OVS - ArticlesOVS - Latest NewsOVS-Exclusive News

പടിത്തവീട് പറിച്ചുനട്ടപ്പോള്‍

നസ്രാണിക്കൊരു സ്വഭാവമുണ്ട്. സ്വസമുദായത്തിന്‍റെയും സ്വവംശജരുടേയും നേട്ടങ്ങളെ പാടെ തമസ്‌ക്കരിക്കുക. അങ്ങിനെയാണ് ഇന്ത്യന്‍ മണ്ണില്‍ യൂറോപ്യന്‍ അധിനവേശത്തിനെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായ 1653-ലെ കൂനന്‍കുരിശുസത്യവും, അതിനു നേതൃത്വം നല്‍കിയ മഹാനായ മാര്‍ത്തോമ്മാ ഒന്നാമനും ചരിത്രത്താളുകളില്‍നിന്നും അപ്രത്യക്ഷമായത്. തമസ്‌ക്കരിക്കുക മാത്രമല്ല, മഹത്തായ നസ്രാണി സംഭാവനകളുടെ പിതൃത്വം ഏതെങ്കിലും പരദേശിയ്ക്കു ചാര്‍ത്തിക്കൊടുക്കാനും അവര്‍ക്കു മടിയില്ല. 1806-ല്‍ കായംകുളംകാരന്‍ പീലിപ്പോസു റമ്പാന്‍ പൊരുള്‍തിരിച്ച മലയാള സുവിശേഷം, തഞ്ചാവൂര്‍കാരന്‍ തിമ്മായ്യാ പിള്ള എന്ന ഗുമസ്തന്റെയാണന്ന് നസ്രാണി യാതൊരു ഉളുപ്പുമില്ലാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും! ഈ പരമ്പരയില്‍ അവസാനമായി സാസ്‌കാരിക കേരളത്തിന്‍റെ അഭിമാനമായ കോട്ടയം പഴയ സെമിനാരിയും നസ്രാണി പാരമ്പര്യം അവകാശപ്പെടുന്നവര്‍  ഇപ്പോള്‍ സായിപ്പിന് ഇഷ്ടദാനം നല്‍കിയിരിക്കുന്നു! അതിന് ഹോശാന പാടാന്‍ കേരളത്തിലെ മാദ്ധ്യമ സിണ്ടിക്കേറ്റും!

1813 കുഭം 3-നാണ് ഇന്ന് പടിത്തവീടെന്നും പഴയ സെമിനാരിയെന്നും പ്രശസ്തമായ കോട്ടയത്തു സെമിനാരിക്ക് തറക്കല്ലിടുന്നത്. അത് ആധുനിക സാസ്‌കാരിക കേരളത്തിന്‍റെ ശിലാസ്ഥാപനം കൂടിയായിരുന്നു. ഇന്ന് കേരളത്തിന്‍റെ ഏറ്റവും വലിയ (ഏക) വിപണന വസ്തുവായ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷി (Skilled Labour) ഉല്‍പ്പാദിപ്പിക്കുന്ന വിദ്യാഭ്യാസവിപ്ലവം ആരംഭിച്ചത് കോട്ടയം പ്രവൃത്തിയില്‍ ഗോവിന്ദപുരം കരയില്‍ സ്ഥാപിച്ച പഴയ സെമിനാരിയിലാണ്. ദീര്‍ഘമായ ആ സാമൂഹ്യപ്രക്രിയ ഇവിടെ വിവരിക്കുന്നില്ല. പക്ഷേ 2015 ഉദിച്ചുയര്‍ന്നപ്പോള്‍ ഈ ശ്രീമൂലസ്ഥാനം രണ്ടു പതിറ്റാണ്ടിനുശേഷം മാത്രം സ്ഥാപിക്കപ്പെട്ട കോട്ടയം അണ്ണാന്‍കുന്നിലെ സി.എം.എസ്. കോളേജിനു തുല്യംചാര്‍ത്തുന്ന ചരിത്രാഭാസമാണ് മാദ്ധ്യമങ്ങളില്‍ നിറയുന്നത്!

1979-ല്‍ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ശതാബ്ദി ആഘോഷിച്ചപ്പോള്‍പ്പോലും ഉന്നയിക്കാത്ത ഒന്നാണ് ഈ അവകാശവാദം. … സിറിയന്‍ മെത്രാന്മാരുടെ മാവേലിക്കര സുന്നഹദോസ് 1836-ല്‍ മിഷിനറിമാരുമായി ബന്ധം വിടര്‍ത്തുവാന്‍ തീരുമാനിച്ചതിനേത്തുടര്‍ന്ന് സ്വന്തമായി ഒരു കോളേജ് പണികഴിപ്പിച്ചു പഠിത്തം നടത്തുവാന്‍ മിഷനറിമാര്‍ തീരുമാനിച്ചു … എന്ന സത്യസന്ധമായ പ്രസ്താവന മാത്രമാണ് അന്നുണ്ടായത്. (The Souvenir Committee (Pub.), Diocesan Centenary Souvenir, Kottayam, 1980, p 58)

