ ആലോചിച്ചുവെങ്കിലും അത് കൂടിയില്ല. പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവാ ഹോംസില്‍ പോയി അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ച് സമാധാനാലോചനകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മടങ്ങിയെത്തിയ അദ്ദേഹം പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടുകയും അസോസിയേഷന്‍ കൂടുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1934 ഡിസംബര്‍ 26-നു കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചര്‍ച്ചകള്‍ക്കു ശേഷം മലങ്കര സഭാഭരണഘടന പാസ്സാക്കി. അന്നു തന്നെ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്റെ പിന്‍ഗാമിയായി മലങ്കരമെത്രാപ്പോലീത്താസ്ഥാനത്തേക്ക് ബസേലിയോസ് ഗീവറുഗീസ് ദ്വിതിയനെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആരംഭിച്ച വ്യവഹാരപരമ്പര 1958-ലെ സുപ്രീം കോടതി വിധിയില്‍ അവസാനിച്ചു. 1958 ഡിസംബര്‍ 16-നു മലങ്കരയിലെ ഇരു വിഭാഗങ്ങളും പരസ്പരം യോജിച്ചു. സഭയില്‍ സമാധാനം കൈവന്നു.

സഭാ ഭരണഘടന നിലവില്‍ വന്നതോടുകൂടി കാതോലിക്ക-മലങ്കരമെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകള്‍ക്ക് വ്യക്തമായ രീതികള്‍ നിലവില്‍ വന്നു. ഭരണഘടനയുടെ 97,114 വകുപ്പുകളാണ് കാതോലിക്കായുടെയും മലങ്കരമെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. അതിന്‍പ്രകാരം ആ തിരഞ്ഞെടുപ്പിന്റെ ചുമതല മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിക്ഷിപ്തമാണ്. സമാധാനത്തിനു ശേഷം സഭയില്‍ പൗലോസ് മാര്‍ പീലക്‌സീനോസ് ചില്ലറ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ എണ്‍പത്തിയഞ്ചു വയസ്സും പിന്നിട്ടിരുന്നു. തുടര്‍ന്ന് ഒരു പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിലേക്ക് സഭ കടന്നു. ആദ്യഘട്ടത്തില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനോട് അത്ര താല്‍പര്യം ഗീവറുഗീസ് ദ്വിതിയന്‍ ബാവായ്ക്ക് ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് സഭയുടെ പൊതു താല്‍പര്യത്തോട് ചേര്‍ന്നു. 1961 ഏപ്രില്‍ 27-നു എം.ഡി. സെമിനാരിയില്‍ ഒരു യോഗം കൂടി പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചു. എന്നാല്‍ ചിലര്‍ കോടതിയില്‍ അസോസിയേഷന്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി എത്തി. കോടതി സ്‌റ്റേ അനുവദിച്ചു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം ഏപ്രില്‍ 26-നായിരുന്നു കോടതി ഉത്തരവ്. അസോസിയേഷന്‍ മാറ്റിവച്ചു. സ്‌റ്റേ മാറിക്കിട്ടിയതിനെത്തുടര്‍ന്ന് വീണ്ടും പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പ് ആലോചിച്ചു. 1962 മെയ് 17-നു നിരണം പളളിയില്‍ യോഗം കൂടുവാന്‍ മലങ്കര മെത്രാപ്പോലീത്താ ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ നോട്ടീസ് പുറപ്പെടുവിച്ചു. നിശ്ചയിക്കപ്പെട്ടപ്രകാരം യോഗം കൂടുകയും കണ്ടനാട് ഇടവകയുടെ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ കാതോലിക്കായുടെയും മലങ്കരമെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുക്കുകയും ചെയ്തു. എപ്പിസ്‌കോപ്പല്‍ സിനഡ് ഏകണ്ഠമായി ഔഗേന്‍ മാര്‍ തീമോത്തിയോസിന്റെ പേരാണ് മുന്നോട്ട് വച്ചത്.

ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1964 ജനുവരി മൂന്നാം തീയതി കാലം ചെയ്തു. തുടര്‍ന്ന് പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്ന ഔഗേന്‍ മാര്‍ തീമോത്തിയോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്ത് പ്രവേശിച്ചു. സഭാ സമാധാനത്തിന്റെയും പരസ്പരസ്വീകരണത്തിന്റെയും പശ്ചാത്തലത്തില്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ പ്രധാനമേലദ്ധ്യനായിരുന്ന ഇഗ്നാത്തിയോസ് യാക്കോബ് തൃതിയനെ കാതോലിക്കാവാഴ്ചയ്ക്കായി സഭ ക്ഷണിച്ചു. അദ്ദേഹം മലങ്കരയില്‍ എത്തി. 1964 മെയ് 22-നു അദ്ദേഹത്തിന്റെ പ്രധാന കാര്‍മികത്വത്തില്‍ മലങ്കര സഭയുടെ സുന്നഹദോസ് ഔഗേന്‍ മാര്‍ തീമോത്തിയോസ് മലങ്കര മെത്രാപ്പോലീത്തായെ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കാസ്ഥാനത്തേക്കുകൂടി ഉയര്‍ത്തി. ബസേലിയോസ് ഔഗേന്‍ പ്രഥമന്റെ ആരോഗ്യസ്ഥിതി പല സമയങ്ങളിലും മോശമാവുകയും പിന്നീട് ആരോഗ്യം പ്രാപിക്കുകയും ചെയ്തു. സംഭവബഹുലമായ ഒരു കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റേത്. സഭയില്‍ വീണ്ടും ഭിന്നതകള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1970-ലെ കുപ്രസിദ്ധമായ 203-ാം നമ്പര്‍ കല്‍പ്പന കലഹം ത്വരിതപ്പെടുത്തുന്നതില്‍ ഒരു പ്രധാന കാരണമായിത്തീര്‍ന്നു. സാഹചര്യങ്ങള്‍ വീണ്ടും ഒരു പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിലേക്ക് കടക്കുവാന്‍ നിര്‍ബന്ധിച്ചു. സിനഡ് ഏകകണ്ഠമായി ബാഹ്യകേരള മെത്രാസനത്തിന്റെ മാത്യൂസ് മാര്‍ അത്താനാസിയോസിന്റെ പേര് പിന്‍ഗാമിയായി മുന്നോട്ടു വച്ചു. 1970 ഡിസംബര്‍ 31-നു കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു.

ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് 1975 സെപ്തംബര്‍ 24-നു മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്തേക്കു പ്രവേശിച്ചു. തുടര്‍ന്ന് 1975 ഒക്‌ടോബര്‍ 22-ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാസ്ഥാനവും പ്രാപിച്ചു. സീനിയര്‍ മെത്രാപ്പോലീത്താ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മ്മികനായി. 1975 -ല്‍ തന്നെ സഭയില്‍ പിളര്‍പ്പ് പൂർത്തിയാക്കുകയും പൗലോസ് മാര്‍ പീലക്‌സീനോസ് ബസേലിയോസ് പൗലോസ് ദ്വിതിയന്‍ എന്ന പേരില്‍ ബദല്‍ കാതോലിക്കായായി ഇഗ്നാത്തിയോസ് യാക്കോബ് തൃതിയനാല്‍ വാഴിക്കപ്പെടുകയും ചെയ്തു. തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ മലങ്കര അസോസിയേഷന്‍ കൂടുവാന്‍ 1980 ജനുവരി 12-നു ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ നോട്ടീസ് കല്‍പ്പന പുറപ്പെടുവിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ യോഗം കൂടി. യോഗം കൊല്ലം മെത്രാസന ഇടവകയുടെ മാത്യൂസ് മാര്‍ കൂറീലോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. പതിവുപോലെ ഒരു നാമനിര്‍ദ്ദേശം മാത്രമായിരുന്നു അസോസിയേഷന്റെ പരിഗണനയ്ക്ക് വന്നത്.

ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ 1991 ഏപ്രില്‍ 27-നു സ്ഥാനത്യാഗം ചെയ്തു. തുടര്‍ന്ന് മാത്യൂസ് മാര്‍ കൂറീലോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്ത് പ്രവേശിച്ചു. ഏപ്രില്‍ 29-നു മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പരുമല പളളിയില്‍ വച്ച് അദ്ദേഹത്തെ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. ഡോ.ഫീലിപ്പോസ് മാര്‍ തെയോഫിലോസായിരുന്നു മുഖ്യകാര്‍മികന്‍. ഇതിനിടയില്‍, 1990 ജൂണ്‍ 6-നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രണ്ടാം സമുദായക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ അപ്പീലും സമര്‍പ്പിച്ചു. സാഹചര്യങ്ങള്‍ അധികം വൈകാതെ ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. 1992 മെയ് 5-ാം തീയതി മലങ്കരമെത്രാപ്പോലീത്ത നോട്ടീസ് കല്‍പ്പന അയച്ചു. പരുമല സെമിനാരിയില്‍ 1992 സെപ്തംബര്‍ 10-ാം തീയതി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം കൂടി. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മലബാര്‍ മെത്രാസനത്തിന്റെ തോമസ് മാര്‍ തീമോത്തിയോസിനെ തിരഞ്ഞെടുത്തു. സമുദായക്കേസില്‍ 1995 ജൂണ്‍ 20-നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. 1934-ലെ സഭാഭരണഘടന സാധുവാണെന്ന് കോടതി കണ്ടെത്തി. വിധിയുടെയും പിന്നീടുണ്ടായ ഡിക്രിയുടെയും അടിസ്ഥാനത്തില്‍ ഭരണഘടനയുടെ 46,71 വകുപ്പുകള്‍ ഭേദഗതി ചെയ്തു. അതിനെത്തുടര്‍ന്ന് അസോസിയേഷനിലെ പങ്കാളിത്തം ഒരു പളളി ഇടവകയിലെ അംഗങ്ങളുടെ എണ്ണത്തിനനുസൃതമായി. നേരത്തെ ഒരു പളളിയെ പ്രതിനിധീകരിച്ച് ഒരു വൈദികനും രണ്ട് അയ്‌മേനികളും പങ്കെടുക്കുകയായിരുന്നു പതിവ്. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്റെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഒരു തര്‍ക്കവിഷയമായി പാത്രിയര്‍ക്കീസ് വിഭാഗം മുന്നോട്ട് വച്ചു. തുടര്‍ന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൂടി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ മലങ്കര മെത്രാപ്പോലീത്തായാണോ എന്ന് പരിശോധിക്കുവാന്‍ 2001 നവംബര്‍ 28-നു സുപ്രീം കോടതി ഉത്തരവിട്ടു. ആയതിന്റെ നിരീക്ഷകനായി കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.എസ് മളീമഠിനെ നിരീക്ഷകനായും നിയമിച്ചു. അസോസിയേഷന്‍ കൂടുവാന്‍ 2001 ഡിസംബര്‍ 24-നു ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ നോട്ടീസ് പുറപ്പെടുവിച്ചു. 2002 മാര്‍ച്ച് 20-നു പരുമലയില്‍ യോഗം ചേര്‍ന്നു. പത്തിനെതിരെ 3464 വോട്ടുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ മലങ്കര മെത്രാപ്പോലീത്തായെന്ന് അസോസിയേഷന്‍ ഉറപ്പിച്ചു.

ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ 2005 ഒക്‌ടോബര്‍ 29-നു സ്ഥാനത്യാഗം ചെയ്തു. അതിനെത്തുടര്‍ന്ന് തോമസ് മാര്‍ തീമോത്തിയോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കു പ്രവേശിച്ചു. 2005 ഒക്‌ടോബര്‍ 31-നു അദ്ദേഹം ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാസ്ഥാനവും പ്രാപിച്ചു. പരുമല പളളിയില്‍ വച്ച് നടത്തപ്പെട്ട സ്ഥാനാരോഹണത്തില്‍ ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസും തോമസ് മാര്‍ മക്കാറിയോസും പ്രധാന കാര്‍മികത്വം വഹിച്ചു. സ്ഥാനാരോഹണശുശ്രൂഷയുടെ അവസാനഭാഗത്ത് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ മദ്ബഹായില്‍ പ്രവേശിക്കുകയും മുദ്രമാലകള്‍ പിന്‍ഗാമിയെ അണിയിക്കുകയും ചെയ്തു. തന്റെ അതിവൃദ്ധതയില്‍ കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ സ്വീകരിച്ച അദ്ദേഹം ഉടനെതന്നെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു. 2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ യോഗം ചേരാനായിരുന്നു നിശ്ചയിച്ചത്. അതേ സമയം ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവായുടെ സ്ഥാനസാധുതയെ ചോദ്യം ചെയ്തുകൊണ്ട് മുന്‍സിഫ് കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി അസോസിയേഷന്‍ കൂടുന്നതിനെ നിരോധിച്ചു. അതിനെതിരെ സഭ ജില്ലാക്കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി വിധി പറയുന്നത് സെപ്തംബര്‍ 22-ലേക്ക് മാറ്റി. ഇത് അസോസിയേഷന്‍ കൂടുന്നത് അസാധ്യമാക്കി. എന്നാല്‍ അപ്രതീക്ഷിതമായി കോടതി സെപ്തംബര്‍ 20-നു വിധി പ്രഖ്യാപിച്ചു.

