OVS - ArticlesOVS - Latest News

കണ്ണുണ്ടായിട്ടും കാണുന്നില്ല, വായുണ്ടായിട്ടും പറയുന്നില്ല.

കോട്ടയത്ത് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള അക്ഷരം മ്യൂസിയം ബഹുമാനപ്പെട്ട മുഖ്യമന്തി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മ്യൂസിയത്തിന്റെ ഉദ്ഘാടനവും ആയി ബന്ധപ്പെട്ട് പത്രങ്ങളിൽ സർക്കാർ നൽകിയ വാർത്തയിൽ “അക്ഷരം ടൂറിസം സർക്ക്യൂറ്റ് ” പ്രസിദ്ധീകരിച്ചിരുന്നു. കോട്ടയത്തെ പ്രധാന സാംസ്കാരിക – ചരിത്ര- പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് അക്ഷരം മ്യൂസിയം സർക്കീറ്റ് എന്നാണ് പറയുന്നത്.

ഇതിന്റെ റൂട്ട് സർക്കാർ നിശ്ചയിച്ച് നൽകിയ വാർത്തയിൽ പറയുന്നത് “രാജ്യത്തെ ആദ്യത്തെ കോളജ് ആയ സി.എം.എസ് കോളജ്, മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ് പ്രസ്സ്, ആദ്യകാല പത്ര സ്ഥാപനമായ ദ്വീപിക ദിനപത്രം, പഹ് ലവി ഭാഷയിലുള്ള ലിഖിതം കൊത്തി വച്ച കുരിശ് ഉള്ള കോട്ടയം വലിയ പള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂർ ദേവീക്ഷേത്രം, ചരിത്ര- സാംസ്കാരിക പ്രാധാന്യമുള്ള വിവിധ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറൽ പെയിൻ്റിങ്ങുകൾ ഉള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാ മസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസുകളിൽ ഒന്നായ മാന്നാനം സെൻ്റ് ജോസഫ് പ്രസ് എന്നിവയാണ് ചേർത്തിരിക്കുന്നത്”

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അംഗങ്ങൾ ഇത് വായിക്കുമ്പോൾ പെട്ടെന്ന് ഇതിൽ പോരായ്മകൾ ഒന്നും തോന്നുകയില്ല. ഓർത്തഡോക്സ് സഭയുടെ ദേവലോകം അരമനയും ചെറിയ പള്ളിയും ഇതിൽ ഉണ്ട്. എന്നാൽ പഴയ സെമിനാരിയെ ആസൂത്രിതമായി ഇതിൽ നിന്നും ഒഴിവാക്കി. സഭയിലെ സ്ഥാനികളും ചരിത്രകാരന്മാരും പണ്ഡിതന്മാരും പി.ആർ.ഒ മാരും ഇത് അറിഞ്ഞതേയില്ല.

ഇതിൽ എന്ത് കാര്യമെന്നാകും ഇവരുടെ ചിന്ത. ഇതിൽ കാര്യമുണ്ട് കോട്ടയത്തെ ചരിത്ര മ്യൂസിയത്തിലെ വിദ്യാഭ്യാസ ചരിത്രം തുടങ്ങുന്നത് സി.എം.എസ് കോളജിൽ നിന്നാണ്. ഇത് തെറ്റാണന്ന് എല്ലാവർക്കും അറിയാം. പക്ഷേ കണേണ്ടവർ കാണാതെയും പറയേണ്ടവർ പറയാതെ ഇരുന്നാൽ ഇതുപോലത്തെ തമസ്കരണം ഇനിയും തുടർന്നോണ്ട് ഇരിക്കും.

ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സെമിനാരിയും തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് പഠന കേന്ദ്രവും അയ കോട്ടയം പഴയ സെമിനാരിയെ ഇതിൽ നിന്നും ഒഴിവാക്കിയത് സഭയുടെ പഴമയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ചരിത്ര രേഖകൾ ദേവലോകത്ത് ഉണ്ടെന്ന് പറയുമ്പോൾ അതിന് പഴമയും പഴക്കവും ഇല്ലന്നേ പുതിയ തലമുറയിലെ വായനക്കാർക്കു തോന്നു. മലങ്കര സഭയെ ഇത്ര വലിയ തോതിൽ അവഗണിച്ച മറ്റ് ഒരു കാര്യവും അടുത്ത കാലത്ത് എങ്ങും ഉണ്ടായിട്ടില്ല.

പഴയ സെമിനാരിയുടെ മുൻ പ്രിൻസിപ്പാൾ ആയിരുന്ന ഫാ. ഡോ ജേക്കബ് കുര്യന്റെ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. “പഴയ സെമിനാരിയെന്ന് അറിയപ്പെടുന്ന കോട്ടയത്തെ പഠിത്തവീടിന് കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലേക്കും കോട്ടയത്തിന്റെ വികസന ചരിത്രത്തിലേക്കും, വഴിതെളിച്ച ഇരുനൂറ് വർഷത്തെ കഥ പറയുവാനുണ്ട്.

ഈ സ്ഥാപന മുത്തശ്ശിയുടെ ചരിത്രത്തിലുറങ്ങുന്ന “അമ്മ” പൊരുൾ അധികമാരും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അകത്തളങ്ങളിൽ ഒതുങ്ങി മക്കളെ പോറ്റുന്ന അമ്മയുടെ ധർമ്മ നിർവ്വഹണം പോലെ “കോട്ടയം കോളജ് ” എന്നും “സിറിയൻ കോളജ് ” എന്നും “സിറിയൻ സെമിനാരി “എന്നും ഒക്കെ അറിയപ്പെട്ട ഈ പഠിത്ത വീടിന് ചില നിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.

തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് പഠന കേന്ദ്രം, ശാസ്ത്ര സാഹിത്യ വിഷയങ്ങൾ പഠിപ്പിച്ച ആദ്യ റസിഡൻഷ്യൽ കോളജ്, ആദ്യ ബഹുഭാഷാ പഠന കേന്ദ്രം, മലയാള ഭാഷയിൽ ആദ്യമായി അച്ചടി നടത്താൻ രൂപപ്പെടുത്തിയ തദ്ദേശീയ അച്ചുകൂടത്തിൻ്റെ സ്ഥാനം, 2250 ഓളം ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ 1824 -ൽ പോലും ഉണ്ടായിരുന്ന തിരുവിതാംകൂറിലെ പ്രധാന ലൈബ്രറി, ദക്ഷിണേന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വൈദിക സെമിനാരി മുതലായ നിയോഗങ്ങൾ ആണ് അവയിൽ ചിലത്.

കേരള നവോത്ഥാന നായകനായി ചരിത്രത്തിൽ അറിയപ്പെടുന്ന ശ്രീ നാരായണ ഗുരു പൊതു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ “പഠിത്തവീട് “അതിന്റെ പ്രവർത്തന പാതയിൽ ആറ് പതിറ്റാണ്ടുകൾ പിന്നിട്ടിരുന്നു. കോട്ടയത്തിന്റെ വികസന ചരിത്രം പിന്നിട്ട നാഴികക്കല്ലുകൾക്ക് ആദ്യ ബിന്ദു സെമിനാരിയാണന്ന് വ്യക്തമാണ്. 1817 -ൽ സി.എം.എസ് മിഷനറിമാരുടെ സഹകരണത്തോടെ സെമിനാരി നാലുകെട്ടിൽ ആരംഭിച്ച കോളജ് ആണ് 1837 ൽ സമീപത്തുള്ള സ്ഥലത്ത് സി.എം.എസ് കോളജ് ആയി മാറിയത്. ബഞ്ചമിൻ ബെയിലി പഠിത്ത വീടിനോട് ചേർന്ന് സ്ഥാപിച്ച അച്ചുകൂടമാണ് പിന്നീട് സി.എം.എസ് പ്രസ്സ് ആയി രൂപമെടുത്തത്.

മധ്യതിരുവിതാംകൂറിൽ 1880-1905 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട 250 -ഓളം പള്ളികളുടെ ഭരണ സിരാകേന്ദ്രം പഴയ സെമിനാരി ആയിരുന്നു. സെമിനാരിയിൽ താമസിച്ച് കൊണ്ട് അവയ്ക്ക് നേതൃത്വം കൊടുത്തത് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമൻ ആയിരുന്നു. അദ്ദേഹമാണ് “നസ്രാണിജാത്യൈക്യ സംഘം “മുഖേന നിധീരിക്കൽ മാണി കത്തനാരുമായി യോജിച്ച് സമഗ്രമായ ഒരു വികസന പദ്ധതി 1880 -ൽ തയ്യാറാക്കിയത്.

അതിനോട് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട സംരംഭങ്ങളാണ് “നസ്രാണി ദ്വീപിക” യും “മലയാള മനോരമ” യും, എം.ഡി സെമിനാരി കാമ്പസും ഉൾപ്പെടെയുള്ളവയെല്ലാം. ചുരുക്കത്തിൽ ഒരു നാടിന്റെ നവോത്ഥാന കഥയാണ് പഴയ സെമിനാരിയുടെ കഥ”

ബഹു. ജേക്കബ് കുര്യൻ അച്ഛൻ എഴുതിയ ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയത്തെ അക്ഷരം മ്യൂസിയം സർക്ക്യൂറ്റിൽ പഴയ സെമിനാരിയെ നിശ്ചയമായും ഉൾപ്പെടുത്തേണ്ടതാണ്. ആസൂത്രിതമായി ചരിത്രത്തെ മാറ്റി എഴുതുന്നതിനാണ് പഴയ സെമിനാരിയെ ഒഴിവാക്കിയത്. ഈ ഒഴിവാക്കലിൽ നിന്ന് സഭാംഗങ്ങളുടെ ചിന്തയെ തിരിച്ച് വിടാനാണ് ദേവലോകം അരമനയെ ഉൾപ്പെടുത്തിയത്. പക്ഷേ മലങ്കര ഓർത്തഡോക്സ് സഭക്ക് നഷ്ടമായത് ഒരു വലീയ ചരിത്രത്തെയാണ്. പാരമ്പര്യത്തെയാണ്. സംസ്കാരത്തെയാണ്.

കഴിഞ്ഞ വർഷം സ്കൂൾ പാഠപുസ്തകത്തിൽ കേരളത്തിലെ നവോത്ഥാന നായകന്മാരുടെ പേരിന്റെ കൂടെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേര് ചേർക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിക്ഷേധം നാം കണ്ടതാണ്. അതിന്റെ അവസാനം അതും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഇതാണ് പറഞ്ഞത് കണ്ണുണ്ടായിട്ടും കാണാത്തവരും വായുണ്ടായിട്ടും പറയാത്തവരും ഉണ്ടെന്ന്.

പടിത്തവീട് പറിച്ചുനട്ടപ്പോള്‍

error: Thank you for visiting : www.ovsonline.in