ഉദയംപേരൂര്‍ സുന്നഹദോസും കൂനന്‍ കുരിശ് സത്യവും തുമ്പമണ്‍ പള്ളിയും
ക്രിസ്തബ്ദം 1498-ല്‍ പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ കാറ്റുമാറി വീശാന്‍ തുടങ്ങി. റോമന്‍ പാപ്പയുടെ ആളുകള്‍ ഇവിടെ വന്നപ്പോള്‍ കണ്ട കാഴ്ച അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പാപ്പയെന്ന് കേട്ടിട്ടില്ലാത്ത ഒരു ക്രിസ്ത്യന്‍ വിഭാഗമോ? റോമന്‍ മാര്‍ പാപ്പയുടെ അധികാരത്തിന്‍ കീഴിലല്ലാത്ത മലങ്കര നസ്രാണികളെ കത്തോലിക്കാ വിശ്വാസത്തിന്‍ കീഴിലാക്കണമെന്ന് അവര്‍ തീരുമാനിച്ചു. അതിനായിട്ടായിരുന്നു പിന്നത്തെ ശ്രമം.
പോര്‍ച്ചൂഗീസുകാരുടെ വാണിജ്യാവശ്യത്തിലേക്കുള്ള ആഗമനം മലങ്കര നസ്രാണികളുടെ ആരാധനാസമ്പ്രദായത്തെയും ഭരണസംവിധാനത്തേയും മാറ്റിമറിച്ചു. ഒരാട്ടിന്‍ കൂട്ടവും ഒരിടയനും എന്നതായിരുന്നു 1598 -ലെ മലങ്കരസഭയിലെ സ്ഥിതി . വിദേശ മേലദ്ധ്യക്ഷാരുടെ ആധിപത്യമോ ഇടപെടലോ അനര്‍ഹമായ കൈകടത്തലോ ഉണ്ടായിരുന്നില്ല. മലങ്കര സഭയില്‍ അന്നുണ്ടായിരുന്ന 105 പള്ളികളുടെയും ഏക അധികാരി അര്‍ക്കദിയോക്കന്‍ അഥവാ ജാതികളുടെ കര്‍ത്തവ്യനായിരുന്നു പള്ളിഭരണം ഇടവക പട്ടക്കാരന്‍റെ മേല്‍ നോട്ടത്തില്‍ നടത്തി വന്നിരുന്നു.
പൗരസ്ത്യ സഭകളില്‍ നിന്നും വരുന്ന മെത്രാന്മാര്‍ അര്‍ക്കദിയോക്കന്‍റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിച്ചിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മായുടെ പൈതൃകത്തില്‍ അഭിമാനം കൊണ്ടിരുന്നു. അതുകൊണ്ട് മറ്റു പൗരസ്ത്യ സഭകളില്‍ നിന്നു വന്നവര്‍ ഒരു തരത്തിലുള്ള ആധിപത്യം ചെലുത്തിയിരുന്നില്ല. ഇവിടെയുള്ളവര്‍ ആഗ്രഹിച്ചിരുന്നതുമില്ല. മലങ്കരസഭ നിര്‍വ്യാജം അവരെ സ്‌നേഹിച്ചിരുന്നതുപോലെ മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകത്തില്‍ അഭിമാനിച്ചവരെ അവരും സ്‌നേഹിച്ചു.
15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗല്‍ രാജാവിന് ഇന്‍ഡ്യയില്‍ മെത്രാനെ നിയമിക്കാന്‍ മാര്‍പാപ്പ അധികാരം നല്‍കി. ഇതാണ് പാദ്രുവാദോഭരണം. അതിന്‍റെ പിന്‍ബലത്തില്‍ ഇവിടെ നിലവിലുണ്ടായിരുന്ന പേര്‍ഷ്യന്‍ ബന്ധത്തിന് തടയിട്ട് ലത്തീന്‍ കത്തോലിക്കാബന്ധം സ്ഥാപിക്കാന്‍ പോര്‍ച്ചുഗല്‍ രാജാവ് പലരെയും അയച്ചെങ്കിലും അവരുടെ ദൗത്യം വിജയിച്ചില്ല. മലങ്കര നസ്രാണികള്‍ അര്‍ക്കിദിയോക്കന്‍റെ പിന്‍പില്‍ ശക്തിയായി നിലയുറിച്ചു.