മുന്‍സിഫ് കോടതിയുടെ വിധി പൂര്‍ണമായും അസ്ഥിരപ്പെടുത്തികൊണ്ടുളള വിധിയായിരുന്നു കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് നിശ്ചയിക്കപ്പെട്ടപ്രകാരം മലങ്കര അസോസിയേഷന്‍ യോഗം കൂടി. തുടര്‍യോഗം ഒക്‌ടോബര്‍ 12-നു കൂടാന്‍ നിശ്ചയിച്ചു. ഒക്‌ടോബര്‍ 12-നു കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കുന്നംകുളം മെത്രാസനത്തിന്റെ പൗലോസ് മാര്‍ മിലിത്തിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു.

ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ 2010 ഒക്‌ടോബര്‍ 31-നു സ്ഥാനത്യാഗം ചെയ്തു. അന്ന് തന്നെ പൗലോസ് മാര്‍ മിലിത്തിയോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. നവംബര്‍ 1-നു മലങ്കരസഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അദ്ദേഹത്തെ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. പിന്‍ഗാമിയുടെ സ്ഥാനാരോഹണത്തില്‍ മുഖ്യകാര്‍മ്മികനായ ആദ്യ (ഏക) പൗരസ്ത്യ കാതോലിക്കായായി ദിദിമോസ് പ്രഥമന്‍ ബാവാ മാറി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ ബാവാ 2019 അവസാനം രോഗബാധിതനായിത്തീര്‍ന്നു. ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ 2021 ജൂണ്‍ മാസം 10-ന് അദ്ദേഹം പരുമല സെമിനാരിയില്‍ നിന്ന് നോട്ടീസ് കല്‍പ്പനയയച്ചു. 2021 ഒക്‌ടോബര്‍ 14-നു പരുമലയില്‍ അസോസിയേഷന്‍ കൂടുവാനായിരുന്നു നിശ്ചയിച്ചത്. തന്റെ രോഗാവസ്ഥ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അസോസിയേഷന്‍ യോഗം നടത്തുവാന്‍ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമേനിയെ ചുമതലപ്പെടുത്തികൊണ്ട് ജൂലൈ 3-നു പൗലോസ് ദ്വിതിയന്‍ ബാവാ കല്‍പ്പന നല്‍കി. ജൂലൈ 12-ാം തീയതി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ ബാവാ കാലം ചെയ്തു. അസോസിയേഷന്‍ കൂടുന്നതിനെതിരെ ചിലയാളുകള്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കോടതി അത് തളളിക്കളഞ്ഞു. 2021 സെപ്തംബര്‍ 16-നു കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് മെത്രാസനത്തിന്റെ മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയെ നാമനിര്‍ദ്ദേശം ചെയ്യുവാന്‍ തീരുമാനിച്ചു. അതിന്റെ ഔദ്യോഗിക പൂര്‍ത്തീകരണമാണ് ഒക്‌ടോബര്‍ 14-നും തുടര്‍ന്നുളള സ്ഥാനാരോഹണത്തിലും സംഭവിക്കുന്നത്. അതിനായിട്ടാണ് സഭ ആകമാനം പ്രാര്‍ഥനയോടെ കാത്തിരിക്കുന്നതും. പിതാക്കന്‍മാരുടെ പ്രാര്‍ഥനയും മാര്‍ത്തോമാശ്ലീഹായുടെ മദ്ധ്യസ്ഥതയും സഹായിക്കും.

ഡെറിന്‍ രാജു
09 Oct 2021

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in