OVS - ArticlesOVS - Latest News

പരിശുദ്ധ പിതാവിന് വില ഇടരുത്

ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണികളുടെ സ്വകാര്യ അഹങ്കാരമാണ് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ. പിതാവ്. സ്വാതന്ത്ര്യത്തിന്‍റെയും സ്വയംഭരണത്തിന്‍റെയും ദേശീയതയുടേയും പ്രതിരൂപമാണ് മലങ്കര നസ്രാണികളുടെ ജാതിക്കു തലവനും ഇന്ത്യയൊക്കയുടേയും വാതിലുമായ പരിശുദ്ധ പിതാവ്. അമൂല്യമായ ആ സമ്പത്തിനു വില നിശ്ചയിക്കുന്ന ചില പ്രവണതകള്‍ ഉളവാക്കിയ ആത്മരോക്ഷമാണ് ഇത്തരമൊരു കുറിപ്പെഴുതാന് പ്രേരിപ്പിച്ചത്.

ഒരു വര്‍ഷം മുമ്പാണ് ഒന്നാമത്തെ സംഭവം. ചെറിയ പരിചയമുള്ള ഒരാള്‍ ഒരു സംശയ നിവൃത്തിക്കായി ഈ ലേഖകനെ വിളിച്ചു. അദ്ദേഹത്തിന് അറിയേണ്ടത് ഒന്നുമാത്രം; പ. പിതാവിനെ ഒരു കല്യാണം കെട്ടിക്കാന്‍ വിളിച്ചാല്‍ കുറഞ്ഞത് ഒരു ലക്ഷം രൂപ കൊടുക്കണമോ? ആരു പറഞ്ഞു? ഈ ലേഖകന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു; ഞങ്ങടെ വികാരിയച്ചന്‍ പറഞ്ഞു. അതില്‍കുറവാണേല്‍ബാവാ തിരുമേനി വരില്ലന്നും പറഞ്ഞു. അതിന് ഈ ലേഖകന്‍ പറഞ്ഞ മറുപടി പിന്നാലെ പറയാം.

ഈ സംഭാഷണം കഴിഞ്ഞ് ഏതാനും ആഴ്ചകള്ക്കകം ഒരു പ്രമുഖ തീര്ത്ഥാടന കേന്ദ്രത്തില്‍ പരിചയമില്ലാത്ത ഏതാനും പേര് തമ്മില് നടത്തിയ സംഭാഷണം യാദൃശ്ചികമായി കേട്ടതാണ് അടുത്ത സംഭവം. അതിലൊരാളുടെ ആസന്നമായ പള്ളി കൂദാശയാണ് വിഷയം. തീയതിയൊക്കെ പറഞ്ഞശേഷം ചോദ്യകര്‍ത്താവ് ഉറപ്പാക്കാനെന്നവിധം ചോദിച്ചു; ബാവായല്ലേ കൂദാശ ചെയ്യുന്നത്? ഉടന് വന്നു മറുപടി; ഏയ് അല്ല, ഇടവക മെത്രാനും, (…), (…) തിരുമേനിമാരുമാണ്.

ചോദ്യകര്‍ത്താവ് – അതെന്താ ബാവായെ വേണ്ടന്നു വെച്ചത്?
ഞങ്ങള്‍ക്ക് താങ്ങാന്‍  പറ്റില്ല. പള്ളി പണിതന്നെ ആകെ കടത്തിലാണ്. ബാവായെ വിളിച്ചാല് ഒരു ലക്ഷമെങ്കിലും കൊടുക്കണം. അതിനു പാങ്ങില്ല. അതുകൊണ്ടു മെത്രാന് മതി എന്നുവെച്ചു.

