OVS - Latest NewsOVS-Kerala News

വന്യ മൃഗ ശല്യം ; പ്രതികരണവുമായി ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ

വന്യ മൃഗ ശല്യത്തിൽ വിമർശനം ഉന്നയിച്ചു ഓർത്തഡോക്സ്‌ സഭ.അധികാരികൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നുവെന്ന് ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഫേസ്ബുക്കിൽ കുറിച്ചു.ഇതേ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പര അഭിനന്ദിച്ചാണ് പ്രതികരണം.

വന്യമൃഗശല്യം മലയോര മേഖലയിലെ ജനങ്ങളെ ഭയാനകമായാണ് ബാധിച്ചിരിക്കുന്നത്. അവരിലേക്ക് ഇറങ്ങിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസും, ശ്രീ. ജോഷി കുര്യനും സംഘവും ഒപ്പിയെടുത്ത വാർത്താ പരമ്പര – ‘ഇരയാകുന്ന ജീവിതം’ ഒരു കണ്ണാടിയാണ്. മലയോര ജനതയുടെ ദുരിത ജീവിതത്തിൻ്റെ നേർച്ചിത്രമാണ് ആ കണ്ണാടിയിൽ തെളിഞ്ഞത്. വന്യമൃഗശല്യത്തെക്കുറിച്ച് ഏഷ്യാനെറ്റ് ജനങ്ങളിലേക്ക് എത്തിച്ച വാർത്തകൾ തുറന്ന മനസോടെ സർക്കാരുകൾ കാണണം. ക്രിയാത്മക വിമർശനങ്ങളെ ഉൾക്കൊള്ളണം.

കാടിനെയും, മനുഷ്യരെയും തമ്മിൽ വേർതിരിക്കണം. നഷ്ടപരിഹാരം കേവലം പ്രതിഷേധങ്ങൾ ശമിപ്പിക്കാൻ വേണ്ടിയാകരുത്. നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങളും, ഉറപ്പും നൽകി മലയോരത്തെ കബളിപ്പിക്കരുത്. കടുവയെയും, പുലിയെയും പേടിച്ച് ക്ലാസ്മുറിക്കുള്ളിൽ തളച്ചിടപ്പെടുന്ന കുരുന്നുകളെയും വാർത്തയിൽ കാണേണ്ടി വന്നു. ആ കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം.

കർഷകരുടെ വിയർപ്പിൻ്റെ ഫലമാണ് ഇത്രയും നാൾ മലയാളി ഭക്ഷിച്ചത്. അതേ കർഷകരുടെ ചോരയും, പ്രാണനും വീണ മണ്ണിൻ്റെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത്. മാക്കാംകുന്ന് മധ്യതിരുവിതാംകൂർ കൺവൻഷനിൽ പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നു.” അധികാരികൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോകുമ്പോൾ ഈ മണ്ണിൽ അതിജീവിക്കുന്നതിനായി മലയോര ജനതക്ക് സ്വയം പ്രതിരോധിക്കേണ്ടി വന്നാൽ അവരെ കുറ്റം പറയരുത്. വന്യമൃഗങ്ങളെ സംരക്ഷിക്കണം, അതേ പ്രാധാന്യത്തോടെ മനുഷ്യജീവനുകളെയും.

error: Thank you for visiting : www.ovsonline.in