OVS - ArticlesOVS - Latest News

സംഘർഷമനസ്സുകൾക്ക് സാന്ത്വനം പകർന്ന് ‘വിപാസ്സന’

കോട്ടയം — മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാൽവയ്പായ ‘വിപാസ്സന’ പദ്ധതി ശ്രദ്ധ നേടുന്നു. മാനസിക സംഘർഷം നേരിടുന്നവർക്ക് ദിശാബോധവും സാന്ത്വനവും നൽകുവാൻ സഭകൾക്ക് ഉത്തരവാദിത്തമുണ്ട് എന്ന ചിന്തയിലാണ് ഈ പദ്ധതിയുടെ തുടക്കം.

ആത്മഹത്യാ പ്രതിരോധം, ബോധവൽക്കരണം വൈകാരിക പ്രതിസന്ധി നേരിടുന്നവർക്ക് സ്വാന്തനം, പരീക്ഷയും മറ്റുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കൽ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. വിവധ തരത്തിൽ മനഃ സംഘർഷം അനുഭവിച്ച നൂറുകണക്കിനു പേർക്ക് ‘വിപാസ്സന’ ഇതിനകം തുണയായിക്കഴിഞ്ഞു.

വിപാസ്സന’ : സന്നദ്ധപ്രവർത്തകരുടെ സേവനങ്ങൾ

എല്ലാ ദിവസവും ടെലിഫോൺ ഹെൽപ്പ് ലൈനിൽ സേവനം അനുഷ്ഠിക്കുന്നതിനു പുറമേ ബോധവൽക്കരണ/ പരിശീലന ക്ലാസുകൾ നയിക്കുക, സംഘടിപ്പിക്കുക, കുടുംബ സന്ദർശനങ്ങൾ നടത്തുക എന്നിവയിലും ‘വിപാസ്സന’ യുടെ സന്നദ്ധപ്രവർത്തകർ സജീവമാണ്. ഒരു വർഷത്തിനുള്ളിൽ അമ്പതോളം കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആത്മഹത്യാ പ്രതിരോധം, മാനസികാരോഗ്യ സംരക്ഷണം, മാധ്യമസ്വാധീനം കുടുംബങ്ങളിൽ, വിദ്യാർത്ഥികളുടെ വൈകാരിക പ്രശ്നങ്ങൾ, ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ വൈകാരിക പ്രശ്നങ്ങൾ, ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർത്തൃത്വം, സമഗ്രസൗഖ്യം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്.

കോട്ടയം, കോട്ടയം സെൻട്രൽ, ചെങ്ങന്നൂർ, നിരണം, മാവേലിക്കര, കൊട്ടാരക്കര, പുനലൂർ, തിരുവനന്തപുരം, ഇടുക്കി, കൊല്ലം, തുമ്പമൺ, കൊച്ചി ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളിൽ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ നടത്തി. എം.ജി.ഒ.സി.എസ്.എം., ഐനാംസ്, സെന്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്റർ, മർത്തമറിയം വനിതാസമാജം, സൺഡേ സ്കൂൾ അസോസിയേഷൻ, ഗിരിദീപം സ്കൂള്‍, നവോദയ വിദ്യാലയം, പ്രത്യാശ കൗൺസലിംഗ് സെന്റർ, റസിഡന്റ് അസോസിയേഷനുകൾ, മഹാരാജാസ് കോളജ്, എൻ.എസ്.എസ്. കോ–ഓപ്പറേറ്റീവ് കോളജ്, എൻ.എസ്.എസ്. ട്രെയിനിംഗ് കോളജ്, സ്പെഷ്യൽ സ്കൂളുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചും ക്ലാസുകൾ സംഘടിപ്പിച്ചാണ് ‘വിപാസ്സന’ ശക്തമായി കർമ്മരംഗത്തിറങ്ങിയത്.