ആരു പറഞ്ഞു?
ഞങ്ങളുടെ ഭദ്രാസന സെക്രട്ടറിയാ പറഞ്ഞത് പള്ളികൂദാശയ്ക്ക് റേറ്റ് ഒരു ലക്ഷമാന്ന്. ഇപ്പോ അത് ഞങ്ങളെക്കൊണ്ടു നടക്കില്ല …

ഞരമ്പുകളിള്‍ രക്തം തിളച്ചു കയറിയതുകൊണ്ട് കൂടുതല്‍ കേള്‍ക്കാന്‍ നില്ക്കാതെ ഈ ലേഖകന്‍ അവിടെനിന്നും മാറി. അതിനു കാരണമുണ്ട്. കുന്നംകുളം മണീട് കൊള്ളന്നൂര്‍ വിട്ടില്‍ അയ്പ്പിന്‍റെയും കൂഞ്ഞിട്ടിയുടെയും മകന്‍ ശ്രീ പോളിനെ ഈ ലേഖകനറിയില്ല. എറണാകുളം സെന്‍റ് മേരിസ് പള്ളി സഹപട്ടക്കാരന്‍ ദിവ്യ ശ്രീ കെ. ഐ. പോള്‍ കത്തനാരേയും അറിയില്ല. പക്ഷേ കുന്നംകുളത്തിന്‍റെ നി. വ. ദി. ശ്രീ പൗലൂസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ നന്നായി അറിയാം. കുറഞ്ഞപക്ഷം പുതുതായി പണിതു കൂദാശ ചെയ്ത കുന്നംകുളം അരമനയില്‍ 1990 നവംബര്‍ 29-ന് ആദ്യ അതിഥിയായി താമസിച്ച നാള്‍ മുതല്‍ വ്യക്തമായി അറിയാം. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ നി. വ. ദി. മ. മ. ശ്രീ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയനേയും സ്ഥാനമേറ്റ അന്നുമുതല്‍ ഇതഃപര്യന്തം അതേപോലെതന്നെ അറിയാം.

ഈ വ്യക്തിപരമായ പരിചയവും ഈ ലേഖകന്‍റെ വിവരശേഖരണ മാര്ഗ്ഗങ്ങളും അവലംബിച്ചു ഉറപ്പിച്ചു പറയാവുന്ന ഒരു വസ്തുതയുണ്ട്. ഇപ്പോഴത്തെ പ. പിതാവ് ഒരിക്കലും ഒരു ധനമോഹിയല്ല. കുടുംബസ്വത്തായി ലഭിച്ച ഭൂമി ഭവനരഹിതര്‍ക്ക് പതിച്ചു നല്കിയതല്ലാതെ കുടുംബത്തേക്കു ഒന്നും മുതല്കൂട്ടിയിട്ടില്ല. ചോദിച്ചതിനപ്പുറവും ചോദിക്കാത്തതും കൊടുത്തതല്ലാതെ ചോദിച്ചുവാങ്ങിയ കഥ ആരും പറയുന്നില്ല. അങ്ങോട്ടു കൊടുത്തതു കൈപ്പറ്റാത്ത സംഭവങ്ങള്‍ ധാരാളമുണ്ടുതാനും. വലതുകൈ ചെയ്തതു ഇടത്തു കൈ അറിയാത്ത ഇത്തരം സംഭവങ്ങള്‍ ഈ ലേഖകനു ധാരളം അറിയാം. പക്ഷേ അവ വിവരിക്കുന്നത് ദാതാവിന്‍റെ വ്യക്തിത്വത്തിനു ക്ഷതം സംഭവിപ്പിക്കുമെന്നതിനാല്‍ പ്രതിപാദിക്കുന്നില്ല. ഒന്നു മാത്രം പറയാം. തന്‍റെ പിതാക്കന്മാരുടെ കാലടികളെ പിന്തുടരുന്ന പ. പിതാവ് തന്‍റെ സ്ഥാനത്തിനു വില ഇട്ടിട്ടില്ല; ഇടുകയുമില്ല. തന്‍റെ അപ്പോസ്ഥോലികമായ കൃത്യനിര്‍വഹണത്തിനായി വിദേശത്തടക്കം സമ്പന്ന ഇടവകകള്‍ സന്ദര്ശിക്കുമ്പോഴും മഹാപൗരോഹിത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു ഉടന്‍ മടങ്ങുന്നതല്ലാതെ, പതിനെട്ടാം നൂറ്റാണ്ടിലെ വര്‍ത്തമാന പുസ്തകത്തില്‍ പാറമ്മേക്കല്‍ തൊമ്മന്‍ കത്തനാര്‍ പ. പിതാവിന്‍റെ മുന്‍ഗാമിയെക്കുറിച്ചു വര്ണ്ണിക്കുന്നതുപോലെ … ഏറോപ്പ ഒക്കയിലും മറ്റു പല രാജ്യങ്ങളിലും നീയും നിന്‍റെ കൂട്ടരും ചെയ്തുവരുന്നതുപോലെ കുടിതോറും നടന്നു തെണ്ടുവാന്‍ തനിക്കു ചിതമല്ലാ …. എന്ന ബോദ്ധ്യത്തോടെ പ്രവര്‍ത്തിക്കുന്നതും ഇതിനു തെളിവാണ്.