കോട്ടയം പഴയ സെമിനാരിയും അതിലുടെ കേരളത്തിലുണ്ടായ സാംസ്‌കാരിക വിപ്ലവവും നസ്രാണിയുടെ മാത്രം സംഭാവനയാണന്നത് മനസിലാക്കാന്‍ പടിത്തവീടു മുതല്‍ പഴയ സെമിനാരി വരെയുള്ള നാമപരിണാമപ്രക്രിയ മാത്രം പഠനവിധേയമാക്കിയാല്‍ മതി. 1809-ന് കണ്ടനാട്ടു ചേര്‍ന്ന മലങ്കര പള്ളിയോഗമാണ് അതിന്റെ എട്ടാമത് നിശ്ചയമായി … തെക്കുംവടക്കും രണ്ടു പടുത്തവീട്ടില്‍ ഒരൊ മല്പാന്മാരെ ഇരുന്ന, പൈതങ്ങളെയും ശെമ്മാശന്‍ന്മാരെയും പടിപ്പിയ്ക്കയും, പള്ളികളില്‍നിന്നു വരിയിട്ടഎടുത്ത, അവര്‍ക്കു വെണ്ടുന്നത ആണ്ടുതൊറും കൊടുക്കയും, പട്ടക്കാറര, പള്ളിയ്ക്കടുത്ത ക്രമങ്ങള്‍ ഒക്കെയും തഴക്കി, കുറവുതീര്‍ന്നു, മല്പാന്മാരുടെ എഴുത്ത യജമാനസ്ഥാനത്തെ കൊണ്ടുവന്നകൊടുത്ത, കൂദാശ പ്രവര്‍ത്തികള്‍ക്ക അനുവാദം വാങ്ങിച്ചുകൊള്‍കയും… വേണം എന്നു നിശ്ചയിച്ചത്. (ഡോ. എം. കുര്യന്‍ തോമസ്, പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്‌ക്കാരങ്ങള്‍, കോട്ടയം, 2011, pp 220 – 1) ആരാധനാ പാരമ്പര്യങ്ങളുടെ ഏകീകരണം എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 1806-ല്‍ റവ. ക്ലോഡിയസ് ബുക്കാനന്‍, ജാതിക്കു തലവനായ വലിയ മാര്‍ ദീവന്നാസ്യോസ് എന്ന മാര്‍ത്തോമ്മാ ആറാമനെ സന്ദര്‍ശിച്ചു എന്നതൊഴിച്ചാല്‍ നസ്രണിക്ക് സായിപ്പുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ തീരുമാനം പാശ്ചാത്യ സ്വാധിനം മൂലം ഉണ്ടായതുമല്ല. അത് നസ്രാണിയുടെ സ്വന്തം പുനര്‍നിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായിരുന്നു.

ഇവിടെ ശ്രദ്ധേയമായ വസ്തുത, പടിത്തവീട് എന്ന പദപ്രയോഗം 1809-ലെ കണ്ടനാട് പടിയോലയിലൊഴികെ അക്കലത്ത് മറ്റൊരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതാണ്. തുടര്‍ന്നുള്ള നസ്രാണി രേഖകളില്‍, സെമ്മിനാരി എന്നും ബ്രിട്ടീഷ് രേഖകളില്‍ Seminary എന്നോ Cottayam College എന്നോ മാത്രവുമാണ് പ്രയോഗിച്ചിട്ടുള്ളത്. പടിത്തവീട് എന്നത് നസ്രാണിക്കു മാത്രം സ്വന്തമെന്നാണ് ഇതിനര്‍ത്ഥം. അതിനാല്‍ സായിപ്പിനോ ചോറ്റുവേദക്കാര്‍ക്കോ ഇത് അവകാശപ്പെടാനാവില്ല. അവകാശപ്പെട്ടിരുന്നുമില്ല.

അടുത്തതായി പരിശോധിക്കേണ്ടത് സെമിനാരി വസ്തുവിന്‍റെ  ഉടമസ്ഥാവകാശമാണ്. തിരുവിതാംകൂറിലെ റീജന്റ് ഗൗരി ലക്ഷ്മീഭായി മഹാറാണിയാണ് പഴയ സെമിനാരി വസ്തു ദാനംചെയ്തത് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ ഭൂമിയുടെ കൊല്ലവര്‍ഷം 990-ലെ വലിയ മേലഴുത്ത് യോഗീശ്വരന്‍ രാമന്‍റെ കൈപ്പടയിലുള്ള നിനവ് നമ്പര്‍ 345 … അവുസേപ്പ് റമ്പാന്, നിങ്ങള്‍ ഇവിടെ ഹാജരായി പുത്തന്‍കൂര്‍ നസ്രാണികള്‍ക്ക് വേദം പഠിപ്പിക്കുന്നതിന് സെമിനാരി ഇല്ലന്നും, ഒന്നു പണിയുന്നതിനു സ്ഥലം വേണമെന്നും അപേക്ഷിയ്ക്കുകയാല്‍ അതിലേയ്ക്ക് … 990 കാര്‍ത്തിക 6 മുതല്‍ … പണിയുന്നതിന് അനുഭോഗക്കൊഴുവായി കൊടുത്തിരിക്കുന്നു. … റമ്പാനും പിന്നാലെ വരുന്ന റമ്പാന്മാാരും കൈവശംവെച്ച് അനുഭോഗമായി അനുഭവിച്ചു കൊള്ളേണ്ടതുമാകുന്നു. … (ഇസഡ്. എം. പാറേട്ട്, മലങ്കര നസ്രാണികള്‍, വാല്യം III, കോട്ടയം, 1976, pp 97-8, The Seminary Case Book Vol. III, Case No.III of 1061 in the Royal Court of Final Appeal, Travancore, p 62) എന്നാണ്. ഇതനുസരിച്ച് പുത്തന്‍കൂര്‍ നസ്രാണികള്‍ക്ക് വേദം പഠിപ്പിക്കുന്നതിന് സെമിനാരി സ്ഥാപിക്കുന്നതിനായി പുലിക്കോട്ടില്‍ ഇട്ടുപ്പ് റമ്പാന്‍ അപേക്ഷിച്ചതനുസരിച്ചാണ് തിരുവിതാംകൂര്‍ റീജന്റ് മഹാറാണി സ്ഥലം ദാനംചെയ്യുന്നത്. നിനവു (Annubhogom tenure) പ്രകാരം റമ്പാനും റമ്പാന്‍റെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് ഈ സ്ഥലത്തിന്‍റെ അവകാശം. ഇവിടെ സായിപ്പോ, സായിപ്പിന്‍റെ കൂട്ടവകാശമോ പരാമര്‍ശന വിധേയമാകുന്നില്ല. അതായത്, കോട്ടയത്തു സെമിനാരി പുരയിടം നസ്രാണിയുടേത് മാത്രമാണ്.

