OVS - Latest NewsOVS-Exclusive NewsOVS-Kerala News

പിറവം പോലീസ് സംരക്ഷണ ഇടക്കാല ഉത്തരവിലെ വക്രീകരിക്കപ്പെട്ട 12 ആം ഖണ്ഡിക

പിറവം സെൻറ് മേരിസ് ഓർത്തഡോൿസ് വലിയപള്ളിയുടെ പോലീസ് പ്രൊട്ടക്ഷൻ കേസിൽ ബഹു. ഹൈ കോടതി ഡിവിഷൻ ബെഞ്ച് , 2018 ഏപ്രിൽ 19 -ലെ ബഹു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ അലംഭാവം വരുത്തുന്ന കേരള സർക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ചത് മാധ്യമങ്ങൾ ഇപ്പോഴത്തെ ശബരിമലയുടെ കൂടെ പശ്ചാത്തലത്തിൽ നന്നായി കവർ ചെയ്തു. പക്ഷെ ഇത്തരം വാക്കാലുള്ള വിമർശനങ്ങൾ ഒക്കെ കോടതിയുടെ പതിവ് രീതിയാണ് എന്നും, ശബരിമലയിലെ വിധി പോലെ അടിയന്തര പ്രാധാന്യത്തോടെ നടപ്പിൽ വരുത്തേണ്ടതല്ല പിറവം പള്ളി അടക്കമുള്ള സഭാ കേസിലെ വിധികൾ എന്ന് സർക്കാരും, സർക്കാർ അനുകൂല മാധ്യമങ്ങളും, ഇടതു ബുദ്ധി ജീവികളും ഇട തടവില്ലാതെ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത്, ശബരിമലയിലും പിറവത്തും ഒരു ഇരട്ടത്താപ്പുമില്ല എന്ന് വാദിക്കുകെയും ചെയ്ത് കാണുന്നു. ബഹു സുപ്രീം കോടതിയുടെ വിധി പിറവം പള്ളിയിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചാൽ അവിടെ ചോര പുഴ ഒഴുകും, ആളുകൾ ആത്‌മാഹുതി ചെയ്യും, ആയതിനാൽ വിധി നടപ്പിൽ വരുത്താൻ ആവശ്യമായ സാവകാശം വേണം എന്നും, ഇതിനായി ബഹു . സുപ്രീം കോടതി തന്നെ സമവായ ശ്രമങ്ങളിൽ കൂടെ സമാധാനം വരുത്തണം എന്ന് നിർദ്ദേശിച്ചതായും അഡ്വക്കേറ്റ് ജനറൽ ഹൈകോടതിയിൽ ബോധിപ്പിച്ചു. പോലീസ് പ്രൊട്ടക്ഷൻ കേസിൽ കേരള സർക്കാരിന് എതിരെ നിശിത വിമർശനങ്ങൾ അനവധി ചോദ്യരൂപേണ എഴുതിയതിനു ശേഷമാണ് ബഹു. സുപ്രീം കോടതിയിൽ നിന്നുമുള്ള സമവായ ശ്രമത്തിനുള്ള നീരീക്ഷണം ശ്രദ്ധയിൽപെട്ടത് എന്ന് വിധിയുടെ 12 -ആം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നു എന്നാണ് ഇവരുടെ അവശേഷിക്കുന്ന ഏക കച്ചിതുരുമ്പ്‌. Copyright- www.ovsonline.in

ഈ അവസരത്തിൽ പ്രസ്തുത ഇടക്കാല ഉത്തരവിൻ്റെ സാരാംശം ഒന്ന് പരിശോധിക്കാം. വിധി നടത്തിപ്പിലെ കാലതാമസവും അലംഭാവവും ചൂണ്ടി കാണിച്ചു പിറവം ഓർത്തഡോക്സ് ഇടവക ബഹു. സുപ്രീം കോടതിയിൽ സമര്പ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ തീർപ്പു കൽപ്പിക്കവേ, മൂന്നു മാസത്തിനുള്ളിൽ പിറവം ഇടവകയുടെ പോലീസ് സംരക്ഷണ ഹർജി തീർപ്പാക്കി ഏപ്രിൽ 19 -ലെ വിധി നടപ്പിൽ വരുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം എന്ന കർശന നിർദ്ദേശം ബഹു. ഹൈ കോടതിയുടെ മേൽ ബഹു സുപ്രീം കോടതി നല്ക്കിയിരിക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ബഹു. ഹൈ കോടതിയുടെ തിടുക്കത്തിലുള്ള ഇടപെടലും അതിനെ തുടർന്നുള്ള രൂക്ഷ പ്രതികരണവും എണ്ണമറ്റ ചോദ്യങ്ങളും എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ബഹു. സുപ്രീം കോടതിയുടെ വിധി നടത്തിപ്പിന് ആവശ്യമായ സമവായ ശ്രമങ്ങൾ നടക്കുന്നതിനാൽ രണ്ടു മാസം കൂടെ സമയം അനുവദിക്കണം എന്ന് പറഞ്ഞ അഡ്വക്കേറ്റ് ജനറലിനെ, അപ്രായോഗിക സമവായ ശ്രമങ്ങളുടെ പേരിൽ ബഹു. സുപ്രീം കോടതിയുടെ വിധി നടത്തിപ്പ് അനന്തമായി നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ല എന്ന് തീർത്ത പറഞ്ഞ ബഹു. കോടതി, ഇ വിഷയം സമയബന്ധിതമായി തീർപ്പാക്കാൻ തങ്ങളുടെ മേലുള്ള കർശന നിർദ്ദേശത്തെയും (ഖണ്ഡിക 13), അതിനു ഭംഗം വന്നാൽ ഉണ്ടാകാവുന്ന ഗുരുതര പ്രതിസന്ധികളെയും ബഹു. ഹൈ കോടതി കൃത്യമായി കേരള സർക്കാരിനെ ധരിപ്പിച്ചു. പിറവം ഇടവകയുടെ വിധി നടത്തിപ്പ് അക്രമകാരികളായ സഭാ വിഭാഗം ചോരയിൽ മുക്കും എന്നും, അത് നാട്ടിൽ വലിയ കലാപത്തിനും, സ്പർദ്ധയ്ക്കും കാരണമാക്കും, ആയതിനാൽ കോടതിക്ക് പുറത്തുള്ള ഒരു സമവായത്തിന് രണ്ടു മാസം കൂടെ വേണം എന്ന് വാദിച്ച (ഖണ്ഡിക 4) അഡ്വക്കേറ്റ് ജനറൽ, വർത്തമാന പൊതു സമൂഹത്തിൻ്റെ മുന്നിൽ തങ്ങളെ ധാർമിക പ്രതിസന്ധിയിൽ നിർത്തുന്ന പിറവം ഇടവകയുടെ വിധി നടത്തി അനുയോജ്യമായ ഒരു സാഹചര്യത്തിൽ ഏതു വിധേനേയും തടി ഒഴിക്കാൻ തയാറാണ് എന്ന് പറയാതെ പറയുമാറെ, “ബഹു. ഹൈകോടതി പിറവം വിധി നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങൾ തന്നാൽ വേണ്ടത്ര പോലീസ് സംവിധാനം ഉപയോഗിച്ച പിറവം പള്ളിയിൽ ബഹു സുപ്രീം കോടതി വിധി നടപ്പിൽ വരുത്താൻ തയാറാണ്” (ഖണ്ഡിക 5) എന്ന് കൂടെ കൃത്യമായി പറയുമ്പോൾ കാര്യങ്ങൾ സർവ്വ ശക്തനായ ദൈവം മലങ്കര സഭയ്ക്ക് സാവധാനം അടുപ്പിച്ചു തരുന്നുണ്ട്  എന്ന വലിയ പ്രതീക്ഷയും പ്രത്യാശയും മലങ്കര നസ്രാണികളിൽ പൂക്കുന്നു.

ഇനിയും കൊട്ടിഘോഷിക്കുന്ന ഖണ്ഡിക 12 -ൻ്റെ ലളിതമായ പരിഭാഷ ഒന്ന് വായിക്കാം .
ഞങ്ങൾ ഈ ഉത്തരവ് പറഞ്ഞു എഴുതിച്ചു കഴിഞ്ഞപ്പോൾ, ചില കക്ഷികൾക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ശ്രീ. പി രവീന്ദ്രൻ ഇടപെട്ടുകൊണ്ട്, ഞങ്ങൾ നേരത്തെ രേഖപ്പെടുത്തിയ ഞങ്ങളുടെ പ്രഥമ ദൃഷ്ടിയാലുള്ള ഞങ്ങളുടെ നീരിക്ഷണങ്ങൾ ശരിയാകണമെന്നില്ല എന്ന് ബോധ്യപ്പിക്കുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ചിടുത്തോളും, സുപ്രീം കോടതിയുടെ മേൽ പരാമർശിച്ച വിധികളിൽ കക്ഷികളോട് ഒത്തു തീർപ്പിനു നിർദ്ദേശച്ചിട്ടുള്ളതിനാൽ, കക്ഷികൾ തമ്മിൽ സർക്കാർ ഒരു തീർപ്പു ശ്രമം നടത്തുന്നത് ബഹു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നു കണ്ടെത്തുക സാദ്ധ്യമല്ല. പ്രഗത്ഭനായ സീനിയർ അഭിഭാഷകൻ്റെ വാദങ്ങൾ ഞങ്ങൾ വിശദമായി കേട്ടില്ലെങ്കിലും, സർക്കാരിൻ്റെ സഹായത്തോടെയോ, ഇടപെടലുടെയോ, അല്ലെങ്കിൽ മറ്റേതു മാർഗത്തിലോ കോടതിക്ക് പുറത്തു വെച്ച് കക്ഷികൾ തമ്മിൽ ഒരു ഒത്തു തീർപ്പിനു ബഹു. സുപ്രീം കോടതി വ്യക്തമായ സമ്മതം നൽകിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് വിധേയമായി അദ്ദേഹത്തിൻ്റെ മേൽ വാദങ്ങൾ ഞങ്ങൾ സ്വീകരിക്കുകയാണെങ്കിൽ പോലും, 17 – 7 – 2018 -ലെ കേരള സർക്കാരിൻ്റെ സത്യവാങ്‌മൂലത്തിൽ നിന്നും, രണ്ടു വിഭാഗത്തിലെ ആത്മീക നേതാക്കന്മാരെ ഉൾപ്പെടുത്തി കൊണ്ട് കേരള മുഖ്യമന്ത്രി വിവിധ തലങ്ങളിൽ നടത്തിയ ഒത്തു തീർപ്പു ശ്രമങ്ങൾ വിജയിച്ചിട്ടില്ലായെന്നുള്ള വസ്തുത ഞങ്ങൾക്ക് അറിവുള്ളതാണ്. അതിനു പുറമെ ഞങ്ങൾ ഇന്ന് പരിഗണിക്കുന്ന റിട്ട പെറ്റിഷനുകളിൽ രണ്ടെണ്ണം (പിറവം, വരിക്കോലി) കഴിഞ്ഞ ആറ് മാസമായി ഈ കോടതിയുടെ തീരുമാനത്തിനായി കിടപ്പുള്ളതും, ഞങ്ങൾ ഇതേ വരെ സർക്കാരിന് അനുവദിച്ചിട്ടുള്ള സമയം, സർക്കാരിന് അവരുടെ സമീപനത്തിൽ ആത്മാർത്ഥതയുണ്ടെകിൽ അവർക്കതു പ്രയോജനകരമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളതുമാകുന്നു. കൂടാതെ ഒരു കക്ഷി ഈ വിഷയം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ പരാതിയുമായി ചെന്നുവെന്നു ഞങ്ങൾക്ക് അറിവുള്ളതിനാൽ ഞങ്ങൾ ഇത് വരെ ഉത്തരവുകൾ എഴുതുന്നതിൽ നിന്നും വിട്ടു നിന്നിട്ടുള്ളുതമാണ്. കൂടാതെ മേൽ പറഞ്ഞ കോടതിയലക്ഷ്യ പരാതി പിൻവലിച്ചതായും, 19. 11. 2018 മുതൽ മൂന്നു മാസത്തിനകം ഈ വിഷയത്തിനുമേൽ തീരുമാനമെടുക്കാൻ ബഹു. സുപ്രീം കോടതി ഞങ്ങളോട് ആവശ്യപെട്ടിട്ടുള്ളതായും ഞങ്ങൾ അറിഞ്ഞിരിക്കുന്നു” .

