OVS - Latest NewsOVS-Kerala News

വിഭജനത്തിന്റെ പാതയെ പ്രോത്സാഹിപ്പിക്കരുത് ; ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവൻമാർക്ക് കത്തയച്ചു

കോട്ടയം : മലങ്കര സഭയിൽ വീണ്ടും സമാന്തരഭരണത്തിനും, സമാധാന അന്തരീക്ഷം തകർക്കുന്നതിനുമായി ബ​ദൽ അധികാരകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. പരിശുദ്ധ ഇ​ഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കും, ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവൻമാർക്കും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ കത്തയച്ചു.
മലങ്കരസഭയിലുണ്ടായ വിഭജനത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് അയച്ച കത്തിൽ പരിശുദ്ധ കാതോലിക്കാബാവാ ചൂണ്ടിക്കാട്ടി. സെമിനാരിക്കേസ് മുതൽ 2017 ജൂലൈ 3ലെ സുപ്രീംകോടതിയുടെ അന്തിമവിധി വരെയുള്ള കാര്യങ്ങൾ കത്തിൽ വ്യക്തമാക്കുന്നു. മലങ്കരസഭയുടെ 1934 ലെ ഭരണഘടനയെ കീഴ്ക്കോടതികൾ മുതൽ പരമോന്നത കോടതി വരെ ഇഴകീറി പരിശോധിച്ച് ആധികാരികമെന്ന് അം​ഗീകരിച്ചതാണ്. ആ ഭരണഘടനപ്രകാരമാണ് മലങ്കരസഭ ഭരിക്കപ്പെടേണ്ടതെന്നും കോടതി വിധിച്ചിട്ടുണ്ട്. പുതിയ അധികാരസ്ഥാനങ്ങൾ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമാണെന്ന് കത്തിലൂടെ ഓർമ്മിപ്പിക്കുന്നു.സമാധാന ശ്രമങ്ങൾക്കുള്ള സന്നദ്ധത നിരവധി തവണ അറിയിച്ചിട്ടും അതിനോട് പ്രതികരിക്കാതെ സമാന്തരഭരണവുമായി മുന്നേട്ടുപോകാൻ ശ്രമിക്കുന്നത് ഖേദകരമാണ്. നിയമവിരുദ്ധമായ വാഴിക്കൽ ചടങ്ങിൽ നിന്ന് പിൻമാറണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ക്രൈസ്തവ ഐക്യത്തിനായി ലോകം പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ വിഭജനത്തിന്റെ പാതയെ പ്രോത്സാഹിപ്പിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
മലങ്കരസഭയിലെ വിഘടിത വിഭാ​ഗം കോടതി വിധികൾ ലംഘിച്ചുകൊണ്ട് നടത്തുന്ന സമാന്തരഭരണ നീക്കങ്ങൾ ഭാരതത്തിന്റെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും കൈസ്തവ സാക്ഷ്യത്തിന് നിരക്കാത്തതുമാണെന്നും ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗൗരവപൂർവ്വം ഈ വിഷയത്തെ കാണണമെന്നും ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാർക്കുള്ള കത്തിൽ പറയുന്നു.
May be an image of text
error: Thank you for visiting : www.ovsonline.in