ആരോ പറഞ്ഞറിഞ്ഞ് ഏതോ സായ്‌പ്പെഴുതി അതു പകര്‍ത്തിയ മറ്റെ സായ്പ്പിന്‍റെ കൃതിയുടെ പരിഭാഷയേക്കാള്‍ സെമിനാരി സ്ഥാപനത്തേപ്പറ്റിയുള്ള ഏറ്റവും വിശ്വസനീയമായ രേഖ സെമിനാരിയിലെ ആദ്യ വിദ്യാര്‍ത്ഥികളിലൊരാളായ കോട്ടയം ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാരുടെ അപ്രകാശിത ഡയറിയാണ്. ടി. ഡയറിയുടെ 57-8 പുറങ്ങളിലെ സെമിനാരി സ്ഥാപനത്തെപ്പറ്റിയുള്ള പരാമര്‍ശനം താഴെ പറയുംപ്രകാരമാണ്.

… പിന്നത്തേതില്‍, ഇട്ടുപ്പ് റമ്പാന്റെ ശേഖരത്തില്‍ ഉണ്ടായിരുന്ന ചില പള്ളിക്കാറരെക്കൊണ്ടും റമ്പാനെക്കൊണ്ടും പറ്റുചീട്ടിവാങ്ങിച്ചുംകൊണ്ട, 988-മാണ്ടുവരയുള്ള 960 വിരാകന്‍ വട്ടിപ്പണം റമ്പാന്‍റെ പക്കല്‍ കൊടുക്കയും, ആയ്തു ചിലവിട്ടു കൊട്ടയത്തു സെമിനാരി റമ്പാന്‍ പണിയിയ്ക്കുകയുംചെയ്തു. … വട്ടിപ്പണ പലിശയോടൊപ്പം കുന്നംകുളം മുതല്‍ ചാത്തന്നൂര്‍ വരെയുള്ള നസ്രാണി ദേവാലയങ്ങളില്‍നിന്നുള്ള സംഭാവനയും സെമിനാരി നിര്‍മ്മാണത്തിനു പിന്‍ബലമേകി. ഉദാഹരണത്തിനു അന്നത്തെ ചില പള്ളിക്കണക്കുകളില്‍ ആ പള്ളികളില്‍നിന്നും സെമിനാരി നിര്‍മ്മാണത്തിനു നല്‍കിയ തുകയുടെ കൃത്യമായ വിവരണമുണ്ട്. ഇവിടെയും സായിപ്പു ചിത്രത്തിലില്ല.

ഇനി സെമിനാരിയിലെ വിദ്യാരംഭത്തിനും ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാരെ ആശ്രയിക്കാം. സെമിനാരി സ്ഥാപനത്തെപ്പറ്റിയുള്ള ഏക സമകാലിക ദൃക്‌സാക്ഷിവിവരണം എന്നനിലയില്‍ ഇതിന് ശാസ്ത്രീയ ചരിത്രനിര്‍മ്മിതിയില്‍ അതുല്യസ്ഥാനമുണ്ട്.

… രണ്ടാം പുസ്തകം. കൊട്ടയത്തു സെമ്മിനാരി പണിചെയ്യിച്ച വിവരത്തിനും പിന്നെ മദം ഇടപെട്ടുണ്ടായ വിവരത്തിനും കൊട്ടയത്ത എടവഴിക്കല്‍ പീലിപ്പൊസു കത്തനാരു ചുരുക്കത്തില്‍ എഴുതിപൊരുന്ന രണ്ടാം പുസ്തകം.

ഞാനും മറ്റു പെരിയ ചെമ്മാച്ചന്മാരുംകുടെ കൊട്ടയത്തു ചെറിയപള്ളിയില്‍, വെങ്കിടത്തു ചാണ്ടി കത്തനാരുടെയും പുന്നത്ര കുര്യന്‍ കത്തനാരുടെയും കുടെപടിച്ച ചെമ്മാച്ചന്മാരിയിട്ടു പാര്‍ക്കുമ്പോള്‍ സിമ്മനാരിയില്‍ പൊയി പടിയ്ക്കുന്നതിന്ന ഞങ്ങളെ വിട്ടയയ്ക്കുകയും ചെയതു. … (ഇടവഴിക്കല്‍ ഡയറി, MSS 57). സെമിനാരി സ്ഥാപനത്തിനു നസ്രാണികളെ സഹായിച്ച തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റും ദിവാനുമായിരുന്ന കേണല്‍ മണ്‍റോയും പ്രാരംഭത്തില്‍ ഇതൊരു നസ്രാണി സ്ഥാപനം മാത്രമായിരുന്നു എന്നു സാക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ 1816-ലെ കത്തിലുള്ള … … In the meantime, the College proceeds under the present superintendence of the new Bishop, Joseph; and it is my intention to adopt the best measures in my power for placing it in a state of efficiency, and combining its operations with a system of parish schools among the Syrians, which already exists in a certain degree and is susceptible of much improvement. The principal object of the establishment of a College in Travancore was to instruct the Kattanars and officiating priests among the Syrians in a competent knowledge of the Syriac language in which they are at present too generally deficient. … (P. Cherian, The Malabar Syrians and Church Missionary Society, Kottayam, 1935, p 341) എന്ന പരാമര്‍ശനം ഇത് ശരിവയ്ക്കുന്നുന്നു.

