മണര്‍കാട് പള്ളി മാര്‍ത്തോമ്മാക്കാരൻ്റെ ഔദാര്യമല്ല: കോടതി വിധിയാണ്!
മണര്‍കാട് മര്‍ത്തമറിയം പള്ളി, പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസ് 1889-ല്‍ സ്ഥാപിച്ച നവീകരണ സുറിയാനി സഭയ്ക്ക് വിധിച്ചു കിട്ടിയതാണന്നും, എന്നാല്‍ ഇടവകക്കാര്‍ മുഴുവന്‍ യാക്കോബായ വിശ്വാസികളായതിനാല്‍ അവര്‍ വിധി നടത്താന്‍ ശ്രമിക്കാതെ പള്ളി വിശ്വാസികള്‍ക്കു വിട്ടുകൊടുത്തന്നെന്നും കഴിഞ്ഞ ദീവസം – കൃത്യമായി പറഞ്ഞാല്‍ 2018 ഡിസംബര്‍ 20-നു Media One എന്ന ചാനലില്‍ – കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് നി. വ. ദി. ശ്രീ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കല്പിച്ചരുളിച്ചെയ്തു! ഇതുകേട്ടു സെന്റിമെന്റ്‌സ് അടിച്ച കുറേപ്പേര്‍ അതുപോലെ കോടതിയില്‍നിന്നും കൈവശാവകാശ വിധി കിട്ടിയ മലങ്കര സഭ, കോതമംഗലം പിറവം പോലയുള്ള പള്ളികള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് മാര്‍ കൂറിലോസിനൊപ്പം ആവശ്യപ്പെട്ടു. തികച്ചും മനോഹരമായ – ന്യായമായ – നിര്‍ദ്ദേശം.
പക്ഷേ എത്രയും പെരിയ ബഹുമാനപ്പെട്ട ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൌലീത്താ അവര്‍കള്‍ക്കും – തന്നെ ബ്രാഹ്മണ സവര്‍ണ്ണാധിപത്യ പ്രയോഗമായ തിരുമേനി എന്നു വിളിക്കരുതെന്നു അദ്ദേഹം മുമ്പ് ആവശ്യപ്പെട്ടതുകൊണ്ട് അതൊഴിവാക്കി പഴയ മലയാള ഭാഷ ഒന്നു പ്രയോഗിച്ചതാണ് – അതു കേട്ടു രോമാഞ്ചകുഞ്ചുകമണിഞ്ഞ പഴയ നവീകരണ സുറിയാനിക്കാര്‍ക്കും ഇത്തിരി ചരിത്രജ്ഞാനം പകര്‍ന്നുതരാം. ലഭ്യമായ റിക്കാര്‍ഡുകള്‍ പ്രകാരം മണര്‍കാട് മര്‍ത്തമറിയം പള്ളി ഇന്നു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ എന്നു വിളിക്കുന്ന പ്രാരംഭകാലത്തെ നവീകരണ സുറിയാനി സഭയുടെ ഔദാര്യപൂര്‍ണ്ണമായ ദാനമൊന്നുമല്ല. അന്നു യാക്കോബായ ട്രസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് മണര്‍കാട് പള്ളി പൂര്‍ണ്ണ കൈവശം കിട്ടിയത് വ്യക്തമായ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്.
മണര്‍കാടുപള്ളിയില്‍ നവീകരണ സുറിയാനിക്കാര്‍ക്ക് – ഇന്നത്തെ മലങ്കര മാര്‍ത്തോമ്മാ സഭയ്ക്ക് – യാതോരു സംബന്ധവും അവകാശവുമില്ല എന്നതിന് വ്യക്തമായ രണ്ടു രേഖകള്‍ നിലവിലുണ്ട്. 1892 മുതല്‍ 1911 വരെ മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഇടവഴിക്കല്‍ ഇ. എം. പീലിപ്പോസിൻ്റെ പത്രാധിപത്യത്തില്‍ പ്രതിമാസം മലങ്കര സഭയുടെ ഔദ്യോഗിക ജിഹ്വ ആയി പഴയ സെമിനാരിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലങ്കര ഇടവക പത്രിക എന്ന പ്രസിദ്ധീകരണത്തിലെ രണ്ടു വര്‍ത്തകളാണ് ഇവിടെ പ്രതിപാദ്യം.
ഒന്നാമത്തെ വാര്‍ത്ത 1895-ല്‍ മലങ്കര ഇടവക പത്രിക പുസ്തകം 4, 1895-നു 1071 വൃശ്ചികം 30-നു ലക്കം 11-ലാണ്. അന്നത്തെ വാര്‍ത്ത ഇപ്രകാരമണ്:
…സൂചനകള്‍ – മണര്‍ക്കാട്ടുപള്ളി – ഈ പള്ളിയെ സംബന്ധിച്ചു നവീകരണ തലവന്‍ കൊണ്ടുപോയ വ്യവഹാരം തള്ളി ആലപ്പുഴ ജില്ലയില്‍ വിധിച്ചിരിക്കുന്നു… ആലപ്പുഴ ജില്ലയില്‍ എന്നത് വ്യഖ്യാനിക്കാന്‍ നില്‍ക്കേണ്ട. അത് ആലപ്പുഴ ജില്ലാക്കോടതിയാണ്. അന്ന് കോട്ടയത്ത് ജില്ലാക്കോടതി ഇല്ല. അതിനാല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ 1877-ല്‍ സെമിനാരിക്കേസ് ഫയല്‍ ചെയ്തതും ആലപ്പുഴ ജില്ലാക്കോടതിയില്‍ ആണ്.