വി. കൂദാശകള്‍ക്കും, വിശിഷ്യാ പട്ടത്വത്തിനും പ്രതിഫലം വാങ്ങുന്നത് ഗുരുതരമായ പാപമായണ് പ. സഭ കണക്കാക്കുന്നത്. ക്ഷുദ്രക്കാരനായ ശീമോനുമായി ബന്ധപ്പെട്ടാണ് (അപ്പോ. പ്രവ. 8. 9.) ഈ വിശ്വാസം രൂപപ്പെട്ടത്. മെത്രാന്മാരുടെ ജീവസന്ധാരണത്തിനു നിശ്ചിത ശമ്പളമോ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ദശാംശമോ ക്രമപ്പെടുത്തിയോ ആണ് അവരുടെ സാമ്പത്തിക പ്രതിസന്ധി പുരാതന സഭകള്‍ മറികടന്നിരുന്നത്. അത്തരം സംവിധാനമൊന്നും നസ്രാണികള്‍ക്ക് ഇല്ലായിരുന്നു. നസ്രാണിയുടെ ഇന്ത്യന്‍ പവിത്രതാ സങ്കല്പത്തില്‍ അത് അചിന്ത്യമായിരുന്നു എന്നതായിരുന്നു കാരണം. കര്മ്മങ്ങളും അവയ്ക്കുള്ള ദക്ഷിണയും ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. പുരോഹിതര്‍ക്ക് നിശ്ചിത പ്രതിഫലമോ ശമ്പളമോ വയ്ക്കന്നത് കേരളീയ പവിത്രതാ സങ്കല്പത്തില്‍ അചിന്ത്യമായിരുന്നു. അതേ സമയം മനസറിഞ്ഞുകൊടുക്കുന്ന ദക്ഷിണ സ്വീകാര്യവുമായിരുന്നു എന്നു മാത്രമല്ല, നിരസിക്കാനാവാത്തതുമായിരുന്നു. വേണ്ടന്നു പറയരുത്, ചോദിച്ചു വാങ്ങരുത്, കണക്കു പറയരുത് എന്ന നസ്രാണി പ്രതിഗ്രാഹ സങ്കല്പത്തിന്‍റെ അന്തഃസത്തയും ഇതുതന്നെയാണ്. അതിനാലാണ് 1653-ല്‍ സ്വന്തം ദേശീയ മെത്രാപ്പോലിത്തനേറ്റ് സ്ഥാപിച്ചിട്ടും നസ്രാണികള്‍ അവര്ക്ക് പ്രത്യേക വരുമാനമാര്ഗ്ഗമൊന്നും നിശ്ചയിക്കാതിരുന്നത്. മുന്‍കാലങ്ങളില്‍ ജാതിക്കു കത്തനാരുമാര്‍ ജീവിച്ചതുപോലെ പൂര്‍വാര്‍ര്ജ്ജിതസ്വത്തും ദക്ഷിണയുംകൊണ്ടു അവര്‍ ഉപജീവനം കഴിച്ചുകൊള്ളുമെന്നായിരുന്നു നസ്രാണിയുടെ കാഴ്ചപ്പാട്. പോരെങ്കില്‍ മലങ്കര മെത്രാന്‍ എഴുന്നള്ളി താമസിക്കുന്ന പള്ളിക്കാരുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്‍റെയും പരിവാരങ്ങളുടേയും ചിലവു വഹിക്കുക എന്നത്. പട്ടംകൊടയ്ക്ക് അടക്കം അവര്‍ക്ക് കിട്ടുന്ന ദക്ഷിണ ശീമോന്യപാപമായി നസ്രാണി കണക്കാക്കിയിരുന്നില്ല..