സി.എം.എസ് മിഷിനറിമാരുടെ കോട്ടയത്തെ പ്രവര്‍ത്തനാരംഭത്തെക്കുറിച്ച് ഇതുമായി പൊരുത്തപ്പെടുന്ന വിവരണമാണ് സി.എസ്.ഐ. സഭയും നല്‍കുന്നത്. ഇത് … … The C.M.S. Mission of Help to the Jacobite Syrians of Kerala was started in the year 1816, of which the initiative came from Col. Munro, the then British Resident of Travancore. There were two main purposes behind the Mission of Help to the Syrians. First of all, through the work of the C.M.S. Missionaries among the Syrians, to effect the renovation of their Church and to raise them from their degradation. Secondly, the British Resident as well as the missionaries hoped that, “a strong and friendly Christian Community will be a support for the British power in Malabar”. Rev. Thomas Norton was the first missionary who came to Travancore in this connection. He was soon followed by Benjamin Bailey (1816), Joseph Fenn (1818) and Henry Baker (Sr) (1819) who are popularly known as the “Kottayam Trio”. These three concentrated their work among the Syrians, where as the pioneer missionary, Norton focused his work among the outcastes in Alleppey. … എന്നപ്രകാരം സംഗ്രഹിക്കാം (http://www.csimichigan.org/CKD_Chapter1.htm) ഈ വിവരണത്തില്‍ രവ. ബെയ്ലി 1816 – ല്‍ കോട്ടയത്തെത്തി എന്ന് ദ്വനിപ്പിക്കുന്നുണ്ടെങ്കിലും… Rev. Bailey was the second CMS missionary to Tranvancore. He worked in the area of Kottayam. He arrived in Kochi on November 16th, 1816. And on November 19th, he and his family reached Alappuzha and stayed there for 7 months. On 1817 March, he reached Kottayam, where his works were immeasurable. … (http://cmsinkerala.blogspot.in/2012/12/cms-in-india-and-prominent-cms.html) എന്നതാണ് വാസ്തവം.

ഈ വിവരണമനുസരിച്ച് റവ. തോമസ് നോര്‍ട്ടനാണ് സെമിനാരിയിലെത്തുന്ന ആദ്യ ബ്രിട്ടീഷ് മിഷിനറി. രണ്ടാമത്തെ മാര്‍ത്തോമ്മാശ്ലീഹാ! എന്നു സി.എസ്.ഐ. സഭ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആഗമനത്തേയും പ്രവര്‍ത്തനത്തേയും പറ്റി അവര്‍ .… ultimately he came to Kochi on May 8th, 1816 by ship. He worked in Alappuzha, a coastal town, in the Tranvancore region. His works in Alappuzha and the region surrounding is immeasurable, it was due to his efforts the first Anglican church in Kerala was built in Alappuzha. ….. എന്നു മാത്രമാണ് സൂചിപ്പിക്കുന്നത്. ( http://cmsinkerala.blogspot.in/
2012/12/cms-in-india-and-prominent-cms.html). അതിനു വളരെമുമ്പുതന്നെ ആരംഭിച്ച കോട്ടയത്തു സെമിനാരി, സായിപ്പിന്‍റെ സൃഷ്ടിയാകുന്ന മാന്ത്രികവിദ്യ എന്താണ്?

കാലഗണനയിലും പൂര്‍വ്വാപര സംഘടനത്തിലും പൊരുത്തക്കേടുണ്ടെങ്കിലും മലയാള ഭാഷയിലെ ആദ്യ ചരിത്ര ഗ്രന്ഥമായ നിരണം ഗ്രന്ഥവരി സെമിനാരി സ്ഥാപനത്തെ ...990 മാണ്ടു മീനമാസം 9-നു മാര്‍ ദീവന്നാസ്യോസ മെത്രാപൌലീത്തായുമായിട്ടു സ്ഥാനവും ഏറ്റ വള്ളം കരേറി കൊല്ലത്തു ചെന്ന മണ്ട്രോന്‍ സായിപിന്റെ അടുക്കല്‍ പാര്‍ത്ത് സിമനാരി പണിവകെക്കു, നാലു കാലത്തെ പലിശപ്പണവും വാങ്ങിച്ച, കോട്ടയത്തുവന്ന് ഗോവിന്ദപുരം എന്ന പ്രദേശത്തു സിമനാരിക്കു പണിയും തുടങ്ങി … (ഡോ. എം. കുര്യന്‍ തോമസ്, നിരണം ഗ്രന്ഥവരി, കോട്ടയം, 2000, p 121) എന്നു വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ തന്‍റെ നാളാഗമത്തില്‍ കരവട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദീവന്നാസ്യോസും … 3000 പൂവിരാഹന്‍ വല്യ മാര്‍ ദീവന്നാസ്യൊസ മെത്രാപൌലീത്തായോട വാങ്ങിച്ചത, മേല്‍വിവാദിച്ച പലിശവാങ്ങാതെ കിടക്കുമ്പോള്‍, മുന്‍ കാട്ടുമങ്ങാടനൊട റമ്പസുഖം വാങ്ങിച്ച, മര്‍ത്തൊമ്മാ മെത്രാന്‍ ഉരിവപ്പിച്ച, രണ്ടാമത 19 സംവല്‍സരം കഴിഞ്ഞ റമ്പസുഖം ഏറ്റിരിക്കുന്ന യൗസേപ്പ റമ്പാന്‍, മര്‍ത്തൊമ്മാ മെത്രാന്‍റെ ആളായി പലിശ 3360 രുപയും വാങ്ങിച്ച സെമിനാരി പണിയിച്ചിരിക്കുമ്പോള്‍ … എന്നും രേഖപ്പെടുത്തുന്നു. ഇവ രണ്ടും നസ്രാണിക്ക് അവകാശപ്പെട്ട വട്ടിപ്പണപലിശയുടെ കുടിശിക ഇട്ടുപ്പ് റമ്പാന്‍ വാങ്ങി സെമിനാരി പണിയിച്ചു എന്നല്ലാതെ സായിപ്പു പണിയിച്ചതായോ പഠിപ്പിച്ചതായോ പരാമര്‍ശനമില്ല.

