OVS - ArticlesOVS - Latest News

തുണിയുടുത്ത് പെണ്ണുകെട്ടരുതോ?

നസ്രാണികള്‍ക്കു മാത്രമല്ല, കേരളത്തിലെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങള്‍ക്കും വിവാഹം ഒരു ആഘോഷമാണ്. നമ്പൂതിരി, നസ്രാണി തുടങ്ങിയവര്‍ക്ക് വിവാഹം ഒരു വൈദീക കര്‍മ്മമാണ്. മറ്റ് ചിലര്‍ക്ക് വെറും ഉടമ്പടി മാത്രവും, വേറേചിലര്‍ക്ക് ആദര്‍ശ വിവാഹവും. ഇവയില്‍ ഏതായാലും ഈ കാഴ്ചപ്പാടിനു മാറ്റമില്ല.

ഒരു വൈദീക കര്‍മ്മം – സംസ്കാരം – ആയി വിവാഹത്തെ കണക്കാക്കുന്ന സമൂഹങ്ങള്‍ക്കെല്ലാം അവയുടെ വൈദീക ക്രിയാംശത്തോടൊപ്പം നിയതമായ ജാത്യാചാരങ്ങളുമുണ്ട്. അവയില്‍ ഒന്നാണ് വിവാഹ വസ്ത്രം. നസ്രാണിയും ഈ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നവരാണ്.

എന്തായിരുന്നു നസ്രാണിയുടെ പരമ്പരാഗത വിവാഹ വസ്ത്രം. സ്വാഭാവികമായും നാട്ടുനടപ്പുള്ള പരമ്പരാഗത വേഷവിധാനം തന്നെയായിരിക്കും. അതിന് ജാതിപരമായ ചില്ലറ വിത്യാസങ്ങള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടായിരുന്നു. വിവാഹം ഒരു വൈദീക കര്‍മ്മമായ ജാതികള്‍ക്ക് ആ ജാതിയുടെ വൈദീക വസ്ത്രം വിവാഹാവസരത്തില്‍ അത്യന്താപേഷിതമാണ്. നമ്പൂതിരി വിവാഹത്തിന് വരന്‍ മുണ്ട് തറ്റുടുക്കണം. കാരണം നമ്പൂതിരിയുടെ വൈദീക വസ്ത്രം ആ തരത്തിലാണ്. എന്നാല്‍ നസ്രാണി അവൈദികര്‍ക്ക് പ്രത്യേക വൈദീക വസ്ത്രങ്ങളൊന്നും നിഷ്കര്‍ഷിച്ചിട്ടില്ലാഞ്ഞതിനാല്‍ അവരുടെ സാധാരണ വസ്ത്രം – അതിന്‍റെ പൂര്‍ണ ചമയങ്ങളോടെ – തന്നെയാവണം അവരുടെ വിവാഹ വസ്ത്രവും.

1809-ലെ കണ്ടനാടു പടിയോല വധുവരന്മാരുടെ വിവാഹ ആഭരണങ്ങളില്‍ ഏകീകരണം വരുത്തുമ്പോള്‍ അക്കാര്യത്തില്‍ തെക്കും വടക്കും തമ്മില്‍ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നതായി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ വിവാഹ വസ്ത്രത്തെപ്പറ്റി കണ്ടനാടു പടിയോല നിശബ്ദത പാലിക്കുന്നതിന്‍റെ അര്‍ത്ഥം, അക്കാര്യത്തില്‍ ഏകീകൃത സ്വഭാവം അന്ന് നിലനിന്നിരുന്നു എന്നാണ്. അതിനാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നസ്രാണികള്‍ ഉപയോഗിച്ചിരുന്ന വസ്ത്രം തന്നെയാവും 1809-ലെ അവരുടെ വിവാഹ വസ്ത്രം.

