എത്യോപ്യൻ പാത്രിയർക്കീസിനും സംഘത്തിനും ഉജ്വല സ്വീകരണം
നെടുമ്പാശേരി ∙ ഒരാഴ്ചത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ എത്യോപ്യൻ ഓർത്തഡോക്സ് സഭ തലവൻ പരിശുദ്ധ ആബുനാ മത്ഥിയാസ് പാത്രിയർക്കീസിനും സംഘത്തിനും വിമാനത്താവളത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എത്യോപ്യൻ പാത്രിയർക്കീസിനൊപ്പം ആർച്ച് ബിഷപ്പുമാരായ എസയ്യാ, സവീറോസ്, ഫാ. കിദാന മെറിയം, ഫാ. കിറോസ്, ഫാ. മുസിയേ, ഇന്ത്യയിലെ എത്യോപ്യൻ അംബാസഡർ അസിഫ ഡിങ്കാമോ, കോൺസൽ ജനറൽ മെസ്ഹിൻ ഗബ്രാമറിയം തുടങ്ങിയവരുമുണ്ട്.
ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യാക്കോബ് മാർ എെറേനിയസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. സജി അമയിൽ, ഫാ. ഏബ്രാഹാം തോമസ്, ഫാ. എം.സി. കുരിയാക്കോസ്, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ പാത്രിയർക്കാസംഘത്തെ സ്വീകരിച്ചു.
ഇന്നു (നവംബര്‍ 20) രാവിലെ എട്ടിന് ആർത്താറ്റ് സെന്‍റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധ എത്യോപ്യൻ പാത്രിയർക്കീസ് ബാവായുടെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെയും കാർമികത്വത്തിൽ കുർബാന. 4.30-ന് അടപ്പൂട്ടി മാർ ദീവന്നാസിയോസ് നഗറിൽ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തായുടെ ചരമ ദ്വിശതാബ്ദി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
22ന് ഉച്ചയ്ക്കു 2.30നു കുഴിമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ സൺഡേ സ്കൂൾ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരകമായുള്ള സ്നേഹസ്പർശം കാൻസർ ചികിൽസാ സഹായപദ്ധതി ഉദ്ഘാടനം. 23-ന് രാവിലെ പത്തിനു പരുമലയിൽ സെന്‍റ് ഗ്രിഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെന്ററിന്‍റെ കൂദാശയിൽ പങ്കെടുക്കും. അന്നു നിരണം സെന്റ് മേരീസ് വലിയ പള്ളിയിലും സന്ദർശനം നടത്തുന്ന പാത്രിയർക്കാസംഘം 24-നു രാവിലെ മടങ്ങും.