ഏഞ്ചൽ ബാവായുടെ 20-മത് ഓർമ്മപ്പെരുന്നാൾ തുടങ്ങി ; തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി ശാസ്താംകോട്ട ആശ്രമം
കൊല്ലം : ഭാഗസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20-മത് ഓർമ്മപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ തുടക്കമായി.
ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റി. ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, കോർ എപ്പിസ്കോപ്പമാരായ കെ.കെ. തോമസ്, പി.ജി. കുര്യൻ, റമ്പാൻമാരായ എ.ജെ. സാമുവേൽ, സി. ഡാനിയേൽ, ഫാ. കെ. തോമസ്‌കുട്ടി, ഫാ. ഇ.പി. വർഗീസ് ഇടവന, ഫാ. ജോയിക്കുട്ടി വർഗീസ്, സഭ മാനേജിങ് കമ്മിറ്റി അംഗം ഇ.ടി.സി. അനിൽ തുടങ്ങിയവർ പങ്കെടുത്തു. അഖിലമലങ്കര സൺഡേ സ്കൂൾ പ്രസംഗമത്സരം, ആരാധനാസംഗീതമത്സരം എന്നിവയും നടന്നു.
28-ന് രാവിലെ ബൈബിൾ സ്കൂൾ പൂർവവിദ്യാർഥി സംഗമം. 10.30-ന് കുർബാന. യാക്കോബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത കാർമികനാകും. 29-ന് രാവിലെ 7.15-ന് കുർബാന. യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പൊലീത്ത കാർമികത്വം വഹിക്കും. 10-ന് മെഡിക്കൽ ക്യാമ്പ്. 30-ന് രാവിലെ 7.15-ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കുർബാന നയിക്കും. 9.30-ന് സംഗീതാർച്ചന. 10.30-ന് അനുസ്മരണസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണപ്രഭാഷണം നടത്തും. വൈകീട്ട് ആറിന് സന്ധ്യാനമസ്കാരം. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 7.30-ന് പ്രദക്ഷിണം.
31-ന് രാവിലെ എട്ടിന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കബറിടത്തിൽ ധൂപ്രപ്രാർഥന, കൊടിയിറക്ക്.
