യൽദോ മാർ ബസേലിയോസ് മഫ്രിയാനൊ; മലങ്കരയുടെ തിരിനാളം
പരിശുദ്ധ സഭ തിരഞ്ഞെടുത്ത പരിശുദ്ധൻമാരുടെ ഗണത്തിൽ ഭക്തി ആദരവോടെ സ്മരിക്കുന്ന പുണ്യ പിതാവാണ് കോതമംഗളം ബാവാ, അഥവാ യൽദോ മാർ ബസ്സേലിയോസ്. ജീവിത നെർമ്മല്യം കൊണ്ടും തീഷ്ണമായ പ്രാർത്ഥന ജീവിതം കൊണ്ടും ഭൂമിയിൽ പ്രകാശം പകർത്തിയ പുണ്യ പിതാവ്. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ഏ ഡി 1593-ൽ ഇറാഖിലെ മൊസൂളിനടുത്തുള്ള ബഖ്ദിദ എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തെ മാർ ബസേലിയോസ് യൽദൊ മഫ്രിയാനൊ അഥവാ യൽദൊ ബാവ എന്നി നാമങ്ങളിലും അറിയപ്പെടുന്നു. അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ എൽദൊ മാർ ബഹനാൻ്റെ ആശ്രമത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ഏ ഡി 1678-ൽ മഫ്രിയാന (കാതോലിക്ക) ആയി അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദുൽ മശിഹയിൽ നിന്നും സ്ഥാനാരോഹണം ചെയ്യുകയും ചെയ്തു.
അന്നത്തെ മലങ്കര സഭാ തലവനായിരുന്ന മാർത്തോമ്മാ രണ്ടാമൻ അന്ത്യോക്യയിലേക്ക് അയച്ച കത്തിൻ്റെ അഭ്യർത്ഥനപ്രകാരം ഏ ഡി 1685-ൽ മാർ ബസേലിയോസ് തൻ്റെ തൊണ്ണുറ്റി രണ്ടാം വയസ്സിൽ മലങ്കരയിലേക്ക് തൻ്റെ യാത്രയാരംഭിച്ചു. പൊർച്ചുഗീസുകാരുടെ കയ്യിൽ അകപ്പെടാതിരിക്കാൻ അദ്ദേഹം ബസ്രയിൽ നിന്നും കപ്പൽ മാർഗ്ഗം തലശ്ശേരിയിൽ എത്തുകയും അവിടെ നിന്നും കാൽനടയായി കോതമംഗലത്ത് എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹോദരനായ ജെമ്മ, മാർ ഇവാനിയോസ് ഹിദയത്തുള്ള എപ്പിസ്കോപ്പ, യൊവെയ്, മത്തായി എന്ന് പേരുള്ള 2 റമ്പാന്മാർ എന്നിവർ ഉണ്ടായിരുന്നു ചരിത്രം പറയപ്പെടുന്നു. എന്നാൽ 1685 സെപ്റ്റംബർ 14-ന് മാർ യൽദോ ബാവായും മാർ ഈവാനിയോസ് ഹിദയത്തുള്ള എപ്പിസ്കോപ്പായും മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയായി സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ നിറഞ്ഞതായിരുന്നു. യാത്രക്കിടയിൽ അവരുടെ സംഘത്തിന് മുമ്പിലേക്ക് ഒരു കടുവ പാഞ്ഞ് എത്തി അവരെ ആക്രമിക്കുവാൻ ശ്രമിച്ചു. എന്നാൽ മാർ യൽദോ ബാവാ തൻ്റെ കുരിശിൻ്റെ അടയാളം അതിൻ്റെ ദിശയിൽ വരുത്തിയപ്പോൾ അത് ഓടി രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹവും സംഘവും പള്ളിവാസൽ ഗ്രാമത്തിലെത്തി. രാത്രിയിൽ കനത്ത വെള്ളപ്പൊക്കം ഗ്രാമത്തെ ബാധിക്കുമെന്ന അറിവോടെ ഗ്രാമവാസികളെ കുന്നിൻ മുകളിൽ ഉറങ്ങാൻ അദ്ദേഹം ഉപദേശിച്ചു. യൽദോ മഫ്രിയാൻ്റെയും അനുയായിക്കുമൊപ്പം കുന്നിൽ മുകളിലേക്ക് അനുഗമിച്ചവർ രക്ഷപ്പെട്ടു. പിന്നിട് മാർ യൽദോ ബാവായും അനുയായികളും കോത്തമംഗലത്തിനടുത്തുള്ള കോഴിപ്പില്ലിയിലേക്ക് പോയി. പക്ഷേ അത് സുരക്ഷിതമായ ഒരു പാത അല്ല എന്നു മനസ്സിലാക്കിയ യൽദോ ബാവാ പെരിയാർ നദിയുടെ തീരത്തുകൂടി യാത്ര തുടർന്നു.