ഡോ.സിബി തരകൻ (ഡയറക്ടർ), ഡോ.ജോണ്‍ ഡി. കുന്നത്ത്, ഡോ. വൈ. അന്നമ്മ വർഗീസ്, ഡോ. റോസമ്മ അലക്സ്, ലിസ്സി കുന്നത്ത്, മറിയാമ്മ തരകൻ, ലൗലി രാജൻ, ചാക്കോ തരകൻ, രേഷ്മ എൽസ റെജി, രാജീവ് വടശ്ശേരി, പ്രൊഫ. സൂസൻ തോമസ്, കെ.സി. ജേക്കബ് എന്നിവരാണ് ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇവരോടൊപ്പം മോളി മാത്യു, മിനി കുര്യൻ, ബൈജു ജോസഫ്, പോൾ.പി. തോമസ്, എന്നിവർ ടെലിഫോൺ ഹെൽപ്പ് ലൈനിൽ സേവനം അനുഷ്ഠിക്കുന്നു.

അനുബന്ധ പ്രവർത്തനങ്ങൾ

വൈകാരിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി സഹായിക്കുന്നതായി അറുനൂറ്റിമംഗലം, കുടമാളൂർ, മാങ്ങാനം എന്നിവടങ്ങളിലെ മൂന്ന് സാമൂഹിക സേവനകേന്ദ്രങ്ങളുമായും സന്നദ്ധ പ്രവർത്തകർ സഹകരിക്കുന്നു.

ക്ലാസ്സ്, കുടമാളൂർ

കോട്ടയത്ത് കുടമാളൂരിലുള്ള കാൻസർ ആൻഡ് എയ്ഡ്സ് ഷെൽറ്റർ സൊസൈറ്റി എയ്ഡ്സ്–കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. നൂറിലധികം കുടുംബങ്ങൾ സംഘടനയുടെ ഗുണഭോക്താക്കളായുണ്ട്. പൂർണ്ണമായും സ്ത്രീകൾ നേതൃത്വം നൽകുന്ന ഒരു പ്രസ്ഥാനം എന്ന പ്രത്യേകതയും ഇതിനുണ്ട്. എയ്ഡ്സ് രോഗികൾക്ക് വൈകാരിക സഹായം നൽകുന്നതിന് ‘വിപാസ്സന’യുടെ സന്നദ്ധപ്രവർത്തകർ മാസത്തിലൊരിക്കൽ ഈ സ്ഥാപനം സന്ദർശിച്ചുവരുന്നു.

പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവൻ

മലങ്കര ഓർത്തോഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ ചുമതലയിൽ അറുനൂറ്റിമംഗലത്ത് ഉള്ള ഈ പ്രസ്ഥാനം മനോവൈകല്യമുള്ളവരുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ‘വിപാസ്സന’യുടെ സന്നദ്ധപ്രവർത്തകർ ശാലേം ഭവൻ സന്ദർശിച്ചു. മാവേലിക്കര കേന്ദ്രമാക്കി ഒരു വൈകാരിക സഹായസംഘം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ബാലഗ്രാം മാങ്ങാനം

കോട്ട‌യത്തിനു സമീപം മാങ്ങാനത്ത് പ്രവർത്തിക്കുന്ന ബാലഗ്രാം പാർശ്വവൽകൃത സമൂഹത്തിൽ നിന്നുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കുന്നു. 40 കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു. വിപാസ്സയുടെ സന്നദ്ധപ്രവർത്തകർ ബാലഗ്രാം സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. അവർക്ക് വൈകാരിക സഹായം നൽകുന്നതിന് സന്നദ്ധപ്രവർത്തകർ ഓരോ മാസവും സന്ദർശനം നടത്തുന്നു.