കത്തോലിക്കാ പുരോഹിതന്മാരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് നിരാശാഭരിതരായി ഇരിക്കുമ്പോഴാണ് 1598 -ല്‍ ഡേ മെനസ്സിസ് എന്ന മെത്രാനെ സഭാമാറ്റപ്രക്രീയ വിജയപ്രദമാക്കുവാന്‍ മാര്‍പാപ്പ നിയോഗിച്ചത്. ബിഷപ്പ് അസാധാരണ വിരുതനും രാജതന്ത്രം സംബന്ധിച്ച് കപടമാര്‍ഗ്ഗങ്ങളില്‍ അതി വിദഗ്ദനുമായിരുന്നു. തങ്ങളുടെ എല്ലാ പ്രവര്‍ത്തികളും എന്ത് അനീതിയായാലും അത് ദൈവത്തിനുവേണ്ടിയാണ് എന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ട് കത്തോലിക്കര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ദൈവ നിഷേധികളാണെന്ന് അവര്‍ കരുതി. ഈ മനോഭാവത്തിന്‍റെ തണലിലാണ് 1599 ജൂണ്‍ മാസം 10-നു ഉദയംപേരൂര്‍ സുന്നഹദോസ് മെനസ്സിസ് വിളിച്ചുകൂട്ടിയത്. ഡേ മെനസ്സിസ് അന്നത്തെ അര്‍ക്കദിയോക്കന്‍ ഗീവര്‍ഗ്ഗീസ് അര്‍ക്കിദിയോക്കനുമായി ചങ്ങാത്തം സ്ഥാപിച്ചു. ഇരുവരും കൂടി ക്ഷണക്കത്തയച്ചു. ഇതിനിടയില്‍ തന്‍റെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന കുറേപേര്‍ക്ക് ഡേമെനസ്സിസ് വൈദീക പട്ടവും നല്‍കി. 105 പള്ളികളില്‍ നിന്നായി 153 വൈദീകരും 600 -ലേറെ അത്മായ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ചുറ്റും തോക്കുകളേന്തിയ പോര്‍ച്ചുഗീസ് പട്ടാളക്കാരുടെ മദ്ധ്യത്തിലാണ് യോഗനടപടികള്‍ ആദ്യന്ത്യം നടന്നത്.
ചോദ്യങ്ങള്‍ ചോദിക്കാനോ അഭിപ്രായം പറയാനോ ഒന്നും അനുവദിച്ചിരുന്നില്ല. ഭീതിദായകമായ ഒരന്തരീക്ഷം. ഗീവര്‍ഗീസ് അര്‍ക്കിദിയോക്കന്‍ നിസ്സഹായനായി നോക്കിനിന്നു സകലതും കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു എന്ന് മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ഒരു പട്ടക്കാരന്‍ കാല്‍കുപ്പായം ശരീരത്തിലും കമ്മീസ് കാലിലും ധരിച്ചു, കോമാളി വേഷം കെട്ടി പ്രതിഷേധം രേഖപ്പെടുത്തി. അര്‍ക്കിദിയോക്കന്‍ മെത്രാപ്പോലീത്ത സ്ഥാനിയേക്കാള്‍ കീഴ്സ്ഥാനിയാണെന്ന് മലങ്കര സഭാംഗങ്ങളുടെ മദ്ധ്യേ പ്രചരണം നടത്തുവാനും മെനസ്സിസ് മറന്നില്ല. ഒട്ടനവധി പ്രമാണ രേഖകളും അമൂല്യ ഗ്രന്ഥങ്ങളും പള്ളികളില്‍നിന്നും ശേഖരിച്ചു. പള്ളിമുറ്റത്തിട്ടു കത്തിച്ചു നശിപ്പിച്ചു.