മലയാള ഭാഷയില്‍ ആദ്യം പ്രസിദ്ധീകരിച്ച സഭാചരിത്രഗ്രന്ഥമായ മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രവും ഈ പരാമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നുണ്ട്. അതിലെ വിവരണപ്രകാരം … (ഇട്ടൂപ്പ്) റമ്പാന്‍ പഠിത്വവീട പണിയുന്നതിനായി സായ്വിന്റെ കല്പനപ്രകാരം മുതലുംവാങ്ങി കോട്ടയത്തുവന്ന സ്ഥലവും പതിപ്പിച്ചുംകൊണ്ട… 1813-നു കൊല്ലം 989-മാണ്ടു കുംഭമാസം 3-നു കൊട്ടയത്തു സെമിനാരിക്കു കല്ലിട്ടു പണി ആരംഭിയ്ക്കുകയും ചെയ്തു. … റമ്പാന്‍റെ മട്ടപ്രകാരം 990 മീനമാസത്തില്‍ പണികള്‍ മിക്കതും കുറവുതീര്‍ത്തശെഷം അഞ്ഞൂരുനിന്നും കിടങ്ങന്‍ എന്നു പെരുപറയുന്ന മാര്‍ പീലക്‌സീനോസു മെത്രാനെ വരുത്തി സെമ്മനാരിയില്‍ ഇരുത്തി പഠിത്വം തുടങ്ങണമെന്നു വിചാരിച്ചതിനു മര്‍ത്തൊമ്മന്‍ മെത്രാന്‍ വിരോധം പറകയാല്‍ ഇട്ടൂപ്പു റമ്പാന്‍തന്നെ എതാനും ശെമ്മാശന്മാരെ വരുത്തി പഠിത്വം തുടങ്ങി. …(പേജ് 188). പാശ്ചാത്യ പക്ഷപാതി എന്ന് ആരോപിക്കപ്പെടുന്ന പുകിടിയില്‍ ഇട്ടുപ്പ് റൈട്ടര്‍ 1869-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി വ്യക്തമാക്കുന്നത് പ്രധാനമായും നാല് വസ്തുതകളാണ്.

1. മലങ്കര മെത്രാന്‍ കൈപ്പറ്റേണ്ട വട്ടിപ്പണപ്പലിശ കൈപ്പറ്റുവാന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെ കേണല്‍ മണ്‍റോ സഹായിച്ചു.
2. സെമിനാരി പണിതത് റമ്പാന്‍റെ പദ്ധതിയനുസരിച്ചാണ്.
3. സെമിനാരിയില്‍ വിദ്യാഭ്യാസം ആരംഭിച്ചത് 1815-ല്‍ ആണ്.
4. സെമിനാരിയില്‍ ആരംഭിച്ചത് നസ്രാണിയുടെ വൈദിക വിദ്യാഭ്യാസമാണ്.
ഇവിടെയൊന്നും സായിപ്പു കയറിവരുന്നില്ല.

ഇനി സെമിനാരിയില്‍ പ്രവര്‍ത്തിച്ച ആദ്യ ബ്രിട്ടീഷ് മിഷിനറി റവ. തോമസ് നോര്‍ട്ടന്‍റെ പഴയ സെമിനാരിയിലെ സേവനം പരിശോധിക്കാം. മെയ് 8-നാണ് അദ്ദേഹം കൊച്ചിയില്‍ കപ്പലിറങ്ങുന്നത്. അവിടെനിന്നും കൊല്ലത്തെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയില്‍ താമസമുറപ്പിക്കുന്നത്. അതിന് ഒരുവര്‍ഷം മുമ്പുതന്നെ സെമിനരിയില്‍ വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. നോര്‍ട്ടനെ സെമിനാരിയില്‍ അവതരിപ്പിച്ചതിനെപ്പറ്റി ദൃക്‌സാക്ഷിയായ ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാരുടെ വിവരണംതന്നെ ഇവിടെ അവലംബമാക്കാം.

… ഞങ്ങള്‍ അവിടെ പടിച്ചുപാര്‍ക്കുമ്പോള്‍ മെത്രാപ്പൌലീത്താ ചെല്ലുന്നതിന്നു മണ്ട്രോസായ്പ്പിന്റെ എഴുത്തുവന്നു. മെത്രാപ്പൌലീത്തായും പുന്നത്ര കുര്യന്‍ കത്തനാരും വേങ്കിടത്ത ചാണ്ടി കത്തനാരും മെത്രാന്റെ അനന്തിരവന്‍ ഇട്ടൂപ്പു ചെമ്മാശും തെക്കെത്തലയ്ക്കല്‍ കുര്യന്‍ ചെമ്മാശും ഞാനുംകൂടെ കൊല്ലത്തിനുപൊയി സായ്പ്പിനെ കണ്ടാറെ, സിമ്മിനാരിയില്‍ കൂടെപാര്‍ത്ത മെത്രാപ്പൌലീത്തായ്ക്ക വേണ്ടുന്ന സഹായംചെയ്യുന്നതിനായിട്ടു മിസിയൊന്‍, തൊമ്മസ നൊര്‍ട്ടന്‍ പാതിരിയെ വരുത്തിയിട്ടുണ്ടെന്നും അയാളെ സിമ്മനാരിയില്‍ കൂടെപാര്‍പ്പിക്കണമെന്നും പറഞ്ഞാറെ, ഞങ്ങള്‍ രണ്ടു ജാതിയും രണ്ടു വേദക്കാറരും ആകകൊണ്ടു ഒന്നിച്ചു പാര്‍ക്ക കഴിയില്ലന്നു മെത്രാപ്പൌലീത്താ പറയുകയും ചെയ്തു. അതിന്റെ ശെഷം അയാള്‍ ആലപ്പിഴെ പാര്‍ക്കട്ടെന്നും കൂടെക്കൂടെ സെമ്മിനാരിയില്‍ വരുമെന്നും ആവശ്യമുള്ള കാര്യങ്ങള്‍ അയാളോടു പറഞ്ഞാല്‍ നമുക്കെഴുതികൊടുത്തയച്ച നിവൃത്തിച്ചുതരുമെന്നും സായ്പ്പവര്‍കളെ പറകയാല്‍ ആയ്ത കൊള്ളാമെന്നു മെത്രാപ്പൌലീത്താ കല്പിച്ചു. …

