ലോകരക്ഷകന്‍റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം
ലോകമെമ്പാടും ലോകരക്ഷകന്‍റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്‍റെ മുന്നോടിയായ 25 നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്‍റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി ദൈവപുത്രൻ അവതാരമെടുക്കുന്നു. രാജാധിരാജൻ ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവർ, ഒരു പാവം കന്യകയിൽ നിന്ന് ജഡമെടുക്കുന്നത് കണ്ട് അത്ഭുത സ്തബ്ധരായി നിൽക്കുന്നു. അനേകായിരങ്ങൾ ആഗ്രഹിച്ച ആ മഹാഭാഗ്യം ലഭിച്ചത് എളിമയുടെയും വിനയത്തിന്‍റെയും മകുടോദാഹരണമായ കന്യകയ്ക്ക്. അസംഭവ്യമെന്ന് കരുതിയത് ദൈവഹിതമായാൽ സാധ്യമെന്ന് ലോകത്തോട് വിളിച്ചു പറയുന്ന മഹാസംഭവം. നമുക്കും യൽദോ നോമ്പിനായിഒരുങ്ങാം. അതിനായി നമ്മുടെ ജീവിതത്തെ പാകപെടുത്താം. ആത്മീയ ചൈതന്യം സ്വാംശീകരിക്കാം.
ഡിസംബർ 1 മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെ നാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി ലോകരക്ഷകന്‍റെ വരവ് ലോകമെങ്ങും ആഘോഷിക്കും. തന്‍റെ ഏകജാതനായ പുത്രനെ ലോകത്തിന്‍റെ പാപപരിഹാരത്തിനായി അയച്ച പിതാവാം ദൈവത്തിന്‍റെ സ്നേഹം നാം ഈ വരും ദിവസങ്ങളിൽ അനുഭവിക്കും. പുൽക്കൂട്ടിൽ പിറന്ന് പുത്രനാം ദൈവം എളിമയുടെ മാർഗം നമുക്ക് കാണിച്ചു തന്നു. ദേവാലയത്തിലെ പുൽക്കൂട്ടിലോ, വീട്ടിൽ ഒരുക്കിയിരിക്കുന്ന പുൽക്കൂട്ടിലോ അല്ല യേശു ജനിക്കേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാകുന്ന പുൽക്കൂട്ടിലാണ് അവൻ ജനിക്കേണ്ടത്. ഈ നോമ്പുകാലം വെറും മൽസ്യ– മാംസ വർജനം മാത്രമാകാതെ കൂടുതൽ പ്രാർത്ഥിക്കാനും ഉണ്ണിയേശുവിനു കടന്നു വരാൻ നമ്മുടെ ഹൃദയത്തിൽ പുൽക്കൂട് ഒരുക്കുവാൻ ഈ 25 ദിവസങ്ങളിൽ കഴിയണം. പ്രകാശത്തിന്‍റെയും വിസ്മയത്തിന്‍റെയും ഉത്സവമായ ക്രിസ്തുമസിലേക്കു നാം നടന്നടുക്കുകയാണ്. പാപമായ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുവാൻ വേണ്ടിയാണു ലോകരക്ഷകന്‍റെ ജനനം. രക്ഷകനോട് ചേർന്ന് രക്ഷയുടെ അനുഭവം നമുക്ക് സ്വന്തമാക്കാം. തിരുപിറവിക്കായി മനസിനെയും ശരീരത്തെയും ഒരുപോലെ ഒരുക്കാം. പുൽത്തൊഴുത്തിന്‍റെ എളിമയെ പുൽകിയ പുത്രനാം തമ്പുരാന്‍റെ വിനയം നമ്മിൽ നിറയട്ടെ.
സുനിൽ കെ.ബേബി മാത്തൂർ
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |