ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.
കോട്ടയം ∙ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ അചഞ്ചലരായി നേരിടണമെന്നും പരിശുദ്ധന്മാരായ ഗീവർഗീസ് ദ്വിതീയൻ ബാവാ, ഔഗേൻ ബാവാ, മാത്യൂസ് പ്രഥമൻ ബാവാ എന്നിവരെ ഈ കാര്യത്തിൽ മാതൃകയാക്കാമെന്നും എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാർ സേവേറിയോസ്. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭകൾ തമ്മിലുള്ള സഹകരണം വളർത്തുന്നതിനു സജീവ നേതൃത്വം നൽകിയവരാണ് ഈ മൂന്നു പിതാക്കന്മാരെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പിതാക്കന്മാരുടെ പെരുന്നാൾ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായും സഭയിലെ മെത്രാപ്പൊലീത്താമാരും പെരുന്നാൾ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.
ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിലും യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാനയെതുടർന്നു പ്രദക്ഷിണം, ധൂപപ്രാർഥന, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയും നടന്നു. അരമന മാനേജർ ഫാ. എം.കെ. കുര്യൻ പ്രസംഗിച്ചു. ഫാ. ഡോ. ടി.ജെ. ജോഷ്വാ രചിച്ച പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ: ജീവിതവും ദർശനവും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.