മലങ്കരസഭാക്കേസ് : 2002 ൽ കണക്കെടുപ്പിനെ ഭയന്ന് ഒളിച്ചോടിയവർ ഇന്ന് വിധിനടത്തിപ്പ് വൈകിക്കാൻ കള്ളക്കണക്ക് കൂട്ടുന്നു
മലങ്കസഭയിലെ വിശ്വാസികളുടെ കണക്കെടുപ്പിനെ ഓർത്തഡോക്സ് സഭ ഭയക്കുന്നുവെന്ന എതിർകക്ഷിയുടെ പ്രസ്താവനയ്ക്ക് 2002ൽ തന്നെ കാലം മറുപടി നൽകിയിട്ടുണ്ടെന്ന് സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. 2002 ൽ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് പൗരസ്ത്യ കാതോലിക്ക 1934ലെ ഭരണഘടന പ്രകാരം പരുമലയിൽ മലങ്കര അസോസിയേഷൻ വിളിച്ചു ചേർത്തത്. കേരള ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് വി എസ് മളിമഠിനെ കോടതി നിരീക്ഷകനായും നിയോഗിച്ചു. ഉന്നതനായ ന്യായാധിപന്റെ സാന്നിധ്യത്തിൽ 2002ൽ നടന്ന മലങ്കര അസോസിയേഷനിൽ 1934 ഭരണഘടന അനുസരിച്ച് പങ്കെടുക്കാമെന്ന് സമ്മതിച്ചവരാണ് ഇന്നത്തെ യാക്കോബായ വിഭാഗം. ഇതിലേക്കായി കോടതിയിൽ 50,000 രൂപയും കെട്ടിവെച്ചു.ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് ഓടിയൊളിച്ചത് ആരാണെന്നറിയാൻ ചരിത്രത്തിന്റെ താളുകൾ അധികം പിന്നിലേക്ക് മറിക്കേണ്ടതില്ല.അന്ന് കണക്കെടുപ്പിനെ ഭയന്ന് പുത്തൻകുരിശിൽ ഒത്തുചേർന്നവർ ഇപ്പോൾ കണക്കിന്റെ പേരിൽ കാട്ടുന്ന വ്യഗ്രത പൊതുസമൂഹത്തിന് മനസിലാകും. പ്രശ്നങ്ങൾ നിലനിൽക്കുന്ന പള്ളികളിൽ വിശ്വാസികളുടെ അംഗസംഖ്യ സംബന്ധിച്ച് ഇരുവിഭാഗത്തിനും പരാതികളുള്ളപ്പോൾ നിഷ്പക്ഷമായ കണക്ക് പുറത്തുവരില്ല എന്നതാണ് വസ്തുത. ഒരു വിശ്വാസിയെപ്പോലും പള്ളികളിൽ നിന്ന് സഭ പുറത്താക്കിയിട്ടില്ല.അതിനാൽ തന്നെ ഇടവകജനങ്ങൾ മുഴുവൻ മലങ്കര സഭാമക്കളാണ്.ഒരു പള്ളിയും മലങ്കരസഭ കൈയ്യേറിയിട്ടില്ല, സുപ്രീംകോടതി വിധി പ്രകാരം സഭയുടെ ഭരണക്രമം പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. യാഥാർത്ഥ്യം ഇതായിരിക്കെ വിധി നടത്തിപ്പ് വൈകിപ്പിക്കാൻ കണക്കുകൾ കൂട്ടിയും, കുറച്ചും കളിക്കുന്ന ഈ നാടകവും ജനങ്ങൾ കാണുന്നുണ്ടെന്ന് മറക്കരുത്. വിശ്വാസികളുടെ അംഗസംഖ്യ എടുക്കാനെന്ന പേരിൽ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും ഓടിക്കാൻ സർക്കാർ കാട്ടുന്ന ഉത്സാഹത്തിന്റെ പകുതി വിനിയോഗിച്ചാൽ ഉരുൾകവർന്ന വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിലെ പുനരധിവാസം വേഗത്തിൽ നടപ്പാക്കാം. ഉത്സാഹിച്ചാൽ 2017ലെ കോടതി വിധിയും നടപ്പാക്കാം.