പക്ഷേ ഒരു വിധത്തില്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ശീമോന്യപാപം ക്രൈസ്തവ മതത്തില്‍ എന്നും നിലനിന്നിരുന്നു. സ്വന്തം കാഴ്ചപ്പാടില്‍ തെറ്റല്ലാത്ത ഇത്തരം പ്രതിഫലങ്ങള്‍ എന്നും എതിരാളികള്‍ക്ക് ശീമോന്യ പാപം എന്നു മുദ്രകുത്തുവാന്‍ അവസരമുണ്ടാക്കുന്ന ഒന്നായിരുന്നു. മാര്‍ത്തോമ്മാ ആറാമന്‍ എന്ന വലിയ മാര്‍ ദീവന്നാസ്യോസിനെപ്പറ്റി റോമന്‍ കത്തോലിക്കര്‍ ഉന്നയിച്ചതും ഇത്തരമൊരു ആരോപണമായിരുന്നു. അതിന്‍റെ വിശദാംശങ്ങളും വിശദമായ മറുപടിയും അക്കാലത്തെ ഒരു മലയാളി റോമന്‍ കത്തോലിക്കാ വൈദീകനായ പാറമ്മേക്കല്‍ തൊമ്മന്‍  കത്തനാര്‍ തന്‍റെ വര്‍ത്തമാന പുസ്തകത്തില് നല്കുന്നുണ്ട്.

… അതെന്താന്നാല്‍ നീയും നിന്‍റെ കൂട്ടരും എല്ലാ ഇടത്തും ചെയ്തുവരുന്ന അവസ്ഥ ഞാന്‍ വേണ്ടുംവണ്ണം ഞാന്‍ അറിഞ്ഞിരിക്കുന്നു. എന്നതുകൊണ്ടു ആയ്തിമ്മെല്‍ പറയാതെ മാര്‍ തൊമ്മാമെത്രാന്‍ ചെയ്തുവരുന്ന അവസ്ഥകൊണ്ടു പറയുക അത്രെ വേണ്ടിയിരിക്കുന്നു. എന്നാല്‍ നമ്മുടെ മലങ്കരെ ഏറൊപ്പായില്‍ എല്ലാ ഇടത്തും ഉള്ളതുപോലെ പള്ളിക്കടുത്ത പതാരം ആരും കൊടുത്തുവരുന്നില്ല എന്നു നീ തന്നെയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നതന്യേ നമ്മുടെ മാര്‍ത്തോമ്മാമെത്രാനു റൊമ്മായില്‍ നിന്നും മറ്റു ഇടങ്ങളില്‍ നിന്നും മാസപ്പടി ആരും കൊടുക്കുന്നില്ല എന്നും കച്ചവടം തനിക്കു ചെയ്യാന്‍ മേല എന്നും ഏറോപ്പാ ഒക്കയിലും മറ്റു പല രാജ്യങ്ങിലും നീയും നിന്‍റെ കൂട്ടരും ചെയ്തുവരുന്നതുപൊലെ കുടിതോറും നടന്നു തെണ്ടുവാന്‍ തനിക്കു ചിതമല്ലാ എന്നും നീ തന്നെ ബൊധിച്ചിരിക്കുകയും ചെയ്യുന്നു. എന്നു വരുമ്പൊള്‍ ഞാന്‍ നിന്നോടു ചൊദിക്കുന്നു. ഇയാള്‍ മാനുഷനായിരിക്കുകയും വിശപ്പിനും ദാഹത്തിനും ശെഷമുള്ള ദിഷ്ടിതികള്ക്കും താന്‍ കീഴ്വഴങ്ങിയിരിക്കുയും ചെയ്യുന്നതിനാംപക്കം എന്തുകൊണ്ടു താന്‍ കഴിയേണ്ടു. എന്നാല്‍ ത്രൊണൊസിനു ചിറ്റാഴ്മ ചെയ്യുന്നവര്‍ ത്രൊണൊസില്നിന്നും വ്യാപരിക്കപ്പെടുന്നതും മദബഹയില്‍ വെലചെയ്യുന്നവര്‍ മദബഹയില്നിന്നും യാവന കൈക്കൊള്ളുന്നതും ദൈവകല്പന അത്രെ ആകുന്നു. ... (വര്‍ത്തമാനപുസ്തകം, 1977, p 333)