ഈ വിവരണങ്ങളെല്ലം വ്യക്തമാക്കുന്ന വസ്തുത, 1813-ല്‍ കല്ലിട്ട്, 1815-ല്‍ അദ്ധ്യയനം ആരംഭിച്ച കോട്ടയത്തു സെമിനാരിയില്‍ ആദ്യ ബ്രിട്ടീഷ് മിഷിനറി റവ. തോമസ് നോര്‍ട്ടന്‍ സന്ദര്‍ശക അദ്ധ്യാപകന്‍ (Visiting Faculty) ആയി മാത്രം കാലുകുത്തുന്നത് 1816-ല്‍. സെമിനാരിയില്‍ താമസിച്ച ആദ്യ മിഷിനറി റവ. ബഞ്ചമിന്‍ ബെയ്‌ലി എത്തുന്നത് 1817 ഉത്തരാര്‍ദ്ധത്തില്‍. എന്നാലും ചിലര്‍ക്ക് കോട്ടയത്തു സെമിനാരി സ്ഥാപിച്ചതും അവിടെ വിദ്യാഭ്യാസം ആരംഭിച്ചതും സായിപ്പ്!

809-ല്‍ കണ്ടനാട് പടിയോലയെ തുടര്‍ന്ന് ആരാധനാക്രമ ഏകീകരണത്തിലും അതിനായി പടിത്തവീടു സ്ഥാപിക്കുന്ന കാര്യത്തിലും ജാതിക്കു തലവനായ മാര്‍ത്തോമ്മാ എട്ടാമന്‍ പുലര്‍ത്തിയ നിസംഗതമൂലം അദ്ദേഹത്തിന്‍റെ കാര്യവിചാരകരായി നിയമിക്കപ്പെട്ടിരുന്ന കായംകുളം പീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടുപ്പ് റമ്പാനും അന്നു നാടുവാഴുന്ന കേണല്‍ മണ്‍റോയെ സമീപിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. സെമിനാരി സ്ഥാപനത്തില്‍ അദ്ദേഹം അതീവ തല്‍പ്പരനായി എന്നതും സത്യം. പക്ഷേ കേണല്‍ മണ്‍റോയ്ക്ക് അതിനു പിമ്പില്‍ വ്യക്തമായ കൊളോണിയല്‍ പദ്ധതി ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

ഒരു പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷ് ഇന്ത്യ എന്ന പരമമായ ലക്ഷ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയായാണ് നസ്രാണികളെ ബ്രിട്ടീഷ് സാമ്രാജ്യം കണ്ടത്. ആരാധനക്രമ ഏകീകരണത്തിന് നസ്രാണി കത്തനാര്‍മാര്‍ക്ക് കേന്ദ്രീകൃതമായ വൈദിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമാണ് പഠിത്തവീടിന്‍റെ സ്ഥാപനത്തിനു പിന്നിലെ ഇട്ടൂപ്പ് റമ്പാന്‍റെ ലക്ഷ്യം. എന്നാല്‍ കേണല്‍ മണ്‍റോയാകട്ടെ, നിര്‍ദ്ദിഷ്ട സെമിനാരിയെ പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷ് ഇന്ത്യയുടെ മൂലകേന്ദ്രമായി വിഭാവനം ചെയ്തു. ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രമായി സെമിനാരിയെ നിലനിര്‍ത്തി, അവിടെ പഠിക്കുവാനായി കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുവാന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് അസംഖ്യം ഗ്രാമീണ സ്‌കൂളുകള്‍ സ്ഥാപിക്കുക. അതുവഴി ബ്രിട്ടീഷ് ഭരണയന്ത്രം തിരിക്കുവാന്‍ ആവശ്യമായ അഭ്യസ്ഥവിദ്യരെ ലഭ്യമാക്കുക. പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് ആവശ്യമായ വൈദികരേയും സുവിശേഷകരേയും സൃഷ്ടിച്ചെടുക്കുക. ആത്യന്തികമായി നസ്രാണി സമൂഹത്തെ തങ്ങള്‍ക്കു വിധേയരാക്കുക. ഇവയായിരുന്നു കേണല്‍ മണ്‍റോയുടെ ലക്ഷ്യങ്ങള്‍. എന്നാല്‍ 1836 വരെ കാത്തിരുന്നിട്ടും, അപ്പോഴുള്ള വൈദികരില്‍ ഭൂരിഭാഗവും സെമിനാരിയില്‍ പഠിച്ചിറങ്ങിയവരായിട്ടും, ഒരൊറ്റ നസ്രാണി ഉപദേശിയെപ്പോലും പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ലഭിച്ചില്ല. പഠിത്തവീടിനെക്കുറിച്ചുള്ള നസ്രാണി താല്‍പ്പര്യം വിജയിച്ചു എന്നതാണ് ഇതിനര്‍ത്ഥം.

