നസ്രാണിത്തനിമയിൽ റാലി ; പത്തനംതിട്ടയെ ആവേശത്തിരയിളക്കി തുമ്പമൺ ഭദ്രാസനത്തിന്റെ നസ്രാണി സംഗമം
പത്തനംതിട്ട: മതവിശ്വാസികള്‍ക്കിടയില്‍ രാഷ്ര്‌ടീയം ഇടപെടുന്നതിലൂടെയാണ് പാരുഷ്യവും കാഠിന്യവും ഏറാന്‍ കാരണമെന്ന് അബ്‌ദുള്‍ സമദ് സമദാനി എം.പി. ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച നസ്രാണി സംഗമം റാലിയോടനുബന്ധിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കാലഘട്ടത്തിന്റെ പാരുഷ്യം മതത്തെയും ബാധിച്ചു. സ്‌നേഹവും സാഹോദര്യവും സൗഹൃദവുമാണ് യഥാര്‍ഥ മതം. ഏറ്റവും വലിയ മതേതരവാദിയായിരുന്നു ഗാന്ധിജി. എല്ലാ മതക്കാരെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. ആ പാരമ്പര്യവും ശക്‌തമായ ഭരണഘടനയുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്‌തിയെന്നും അതു ചോര്‍ന്നു പോകാന്‍ അനുവദിക്കരുതെന്നും സമദാനി അഭിപ്രായപ്പെട്ടു.
തോമാശ്ലീഹയും പൗലോസ് ശ്ലീഹയും സഭയെ പഠിപ്പിച്ചത് സ്‌നേഹത്തിന്റെ ഭാഷയാണ്. ഇതു സഭയുടെ ധാര്‍മികതയുടെ മുഖമാണ്. ഈ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഈ ധാര്‍മികതയും വലിയ പങ്കുവഹിച്ചിരുന്നുവെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. കടലായിരിക്കുമ്പോഴും ശാന്തത കൈവിടാത്തവരാണ് ഈ സമൂഹം. മറ്റുള്ളവരുടെ നെഞ്ചത്തു ചവിട്ടികൊണ്ടാകരുത് ശക്‌തി തെളിയിക്കേണ്ടത്. അവമതിപ്പിന്റെ കാലഘട്ടത്തില്‍ സമൂഹത്തില്‍ കടുപ്പം വര്‍ധിപ്പിക്കാനുള്ള ശ്രമത്തെ തിരിച്ചറിയണം എന്നും സമദാനി പറഞ്ഞു.ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എം.പി, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, വൈസ് ചെയര്‍മാന്‍ എ. സഗീര്‍, ഭദ്രാസന സെക്രട്ടറി തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നസ്രാണിപ്പെരുമ വിളിച്ചോതിയ പതിനായിരങ്ങളുടെ റാലി
തുമ്പമണ്‍ ഭദ്രാസന ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നസ്രാണിപ്പെരുമ
വിളിച്ചോതിയ റാലിയാണ് പത്തനംതിട്ടയില്‍ നടന്നത്.
മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ്
കത്തീഡ്രൽ പള്ളിയിൽ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി
കത്തീഡ്രലില്‍ തന്നെയാണ് റാലി സമാപിച്ചത്. മുന്‍നിര
തിരികെ എത്തുമ്പോഴും റാലിയുടെ അവസാനഭാഗം
പുറപ്പെടുന്നതേയുണ്ടായിരുന്നുള്ളൂ. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയും ഭദ്രാസന സെക്രട്ടറി തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ്കോപ്പയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും റാലി നയിച്ചു. ഭദ്രാസനത്തിലെ ഓരോ ഇടവകയും ഡിസ്ട്രിക്ട് അടിസ്ഥാനത്തില്‍ വേഷവിധാനങ്ങളോടെ റാലിയില്‍ അണിനിരന്നു. ക്രൈസ്തവ കുടുംബങ്ങളിലെ അമ്മമാരുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളാണ് റാലിയില്‍ പ്രധാന ആകര്‍ഷണീയമായത്. ബൈബിളും കൈയിലേന്തിയാണ് ഇവര്‍ റാലിയില്‍ പങ്കെടുത്തത്.
ചരിത്രവും പാരമ്പര്യവും വിളിച്ചോതി നിരവധി നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു. തോമാ ശ്ലീഹയുടെ നിലയ്ക്കലിലെ ആഗമനവും കൂനന്‍ കുരിശ് സത്യം തുടങ്ങിയവയും ഏറെ ശ്രദ്ധേയമായി.