എയ്ഡ്സ് രോഗിക്ക് സഹായം

ശസ്ത്രക്രിയ സമയത്ത് രക്തസ്വീകരണത്തിലൂടെ എച്ച്.ഐ.വി. ബാധിതനായ ഒരു രോഗിക്ക് സാമ്പത്തികസഹായം നൽകി. റാന്നി സ്വദേശിയായ രോഗി വിപാസ്സനയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് പ്രശ്നങ്ങൾ പങ്കുവച്ചു. സഭയുടെ ഐ നാംസ് കോട്ടയം, കോഴഞ്ചേരി യൂണിറ്റുകളിൽ ഇക്കാര്യം ചർച്ച ചെയ്യുകയും വിപാസ്സനയുടെയും ഐ നാംസിന്റെയും സന്നദ്ധപ്രവർത്തകർ റാന്നിയിൽ പോയി രോഗിയുടെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തു. ഐ നാംസ് ഈ കുടുംബത്തെ ഏറ്റെടുത്ത് ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും സാമ്പത്തിക സഹായം നൽകിവരുന്നു.

വിപാസ്സനയുടെ വൈകാരിക സഹായ പ്രവർത്തനങ്ങൾ

  1. വൈകാരിക സഹായ ടെലിഫോൺ ലൈൻ

വൈകാരിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന വ്യക്തികളെ ടെലിഫോൺ ഹെൽപ്പ്‍ലൈനിലൂടെ സമാശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ‘വിപാസ്സന’യുടെ മുഖ്യ ദൗത്യം. ജാതി-മത വ്യത്യാസമില്ലാതെ ഏതു പ്രായത്തിലുള്ളവർക്കും ഹെൽപ്പ്‍ലൈനിലേക്ക് വിളിക്കാം. സാമൂഹിക സേവനരംഗത്തും കൗൺസലിങിലും പരിശീലനം ലഭിച്ചിട്ടുള്ള സന്നദ്ധപ്രവർത്തകരാണ് ടെലിഫോൺ ലൈനിൽ സേവനം അനുഷ്ഠിക്കുന്നത്. വിളിക്കുന്നവർ അവരുടെ പേരും മറ്റും വെളിപ്പെടുത്തണമെന്നില്ല. സന്നദ്ധപ്രവർത്തകരുടെ ക്ഷമാപൂർവ്വവും ആർദ്രവുമായ സമീപനം വൈകാരികമായി പ്രയാസപ്പെടുന്നവർക്ക് സൗഖ്യദായകമാണ്.

  1. മുഖാമുഖ ചർച്ചകൾ

വൈകാരിക പ്രശ്നങ്ങൾ സന്നദ്ധപ്രവർത്തകരുമായി മുഖാമുഖം പങ്കുവയ്ക്കുന്നതിന് സൗകര്യമുണ്ട്. ഹെൽപ്പിലൈനിൽ വിളിച്ച് മുൻകൂട്ടി അറിയിച്ചിട്ടു വരുന്നവർക്ക് എത്രസമയം വേണമെങ്കിലും അവരുടെ പ്രശ്നങ്ങൾ നേരിട്ടു സംസാരിക്കാം. വൈകാരിക പ്രശ്നങ്ങളെ മാത്രമല്ല, അനുദിന ജീവിതത്തിൽ നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളെയും കൂടുതൽ ഉൾക്കാഴ്ചയോടെ സമീപിക്കുന്നതിനും ഉപദേശങ്ങൾ ലഭിക്കുന്നതിനും ഇത്തരം മുഖാമുഖ ചർച്ചകൾ പ്രയോജനപ്പെടും. ഇത്തരം കൂടിക്കാഴ്ചകൾ പ്രൊഫഷണൽ കൗൺസലിങ്ങിന്റെ പരിധിയിൽ വരുന്നില്ല; കൗൺസലിങ്ങിലേക്ക് വ്യക്തിയെ നയിക്കുന്നതിന് ഇത്തരം കൂടിക്കാഴ്ചകൾ പ്രോത്സാഹനം നൽകുന്നു. പ്രൊഫഷണൽ കൗൺസലിംങ് ആവശ്യപ്പെടുന്നവരെ അനുയോജ്യരായ വിദഗ്ദ്ധർ/ സ്ഥാപനങ്ങൾ എന്നിവരുമായി ബന്ധപ്പെടുന്നതിന് ഈ കൂടിക്കാഴ്ചകൾ സഹായിക്കും.