ബ്രിട്ടീഷ് മിഷിനറിമാരുടെ നിരാശയുടെ ആഴം 1835 ആരംഭത്തില്‍, മദ്രാസ് കറസ്‌പോണ്ടിംഗ് കമ്മിറ്റി സെക്രട്ടറി റവ. ജെ. ടക്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ … ഈ പതിനെട്ട് വര്‍ഷങ്ങളുടെ അവസാനത്തില്‍ സംഗതികളുടെ നിലയെ ഒന്ന് അവലോകനം ചെയ്യാം. മിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഫലമായി ദൈവത്തിങ്കലേക്ക് ഒരൊറ്റ സുറിയാനി പട്ടക്കാരനോ അയ്‌മേനിയോ, യഥാര്‍ത്ഥമായി തിരിഞ്ഞിട്ടുള്ളതായി അറിയുന്നില്ല. ഒരുത്തരും ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ അന്വേഷണങ്ങളും നടത്തിയിട്ടും ആരെക്കുറിച്ചും ഞാന്‍ കേട്ടില്ല എന്നേ പറയുന്നുള്ളു. മിഷനറിമാരുടെ കീഴില്‍ പഠിച്ച 153 കത്തനാരന്മാരില്‍ ദൈവവചനത്തിന് പ്രത്യക്ഷത്തില്‍ വിരുദ്ധമായ ശുശ്രൂഷകള്‍ എല്ലാ ഞായറാഴ്ചയും നടത്താത്ത ഒരുത്തന്‍ പോലുമില്ല. അത് ഉപേക്ഷിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ സമ്മതമുള്ള ഒരുവനെയും കാണുന്നതിന് എനിക്ക് സാധിച്ചില്ല. ഒരൊറ്റ ദുഷിച്ച ആചാരം പോലും സഭ ഉപേക്ഷിച്ചിട്ടില്ല… എന്ന പരാമര്‍ശനത്തില്‍നിന്നും തികച്ചും വ്യക്തമാണ്.

ഈ സാഹചര്യത്തിലാണ് കല്‍ക്കട്ടായിലെ ആംഗ്ലിക്കന്‍ ബിഷപ്പ് റവ. ഡാനിയേല്‍ വില്‍സണ്‍ കേരളത്തിലെത്തി സെമിനാരിയും ആത്യന്തികമായി മലങ്കരസഭാ ഭരണവും പിടിച്ചെടുക്കാനുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് 1836-ല്‍ മലങ്കര പള്ളിയോഗം മാവേലിക്കര പടിയോലവഴി ബ്രിട്ടീഷ് മിഷിനറിമാരെ പുറത്താക്കി. ഇതിനെത്തുടര്‍ന്ന് കോട്ടയത്തു സെമിനാരിയും വസ്തുക്കളും കൈവശപ്പെടുത്താന്‍ അവര്‍ ചതുരുപായങ്ങളും പയറ്റി. റവ. ജോസഫ് പീറ്റ് എന്ന മിഷിനറി വേദവെളിച്ചം നിറഞ്ഞ്, തികച്ചും ക്രൈസ്തവമായും ശാബത് ലംഘിക്കാതെയും ഓശാന ഞായറാഴ്ച സെമിനാരിയുടെ പൂട്ടു കുത്തിത്തുറന്ന് ചെപ്പേടുകള്‍ അടക്കമുള്ള മുതലുകളും ആധാരങ്ങളും മോഷ്ടിച്ചു. ഇതെല്ലാം വിഫലമായതിനെത്തുടര്‍ന്നാണ് അവര്‍ അണ്ണാന്‍കന്നില്‍ സി.എം.എസ് കോളേജ് എന്ന തങ്ങളുടേതായ സ്ഥാപനം ആരംഭിച്ച് വിദ്യാഭ്യാസ പ്രക്രിയ നടത്തിയത്. അപ്രകാരം സ്ഥാപിച്ച സ്ഥാപനം അന്ന് പുത്തന്‍ സെമിനാരി എന്നറിയപ്പെട്ടു. അതോടെ പൂര്‍വികമായ കോട്ടയത്തു സെമിനാരി പഴയ സെമിനാരിയുമായി.

പടിത്തവീടിന്‍റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ കുറഞ്ഞപക്ഷം ആദ്യകാല സി എം എസ് മിഷനരിമാരായ ബെഞ്ചമിന്‍ ബെയ്‌ലി. ജോസഫ്‌ ഫെന്‍, ഹെന്‍റി ബേക്കര്‍ എന്നിവര്‍ 1822 മാര്‍ച്ച്‌ 13-നുകോട്ടയത്തുനിന്നും ബ്രിട്ടീഷ്‌ റസിഡന്റായ കേണല്‍ ന്യൂവാളിനു അയച്ച കത്തിലെ … The College was begun by the late Metropolitan Mar Dionysius; and continued by the present Metropolitan … and is now in operation under the eye of the Metropolitan, who resides in it as its head. The establishment consists of two Malpans or Syrian Doctors, who besides their lectures in Syriac, officiate daily in the College Chapel; . …എന്ന പരാമര്‍ശനമെങ്കിലും (P. Cheriyan, The Malabar Syrians And the Church Missionary Society; 1816-1840, Kottayam, 1935, p 381) പരിഗണിക്കേണ്ടിയിരുന്നു.

