EditorialOVS - Latest News

“എല്ലാ യുദ്ധങ്ങളും വിജയത്തിനു വേണ്ടിയല്ല ” Not All Battles For Victory

എഡിറ്റോറിയൽ

വി. മാർത്തോമാ ശ്ലീഹായുടെ സ്ലൈഹിക പാരമ്പര്യത്തിലെ മലങ്കര സഭയിലെ വിഘടിത വിഭാഗം ബഹു. സുപ്രീംകോടതിയുടെ 1995, 2017 സുപ്രധാന വിധികളുടെ അന്തസത്തയ്ക്ക് വിരുദ്ധമായി സമാന്തരഭരണവും മലങ്കര ഇടവകകളിലെ കൈയേറ്റവും, കൈയ്യടക്കവും നിർബാധം തുടരുന്നതിനായി, സർക്കാർ സ്പോൺസർഷിപ്പിൽ വാനിഷിംഗ്‌ പോയിന്റിൽ നില്ക്കുന്ന വി . പത്രോസ് ശ്ലീഹായുടെ പാരമ്പര്യത്തിലെ അന്തോഖ്യൻ സുറിയാനി സഭയുടെ തലവൻ ലെബനോനിൽ നിന്ന് ഒരിക്കിൽ കൂടി “മപ്രിയാനോ” പട്ടം കെട്ടിയിറക്കുന്നു. യാക്കോബായ വിഭാഗത്തിന്റെ അഭിനവ നേതാവിൻ്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ടു മലങ്കരയിൽ അശാന്തിയുടെ കാർമേഘങ്ങളും കറുത്ത പുകയും നിറയുന്ന ദിനങ്ങളിൽ മലങ്കര സഭയുടെ കർമ്മനിരതമായ ഓമന നേതൃത്വത്തെ ചില കാര്യങ്ങൾ ഓർമപ്പെടുത്താനാണ് വളരെ വൈകിയെങ്കിലുമുള്ള ഈ പരസ്യ പ്രസ്‌താവന.

നിലവിൽ മലങ്കര നസ്രാണികൾക്ക് ചിരപരിചതമായ സകല സ്ഥാനങ്ങൾക്കും പര്യായമായി, കാലം ചെയ്ത അഭിവന്ദ്യ സ്രേഷ്ട തോമസ് പ്രഥമൻ തന്നെ അടിമനുകം എന്ന മൊഴി ചൊല്ലി വിളിച്ച “മപ്രിയനോ” സ്ഥാനത്തെ മലങ്കര സഭയുടെ ദോഷദൃക്കുകളുടെയൊക്കെയും സഹകരണത്തിൽ വ്യാപകമായി മാർക്കറ്റ് ചെയ്യാൻ വിമത വിഭാഗത്തിലെ PR വകുപ്പ് നന്നായി പണിയെടുക്കുന്നുണ്ട്. അതിന് അപ്പുറം ചരിത്ര ബോധമുള്ള, നസ്രാണി ജനത മലങ്കരയിലെ വിമത വിഭാഗത്തിലെ ഗോത്ര തലവന്റെ പിൻതുടർച്ചയ്‌ക്ക്‌ ഒരു പരിഗണയും നല്കില്ല. വിമത വിഭാഗത്തിലെ പുതിയ മപ്രിയനോയുടെ ആരോഹണം മൂലം മലങ്കര സഭയിൽ അല്പം ശാന്തി പോയാലും അധികം സീൻ ആകില്ല എന്ന് പ്രത്യാശിക്കാം. ഏതായാലും കരിങ്ങാച്ചിറ പള്ളിമേടയും മലങ്കര സഭയുടെ വിമത ചരിത്രത്തിൽ അങ്ങനെ ഇടം പിടിച്ചു.