ഇതേ കാലത്തിനടുത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി കൊച്ചിയിലെ ശക്തന്‍ തമ്പുരാന്‍റെ ദേശസ്നേഹം ഇളക്കാന്‍ ഈ അരോപണം വലിയ മാര്‍ ദീവന്നാസ്യോസിനു എതിരെ രാഷ്ട്രീയമായി കാട്ടുമങ്ങാട്ട് മാര്‍ കൂറിലോസ് പ്രയോഗിക്കുന്നുണ്ട്. 1796-നടുത്ത് കാട്ടുമങ്ങാടന്‍  അയച്ച ഹര്ജിയില്‍ .… അയാള ഒരു ചെമ്മാച്ചനെ ഉണ്ടാക്കുമ്പോള്‍ അഞ്ഞൂറു ചക്രം വാങ്ങും! ഒരു കത്തനാരെ ഉണ്ടാക്കുമ്പോള്‍ അഞ്ഞൂറു ചക്രം വാങ്ങും!… എന്നു ആരോപിക്കുന്നുണ്ട്. (പുത്തേഴത്ത് രാമ മേനോന്‍, ശക്തന്‍ തമ്പുരാന്‍, 1989, p 289) പാശ്ചാത്യ ക്രൈസ്തവ ദര്ശനമനുസരിച്ച് ഇത് ശീമോന്യപാപം ആയിരിക്കാം. പക്ഷേ നസ്രാണിയുടെ പവിത്രതാ സങ്കലപമനുസരിച്ച് ഇതൊരു ആചാര്യ ദക്ഷിണയും അതിനാല്‍ സ്വീകീര്യവുമായിരുന്നു.

പള്ളികൂദാശ ചെയ്യുന്നതിനും പട്ടം കൊടുക്കുന്നതിനും മെത്രാനു കിട്ടുന്ന പ്രതിഗ്രാഹം ശീമോന്യപാപം ആയിരുന്നെങ്കില്‍ മാമോദീസാ, വിവാഹം, ശവസംസ്കാരം, ശ്രാദ്ധം തുടങ്ങിയവയ്ക്കു കത്തനാരുമാര്‍ വാങ്ങുന്ന ദക്ഷിണ അഥവാ കര്‍മ്മഫീസും അതുതന്നെ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ഇവയ്ക്കു പകരം മെത്രാനും കത്തനാരുമാര്ക്കും മാസപ്പടി വയ്ക്കാനുള്ള നിര്‍ദ്ദേശം നസ്രാണികള്‍ നിരാകരിച്ചു. ശമ്പളം ഒരിനം അടിമത്വം ആണന്നുള്ള കാഴ്ചപ്പാട് ആണ് അവര്‍ കൈക്കൊണ്ടത്. പില്‍ക്കാലത്ത് കത്തനാരുമാര്ക്ക് പ്രതിമാസ ശമ്പളം നിശ്ചയിച്ചിട്ടും പ്രതിഗ്രാഹം അവസാനിച്ചില്ല. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായ ദക്ഷിണ ഉപേക്ഷിക്കാന്‍ നസ്രാണിക്കു സാദ്ധ്യമായിരുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം. കാരണം ദക്ഷിണ കൂടാതെ വൈദീക കര്‍മ്മം പൂര്ത്തിയാകില്ല എന്ന ഇന്ത്യന്‍ സങ്കല്പമായിരുന്നു കാരണം. ഈ പശ്ചാത്തലത്തില്‍ കത്തനാരുമാരും മെത്രാന്മാരും വേണ്ടന്നു പറയരുത്, ചോദിച്ചു വാങ്ങരുത്, കണക്കു പറയരുത് എന്ന മാനദണ്ഡം പാലിച്ച് ഇന്നും ദക്ഷിണ വാങ്ങിവരുന്നു. അതിനു റേറ്റ് ഇല്ല. ഈ ലേഖകന് ആദ്യം ചോദിച്ച വ്യക്തിയോടു പറഞ്ഞ മറുപടി ഇതാണ്. കല്യാണം കെട്ടിക്കാന്‍ ബാവാ വേണമോ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല.