പതിനെട്ടാം നൂറ്റാണ്ടില്‍ നസ്രാണി മാപ്പിളമാര്‍ക്ക് മുണ്ടും തലയില്‍ക്കെട്ടുമായിരുന്നു സാധാരണ വേഷമെന്ന് വിവിധ രേഖകളുണ്ട്. പുറത്തു സഞ്ചരിക്കുമ്പോള്‍ പുടകയും ചട്ട അഥവാ പെണ്‍കുപ്പായം എന്ന മേല്‍വസ്ത്രവും അതിനു പുറമെ കവണി എന്നു വിളിക്കുന്ന ഉത്തരീയവുമായിരുന്നു പെമ്പിളമാരുടെ വേഷം. മാമോദീസാ അവസരത്തില്‍ പുരോഹിതന്‍ വാഴ്ത്തി ധരിപ്പിച്ചശേഷം അപ്പോള്‍ത്തന്നെ ഊരിമാറ്റി വയ്ക്കുന്ന ദ്വിജത്വ (= രണ്ടാം ജന്മം) ചിഹ്നമായ പൂണൂല്‍ വീണ്ടും വിവാഹാവസരത്തില്‍ മാപ്പിളമാരെ ധരിപ്പിക്കുന്ന പതിവ് പതിനെട്ടാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്പൂതിരി മത പാരമ്പര്യത്തില്‍ വൈദീക കര്‍മ്മങ്ങളില്‍ ധരിക്കേണ്ട ഉത്തരീയസ്ഥാനം എന്ന അംഗവസ്ത്രത്തിന്‍റെ പ്രതിരൂപം മാത്രമാണ് നിത്യോപയോഗത്തിനുള്ള പൂണൂല്‍. നമ്പൂതിരിമാര്‍ വൈദീക കര്‍മ്മങ്ങളില്‍ ഈ പൂര്‍ണ്ണ അംഗവസ്ത്രം തന്നെയാണ് ധരിക്കുക. പ്രദേശിക പ്രയോഗത്തില്‍ ഇതിനെ മുണ്ടുത്തരീയം എന്നു പറയും. കേരളത്തിന്‍റെ പവിത്രതാ സങ്കല്പത്തില്‍ ബഹുമാന്യ സമക്ഷം ശിരസുമറയ്ക്കുക എന്നത് നിഷിദ്ധമായിരുന്നതിനാല്‍ നസ്രാണി വരന്മാര്‍ തലേക്കെട്ട് ധരിച്ചിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം പരിഷ്ക്കാരപ്പാതി നല്‍കുന്ന വിവരണപ്രകാരം അടിയുടുപ്പുമുണ്ട്, മേല്‍മുണ്ട്, തോള്‍മുണ്ട്, ലേസ് എന്നിവയായിരുന്നു മാപ്പിളയുടെ പഴയമാതിരി വിവാഹ വസ്ത്രം. മുണ്ട്, ചട്ട, കവണി ഇവയായിരുന്നു പെമ്പിളമാര്‍ വിവാഹാവസരത്തില്‍ ഉപയോഗിച്ചിരുന്നത്. നസ്രാണികള്‍ക്കുള്ള പ്രത്യേകപദവി അനുസരിച്ച് മറ്റുജാതിക്കാരില്‍നിന്നും വ്യത്യസ്ഥമായി രണ്ടുതുമ്പും ഞൊറിഞ്ഞാണ് മാപ്പിള മുണ്ടുടുക്കുന്നത്. ചുമന്ന ചുട്ടിയോടുകൂടിയ സോമന്‍ ആയിരുന്നു മേല്‍മുണ്ടെന്ന് ചില സൂചനകള്‍ കാണുന്നുണ്ട്. പെമ്പിളമാരാകട്ടെ പുറകില്‍ വിശറിപോലെ ഞോറിഞ്ഞ അടുക്ക് ഇട്ടാണ് പുടക ഉടുത്തിരുന്നത്.

വിവാഹത്തിന് മാപ്പിള തോള്‍മുണ്ട് ധരിക്കുന്നത് നമ്പൂതിരി പാരമ്പര്യത്തിലെ മുണ്ടുത്തരീയം പോലെ ആയിരുന്നു. കൃത്യമായും യഫ്ദ്യക്കിനോമാര്‍ ഊറാറാ ധരിക്കുന്ന ശൈലിയില്‍. പഴയ പൂണൂല്‍ സംസ്ക്കാരത്തിന്‍റെ ശേഷിപ്പായ ഈ പാരമ്പര്യം ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലും നിലനിന്നിരുന്നു. കസവു വസ്ത്രങ്ങള്‍ നസ്രാണി വിവാഹത്തില്‍ കടന്നുവരാന്‍ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തിലാണന്ന് പരിഷ്ക്കാരപ്പാതി വ്യക്തമാക്കുന്നുണ്ട്. ലേസ് അഥവാ തൂവാലയും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സംഭാവനയാവണം.