മൂന്ന് മാസം മുൻപ് തന്നെ യാക്കോബായ വിഭാഗം വിമത കാതോലിക്ക വാഴ്ചയ്ക്കു കളമൊരുക്കുന്നതും, സർക്കാർ പക്ഷപാതപരമായി യാക്കോബായ അനുകൂല നടപടികളും, ഓർഡിനൻസ് എന്ന ഭീഷണി നിലനിർത്തി മലങ്കര സഭാ നേതൃത്വത്തെ നിശ്ശബദ്ധരാക്കിയതും വിശ്വാസികൾക്ക് ഏറെക്കുറെ ബോധ്യമുള്ളതാണ്. സാഹചര്യത്തിന്റെ സമ്മർദഫലമായി താത്കാലികമായി അല്പം പിൻവലിഞ്ഞ മലങ്കര സഭാ നേതൃത്വത്തെ അവസരം മുതലാക്കി യാക്കോബായ നേതൃത്വവും നമ്മുടെ മെത്രാന്മാരും – സ്ഥാനികളും പല കഥകളും കിനാവകളും പറഞ്ഞുള്ള ഒരു സഹകരണ തന്ത്രം നന്നായി നടപ്പിലാക്കി എന്നാണ് പൊതുബോധ്യം. നിയമകാര്യങ്ങളിൽ അഗ്രഹണ്യനായ പരിശുദ്ധ പിതാവ് ബഹു സുപ്രീം കോടതികളിൽ ഒപ്പിട്ട നല്‌കിയ അഫിഡവിറ്റ്കൾ സഭയുടെ പ്രഖ്യാപിത നിലപാടുകൾക്ക് കടകവിരുദ്ധവും, 1934 ഭരണഘടനയ്ക്കും, ബഹു. സുപ്രീം കോടതികളുടെ വിധി ന്യായങ്ങൾക്ക് വിപീരതവുമായി വന്നത് അങ്ങനെ പൊറുക്കാൻ കഴിയുന്ന വിശുദ്ധ തെറ്റല്ല. ഏത് വക്കീൽ അട്ടിമറിച്ചാലും, കൂട്ടത്തിൽ നിന്ന് സ്ഥാനികൾ കാലിൽ ചവിട്ടി വീഴ്‌ത്തിയാലും ഇതിൻ്റെ ഗുണഭോക്താവ് മറുപക്ഷം മാത്രമാണോ എന്ന ചോദ്യം അകത്തളങ്ങളിൽ മുഴങ്ങും. സെൽഫ് ഗോൾ അല്ല, പെനാൽറ്റി ദാനം നല്‌കി എന്ന് ചുരുക്കം. മണിക്കൂർ മുൻപേ സ്‌റ്റേഷൻ വിട്ട ട്രെയിന് ടിക്കറ്റ് എടുക്കുന്നത് പോലെ മാത്രമേ വിമത കാതോലിക്ക വാഴ്ചയുമായി ബന്ധപ്പെട്ട വൈകിയവേളയിലെ പൊതു താല്പര്യത്തെ കാണാൻ കഴിയൂ. അതിനു പോലും വിശ്വാസികളുടെ തീവ്ര / വൈകാരിക പ്രതികരണങ്ങൾ കാരണമായി. ജനത്തിൻ്റെ കണ്ണിൽ പൊടിയിടാനാണെങ്കിലും ഒരു പൊതുതത്വത്തെ പ്രതി ഈ നടപടിയെ സ്വാഗത്വം ചെയ്യുന്നു. “Not All Battles For Victory” – “എല്ലാ യുദ്ധങ്ങളും വിജയത്തിനു വേണ്ടിയല്ല” ചില പോരാട്ടങ്ങൾ നാം തോല്ക്കാതിരിക്കാനും തലമുറകൾ തോല്പിക്കപെടാതെയിരിക്കാനും കൂടിയാണ്.

ഇടത് സർക്കാർ സഭ തർക്കത്തെ ഒരു രാഷ്ട്രീയ അവസരമായി ഉപയോഗിച്ചു ഒരു ഭാഗത്തെയും പൂർണമായി ജയിക്കാനോ, തോല്ക്കാനോ അനുവദിക്കാതെ അതിൽ ഒരു റഫറിയുടെ റോളിൽ രാഷ്‌ട്രീയ കൗശലമാണ് പയറ്റുക. ഇപ്പോൾ അവർ ഒരു LOC (നിയന്ത്രണ രേഖ) വരച്ചിരിക്കുന്നു, നമ്മൾ ഇനിയും മറുപക്ഷത്തിനു കൂടുതൽ നഷ്ടമുണ്ടാക്കരുത് എന്ന് ആവശ്യപെടുന്നു, പലവിധെനെ സമർദ്ദത്തിലാക്കുന്നു. അത്തരത്തിൽ ഒരു നിയന്ത്രണ രേഖയ്ക്ക് അപ്പുറം നമ്മളെ നിർത്തിയാൽ പോലും യാക്കോബായ നേതൃത്വത്തിനു ആനന്ദലബ്‌ധി. വിശ്വാസികൾക്ക് അവലും പഴവും. രാഷ്രീയക്കാരുടെ തെക്ക്-വടക്ക് ബാലൻസിങ്ങിനെ കുറെയൊക്കെ തെറ്റിക്കാൻ പറ്റുന്ന ഒരു അപകടകരമായ ഘടകമാണ് പണം. 1400 കോടിയുടെ ബഡ്ജറ്റുള്ള മലങ്കര സഭയ്ക്ക് ചാരിറ്റിക്കും സ്വകാര്യ ട്രസ്റ്റുകൾക്കുമല്ലാതെ ഒന്നിനും കാശില്ലെങ്കിലും, 450 രൂപ മാത്രം കണക്കിൽ നീക്കിയിരുപ്പുണ്ട് എന്ന് നമ്മൾ പരിഹസിക്കുന്ന വിമത വിഭാഗത്തിൽ പരുന്തകൾ പണവുമായി ഇടം വലം പറക്കും. സഭാ നേതൃത്വം ഊര്തെണ്ടിയുള്ള സൽക്കാരവും, സ്വകാര്യ സമ്പാദനവും, ചാരിറ്റി പിരിവും ഒക്കെ കുറച്ച, സഭാ സ്ഥാനികളും മെത്രാന്മാരും കാര്യപ്രാപ്തിയും, ഉദ്ദേശശുദ്ധിയുമുള്ള അൽമായരെ കൂടി വിശാലമനസോടെ ചേർത്ത് നിർത്തി ഐക്യത്തോടെയും, സൂക്ഷ്മതയോടേയും മുന്നോട്ട് പോയാൽ ജനം ശക്തമായി ഒപ്പം നിൽക്കും.. സഭ ശക്തി പ്രാപിക്കും. സർക്കാരും, രാഷ്ട്രീയക്കാരും ചെവി തുറക്കും. മലങ്കര സഭയെ വെട്ടി മുറിക്കാൻ അച്ചാരം കിട്ടിയ സഹോദര വേഷധാരികളായ ചെന്നായ്ക്കൾ ഓടി മറയും. പകരം, മലങ്കര സഭയുടെ നേതൃനിരയിൽ, വീട്ടുവീഴ്ച്ച മനോഭാവത്തോടെ ഇരു ഭാഗമായി തൽസ്ഥിതി തുടരാനാണ് പ്രായോഗികമായി പരിഗണിക്കുന്നതെങ്കിൽ പാവക്കൂത്തു നിർത്തി അത് സുവ്യക്‌തവും സുതാര്യവുമായ നിലപാടായി എപ്പിസ്കോപ്പൽ സുന്നഹോദാസിന്റേയും, മാനേജിങ് കമ്മിറ്റിയുടെയും അംഗീകാരത്തോടെ മലങ്കര സുറിയാനി അസ്സോസിയേഷൻ വിളിച്ചു കൂട്ടി നടപ്പിൽ വരുത്തിയാൽ ഈ സമുദായം മുഴുവൻ ഒന്നിച്ചു സഭയ്ക്ക് ഒപ്പും നില്ക്കും.

