മലങ്കരസഭാക്കേസ് : സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
കോട്ടയം: മലങ്കരസഭാക്കേസിൽ യാക്കോബായ പക്ഷം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 6 പള്ളികൾ യഥാർത്ഥ അവകാശികൾക്ക് വിട്ടു നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. 1934 ലെ മലങ്കര സഭാ ഭരണഘടനയെ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് കോടതി വിധി. മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടവയാണെന്ന 2017 ലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. നിങ്ങൾ കോടതിയലക്ഷ്യം നേരിടുന്നവരാണെന്നാണ് വിഘടിത വിഭാഗത്തോട് സുപ്രീം കോടതി പറഞ്ഞത്. അത്തരക്കാരെ സഹായിക്കുന്ന സർക്കാർ നിലപാട് പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരമോന്നത കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ട സ്ഥിതിക്ക് സർക്കാർ ഇനിയെങ്കിലും സത്യത്തിനൊപ്പം നിൽക്കണം. സർക്കാർ നടത്തിയ അനധികൃത നിയമനം സുപ്രീം കോടതി റദ്ദാക്കി 24 മണിക്കൂർ തികയും മുൻപാണ് അടുത്ത പ്രഹരമെന്നത് മറക്കരുത്. സുപ്രീം കോടതിയുടെ വിധി നടപ്പാകുന്നില്ലെങ്കിൽ പിന്നെ പൗരൻ എവിടേക്ക് പോകുമെന്ന ചോദ്യം പ്രസക്തമാണെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു. 1934ലെ ഭരണഘടന അനുസരിച്ച് സഭയിൽ സമാധാനം ഉണ്ടാകുവാൻ സഹകരിക്കുന്ന എല്ലാവരെയും സർവാത്മനാ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടു അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടെ പ്രതികരണം..!
കോടതി വിധി കുറുക്കുവഴികളിലൂടെ വിഘടിത വിഭാഗത്തെ സഹായിക്കുന്നവർക്കുള്ള താക്കീത് :ഡോ യൂഹാനോൻ മാർ ദിയസ്കോറോസ്
ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി കേട്ടു. കൊക്കിനു വച്ചത് ചക്കിനു കൊണ്ടു; സർക്കാരിനും അവരെ താങ്ങിയവർക്കും – യുഹനോൻ മാർ മിലിത്തിയോസ്
“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ”-ഗീവർഗ്ഗീസ് മാർ യൂലിയൂസ്
ഇന്നത്തെ കോടതിവിധിയും , മാറിയ സാഹചര്യവും ദൈവം നൽകിയ അവസരമായി കാണണം-ഡോ .മാത്യൂസ് മാർ തിമോത്തിയോസ്
മലങ്കര സഭാ വിഷയത്തിൽ 1934 ലെ ഭരണ ഘടനയും, 2017 ലെ ബഹു. സുപ്രീം കോടതി വിധിയും അവസാനവാക്ക് എന്ന് ഊന്നിപ്പറയുന്ന ഒരു വിധിയാണ് ഇന്ന് ബഹു. സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത് . മറുവിഭാഗത്തിലെ മാറിയ സാഹചര്യവും , നിലവിലെ വിധിയും ഉൾക്കൊണ്ട് വ്യവഹാര രഹിത മലങ്കര സഭാ എന്ന ലക്ഷ്യം കൈവരിക്കുവാൻ എല്ലാവരും ഉത്സാഹിക്കണം . ഒരു വിശ്വാസം , ഒരു മാമോദീസ ഒരു അപ്പത്തിന്റെ അംശികൾ എന്നിരിക്കെ ക്രിസ്തിയ സാക്ഷ്യം മറന്ന് പ്രവർത്തിക്കുന്നവർക്ക് മലങ്കര സഭയുടെ മണ്ണിൽ സ്ഥാനം ഇല്ല എന്നതാണ് ഈ വിധിയുടെ സാരാംശം . ‘ ഭിന്നിപ്പിച്ചു ഭരിക്കുക ‘ എന്ന കാലഹരണപ്പെട്ട നയം പിന്തുടർന്ന് വോട്ട് ബാങ്ക് ലക്ഷ്യം വെക്കുന്നവർ ‘ അസ്തിത്വം’ നല്കാൻ ഇറങ്ങിതിരിച്ചതിലെ പൊള്ളത്തരം ബഹു. പരമോന്നത നീതിപീഠം ഇന്ന് തുറന്ന് കാട്ടി . ഇത് വി. മാർത്തോമ്മാ ശ്ളീഹായുടെ പൈതൃകം പേറുന്ന മണ്ണാണ് . മലങ്കര സഭാ മക്കൾ ആ വി. പിതാവിന്റെ പിന്മുറക്കാരാണ് . ഒരു വിദേശ ശക്തിക്കും അതിനെ തച്ചുടക്കുവാൻ കഴിയുകയില്ല. ക്നാനാനായ സഭാ വിഷയത്തിലും ബഹു. കോടതിയുടെ നിരീക്ഷണം നാം കണ്ടതാണ് . ഈ സത്യം നാം തിരിച്ചറിയണം . നിയമബന്ധിതമായ സംവിധാനത്തിന് മാത്രമേ നിലനിൽപ്പൊള്ളു . ഇവിടെ ആരെയും പുറത്താക്കുന്നില്ല . വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ ബഹു. കോടതി വിധി ഉൾകൊണ്ട് ഒന്നായി നമുക്ക് ദൈവത്തെ ആരാധിക്കാം . കലഹവും വാശിയും വെടിഞ്ഞു പുതിയ സാഹചര്യത്തെ ദൈവാത്മാവിൽ നമുക്ക് ഉൾക്കൊള്ളാം .