കാതോലിക്കാ ദിനം ഇന്ന് ; പുതുപ്പള്ളി പള്ളിയിൽ മാർത്തോമ്മൻ നസ്രാണി സംഗമം
കോട്ടയം∙ മലങ്കര ഓർത്തഡോക്സ് സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും. 30 ഭദ്രാസനങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ കാതോലിക്കേറ്റ് പതാക ഉയർത്തൽ, സഭാദിന പ്രതിജ്‌ഞ, സഭയ്‌ക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന, ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നിർധനരുടെ ഉന്നമനത്തിനും വൈദികരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമായുള്ള കാതോലിക്കാദിന പിരിവു ശേഖരണം എന്നിവ നടക്കും.
സഭാതല കാതോലിക്കാ ദിനാചരണത്തിന്‍റെ ഭാഗമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ വിവാഹസഹായ വിതരണം നടത്തും. സഭാദിനത്തോട് അനുബന്ധിച്ചു ഭവനനിർമാണ സഹായം, വിവാഹസഹായം, നിർധനർക്കുള്ള വാർധക്യകാല പെൻഷൻ, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ വിവിധ കർമപദ്ധതികൾക്കായി 10 കോടി രൂപയും സഭ സമാഹരിക്കുന്നുണ്ട്.
പുതുപ്പള്ളി പള്ളിയിൽ മാർത്തോമ്മൻ നസ്രാണി സംഗമം ഇന്ന്
മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനം കാതോലിക്കാദിനത്തിൽ സംഘടിപ്പിക്കുന്ന ‘മാർത്തോമ്മൻ നസ്രാണി സംഗമം’ ഇന്നു പുതുപ്പള്ളി പള്ളിയിൽ നടക്കും. കുടുംബസംഗമ റാലിയിലും സമ്മേളനത്തിലും ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വിശ്വാസി സമൂഹം പങ്കാളികളാകും. രാവിലെ 7.15-ന് പുതുപ്പള്ളി പള്ളിയിൽ ഡോ.യാക്കോബ് മാർ ഐറേനിയോസ് കാതോലിക്കേറ്റ് പതാക ഉയർത്തും. 8.30-നു നടക്കുന്ന മൂന്നിൻമേൽ കുർബാനയ്ക്ക് അദ്ദേഹം മുഖ്യകാർമികനാകും.
കുർബാനയ്ക്കു ശേഷം സഭയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും പ്രതിജ്ഞ ചൊല്ലലും നടക്കും. രണ്ടിന് കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽനിന്നുമുള്ള വിശ്വാസികൾ നിലയ്ക്കൽ പള്ളിയിലെത്തും. മൂന്നിനു മാർത്തോമ്മൻ നസ്രാണി സംഗമ കുടുംബറാലി ആരംഭിക്കും. സഭാ വിശ്വാസികൾ പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുക്കും. നിശ്ചല ദൃശ്യങ്ങളും അണിനിരക്കും.
നാലിന് പുതുപ്പള്ളി പള്ളിയിൽ പൊതുസമ്മേളനം. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷനാകും. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കാതോലിക്കാ മംഗളഗാനത്തെ തുടർന്നു വിശ്വാസികൾ കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലും. മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തും. ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയോസ് എന്നിവരുടെ പ്രഭാഷണവുമുണ്ടാകും.
മാർത്തോമ്മൻ നസ്രാണി സംഗമത്തിനായി പുതുപ്പള്ളി പള്ളിയും പരിസരവും ഒരുങ്ങിയതായി ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുറിയാക്കോസ് പണ്ടാരക്കുന്നേൽ, പുതുപ്പള്ളി പള്ളി വികാരി ഫാ.കുര്യൻ തോമസ് കരിപ്പാൽ എന്നിവർ അറിയിച്ചു.
കാതോലിക്കാദിനം സഭാജീവിതത്തെ വിശുദ്ധീകരിക്കുവാനുള്ള അവസരമായി മാറണം – പരിശുദ്ധ കാതോലിക്കാ ബാവ >>
https://ovsonline.in/articles/789/