ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനത്തിന് സമാപനമായി
റോഹ / മുംബൈ: ദൈവ വചനത്തിൽ അധിഷ്ഠിതമായ യുവജനത ലോകത്തിന്റെ ദർശനമാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനം പ്രസിഡണ്ട് അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്യക്ഷത വഹിച്ച യോഗത്തിൽ ബോംബെ ഭദ്രാസനാധിപൻ അഭി ഗീവർഗീസ് മാർ കൂറിലോസ്, അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി ഡോ ഗീവർഗീസ് മാർ യൂലിയോസ്, ബോംബെ ഭദ്രാസന സെക്രട്ടറി ഫാ തോമസ് കെ ചാക്കോ, ഓ സി വൈ എം കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ വർഗീസ് റ്റി വർഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ അജി കെ തോമസ്, കേന്ദ്ര ട്രഷറർ ശ്രീ ജോജി പി തോമസ്, ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ ജോർജ്ജ് എബ്രഹാം, ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ നൈനാൻ ഈപ്പൻ, ഫാ ഗീവർഗീസ് അബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
5 നു വൈകിട്ട് 6 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ പതാക ഉയർത്തി, തുടർന്ന് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരത്തോടെ ക്യാമ്പിന് തുടക്കമായി. 6 നു രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി കുർബാനയും ഉണ്ടായിരുന്നു. തുടർന്ന് ഡോ ഗീവർഗീസ് മാർ യൂലിയോസ്, ഫാ ഡോ ബിജേഷ് ഫിലിപ്പ്, റെവ. നോബിൾ എബ്രഹാം , ഡോ റ്റിജു തോമസ് IRS എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ് ഡിസ്കഷനും നടത്തി. വൈകിട്ട് സന്ധ്യാനമസ്കാരത്തിനു ശേഷം അഭി ഡോ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി ധ്യാനം നയിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്തവരുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടാലെന്റ്റ് നൈറ്റ് സംഘടിപ്പിച്ചു.
7 നു പ്രഭാത നമസ്കാരവും തുടർന്ന് ഫാ ഫിലിപ്പ് തരകൻ നയിച്ച ധ്യാനവും ബൈബിൾ സ്റ്റഡിയും സംഘടിപ്പിച്ചു. തുടർന്ന് ബോംബെ ഭദ്രാസനാധിപൻ അഭി ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ സപ്തതി ക്യാമ്പങ്ങങ്ങളോടൊപ്പം ലളിതമായി ആഘോഷിച്ചു.
7 നു സമാപന സമ്മേളനം ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉദ്‌ഘാടനം ചെയ്തു. മാനവരാശിക്ക് സേവനവും നന്മയും ചെയുവാൻ യുവജനത ഉത്സാഹിക്കണമെന്നു ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രസിഡണ്ട് ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ സപ്തതി ആഘോഷിക്കുന്ന ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ ആദരിച്ചു. ഡോ ഗീവർഗീസ് മാർ യൂലിയോസ്, ഫാ വർഗീസ് റ്റി വർഗീസ്, ഫാ അജി കെ തോമസ്, ശ്രീ ജോജി പി തോമസ്, ഫാ ജോർജ്ജ് എബ്രഹാം, സഭ മാനേജിങ് കമ്മറ്റി അംഗം ശ്രീ റോണി വർഗീസ്, കേന്ദ്ര സമിതി അംഗങ്ങൾ, കേന്ദ്ര സെക്രട്ടറിമാർ, ഭദ്രാസന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
ബോംബെ ഭദ്രസനത്തിനു കീഴിൽ റോഹയിലുള്ള ഗ്രിഗോറിയൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചായിരുന്നു ഈ വർഷത്തെ രാജ്യാന്തര സമ്മേളനം നടന്നത്. കലാമേളയിൽ വിജയികളായവർ, ജീവകാരുണ്യ അവാർഡിന് അർഹരായവർ എന്നിവരെ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യക്ക് പുറത്തുനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ക്യാമ്പിൽ ഏകദേശം 450 ഓളം പ്രതിനിധികൾ പങ്കെടുത്തു.
ബോംബെ ഭദ്രാസന യുവജന പ്രസ്ഥാനമാണ് ഇത്തവണത്തെ കോൺഫറൻസ് ആതിഥേയത്വം വഹിച്ചത്. 2020 ലെ ഓർത്തഡോൿസ് രാജ്യാന്തര സമ്മേളനം മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം ആതിഥേയത്വം വഹിക്കും.