സുന്നഹദോസിന് ശേഷവും പള്ളി സന്ദര്‍ശനപരിപാടി മെനസ്സിസ് ഉപേക്ഷിച്ചില്ല. പ്രബലന്മാരായ പട്ടക്കാരുള്ള 27 പള്ളികള്‍ സുന്നഹദോസിനുശേഷം സന്ദര്‍ശിച്ചു. തുമ്പമണ്‍ പള്ളിയും അയാളുടെ സന്ദര്‍ശന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സുന്നഹദോസ് കാനോനായ്ക്ക് എതിരായ നിലപാടിന് മാറ്റം വരുത്താന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചെങ്കിലും അതെല്ലാം വിഫലമായി. ഗീവര്‍ഗീസ് അര്‍ക്കദിയോക്കന്‍റെ പിന്‍പില്‍ ഉറച്ചുനില്‍ക്കുവാനുള്ള തീരുമാനത്തിന് മാറ്റം വരുത്തുവാന്‍ കത്തനാരന്മാരും കൈസ്ഥാനികളും സമ്മതം മൂളിയില്ല. ആ വരവിലും ഒരു പക്ഷേ തുമ്പമണ്‍ പള്ളിയിലെ പുരാതനരേഖകള്‍ നഷ്ടപ്പെട്ട് കാണാം. ഒന്നു തീര്‍ച്ച വി.മദ്ഹായില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്ന യുക്‌നോ ദേവാലയാധികൃതരുടെ സൂക്ഷ്മതയേറിയ കരുതല്‍ മൂലം അയാള്‍ക്ക് ഒന്നു കാണുവാന്‍ പോലും സാധിച്ചില്ല.
കൂനന്‍ കുരിശ് സത്യവും തുമ്പമണ്‍ മര്‍ത്തമറിയം പള്ളിയും.
ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ നടത്തിപ്പിലും തീരുമാനങ്ങളിലുമുള്ള മലങ്കര സുറിയാനി സഭാംഗങ്ങള്‍ക്കുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുവാന്‍ ഒരവസരം ക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് അഹത്തള്ള സംഭവം. തങ്ങളുടെ ആപത് ഘട്ടത്തില്‍ സഭയെ രക്ഷിക്കാന്‍ വന്നു എന്ന് കരുതപ്പെടുന്ന അഹത്തള്ള ആരെന്ന് അന്ന് സൂക്ഷ്മ പഠനം നടത്തിയില്ല.
റോമന്‍ ആധിപത്യത്തില്‍ നിന്ന് രക്ഷപെടുവാന്‍ ഒരു പൗരസ്ത്യ സഭാ മേലദ്ധ്യക്ഷന്‍റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്ന് ബോധ്യമായി. തുടര്‍ന്ന് സഭാ നേതാവായ തോമ്മാ അര്‍ക്കദിയാക്കോന്‍ 1648 – 49 കാലങ്ങളില്‍ ഒരു മേല്പട്ടക്കാരനെ ആവശ്യപ്പെട്ടുകൊണ്ട് പേര്‍ഷ്യന്‍, കോപ്റ്റിക്, യാക്കോബായ എന്നീ മൂന്നു പൗരസ്ത്യ സഭാ പാത്രിയര്‍ക്കീസുമാര്‍ക്ക് അപേക്ഷ അയച്ചു. ഇതിന്‍റെ ഫലമായി 1652-ല്‍ അഹത്തള്ളാ എന്ന പൗരസ്ത്യ സഭാ മേല്പട്ടക്കാരന്‍ ഇന്ത്യയില്‍ വന്നു ചേര്‍ന്നു.
അഹത്തള്ളയെ മൈലാപ്പൂരില്‍ വെച്ച് പോര്‍ച്ചുഗീസുകാര്‍ ബന്ധനസ്ഥനാക്കിയെന്ന വാര്‍ത്ത തോമ്മാശ്ലീഹായുടെ അവിടുത്തെ കബറിടം സന്ദര്‍ശിക്കാനെത്തിയ രണ്ടു ശെമ്മാശന്‍മാര്‍ മുഖാന്തിരം കൊച്ചിയിലറിയിച്ചു. ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. താമസിയാതെ അഹത്തള്ളായെ കൊച്ചി കായലില്‍ മുക്കി താഴ്ത്തി കൊന്നു.