ഈ പശ്ചാത്തലത്തില്‍ പ. പിതാവും ദക്ഷിണ വാങ്ങിവരുന്നുണ്ട്. അതില്‍ ഒരു തെറ്റുമില്ല. കാരണം ഇന്ത്യയൊക്കയുടേയും വാതിലായ അദ്ദേഹത്തിനു ആ പവിത്രതാ സങ്കല്പം ഉപേക്ഷിക്കനാവില്ല. പക്ഷേ മുകളില്‍ പറഞ്ഞതുപോലെ വിലയിട്ടല്ല എന്നുമാത്രം. ഒന്നര നൂറ്റാണ്ടു മുമ്പ് മലങ്കര മെത്രാന്മാര്‍ ഉപക്ഷിച്ച ശീമോന്യപാപം – പട്ടത്വത്തിനു കര്മ്മഫീസ് വാങ്ങുന്ന നടപടി – മലങ്കരയിലെ ഒരു മെത്രാനും പിന്തുടരുന്നില്ല. പക്ഷേ അവരേക്കൊണ്ടു പരോക്ഷമായി ആ പാപം ചെയ്യിക്കുന്ന നടപടിയാണ് പലയിടത്തും പ്രത്യക്ഷപ്പെടുന്നത്.

വളരെ ലളിതമായ മാര്ഗ്ഗത്തിലാണ് മെത്രാന്മാരെ ഇന്നു ശീമോന്യപാപത്തില്‍ വീഴിക്കുന്നത്. പട്ടംകൊടയ്ക്ക് പണം വാങ്ങില്ലാത്ത അവരെ അന്നേദിവസം സ്ഥാനസ്വീകര്‍ത്താവിന്‍റെ ഭവന കൂദാശയ്ക്ക് ക്ഷണിക്കും. അതിനു ദക്ഷിണ കൊടുക്കുന്നതില്‍ തെറ്റില്ല എന്നതാണ് വാദം! ഇന്നീ പ്രവണത പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഈ കെണിയില്‍ വീഴാത്ത മെത്രാന്മാരുണ്ടെന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല.

ഈ ലേഖകന്‍റെ ചോദ്യം ഇവിടെ ലളിതമാണ്. ഭവനകൂദാശ നടത്താനുള്ള അധികാരമടക്കം നല്കിയാണ് ഒരാള്ക്കു കശ്ശീശാ പട്ടം നല്കുന്നത്. കത്തനാരു പട്ടംകോടയുടെ അവസരത്തില്‍ തന്‍റെ പൗരോഹിത്യാധികാരം പ്രകടിപ്പിക്കുവാന്‍ എപ്പസ്ക്കോപ്പായുടെ സാന്നിദ്ധ്യത്തില്‍ സ്വയം ധൂപക്കുറ്റിയില്‍ കുന്തിരിക്കം ഇട്ടാണ് നവ വൈദീകന്‍ ധൂപം വീശുന്നത്. മറ്റേതൊരവസരത്തിലും അചിന്ത്യമായ കാര്യം! അതുപോലെ നവവൈദീകന്‍ സ്വന്തം ഭവനകൂദാശ നടത്തണമെങ്കില്‍ അത് സ്വയം ചെയ്തുകൂടാ? അതാകട്ടെ അദ്ദേഹത്തിന്‍റെ ആദ്യ വൈദീകകര്മ്മം. ഇതിനിടയില്‍ എന്തിനു എപ്പിസ്ക്കോപ്പായെ പാപത്തില്‍ വീഴിക്കുന്നു?

ഈ കച്ചവടത്തിലെ വില്ലന്മാര്‍ നമ്മുടെ സാക്ഷാല്‍ കത്തനാരുമാരാണ് എന്നു പറയാതിരിക്കുവാന്‍ തരമില്ല. എല്ലാവരും അല്ല; എവിടെനിന്നും പത്തു കാശുണ്ടാക്കുവാന്‍ ശ്രമിക്കുന്ന കുറച്ചുപേര്‍ മാത്രം. പ. പിതാവടക്കം മേല്പട്ടക്കാര്‍ക്കു ഇത്തരം നിര്‍ബന്ധിത ദക്ഷിണസ്വീകരണത്തിനു വഴിയൊരുക്കുന്നതു ധനമോഹികളായ ചുരുക്കം ചില കത്തനാരുമാരാണ്. സമാന്തരമായി തങ്ങള്‍ക്ക് കിട്ടുന്ന കവറുകളും വെട്ടുമേനിയും മാത്രാമാണ് അവരുടെ ലക്ഷ്യം. പേരുദോഷം പ. പിതാവിനും!

