മറ്റൊരുസഭയെങ്കിൽ ഭൗതികസൗകര്യങ്ങൾ തിരികെ നൽകണം : ഓർത്തഡോക്സ് സഭ
തങ്ങൾ മറ്റൊരു സഭയാണ്. സഹോദരിസഭയായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഭിന്നിച്ച് നിൽക്കുന്നവർ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് പൊതുസമൂഹത്തെ അറിയിക്കുന്നു.
ഇതാ സഹോദരൻമാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭകരവും എത്ര മനോഹരവും ആകുന്നു (സങ്കീർത്തനങ്ങൾ 133-1)
കോട്ടയം: മലങ്കരസഭയിലെ വ്യവഹാരങ്ങൾക്ക് 2017 ജൂലൈ 3ന് സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിച്ചനാൾ മുതൽ സഭയുടെ യോജിപ്പിനുള്ള സാധ്യതകളെക്കുറിച്ചാണ് ഏവരും ചിന്തിച്ചതും, ആഗ്രഹിച്ചതും. പരസ്പരം ഉണ്ടായിട്ടുള്ള തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച് പരസ്പരം ഒന്നാകുന്നത് സഭയ്ക്ക് കൂടുതൽ കരുത്ത് പകരും എന്നതിൽ തർക്കമില്ല. കോടതി വിധികൾക്ക് ശേഷം ഇതിന് മുൻപും സഭയിൽ സമാധാനത്തിന്റെ മാലാഖ ഇറങ്ങിവന്നിട്ടുണ്ട്. അത്തരത്തിൽ എത്രയോ കാലം ഒരുസഭയായി ആരാധന നടത്തി. എന്നാൽ തങ്ങൾ മറ്റൊരു സഭയാണെന്നും സഹോദരി സഭായായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഭിന്നിച്ച് നിൽക്കുന്നവർ വ്യക്തമാക്കിയിരിക്കുകയാണ്. ഇവർതന്നെയാണ് ഈ സഭയെ കേസുകളിലേക്ക് വലിച്ചിഴച്ചത്. അവിടെ സത്യം തെളിയിക്കേണ്ട ഉത്തരവാദിത്വം മലങ്കര ഓർത്തഡോക്സ് സഭ നിറവേറ്റി. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും ആ ട്രസ്റ്റ് 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കി. ട്രസ്റ്റിൽ നിന്ന് ആളുകൾക്ക് പുറത്തുപോകാം. മറ്റുവിശ്വാസങ്ങൾ സ്വീകരിക്കാം. അതിനുള്ള മൗലിക അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അങ്ങനെ ആരെങ്കിലും പുറത്തുപോയാലും ട്രസ്റ്റ് എക്കാലത്തും ട്രസ്റ്റിന്റെ ഭരണക്രമത്തിൽ നിലനിൽക്കും എന്നത് ഈ രാജ്യത്തിന്റെ നിയമമാണ്.
Though it is open to all individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malanakara Church, once a trust, is always a trust.( Supreme Court Verdict 2017 July 3)
_ഒരു സഭാംഗത്തിന് സഭ വിട്ടു പോകാം. ഏതു സംഘടനയുടെയും അംഗത്വം വേണ്ടെന്ന് വെക്കാനുള്ള അവകാശത്തിനും ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 20- ആം അനുച്ഛേദത്തിനും അനുസൃതമാണിത്. എന്നാൽ മലങ്കരസഭ വിട്ടുമാറുവാൻ ഒരു പള്ളിയുടെ ഇടവക പൊതുയോഗത്തിന് ഭൂരിപക്ഷത്തിന്റെ പേരിൽ പോലും തീരുമാനിക്കാനാവുന്നതല്ല. ഒരിക്കൽ ഒരു ട്രസ്റ്റുണ്ടായാൽ അത് എക്കാലവും നിലനിൽക്കും ( സുപ്രീംകോടതി ഉത്തരവ് 2017 ജൂലൈ 3)
മലങ്കരസഭ ഒരു ട്രസ്റ്റാണെന്നും ആ ട്രസ്റ്റ് എക്കാലവും നിലനിൽക്കും എന്നതും കോടതിയുടെ അന്തിമതീർപ്പാണ്. ട്രസ്റ്റിൽ നിന്ന് ആർക്കും പുറത്തുപോകാം. വൈദേശിക തലവന് കീഴിൽ നിലകൊള്ളാം. അങ്ങനെ ആഗ്രഹിക്കുന്നവർ മലങ്കരസഭയുടെ പള്ളികളിൽ നിന്ന് സ്വമേധയാ പിൻവാങ്ങണം. മറ്റൊരു സഭയാണെന്ന് പറയുകയും അതേസമയം മലങ്കരസഭയുടെ പള്ളികൾ കൈയ്യേറി വെച്ചിരിക്കുകയും ചെയ്യുന്നതിൽ എന്ത് യുക്തി? വാടക വീട്ടിൽ താമസിച്ചുകൊണ്ട് വീട്ടുടമസ്ഥനോട് യുദ്ധം ചെയ്യുന്നതിൽ കഴമ്പില്ലല്ലോ.