ഇനി അടുത്ത വാര്‍ത്ത: 1897-ല്‍ മലങ്കര ഇടവക പത്രിക പുസ്തകം 5, 1896-നു 1071 കര്‍ക്കിടകം ലക്കം 7-ലാണ്.
...സൂചനകള്‍ – മണര്‍ക്കാട്ടുപള്ളി – ഈ പള്ളിവക വസ്ത്തുക്കളെ സംബന്ധിച്ചു നവീകരണ കക്ഷിയും മെത്രനും കൂടി സുറിയാനി കക്ഷിഖലുടെയും മെത്രാന്മാരുടെയും മെല്‍ അവര്‍ ബോധിപ്പിച്ച അന്യായം തള്ളി ജില്ലയില്‍ ഉണ്ടായ വിധിമെല്‍ അവര്‍ ഹൈക്കോര്‍ട്ടില്‍ അപ്പീല്‍ ചെയ്തിരുന്നു. ഹൈക്കോര്‍ട്ടുകാര്‍ അപ്പില്‍ തള്ളി ചിലവുകൊടുക്കാന്‍ വിധിച്ചിരിക്കുന്നതായി അറിയുന്നതില്‍ സന്തോഷിക്കുന്നു. ഇനിയും അടങ്ങാതിരിക്കില്ല…
തിരുവിതാംകൂര്‍ ഹൈക്കോടതി വിധിമേല്‍ അന്നൊരു അപ്പീല്‍ മാത്രമേയുള്ളു. തിരുവിതാംകൂര്‍ റോയല്‍ കോടതി. മണര്‍കാടു പള്ളിക്കേസ് റോയല്‍ കോടതിയില്‍ പോയതിനു രേഖയൊന്നുമില്ല. ചുരുക്കത്തില്‍, ലഭ്യമായ രേഖകള്‍ പ്രകാരം മണര്‍കാടുപള്ളി അന്നത്തെ ബാവാകക്ഷിക്ക് വിധിച്ചു കിട്ടിയതും അപ്പീലില്‍ പോലും നവീകരണകക്ഷി പരാജയപ്പെട്ടതുമാണ്.
പക്ഷേ ഇടവക പത്രാധിപര്‍ ആശിച്ചതുപോലെ ഇനിയും അടങ്ങാതിരിക്കില്ല എന്ന മോഹം സഫലമായില്ല. കൊട്ടരക്കര പോലെയുള്ള പള്ളികളില്‍ പ്രയോഗിച്ച സമരിക്കേസ് പോലുള്ള പൊട്ടങ്ങാ വെടികള്‍ മണര്‍കാട്ടും നവീകരണ കക്ഷിക്കാര്‍ പ്രയോഗിച്ചു നോക്കിയതായി സൂചനയുണ്ട്. 1897-ല്‍ മലങ്കര ഇടവക പത്രിക പുസ്തകം 8, 1897-നു 1072 ചിങ്ങം ലക്കം 8-ല്‍ …മണര്‍കാട്ടു പള്ളിവക ജംഗമ സ്വത്തുക്കളെ സംബന്ധിച്ചു സ്ഥലത്തെ മുന്‍സിപ്പു കോടതിയില്‍ ഒരു വ്യവഹാരം ഉണ്ടായിരുന്നതും ബാവാകക്ഷിക്ക് അനുകൂലമായി തീര്‍ച്ചപ്പെട്ടിരിക്കുന്നു… എന്നു കാണുന്നു.
ചുരുക്കത്തില്‍, പയറ്റാവുന്ന എല്ലാ നിയമമുറയും 1897 വരെ പ്രയോഗിച്ച് പരാജയപ്പെട്ടാണ് മണര്‍കാട്ടു പള്ളിയില്‍നിന്നും നവീകരണക്കാര്‍ എന്ന ഇന്നത്തെ മാര്‍ത്തോമ്മാര്‍ പിന്മാറിയത് എന്നു വ്യക്തം. മറിച്ചു തെളിയിക്കണമെങ്കില്‍ തിരുവിതാംകൂര്‍ ഹൈക്കോടതി വിധിക്കു മുകളിലുള്ള വ്യക്തമായ ഒരു കോടതി ഉത്തരവ് ഹാജരാക്കണം.
ചാനല്‍ അന്തി ചര്‍ച്ചകളെ വികാരഭരിതമാക്കാന്‍ ചരിത്രം എഴുന്നള്ളിക്കുമ്പോള്‍ കുറച്ചു ഗൃഹപാഠം ചെയ്തിട്ടു വരുന്നത് നല്ലതാണ്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 30 ഡിസംബര്‍ 2018)