ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി പെരുന്നാൾ ; കമ്മിറ്റികൾ പ്രവർത്തനാരംഭിച്ചു
കോട്ടയം : ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. ഭാരതീയവും തദ്ദേശീയവുമായ അപൂർവ ആചാരാനുഷ്ഠാനങ്ങൾ നിറഞ്ഞതാണ് പുതുപ്പള്ളി പെരുന്നാൾ. സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണദിനങ്ങളായി ആചരിക്കും. 28-ന് കൊടിയേറും. മേയ് ഒന്നിന് കൺവെൻഷൻ തുടങ്ങും. നാലാംതീയതി സാസ്കാരിക സമ്മേളനവും ഓർഡർ ഓഫ് സെയ്ന്റ് ജോർജ് പുരസ്കരം കുര്യാക്കോസ് മാർ ക്ലിമീസിന് സമ്മാനിക്കും. 5 ന് പ്രദക്ഷിണം. 6 ന് പൊന്നിൻകുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും.ഉച്ചയ്ക്ക് 2 നാണ് വിറകീടൽ ചടങ്ങ്.4 മണിക്ക് പന്തീരുനാഴി പുറത്തെടുക്കും.സന്ധ്യ നമസ്കാരത്തിന് ശേഷം പ്രദക്ഷിണം .പൊന്നിൻ കുരിശും അകമ്പടിയായി 101 വെള്ളികുരിശുകളും മുത്തുക്കുടകളും പ്രദക്ഷണത്തിന് അണിനിരക്കും.
പ്രധാന പെരുന്നാൾദിനമായ മേയ് 7ന് വെച്ചൂട്ട് നേർച്ചസദ്യക്കുള്ള അരിയിടൽ,രാവിലെ 8 ന് ഒൻപതിന്മേൽ കുർബ്ബാന , കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്, ഉച്ചയ്ക്കുശേഷം പ്രദക്ഷിണം, അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചവിളമ്പ് എന്നിവയുണ്ട്. മേയ് 25-ന് കൊടിയിറങ്ങും.പരിശുദ്ധ കാതോലിക്കബാവയും അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.