വളരെ ചുരുങ്ങിയ പേജുകൾ മാത്രമുള്ള ഈ ഇടക്കാല ഉത്തരവിൻ്റെ അസൽ കോപ്പികൾ ചുവടെ ചേർക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം ഖണ്ഡിക കേട്ടറിഞ്ഞ ഹർഷ പുളകിതരായ സ്വപ്ന വ്യാപാരികൾ അല്പം സമയം എടുത്ത പന്ത്രണ്ടും അതിനോട് ചേർത്ത് പതിമൂന്നും കൂടെ ഒന്ന് വായിച്ചാൽ കാര്യങ്ങൾക്കു നല്ല നിശ്ചയം ഉണ്ടാവും. മികച്ച കേസ് നടത്തിപ്പ് രീതി എന്നപോലെ തന്നെ, കാര്യക്ഷമവും മികച്ച ഏകോപനവുമുള്ള ശക്തമായ ഒരു കേന്ദ്രീകൃത വിധി നടത്തിപ്പ് സംവിധാനം മലങ്കര സഭയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നത് ബഹു. സുപ്രീം കോടതിയുടെ കൃത്യമായ വിധികളെ പോലും തൊടു ന്യായം പറഞ്ഞു ഉഴപ്പുന്ന അഴിമതിയും സ്വജനപക്ഷപാതത്വവും നിറഞ്ഞ പ്രാദേശിക രാഷ്രീയ – ഉദ്യോഗസ്ഥ ലോബികളും, വോട്ടു ബാങ്ക് മാത്രം ലക്ഷ്യമാക്കി വഞ്ചനാപരമായ അവസരവാദ രാഷ്രീയം കളിക്കുന്ന അധികാര മേലാളന്മാരും നിറഞ്ഞ വിളയാടുന്ന ഈ നാട്ടിൽ ഇന്ന് അത്യന്താപേക്ഷ്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേയോ, ഏതെങ്കിലും ഒരു രാഷ്ട്രീയ വിഗ്രഹത്തിൻ്റെയോ, സർക്കാരുകളുടെയോ സഹായം കൊണ്ടല്ല, സർവ്വശക്തനായ ദൈവത്തിൻ്റെ വാത്സല്യവും, ബഹു. നീതി പീഠങ്ങളുടെ നിയമത്തിൻ്റെ കരുതലും, മലങ്കര നസ്രാണികളുടെ പോരാട്ടവീര്യവും ഒന്ന് മാത്രമാണ് പ്രതിസന്ധികളെ ഒന്നൊന്നായി മറികടന്നു മലങ്കര സഭയെ മുന്നോട്ടു നയിക്കുന്നത് , ചിലപ്പോൾ അല്പം സാവകാശമാണെങ്കിലും …..Copyright- www.ovsonline.in

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ




https://ovsonline.in/latest-news/supreme-court-order/

error: Thank you for visiting : www.ovsonline.in