കിഴക്കിന്‍റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനു പള്ളി കൂദാശ ഒരു ഹരമായിരുന്നു. ചെറുതായാലും വലുതായാലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രമപ്പെടുത്തി ലയിച്ചു ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. രാജകീയ പുരോഹിത പരിവേഷത്തോടെ സൂക്ഷ്മാശംങ്ങളിലും സ്ഥൂലാംശങ്ങളിലും ശ്രദ്ധിച്ചു വടക്കന്മണ്ണൂര്‍ പള്ളിയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതീവ പരിമിതമായ സാഹചര്യങ്ങളില്‍ ഒതുങ്ങിക്കൂടി കൈതമറ്റം ചാപ്പലും ഒരേപോലെ ആസ്വദിച്ചു കൂദാശചെയ്യുന്നതില്‍ ഈ ലേഖകന്‍ പങ്കാളിയാണ്. രണ്ടു സ്ഥലത്തും കിട്ടിയ കൈമുത്ത് എത്രയെന്നു അദ്ദേഹം തിരക്കാത്തതിനും സാക്ഷിയാണ്. തന്നെ മഹാപൗരോഹിത്യത്തിലേയ്ക്കു വിളിച്ചടുപ്പിച്ച ആ അത്യുന്നത മഹാപുരോഹിതനെ മാതൃകാ പുരുഷനായി കാണുന്ന പ. പിതാവ് കൂദാശയ്ക്കു കണക്കു പറയും എന്നു വിശ്വസിക്കുവാന്‍ അല്പബൂദ്ധികള്‍ക്കേ കഴിയു.

എങ്കില്‍പ്പോലും ഇത്തരം വിലയിടല്‍ സംഭവിക്കുക സ്വാഭാവികമാണ്. അതിനു കാരണം പലതുണ്ട്. ഒന്നാമതായി കൈമുത്തു തുക കൂട്ടിയാല്‍ പ. പിതാവിന്‍റെ വില കൂടുമെന്നു ചിന്തിക്കുന്ന അല്പബുദ്ധികള്‍. അതിനേക്കാള്‍ ഉപരി, പ. പിതാവിനു കൊടുക്കുന്ന കൈമുത്തിനു ആനുപാതികമായി തങ്ങളുടെ കവറിന്‍റെ കനവും വര്ദ്ധിക്കുമെന്നു കണക്കുകൂട്ടുന്ന മാസപ്പടി കത്തനാരുമാര്‍. ഇടവക മുടിച്ചാണെങ്കിലും തങ്ങള്ക്കു സ്ഥലമാറ്റം വരുമ്പോള്‍ ലഭിക്കുന്ന സമ്മാനം, സ്വര്ണ്ണം, വാഹനം എന്നിവ ലക്ഷ്യമാക്കി മാത്രം ശുശ്രൂഷിക്കുന്ന കത്തനാരന്മാര്‍ ധാരളമുള്ള വര്ത്തമാനകാല അവസ്ഥയില്‍ ഇതു സ്വാഭാവികമാണ്. ഇവരില്‍ കൈമുത്തില്‍ കൈകടത്തുന്നവരും തനിക്കു സമ്മാനമായി ലഭിക്കേണ്ട വാഹനത്തിന്‍റെ മോഡല്‍ മുമ്പുകൂട്ടി പറയുന്നവരും ഇല്ലന്നു പറയാമോ?

ഒരു വര്‍ഷത്തിലധികം അമര്‍ത്തിപ്പിടിച്ച ഈ അമര്‍ഷം ഇപ്പോള്‍ ലിഖിതരൂപത്തിലാക്കുന്നതിന്‍റെ പിമ്പിലും ഒരു പ്രകോപനമുണ്ട്. അതു നടപ്പു അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയിലേയ്ക്കുള്ള നോമിനേഷനുമായി ബന്ധപ്പെട്ട ചില അവകാശവാദങ്ങളാണ്. 2012-ല്‍ നോമിനേഷന്‍ ഒപ്പിച്ചത് 15 ലക്ഷം ചിലവാക്കി ആണെന്ന് പരസ്യമായി വീരവാദം മുഴക്കുന്ന ഒരു മെമ്പറെ ഈ ലേഖകന് അറിയാം. ഇത്തവണ മൂന്നു നോമിനേറ്റഡ് സീറ്റുകളുടെ രക്തവില മുടക്കിയത് അവരില്‍ ഒരാളാണെന്ന അവകാശവാദമാണ് മറ്റൊന്ന്. ഇതിന്‍റെയൊന്നും സത്യസ്ഥിതി ഈ ലേഖകനറിയില്ല. ഒന്നു മാത്രം പറയാം. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു പൈസപോലും പ. പിതാവിന്‍റെ കൈയ്യില്‍ എത്തിയിട്ടില്ല. അതൊക്ക വഴിക്ക് എവിടെ ചില വായില്‍ പോയി എന്ന് അടിയന്തിരമായി തിരക്കണം. പ്രത്യേകിച്ചും മെത്രാന്മാരെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാന് കച്ചകെട്ടി ഇറങ്ങിയവര്‍!