ഇതിനേക്കാള്‍ ഉപരി, നസ്രാണി – സി.എം.എസ്. സ്വത്തു തര്‍ക്കം പരിഹരിക്കാന്‍ നിയോഗിതമായ കൊച്ചി പഞ്ചായത്ത് കോടതിയുടെ 1840 ഏപ്രില്‍ വിധിയില്‍. The land on which the College stands, the College at Cottayam എന്നിവ നസ്രാണികളുടേത് മാത്രം ആണന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി.എം.എസ്. മിഷിനറിമാരോട് പക്ഷപാതിത്വം കാട്ടിയെന്ന് നസ്രാണികള്‍ ഇന്നും ആരോപിക്കുന്ന The Cochin Award എന്ന കൊച്ചി പഞ്ചായത്തു വിധിപോലും സെമിനാരി വസ്തുവിന്റെ അവകാശത്തോടൊപ്പം സെമിനാരിയേപ്പറ്റി …. This building having been erected principally from the intrest of the 3000 Star Pagodas … wich is the undoubted property of the Syrian community, we award that it be made over to the Metran and held in Trust by him … for the exclusive benifit of the Syrian community. …. എന്നു വ്യക്തമാക്കിയിട്ടുണ്ട്. (Seminary Case Book Vol. III. p 225)

ഇതിന്‍റെ പരിണിത ഫലം, ഇട്ടൂപ്പിന്‍റെ വാക്കുകളില്‍, … ഈ തീര്‍പ്പിന്‍പ്രകാരം മിശ്യൊനരി സായ്വന്മാര്‍ അവരുടെ വീതത്തിന വച്ചരിക്കുന്ന മുതല്‍ ജാമ്യം കൊടുത്ത വാങ്ങി അവര്‍ വെറെ സിമ്മനാരിയും പള്ളി മുതലായതും തീര്‍ത്ത ആ തീര്‍പ്പിലെ താല്പര്യംപോലെ സുറിയാനി പൈതങ്ങളെത്തന്ന പഠിപ്പിച്ചുവന്നു … (ഇട്ടൂപ്പ്, p 145)

ഈ വസ്തുതകളെല്ലാം സംഗ്രഹിക്കുമ്പോള്‍, – 1809-ലെ കണ്ടനാടു പടിയോലയിലെ മലങ്കര പള്ളിയോഗത്തിന്‍റെ നിശ്ചയപ്രകാരം, നസ്രാണികളുട മുതല്‍കൊണ്ട് തിരുവിതാംകൂര്‍ മഹാറാണി ദാനം ചെയ്ത സ്ഥലത്ത് പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ സ്ഥാപിച്ച്, അദ്ദേഹത്തിന്റെയും പിന്നീട് മലങ്കര മെത്രാപ്പോലീത്തമാരുടെയും നിയന്ത്രണത്തിലിരുന്ന സ്ഥാപനമാണ് പടിത്തവീട് അഥവാ Cottayam College അഥവാ പഴയ സെമിനാരി. പില്‍ക്കാലത്ത് അവിടെ അദ്ധ്യാപകരായി എത്തിയ സി.എം.എസ്. മിഷിനറിമാര്‍ ആ സ്ഥാപനം കൈവശപ്പെടുത്താന്‍ ശ്രമിച്ചു. അതില്‍ പരാജയപ്പട്ടപ്പോല്‍ അവര്‍ 1840-നു ശേഷം സ്ഥാപിച്ചതാണ് പുത്തന്‍ സെമിനാരി അഥവാ C.M.S. College – എന്നു ചരിത്രദൃഷ്ട്യാ വ്യക്തമാകും.

ചോറ്റുവേദക്കാര്‍ എത്ര കൊട്ടിഘോഷിച്ചാലും മാദ്ധ്യമ സിണ്ടിക്കേറ്റുകള്‍ എത്ര ഹോശാന പാടിയാലും 1813-ല്‍ ശിലാസ്ഥാപനം നടത്തി, 1815-ല്‍ അദ്ധ്യയനം ആരംഭിച്ച പഴയ സെമിനാരിയുടെ പൂര്‍വികത്വമോ, പടിത്തവീടിന്റെ പാരമ്പര്യമോ അതിനു രണ്ടു പതിറ്റാണ്ടിനുശേഷം ആരംഭിച്ച കോട്ടയം സി.എം.എസ്. കോളേജിനു കിട്ടില്ല. നല്ലതെല്ലാം രാജാവിന് എന്ന പഴയ കാഴ്ചപ്പാട് ഇന്ത്യയടെ വികസനമെല്ലാം സായിപ്പിന്‍റെ എന്നാക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിശ്വസിക്കുന്നവരേയും, അതില്‍ ഊറ്റംകൊള്ളുന്നവരേയും ഓര്‍ത്തു പരിതപിക്കാം. അതോടൊപ്പം കടുത്ത പ്രാദേശിക സങ്കുചിതത്വത്തിന്റെ ഫലമായി സ്വന്തം പിതാക്കന്മാരെ തമസ്‌ക്കരിച്ച് പടിത്ത വീട് കൈവിട്ടുപോകുന്ന രീതിയില്‍ ചരിത്രവ്യാഖ്യാനം നടത്തുന്ന ചില നസ്രാണികളേയും.

* കുറിപ്പ് – ഈ ലേഖനത്തില്‍ ചോറ്റുവേദക്കാര്‍ എന്നു വിവക്ഷിച്ചിരിക്കുന്നത് സി.എം.എസ്. മിഷിനറിമാരുടെ പ്രവര്‍ത്തന ഫലമായി ക്രിസ്തുവിശ്വാസം സ്വീകരിച്ച പിന്നോക്ക ജാതികളില്‍ പെട്ടവരെയല്ല.

ഡോ. എം. കുര്യന്‍ തോമസ്
error: Thank you for visiting : www.ovsonline.in