  1. ആത്മഹത്യാ പ്രതിരോധപ്രവർത്തനങ്ങൾ
suicide_speak_reach_0

വ്യക്തിപരം, ജീവശാസ്ത്രപരം, സാമൂഹികം, മനഃശാസ്ത്രപരം തുടങ്ങി നിരവധി ഘടകളുടെ സംയുക്ത സ്വാധീനമാണ് ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആത്മഹത്യയ്ക്ക് മുതിരുന്ന എല്ലാ വ്യക്തികളും മരിക്കാൻ ആഗ്രഹിക്കുന്നവരല്ല. തീവ്രമായ മനോവ്യഥയിൽനിന്ന് രക്ഷനേടുന്നതിന് മറ്റ് യാതൊരു സഹായവും ലഭിക്കുകയില്ല എന്നു തോന്നുമ്പോൾ- മാത്രമാണ് ഒരു വ്യക്തി സ്വയം മരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഉചിത സമയത്ത് അനുയോജ്യമായ വൈകാരികസഹായം ആ വ്യക്തിക്ക് ലഭ്യമാക്കാൻ സാധിച്ചാൽ ആത്മഹത്യകൾ ഒരു പരിധിവരെ തടയാൻ സാധിക്കും.

‘വിപാസ്സന’ യുടെ വൈകാരിക സഹായ ടെലിഫോണ്‍ ലൈൻ ആത്മഹത്യാപ്രതിരോധത്തിന് സഹായകരമാണ്. വൈകാരിക പ്രതിസന്ധിയിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിന് ഹെൽപ്പ് ലൈന്‍നിലൂടെ സാധിക്കും. ആത്മഹത്യകൾ സംഭവിച്ചിട്ടുള്ള കുടുംബങ്ങളിൽ വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് മുൻകരുതലുകൾ എടുക്കുക എന്നതും ‘വിപാസ്സന’ യുടെ ലക്ഷ്യമാണ്. ആത്മഹത്യകൾ സംഭവിച്ച കുടുംബങ്ങളിൽ അത് ഉണ്ടാക്കിയ വേദന ആഴത്തിൽ നിലനിൽക്കുന്നു. ആത്മഹത്യകൾ സംഭവിച്ച കുടുംബങ്ങളിൽ അത് ആവർത്തികപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത് തടയാനുള്ള പ്രവർത്തനങ്ങൾ– കുടുംബസംഗമങ്ങൾ ധ്യാനം കൗൺസലിംഗ്–‘വിപാസ്സന’യുടെ പ്രവർത്തനങ്ങളിൽ ഉണ്ട്.

4 ബോധവൽക്കരണ – പരിശീലന പരിപാടികൾ

കുടുംബജീവിത ശാക്തീകരണവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമാക്കിയുള്ള ബോധവൽക്കരണവും പരിശീലനപരിപാടികളും ‘വിപാസ്സന’ സംഘടിപ്പിക്കുന്നുണ്ട്. സഭയുടെ മാനവ ശാക്തീകരണ വിഭാഗം മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ആഴത്തിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവിധത്തിൽ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും സന്നദ്ധസംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇത് നിർവ്വഹിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ ‘വിപാസ്സന’ എം.ജി.ഒ.സി.എസ്.എം സ്റ്റുഡന്റ് സെന്റർ, സി.എം.എസ് കോളജ് ജംക്ഷൻ, കോട്ടയം– 686001 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

‘വിപാസ്സന’ ഹെൽപ്പ് ലൈൻ നമ്പരുകൾ 

Tel: 0481-2584533

Cell: 7025067695

Email:- vipassana.mohe@gmail.com

Web Site:- http://vipassana-mosc.org/portal/

error: Thank you for visiting : www.ovsonline.in