മലങ്കരയിലെ സമാധാനത്തിന് തുരങ്കം വെക്കാൻ അന്ത്യോഖ്യൻ പാത്രിയർക്കീസ് വീണ്ടും ശ്രമിക്കുന്നതാണ് നിലവിലെ പ്രശ്നം. സമാന്തര അധികാരകേന്ദ്രങ്ങൾ സ്ഥാപിക്കുക വഴി ഒരു വിദേശ പൗരൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അപഹസിക്കുകയാണ്. അതിന് ഓശാനപാടാൻ സർക്കാരും, രാഷ്ട്രീപാർട്ടികളും പോകുന്നതിനോടാണ് മലങ്കരസഭയ്ക്ക് എതിർപ്പ്. മറിച്ച് ഏതെങ്കിലും ഒരു മത സ്ഥാപനം അവരുടെ മേലധികാരിയെ വാഴിക്കുന്നതിൽ ഓർത്തഡോക്സ് സഭയ്ക്ക് പരിഭവമില്ല. പുതിയ സഭ സ്ഥാപിച്ച് ആരാധന നടത്താനുള്ള മൗലികമായ അവകാശത്തെ ചോദ്യം ചെയ്തിട്ടുമില്ല. പക്ഷേ മലങ്കരസഭയിൽ സമാന്തരഭരണത്തിന് ശ്രമിക്കരുത്. അതിനോട് യോജിക്കാൻ കഴിയില്ല. സഭ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം. അതിന് സമാന്തമരായി ഒരു ഭരണഘടന സാധ്യമല്ല. കാരണം മലങ്കരയിൽ സമാന്തരഭരണത്തിന് രാജ്യത്തിന്റെ പരമോന്നത കോടതി വിരാമം കുറിച്ചതാണ്. ഇക്കാര്യം 1958 ൽ അഞ്ചംഗ ബെഞ്ചും, 1995 ൽ മൂന്നംഗ ബെഞ്ചും, 2017 ൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചും, 2018 ൽ വീണ്ടും മൂന്നംഗ ബെഞ്ചും ആവർത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചതാണ്.
മലങ്കര സഭയുടെ പള്ളികൾ ഏതൊക്കെ എന്ന കാര്യത്തിൽ രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. കോടതി നിയോഗിച്ച ജസ്റ്റിസ് മളിമഠിന്റെ റിപ്പോർട്ടിൽ അക്കാര്യം വ്യക്തമാണ്. 1600 ൽ അധികം പള്ളികളുടെ പട്ടിക ഭിന്നിച്ച് നിൽക്കുന്നവരാണ് കോടതിക്ക് മുന്നിൽ സമർപ്പിച്ചതും, അംഗീകരിച്ചതും. സഭാ സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ച്ചകൾക്ക് തയാറാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചവരാണ് മലങ്കരസഭ. എന്നാൽ യോജിപ്പിന്റെ വാതിലുകൾ മുഴുവൻ കൊട്ടിയടക്കുന്നതിൽ മലങ്കരസഭാ മക്കൾക്ക് അതിയായ വേദനയുണ്ട്. ഭിന്നിച്ച് നിൽക്കുന്നവർ മറ്റൊരു സഭയാണെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ഭൗതികസൗകര്യങ്ങൾ തിരികെ നൽകാൻ തയാറാകണം.