മെത്രാന്മാര്‍ക്കു ആവശ്യം അറിഞ്ഞു കൈതുറന്നു കൊടുത്ത ചരിത്രമാണ് മലങ്കര നസ്രാണികള്‍ക്കുള്ളത്. അഞ്ചാം മാര്‍ത്തോമ്മായുടെ ഡച്ചുപീഡ ഒഴിവാക്കാന്‍ നിരണം ഇലഞ്ഞിക്കല്‍ പീത്തമ്മത്തങ്കി സ്വന്തം മൈയ്യാഭരണങ്ങള്‍ ഉരിഞ്ഞുകൊടുത്തത് ആരും ആവശ്യപ്പെട്ടിട്ടല്ല. സ്വന്തം മതാദ്ധ്യക്ഷനെ രക്ഷിക്കുവാന്‍ ആയിരുന്നു. ആ പീത്തമ്മത്തങ്കിയുടെ കൊച്ചുമക്കളുടെ സ്ഥാനത്തുള്ള നസ്രാണികള്‍ ഇന്നും മലങ്കരയുടെ മഹാപുരോഹിതര്‍ക്ക് വാരിക്കോരി കൊടുക്കും. വ്യക്തിയെ കണ്ടിട്ടല്ല; സ്ഥാനത്തെ ബഹുമാനിച്ച്: ആവശ്യത്തിനനുസരിച്ച്. അതു തങ്ങളുടെ വ്യക്തി മാഹാത്മ്യം കൊണ്ടാണന്നു ധരിക്കുന്ന ചിലരുണ്ട്. അവര്‍ക്കു തെറ്റി. അവര്‍ക്കുള്ള മറുപടി തോമസ് മാര്‍ ആത്താനാസ്യസ് സീനിയര്‍ മെത്രാപ്പോലീത്താ പണ്ടേ നല്കിയിട്ടുണ്ട്. … എന്‍റെ കൈയ്യില്‍ ഇരിക്കുന്ന ഈ സ്വര്ണ്ണ സ്ലീബാ എന്‍റെ ഇടവകയായ പുത്തന്കാവില്‍ പള്ളിക്കാര്‍ തന്നതാണ്. അതു കിഴക്കേതലയ്ക്കല്‍ കുട്ടിയുടെ മകനു നല്കിയതല്ല. മലങ്കര സഭയിലെ മാര്‍ അത്താനാസ്യോസ് മെത്രാപ്പലീത്തായ്ക്കു നല്കിയതാണ്… ഈ വികാരം മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് മലങ്കര സഭയിലെ പിതാക്കന്മാരില്‍  ഭൂരിഭാഗവും.

ആനുപാതികമായി തങ്ങളുടെ കവറിന്‍റെ കനം വര്ദ്ധിപ്പിക്കാന്‍ ഇത്തരം ദുഷിച്ച പ്രചരണം നടത്തുന്നവരോട് ഒന്നേ പറയാനുള്ളു. പ. പിതാവിനു വില ഇടരുത്. അങ്ങിനെ ചെയ്താല്‍ സാക്ഷാല്‍ നസ്രാണി പ്രതികരിക്കും. അവര്‍ക്ക് പ. പിതാവ് വില തീരാത്ത മുത്താണ്. പ. പിതാവിനു വിലയിടുന്ന വിലയില്ലാത്തവന്മാരെ കൈകാര്യം ചെയ്യുന്ന അവസ്ഥ നസ്രാണിക്ക് ഉണ്ടാക്കരുത്.

error: Thank you for visiting : www.ovsonline.in