മാർ യൽദോ മഫ്രിയാനോ കോതമംഗലത്ത് എത്തിയപ്പോൾ വനത്തിൽ വച്ച് കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ചക്കാല നായർ സമുദായത്തിൽ പെട്ട ഒരു യുവാവിനെ കാണുകയും അദ്ദേഹത്തോട് പള്ളിയിലേക്കുള്ള വഴി കാണിച്ചു തരുവാൻ ആവശ്യപെടുകയും ചെയ്തു. തൻ്റെ വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപൊകുമെന്ന് അയാൾ പറഞ്ഞപ്പോൾ യൽദോ ബാവ തൻ്റെ സ്ലീബാകൊണ്ട് നിലത്ത് ഒരു വൃത്തം വരക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ആ നായർ യുവാവിൻ്റെ സഹോദരി പ്രസവവേദനയാൽ ബുദ്ധിമുട്ടുന്ന കാര്യം യാത്രയ്ക്ക് ഇടയിൽ അറിയിച്ചപ്പോൾ ബാവ കരിക്കു വീഴ്ത്തി നൽകിയതായും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ കോതമംഗലം പെരുന്നാളിന് ഇപ്പോഴും വഴികാണിക്കുന്നത് ആ നായർ കുടുംബമാണ്.
ഏ ഡി 1685 സെപ്റ്റംബർ 14-നാണ് ബാവ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റമ്പാനെ മാർ ഇവാനിയോസ് എന്ന പേരിൽ അദ്ദേഹം മെത്രാനായി അവിടെ വച്ച് വാഴിച്ചു. ദീർഘയാത്രയും തൻ്റെ പ്രായവും മൂലം ബാവ ക്ഷീണിതനായിരുന്നു. എ ഡി 1685 സെപ്റ്റംബർ 27-നു അദ്ദെഹത്തിനു മൂറോൻ കൊണ്ടുള്ള തൈലാഭിക്ഷേകം നൽകുകയും, രണ്ടു ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 29 ശനിയാഴ്ച (മലയാള മാസം കന്നി 19) അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. അദേഹത്തെ കോതമംഗലം പള്ളിയുടെ മദ്ബഹായുടെ സമീപമാണ് കബറടക്കിയിരിക്കുന്നത്.
തൻ്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന് ബാവ തൻ്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണസമയത്തും കബറടക്കത്തിലും അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.
യൽദോ മാർ ബസേലിയോസ് ബാവായെ പരിശുദ്ധനായി 1947 നവംബർ 5ന് പരിശുദ്ധ ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. പരിശുദ്ധൻ്റെ മദ്ധ്യസ്ഥയാൽ നിരവധി അത്ഭുതങ്ങളും രോഗ സൗഖ്യങ്ങളും ലഭിക്കുന്നു എന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുന്നു. നീതിമാൻ്റെ ഓർമ്മ വാഴ്ത്തപ്പെടട്ടെ.
അവലംബം: ജേണൽ ഓഫ് സൗത്ത് ഇന്ത്യൻ ഹിസ്റ്ററി . പ്രസിദ്ധീകരണ വിഭാഗം, കാലിക്കറ്റ് സർവകലാശാല. 2005. പേജ് 84-85
എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