സർക്കാർ പ്രതിനിധികളെ അയക്കുന്നതിലെ നിയമവിരുദ്ധതയെയും, സ്വജനപക്ഷപാത നിലപാടുകളെയും പൊതുസമൂഹത്തിനു മുൻപിൽ ചർച്ചയാക്കാം എന്നതിന് അപ്പുറം അതിൽ ഒരു കോടതി ഇടപെടലും പ്രതീഷിക്കേണ്ടതില്ല. ഭാരതത്തിന്റെ ഏറ്റവും അടുത്ത പ്രതിരോധ – സഹകരണ പങ്കാളിയായ യിസ്രായേലിൽ ശത്രുരാജ്യമായ ലെബനോനിലേക് അയക്കുന്ന ആകാശ വിസ്‌മയങ്ങൾ നേരിൽ കണ്ടു മനസിലാക്കി, കഴിഞ്ഞ തവണ മുടങ്ങി പോയ പൂരത്തിൽ ഇത്തവണ ചേർക്കുന്നതിനെ പറ്റി അവർ ചിന്തിക്കട്ടെ. ഇപ്പോൾ നമ്മൾ കൃത്യമായി ലക്ഷ്യം വെയ്‌ക്കേണ്ടത് നിയമപരമായ രണ്ട് കാര്യങ്ങളാണ്. ഒന്നാമത് 2017 സുപ്രീം കോടതി വിധിയിൽ പട്ടിക ചേർത്തിട്ടുള്ള 1664 പള്ളികളിലും യാക്കോബായ കാതോലിക്കയ്ക്കും മെത്രാന്മാർക്കും പൂർണ്ണ നിരോധനം. രണ്ടാമത് നിയമപരമായി മലങ്കര സഭയുടെ 1934 -ലെ ഭരണഘടനപരമായി തിരഞ്ഞെടുക്കപ്പെടെണ്ട മലങ്കര മെത്രാപ്പോലീത്ത (ജാതിക്ക് കർത്യവൻ / മലങ്കര മൂപ്പൻ) സ്ഥാനം വിമത കാതോലിക്ക ഉപയോഗിക്കുന്നതിന് എതിരെ വിവിധ നിലയിൽ, നിയമപരമായും, പൊതുസമൂഹത്തിൽ ഉയർത്തണം. ഒരു എക്യൂമെനിസത്തിന്റെയും മെത്രാന്മാരുടെ പൊതു പ്രതിച്ഛായയുടെയും പേരിൽ ഈ വിഷയത്തിൽ നേത്രത്വം വഞ്ചനപരമായ ഷണ്ഡത്വ നിലപാട് സ്വീകരിച്ചാൽ സഭ സ്നേഹം എന്ന് പറഞ്ഞു പിന്നാലെ മണ്ടന്മാരായി നടക്കുന്ന ശുഷ്കമായ ഒരു കൂട്ടം മനുഷ്യരെ കൂടി നിങ്ങൾ പരിപൂർണമായി വിസ്‌മൃതിയിലാക്കും. ആ കുറ്റിയിൽ പിന്നീട് ഒരു നാമ്പും മുളയ്ക്കില്ല.

പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് പരിസമാപ്തിയായി 2017 -ൽ കേസ് മികച്ച രീതിയിൽ നടത്തിയ മാർ സേവേറിയോസ് മെത്രാച്ചൻ പരിശുദ്ധ കാതോലിക്ക ബാവയും, കൂടെ ഓടി നടന്നിരുന്ന റോണി വർഗീസ് അൽമായ ട്രസ്റ്റിയും, തെക്കൻ ദേശത്തെ വൈദികരിൽ തുലോം കാണാത്ത സഭാ വികാരം എന്ന അപൂർവ്വത മൈക്കിൽ കത്തിച്ച ഫാ. അമയിൽ അച്ചൻ വൈദിക ട്രസ്റ്റിയും, നിശബ്ദ സേവനത്തിന് അർഹിക്കുന്ന അംഗീകാരം എന്ന പോലെ ഒരു വ്യാഴവട്ടമായി നിശ്ശബദ്ധമായി സമുദായ സെക്രട്ടറിയായി അഭംഗുരം തുടരുന്ന ശ്രീ. ബിജു ഉമ്മനും ഒക്കെ ഒരേ സമയത്തു അധികാര സ്ഥാനങ്ങളിലേക്കു എത്തിയപ്പോൾ മലങ്കര സഭ വെറുതെ എന്തൊക്കെയോ നന്മ ആഗ്രഹിച്ചു പോയി. മേൽ പരാമർശിച്ച എല്ലാ സ്ഥാനികളോടും നിലവിലും വ്യകതിപരമായ ആദരവ് നിലനിർത്തുമ്പോഴും, നിങ്ങളുടെ സമീപകാല സഭാ സേവനങ്ങളും, ജനത്തെ കരുതലകളും വ്യാപകമായ അമർഷവും, കടുത്ത നിരാശയും ജനത്തിൽ പടർത്തിയിരിക്കുന്നു.

വിമത വിഭാഗത്തിലെ അൽമായ സ്ഥാനികളുടെ പൊതു – രാഷ്ട്രീയ-മാധ്യമ- ബിസിനസ് ബന്ധങ്ങളും മലങ്കര സഭയിലെ അൽമായ-വൈദിക സ്ഥാനികളുടെ പൊതു ബന്ധങ്ങളും -സ്വാധീനങ്ങളും ഒന്ന് തുലനും ചെയ്താൽ ഈ സഭയുടെ വർത്തമാന ഗതികേടിന്റെ ഒരു കാരണം ലഭിക്കും. ഭദ്രാസനങ്ങളോ അതിലെ ഇടവകളോ നേരായി നിലയിൽ ഭരിക്കാൻ പ്രാപ്തിയും, സമയവുമില്ലാത്ത മെത്രാന്മാർ കാശിന്റെ കൂദാശകൾ ഒഴികെയുള്ള ഉത്തരവാദിത്വങ്ങൾ കുശിനിക്കാർക്കും, സാരഥികൾക്കും, താപ്പാനകളായ സിൽബന്ധികൾക്കും, ചില മൂരി കത്തനാർമാർക്കും വീതം വെച്ച് കൊടുത്തതാണ് മറ്റൊരു ഗതികേട്. അവനവന്റെ അന്നത്തിന് ആവശ്യമായ വണക്കവും വഴക്കവും ആവോളമുണ്ടങ്കിലും, പൊതുസ്വാധീനമുള്ള, കാര്യപ്രാപ്തിയുള്ള, സഭയ്ക്ക് ഉപയോഗിക്കാൻ കഴിയാമായിരുന്ന സകല പ്രമുഖ വ്യക്തിത്വങ്ങളേയും അനുഭാവികളെയും, അവരുടെ വ്യത്യസ്ത നിലപാടുകളുടെ പേരിൽ സഭാ വിരുദ്ധ ചാപ്പയടിച്ച അകറ്റുക മാത്രമല്ല, സോഷ്യൽ മീഡിയയിലെ ക്രിസ്തീയത തൊണ്ടു തീണ്ടാത്ത, അസഹിഷുണത നിറഞ്ഞ ഭക്തജനങ്ങളെ ഇളക്കി ഓടിച്ചു എതിരാളികളുടെ പാളയത്തിൽ സുരക്ഷിതരായി എത്തിക്കും, എത്തിച്ചിട്ടുണ്ട് മലങ്കര സഭയുടെ ഒരു പതിറ്റാണ്ടിലെ ആത്മീയ – അൽമായ നേതൃത്വം. ഫലമോ, മലങ്കര സഭാ കൂടുതൽ ശുഷ്കിച്ചു, മെത്രാന്മാർ വലിയപ്രസ്ഥാനങ്ങളായി, മണ്ടൻ വിശ്വാസികൾ കേവലം ആരാധകരും വിമർശകരും എന്ന് രണ്ടു തട്ടിൽ മാത്രമായി. ഓർത്തഡോക്സ്‌ വിശ്വാസസംരക്ഷകനെ അനുമോദിച്ചു ഭൂതകാലത്തു നിങ്ങൾ നടത്തിയിട്ടുള്ള പരസ്യ പ്രശംസകൾ ഒന്നും ഞങ്ങളുടെ സഭാസംബന്ധമായ നിലപാടുകളെയും പ്രതികരണങ്ങളെയും ഒട്ടും മയപ്പെടുത്തുന്നില്ല. ഈ വിഷയത്തിൽ വിശദമായ പ്രതികരണങ്ങൾ പിന്നാലെയുണ്ടാകും!