1876-ല്‍ കേരളത്തിലെത്തിയ അന്ത്യോഖ്യയുടെ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് നസ്രാണിയെ കെട്ടിലും മട്ടിലും അറബിയാക്കാന്‍ ശ്രമിച്ചു. നസ്രാണികളുടെ വേഷഭൂഷാദികളേയും ഈ പ്രക്രിയയില്‍ പാത്രിയര്‍ക്കീസ് വെറുതേ വിട്ടില്ല. … ഇനിമേലാല്‍ നമ്മുടെ ക്രമപ്രകാരം പുരുഷന്മാര്‍ക്ക് കാല്‍ക്കുപ്പായവും ഉടുപ്പും തൊപ്പിയും സ്ത്രീകള്‍ക്ക് മുഴുക്കുപ്പായവും മൂടുപടവും കൂടാതെ നടപ്പാന്‍ അനുവാദമില്ല. … എന്നായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ കല്പന. വിവാഹ വസ്ത്രത്തെപ്പറ്റി … പുരുഷനു നല്ല കല്യണ വസ്ത്രവും കുരിശും മോതിരവും, അപ്രകാരം തന്നെ സ്ത്രീക്കും നല്ല കല്യാണ വസ്ത്രവും കൊന്തയും മോതിരവും വിരിപ്പാവും ആവശ്യമാകുന്നു. … എന്ന് പത്രോസ് പാത്രിയര്‍ക്കീസ് പറയുമ്പോള്‍, അറബിമട്ടിലുള്ള വസ്ത്രമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. പരിഷ്ക്കാരപ്പാതിയിലെ വരന് … പുതിയ മാതിരിയിലുള്ള കാല്‍ചട്ടയും അങ്കര്‍ക്കായും ഉടുപ്പം തലപ്പാവും … വധുവിന് … നിലയങ്കിയും … എന്ന പുതിയ മാതിരിയിലുള്ള വിവാഹ വസ്ത്രത്തെപ്പറ്റിയുള്ള പരാമര്‍ശനം പാത്രിയര്‍ക്കീസിന്‍റെ നിര്‍ദേശമാണ്. അപൂര്‍വം സ്ഥലങ്ങളില്‍ മാത്രം നടപ്പില്‍ വന്ന ഈ പരിഷ്ക്കാരം അല്‍പ്പകാലത്തിനുള്ളില്‍ അപ്രത്യക്ഷമായി.

പക്ഷേ പാത്രിയര്‍ക്കീസിന്‍റെ ഈ നിര്‍ദേശം അപ്പോളേയ്ക്കും കേരളീയ സമൂഹത്തില്‍ വേരുപിടിച്ചു തുടങ്ങിയ ഒരു പൊതു വസ്ത്രധാരണ ശൈലീ വ്യതിയാനത്തിനു നസ്രാണി സമൂഹത്തില്‍ വേഗതകൂട്ടി. ഷര്‍ട്ടോ ജൂബ്ബയോ ഉപയോഗിച്ച് പുരുഷന്മാര്‍ ദേഹം മറയ്ക്കുക എന്നതായിരുന്നു അത്. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരിലും യൂറോപ്യരുമായി സഹവസിച്ചവരിലുമാണ് ഇതാരംഭിച്ചെതെങ്കിലും ക്രമേണ കേരളീയ സമൂഹം മുഴുവനും ഇതു ഇതു പടര്‍ന്നു. ഏതാനും ദശകങ്ങള്‍ക്കകം ശരീരത്തിന്‍റെ മേല്‍ഭാഗം ഏതെങ്കിലും കുപ്പായത്താല്‍ ആശ്ചാദനം ചെയ്യേണ്ടത് സംസ്കാരത്തിന്‍റെ ഭാഗമായി.

എന്നാല്‍ ഗ്രാമീണ സമൂഹത്തില്‍ ചരിക്കുന്ന മലയാളി പുരുഷന്മാര്‍ക്ക് മേല്‍ക്കുപ്പായം ഒരു അനാവശ്യ ഘടകമായിരുന്നു. അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമായിരുന്നു ഇതിനപവാദം. സ്വാഭാവികമായും നസ്രാണി വിവാഹങ്ങളിലേയ്ക്കും ഇതു സംക്രമിച്ചു. നസ്രാണി ഹൃദയഭൂമിയില്‍ ജനിച്ചുവളര്‍ന്ന ഇ. വി. കൃഷ്ണപിള്ള 1934-ല്‍ … പിറ്റേന്നു കോതും വെട്ടി, പട്ടുടുപ്പിട്ട്, കുരിശും അണിഞ്ഞു, വിവാഹത്തിനു പള്ളിയില്‍ പോകണമെന്നാണ് … എന്ന് എഴുതുമ്പോള്‍ അപ്പോഴേയ്ക്കും മേല്‍ക്കുപ്പായം നസ്രാണി മണവാളന് ഒരു പതിവായി എന്നു കാണാം. പക്ഷേ അന്ന് ഈ പട്ടുകുപ്പായം അവന്‍റെ ജീവിതത്തിലെ ആദ്യത്തേതും മിക്കവാറും അവസാനത്തേയും മേല്‍വസ്ത്രമായിരിക്കും. മുണ്ട്, അംഗവസ്ത്രം ഇവ അന്നും നിലനിന്നു.

കേരളീയ നാരിയുടെ വസ്ത്രധാരണരീതിയ്ക്കു മാറ്റം വരുന്നത് പിന്നീടാണ്. പുടകയുടെ സ്ഥാനത്ത് സാരി സ്ഥാനം പിടിച്ചു. പക്ഷേ പുരുഷന്മാരുടേതില്‍നിന്നും തികച്ചും വ്യത്യസ്ഥമായി ഇക്കാര്യത്തില്‍ നസ്രാണി പെമ്പിള ഏറ്റവും പിമ്പിലായിരുന്നു. നായന്മാരുടെ പുടവകൊടയില്‍ പുടവയുടെ സ്ഥാനം സാരി കൈയ്യടക്കി കാലങ്ങള്‍ കഴിഞ്ഞാണ് നസ്രാണി വിവാഹത്തില്‍ കവണിയുടെ സ്ഥാനത്ത് സാരി മന്ത്രകോടിയായി മാറിയത്. ഇന്നും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മന്ത്രകോടി സ്ഥാനം സാരി നിലനിര്‍ത്തുകയാണ്.

1960-കളില്‍ അത്യപൂര്‍വം നസ്രാണി മണവാളന്മാര്‍ മുണ്ടിനു പകരം പാന്‍റ്സ് തങ്ങളുടെ വിവാഹ വസ്ത്രമായി ഉപയോഗിച്ചിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും നന്നേ ചെറുപ്പത്തില്‍ വടക്കേ ഇന്ത്യയില്‍ എത്തിപ്പെട്ടവരും തദ്വാരാ മുണ്ടുടുത്തു ശീലമില്ലാത്തവരുമായിരുന്നു. 1970-കളില്‍ നെക്ടൈയ്യും അത്യപുര്‍വമായി സ്യൂട്ടുകളും വിവാഹാവസരത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1980-90-ളില്‍ സ്യൂട്ട് – ത്രീപീസും ടൂപീസും – കൂടുതല്‍ പ്രചരിച്ചു. വിദേശത്തു ജീവിക്കുന്നവരും സ്യൂട്ട് ധരിക്കുന്നവരുമായവരേക്കാള്‍ ജീവിതത്തില്‍ ഒരിക്കലും ഇത് ധരിച്ചിട്ടില്ലാത്തവരും പിന്നീട് ധരിക്കേണ്ട യാതൊരു ആവശ്യമോ സാദ്ധ്യതയോ ഇല്ലാത്തവരുമായവരാണ് വണ്‍ ടൈം സെറ്റില്‍മെന്‍റായി വിവാഹവസരത്തില്‍ ഇത് ധരിച്ചത്.

2000-കളില്‍ സ്യൂട്ടിനു പുറമേ ഷെര്‍വാണി, ജോഡ്പൂരി മുതലായി മുണ്ടൊഴികെ ലോകത്തുള്ള സര്‍വ പുരുഷ വസ്ത്രങ്ങളും മാപ്പിള വരന്‍റെ ദേഹത്തു പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാഗ്യത്തിനു തൊപ്പിയും ഹാറ്റും തലപ്പാവും ടര്‍ബനും ഇതുവരെ പള്ളിയില്‍ കയറിത്തുടങ്ങിയിട്ടില്ല. ആസന്നഭാവിയില്‍ അതും പ്രതീക്ഷിക്കാം. എന്നാല്‍ ഇന്നും മുണ്ടും, ഷര്‍ട്ട് – ജുബ്ബാ ഇവയിലേതെങ്കിലും ഒന്നു മേല്‍കുപ്പയമായും, മുണ്ടുത്തരീയവും ധരിച്ച് പെണ്ണുകെട്ടാന്‍ പള്ളിയിലെത്തുന്ന ആഭിജാത്യമുള്ള നസ്രണികള്‍ അപുര്‍വമായെങ്കിലുമുണ്ട്. ഇവരില്‍ പലരും കേരളത്തിനു പുറത്ത് ജനിച്ചുവളര്‍ന്നവരും, സ്ഥിരമായി മുണ്ടുടുക്കാത്തവരുമാണന്നതാണ് ഏറ്റവും രസകരം.