ഈ വാര്‍ത്ത സഭയാകമാനം വളരെ വേഗം പ്രചരിച്ചു. പ്രതിഷേധത്തിന്‍റെ അലയടികള്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഉയര്‍ന്നു. ഈ സംഭവം ജനങ്ങളെ ദുഃഖനിമഗ്നരാക്കിയതോടൊം കത്തോലിക്കരോടുള്ള അമര്‍ഷവും വര്‍ദ്ധിപ്പിച്ചു. സര്‍വ്വസ്വതന്ത്രമായിരുന്ന തങ്ങളുടെ സഭയെ കള്ളം പറഞ്ഞും ഭീഷണിപ്പെടുത്തിയും അധികാര ഗര്‍വ്വു കാട്ടിയും പള്ളികളില്‍ കയറി ഇറങ്ങി പലപുരാതന രേഖകളും കൈക്കലാക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത റോമന്‍ കത്തോലിക്കരോടുള്ള അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭം ദൈവം ഒരുക്കി തന്നതാണെന്ന് മലങ്കര നസ്രാണികള്‍ വിശ്വസിച്ചു. സന്ദര്‍ഭം ഒട്ടും പാഴാക്കിയില്ല.
ക്രിസ്തബ്ദം 1653 മകരം 3-ാം തീയതി വെള്ളിയാഴ്ച മട്ടാഞ്ചേരി പളളിയില്‍ ലക്ഷത്തില്‍പ്പരം സുറിയാനി സഭാംഗങ്ങള്‍ ഒത്തുകൂടി പള്ളിയുടെ മുമ്പിലുള്ള കല്‍ക്കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചു റോമന്‍ കത്തോലിക്കാ സഭയുമായി ആയുഷ്‌ക്കാലം ഒരു ബന്ധവുമില്ല സത്യം സത്യം സത്യം എന്ന മൂന്നു പ്രാവശ്യം ഉറക്കെവിളിച്ചു പറഞ്ഞു പ്രതിജ്ഞ ചെയ്തു.
അന്ന് അവിടെ കൂടിയിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ തുമ്പമണ്‍ നസ്രാണികളും പങ്കെടുത്തിരുന്നു. അതിനാലാണ് അന്നുവരെ ചിങ്ങം 15-ാം തീയതി ശൂനോയോ പെരുന്നാളില്‍ നടത്തി വന്നിരുന്ന പള്ളിപെരുന്നാള്‍ മകരം 3-ലേക്കു മാറ്റി ഭക്ത്യാദരപൂര്‍വ്വം നടത്തുന്നത് അന്നു മാതാവിന്‍റെ യുക്ക്‌നോയും പൊതുദര്‍ശനത്തിനു വയ്ക്കും.
കൂനന്‍കുരിശിന് ശേഷമാണ് 1600 -ല്‍പ്പരം വര്‍ഷം ഏക മെത്രാന്‍റെ ഭരണത്തിന്‍ കീഴില്‍ ആരാധന നടത്തിവന്നിരുന്ന സുറിയാനി സഭാംഗങ്ങള്‍ പുത്തന്‍ കൂറ്റുകാരുമായി, 63 വര്‍ഷം മാര്‍പാപ്പയുടെ ആധിപത്യത്തിന് കീഴിലായവര്‍ പഴയകൂറ്റുകാരുമായി എന്ന വൈരുദ്ധ്യം മലങ്കര സഭാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ഉദയംപേരൂരില്‍ ആരംഭിച്ച ആദ്യവിഭജനം പൂര്‍ത്തിയായി. പോര്‍ച്ചുഗീസ് വിദേശാധിപത്യത്തിനെതിരായ ആദ്യസ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു 1653 മകരം 3-ാംതീയതിയിലെ കൂനന്‍ കുരിശ് സത്യം.