ചിലയിടത്തു പുക, ചിലയിടത്തു ചാരം എന്നൊക്കെ പറയുമ്പോലെ ചിലയിടത്തു സർക്കാർ പണിയും ചിലപ്പോൾ അഭിഭാഷകരും പണിയും, ചിലർക്ക് ചാരിറ്റി ചിലർക്ക് വാനിറ്റി, ചിലപ്പോൾ പിരിവ് ചിലപ്പോൾ തെരുവ്, ചിലർക്ക് കടിപിടി ചിലർക്ക് അടിവലി, ചിലർക്ക് സമാധാനം, ചിലർക്ക് നാണം, ചിലയിടത്തു പണകിലുക്കം, ചിലർക്ക്‌ ഭക്തിയെങ്കിൽ ചിലർക്ക് ലഹരി മുക്തി, ചിലർക്ക് അസ്ഥാനത്തു കത്ത്, ചിലർക്ക് ആസനത്തിൽ കുത്ത് …. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട് എന്നിരുന്നാലും മലങ്കര സഭയിലെ പ്രവർത്തന ശൈലി കാഷായമിട്ടവരുടെയും കളസ്സമിട്ടവരുടെയും ഏതാണ്ട് ഒരു പോലെയായിട്ടുണ്ട്, നിർഗുണപരബ്രഹ്മങ്ങൾ !!….പല വേഷങ്ങളും സ്ഥാനങ്ങളും കെട്ടി കോട്ട കൊട്ടിയടച്ചു 4 ഡസൻ നാല് ദിക്കിലുമിരിപ്പുണ്ടെങ്കിലും, മലങ്കര സഭയ്ക്ക് മാത്രം ഒരു ഗുണവുമില്ല . മലങ്കര സഭയാകെ പ്രതിനിധീകരിക്കുന്ന മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റിയെ കാര്യമാത്ര പ്രസക്തമായ ഒരു ചർച്ചകൾക്കും അവസരം കൊടുക്കാതെ മെത്രാൻ കൂട്ടം കേവലം ഉണ്ട്‌ മടങ്ങുന്ന വെറും പോങ്ങന്മാരാക്കി തീർത്തു, ബാക്കിയുള്ളതിനെ പണ്ടേ രാഷ്ട്രീയം നശിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 135 മാനേജിങ് കമ്മിറ്റി അംഗങ്ങളും അടുത്ത ദനഹാ പെരുന്നാൾ റാസയ്ക്കു കുന്നുംകുളത്തു പോയാൽ പ്രകൃതിക്കു എങ്കിലും ഒരു ഗുണമാകും. സഭയുടെ സ്ഥാനികളെയും, പരിശുദ്ധ ബാവയെയും, മെത്രാന്മാരെയും കൃത്യമായി വിമർശിക്കാനും ക്രിയാത്മകമായ ബുദ്ധി ഉപദേശിക്കാനുമാകുന്ന കാതലുള്ള, നേരും നെറിയുള്ള അല്മായരുമില്ല, അരമനകളിൽ പൊട്ടാൻ പാകത്തിലുള്ള ചെടിചട്ടികൾ ഇനിയുമേറെയുണ്ട്‌ എന്നതാണ് മലങ്കര സഭയുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ദുര്യോഗം.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

error: Thank you for visiting : www.ovsonline.in