ഇക്കാലത്ത് മലയാളി മങ്കയുടെ വസ്ത്ര സംസ്കാരവും പരിവര്‍ത്തന പാതയിലായിരുന്നു. സാരിയില്‍നിന്ന് മലയാളി സ്ത്രീ ക്രമേണ കൂടുതല്‍ സൗകര്യപ്രദമായ ചുരിദാറിലേയ്ക്കു സംക്രമിച്ചു. ഇന്ന് പകുതിയോ അതിലധികമോ കേരളനാരികള്‍ ചുരിദാര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പുടക സാരിക്ക് വഴിമാറിക്കൊടുത്തുപോലെ ചുരിദാറിനു പാത ലഭിച്ചിട്ടില്ല. കേരളീയ ജന്മമുള്ള ഒരു സമുദായവും വിവാഹ വസ്ത്രമായോ മന്ത്രകോടിയായോ ചുരിദാര്‍ ഇന്നും ഉപയോഗിക്കുന്നില്ല.

ചുരിദാറിനെ അംഗീകരിക്കാത്ത നസ്രാണി പെമ്പിളമാര്‍ സമീപ കാലത്ത് വികൃതമായ മറ്റൊരു വസ്ത്ര വിശേഷം വിവാഹവസ്ത്രമായി അവതരപ്പിക്കുന്നുണ്ട്. അത് യൂറോപ്യരുടെ ബ്രൈഡല്‍ ഗൗണ്‍ ആണ്. ഇന്ത്യന്‍ സംസ്കാരത്തിനോ അനേകം നൂറ്റാണ്ടുകളില്‍ കേരളത്തിലെത്തിയ പാശ്ചാത്യ ഗ്രന്ഥകാരന്മാര്‍ പ്രകീര്‍ത്തിച്ച നസ്രാണി പെമ്പിളയുടെ കുലീനതയ്ക്കോ ഒട്ടും ചേരത്ത ഒന്നാണ് അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിക്കുന്ന ഈ ഇറക്കുമതി ചരക്ക് എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ കൈയ്യടി കിട്ടാന്‍ എന്തിനേയും ഏതിനേയും വിവാഹ ധൂര്‍ത്ത് എന്ന് അപലപിക്കുന്നവര്‍ രണ്ടോമൂന്നോ മന്ത്രകോടി സാരിയുടെ വിലയുള്ള, പിന്നൊരിക്കലും തനിക്കോ മറ്റാര്‍ക്കെങ്കിലുമോ ഉപയോഗിക്കാനാവാത്ത ഈ ദേശീയ ധൂര്‍ത്തിനെപ്പറ്റി നിശബ്ദത പാലിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത. പൂര്‍ണ്ണമായും പാശ്ചാത്യ പാരമ്പര്യം പിന്‍തുടരുന്ന കേരളത്തിലെ മറ്റുചില ക്രൈസ്തവ സഭകളില്‍ പെടുന്നവര്‍ സാരി വിവാഹ വസ്ത്രമായി ഉപയോഗിക്കുമ്പോഴാണ് ദേശീയ നസ്രാണിയുടെ ഈ ആഭാസ പ്രകടനം എന്നതുകൂടി ഇതോടൊപ്പം കൂട്ടി ചിന്തിക്കണം. ബ്രൈഡല്‍ ഗൗണ്‍ ഉപയോഗിക്കുമ്പോഴും മന്ത്രകോടിയായി സാരി തന്നെയാണ് നല്‍കുന്നതെന്നതാണ് വിരോധാഭാസം.

കേരളത്തിലെ മറ്റൊരു ജാതിയ്ക്കും ഇത്തരമൊരു സാസ്ക്കാരിക അപചയം സംഭവിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഗൗരവമായി പരിഗണിക്കണം. പുടക സാരിക്ക് വഴിമാറിയപ്പോള്‍ നമ്പൂതിരിപോലും മന്ത്രകോടി സാരിയാക്കി എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ വൈദീക സംസ്കാരമായ വിവാഹത്തിന് നമ്പൂതിരി ഇന്നും തറ്റുടുക്കുന്നു. പട്ടര്‍ പാളത്താറുടുക്കുന്നു. നായന്മാര്‍ മുതല്‍ മറ്റു ജാതിക്കാര്‍ മുണ്ടും ഷര്‍ട്ടുമായി വിവാഹ വേദിയിലെത്തുന്നു. വിവാഹം പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം നിരോധിച്ചിട്ടുള്ള ക്ഷേത്രങ്ങളിലാണങ്കില്‍ അതും ഉപേക്ഷിക്കുന്നു. ഇവരില്‍ പലരും നസ്രാണിയേപ്പോലെ കേരളത്തിനുപുറത്ത് ജനിച്ചുവളര്‍ന്ന, സ്ഥിരമായി മുണ്ടുടുക്കാത്തവരാണന്നത് ഒരു പ്രതിബന്ധമായി അവര്‍ കാണുന്നില്ല. അവരുടെ വധുക്കളും പരമ്പരാഗതമായ സാരിയോ ചേലയോ ഉടുത്തു വിവാഹവേദിയിലെത്തുന്നു. മലയാളികളല്ലാത്ത വധുമാര്‍പോലും മലയാളിമട്ടില്‍ സാരിയുടത്താണ് കല്യാണത്തിനെത്തുക. നസ്രാണിമാത്രം അഖിലലോക വിവാഹവസ്ത്ര പ്രദര്‍ശന ഉപകരണമായി മാറുന്നു. എന്തൊരു ദയനീയ സ്ഥിതി.

ഇവിടെ ഗൗരമായി പരിഗണിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. നവീകരണം, പരിഷ്ക്കാരം, അക്രൈസ്തവം മുതലായയ കാരണങ്ങള്‍ പറഞ്ഞ് പലകാലത്തായി നസ്രാണി വിവാഹത്തിലെ ജാത്യാചാരങ്ങളില്‍ ഭൂരിപക്ഷവും ഉപേക്ഷിച്ചു. ഇന്ന് ദേശീയ സംസ്കാരത്തിന്‍റെ പുനഃസ്ഥാപനമായി അവയെ മടക്കിക്കൊണ്ടുവരുവാന്‍ നസ്രാണികളില്‍ ഭൂരിപക്ഷവും യത്നിക്കുന്ന കാലത്താണ് ഈ വസ്ത്രധാരണാഭാസം എന്നുകൂടി ചിന്തിക്കണം. വീഡിയോഗ്രാഫര്‍മാരും കേറ്ററിംഗുകാരും നസ്രാണി പൈതൃകമെന്ന പേരില്‍ അവതരിപ്പിച്ച് ഇന്നു നടപ്പിലിരിക്കുന്ന മിക്ക സാസ്കാരിക ലക്ഷണങ്ങള്‍ക്കും നസ്രാണിയുടെ ജാത്യാചാരങ്ങളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലന്നത് വേറേകാര്യം.

നസ്രാണി ഇന്നൊരു വിശ്വപൗരനാണ്. കേരളത്തിനു പുറത്ത് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും യൂറോപ്പിലും അമേരിക്കയിലും പിറന്ന മൂന്നാം തലമുറ നസ്രാണിയുടെ കാലമാണിന്ന്. കേരളത്തിനു പുറത്ത് നടക്കുന്ന വിവാഹങ്ങളില്‍ തദ്ദേശീയമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ കേരളത്തില്‍ വെച്ച് വിവാഹം നടത്തുമ്പോള്‍ നസ്രാണി സംസ്കാരത്തിനനുസൃതമായ വസ്ത്രം വേണമെന്ന് നിഷ്കര്‍ഷിക്കുന്നതില്‍ എന്താണ് തെറ്റ്. അത് സാമാന്യവല്‍ക്കരിച്ചാല്‍ വധുവും വരനും തുണി ഉടുത്ത് വിവാഹകൂദാശയില്‍ പങ്കെടുക്കുക എന്നതാണ്.

ഡോ. എം കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in