ഓര്‍ത്തഡോക്സ് സഭയില്‍ മൂന്ന് പുതിയ കോറെപ്പിസ്കോപ്പമാര്‍
പത്തനംതിട്ട : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ മൂന്നു സീനിയർ വൈദികർ കോറെപ്പിസ്കോപ്പ പദവിയിലേക്ക്. ഫാ. പ്രഫ. കുര്യൻ വർഗീസ്, ഫാ. പ്രഫ. ജോർജ് മാത്യു, ഫാ. പി.ടി. മാത്യുഎന്നിവരാണ് പുതിയ കോറെപ്പിസ്കോപ്പമാർ. പതിമൂന്നിനു രാവിലെ എട്ടിന് സെന്‍റ് ബേസിൽ അരമന ചാപ്പലിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് സ്ഥാനാരോഹണം ചെയ്യും. ചന്ദനപ്പള്ളി തയ്യിൽ ടി.ജി.വർഗീസിന്റെയും ദീനാമ്മയുടെയും മകനാണ് ഫാ. കുര്യൻ വർഗീസ്. ദാനിയേൽ മാർ പീലക്സിനോസിൽനിന്നു പട്ടമേറ്റു. പതിനാലു പള്ളികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങാടിക്കൽ വടക്ക് സെന്‍റ് ഗ്രിഗോറിയോസ് സ്നേഹാലയം ഡയറക്ടർ.
പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. ഫാ. ജോർജ് മാത്യു അയിരൂർ കുറ്റിക്കണ്ടത്തിൽ വി.എം. ജോർജിന്റെയും മറിയാമ്മയുടെയും മകനാണ്. 1985ൽ അന്നത്തെ നിയുക്ത കാതോലിക്ക മാത്യൂസ് മാർ കൂറിലോസിൽ നിന്നു പട്ടമേറ്റു. ഇപ്പോൾ ളാക്കൂർ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്നു.ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തനംതിട്ട എക്യുമെനിക്കൽ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഭദ്രാസനത്തിന്റെ ആതുര സേവന സംരംഭങ്ങളായ ശാന്തിസദനം, പ്രകാശധാര സ്കൂൾഎന്നിവയ്ക്കു പിന്നിൽ പ്രവർത്തിച്ചു.
മാർ പീലക്സിനോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കൗൺസിൽ അംഗമായിരുന്നു. കോഴഞ്ചേരി തെക്കേമലതേവർതുണ്ടിൽ പുതുപ്പറമ്പിൽ പി.പി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ഫാ. പി.ടി.മാത്യു. 1983ൽ അന്നത്തെ നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസിൽ നിന്നു വൈദിക പട്ടംസ്വീകരിച്ചു. തുമ്പമൺ, നിലയ്ക്കൽ ഭദ്രാസനങ്ങളി ലായിവിവിധ ഇടവകകളിലെ സേവനങ്ങൾക്കു ശേഷം ഇപ്പോൾ കാരൂർ സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയാണ്. തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ഡിസ്ട്രിക്‌ടുകളിൽ പ്രാർഥനാ യോഗത്തിന്റെയും സുവിശേഷ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു.