തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 7
13. 1960-കളില്‍ മലങ്കര സഭ, റോമന്‍ കത്തോലിക്കാ സഭയുമായി അടുത്തുകൂടാന്‍ ശ്രമിച്ചെന്നും, പാലാ, 1977-ല്‍ മാത്രം സ്ഥാപിതമായ കാഞ്ഞിരപ്പള്ളി എന്നീ രൂപതകളുടെ ശക്തമായ എതിര്‍പ്പുമൂലം അവരെ അകറ്റി നിര്‍ത്തി എന്നുമാണ് തറയില്‍ പണ്ഡിതരുടെ അടുത്ത കണ്ടെത്തല്‍. മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ കാലം മുതല്‍ മലങ്കരസഭ ഇതര സഭകളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ആരെങ്കിലുമായി അടുത്തുകൂടാന്‍ പ്രത്യേക ശ്രമമൊന്നും ഒരിക്കലും നടത്തിയിട്ടില്ല. തന്നെയുമല്ല 1964 ഡിസംബറില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയ പോപ്പ് പോള്‍ ആറാമന്‍, ഔഗേന്‍ പ്രഥമന്‍ കാതോലിക്കായെ ക്ഷണിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയത് തറയില്‍ പണ്ഡിതര്‍ അറിഞ്ഞു കാണില്ലായിരിക്കും! പോപ്പിനേക്കാള്‍ വലിയ കത്തോലിക്കരുണ്ടോ?
14. 1980-കളുടെ പ്രാരംഭത്തില്‍ കേരളത്തെ ഒരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തിച്ച വിഷയമാണ് നിലയ്ക്കല്‍. ആ വിഷയം ആളിക്കത്തിച്ചത് ആരെന്ന് ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷേ ആ വിഷയം രമ്യമായി പരിഹരിച്ചത് പിന്നീട് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ആയ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ നാടകീയമായ ഇടപെടല്‍ മൂലമാണ് എന്നത് മറുപക്ഷവും ഇന്നും അംഗീകരിക്കുന്ന സത്യമാണ്. ഈ പ്രശ്‌ന പരിഹാരത്തിന് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വസ്തുതയാണ്. മാര്‍ കൂറിലോസിന് മലങ്കര സഭാദ്ധ്യക്ഷനായ മാത്യൂസ് പ്രഥമന്‍ കാതോലിക്കായുടെ ഉറച്ച പിന്തുണയും ഉണ്ടായിരുന്നു. നിലയ്ക്കല്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ രൂപികരിച്ചപ്പോള്‍ മുതല്‍ അതിന്റെ അദ്ധ്യക്ഷന്‍ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ആയിരുന്നു. ആദ്യകാലങ്ങളില്‍ കൗണ്‍സില്‍ സമ്മേളിച്ചിരുന്നത് ദേവലോകം കാതോലിക്കേറ്റ് അരമനയിലായിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
നിലയ്ക്കല്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ രൂപീകരണ കാലം മുതല്‍ അതിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് പൗരസ്ത്യ കാതോലിക്കാ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 1988-ല്‍ മാര്‍ ആന്റണി പടിയറയ്ക്ക് കര്‍ദ്ദിനാള്‍ സ്ഥാനം ലഭിച്ചു എന്ന ന്യായേനെ ചിലര്‍ അതൊന്നു മാറ്റിമറിക്കാന്‍ ശ്രമിച്ചു. വിജയിച്ചില്ലെന്നു മാത്രം.
15. 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ കോട്ടയം ഏലിയാ കത്തീഡ്രലില്‍ എത്തി മാത്യൂസ് പ്രഥമന്‍ കാതോലിക്കായെ സന്ദര്‍ശിച്ചത് അതിനു മുമ്പ് മാത്യൂസ് പ്രഥമന്റെ റോം സന്ദര്‍ശന കാലത്തെ ധാരണയനുസരിച്ചാണ്. ഇരു സഭകളുടേയും പരസ്പര ക്ഷണപ്രകാരമാണ് സന്ദര്‍ശനങ്ങള്‍ ക്രമീകരിച്ചത്. ഞാന്‍ റോമിലെ പാപ്പായാണ്, അങ്ങ് കോട്ടയത്തിന്റെയും എന്നു മാര്‍ ഏലിയാ കത്തീഡ്രലില്‍ വെച്ച് പറഞ്ഞത് ജോണ്‍ പോള്‍ മാര്‍പ്പാപ്പയാണ്. ഇത് പ്രാദേശീക-ദേശീയ മാദ്ധ്യമങ്ങള്‍ മാത്രമല്ല, ലോകപ്രശസ്തമായ നാഷണല്‍ ജോഗ്രാഫിക്ക് മാസിക വരെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതിനു ഉരുളയ്ക്കുപ്പേരി പോലെ മാത്യൂസ് പ്രഥമന്‍ കാതോലിക്ക നല്‍കിയ മറുപടിയും പ്രസിദ്ധമാണ്. ഈ സംബോധനയ്ക്കു പിന്നിലെ പരാജയപ്പെട്ടതും കോട്ടയം ക്‌നാനായ ബിഷപ്പുകൂടി ഉള്‍പ്പെട്ടതുമായ ചായപ്പുനരൈക്യ ശ്രമം പൂര്‍ണ്ണമായും രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
16. പൗലൂസ് ദ്വിതീയന്‍, മാത്യൂസ് ത്രിതീയന്‍ എന്നീ പൗരസ്ത്യ കാതോലിക്കാമാര്‍ പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചത് സഹോദരന്‍ സഹോദരനെ സന്ദര്‍ശിക്കുന്നതും അതേ രീതിയില്‍ സ്വീകരിക്കുന്നതുമായ ഒരു പ്രക്രിയ ആയിരുന്നു. സഹോദരബന്ധത്തില്‍ അവരുടെ സമ്പത്തും പ്രതാപവും പരിഗണിക്കാറില്ല. എത്ര ഉന്നതരോ സമ്പന്നരോ ആയാലും കീഴ്സ്ഥാനികള്‍ക്കും തൊഴിലാളികള്‍ക്കും ഈ പരിഗണന ലഭിക്കില്ല. ക്ലിപ്ത കാലയളവില്‍ മാര്‍പ്പാപ്പായെ മുഖം കാണിക്കേണ്ട നിര്‍ബന്ധിത ചടങ്ങിന് (ad limina) റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ വരാന്തയില്‍ സമയംനോക്കി കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന വരത്ത (Uniate) മെത്രാന്മാര്‍ക്കും അവരുടെ അനുയായികള്‍ക്കും ഇത് മനസിലാകില്ല.
17. റോമിലെ പ. പൗലൂസ് ശ്ലീഹായുടെ കബറിടപ്പള്ളിയില്‍ പൗരസ്ത്യ കാതോലിക്കാ കുര്‍ബാന അര്‍പ്പിച്ചതിലോ അതിനായി ആ പള്ളിയുടെ ഉടമസ്ഥനായ റോമാ പാപ്പായോട് അനുവാദം ചോദിച്ചതിലോ അസ്വഭാവികത ഒന്നും ഇല്ല. അതാണ് മാന്യമായ രീതി. അല്ലാതെ ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ ഏതാനും വര്‍ഷം മുമ്പ് പാതിരാത്രിക്ക് കതകുപൊളിച്ചു കടന്ന് മാനേജരുടെ മുതുകത്തു ചവുട്ടി ചിലര്‍ കാട്ടിക്കൂട്ടിയ കുര്‍ബാന നാടകമല്ല മാതൃക.
18. 2019 സെപ്റ്റംബര്‍ 1-ന് കുറവലിങ്ങാട് നടന്ന നസ്രാണി സംഗമത്തില്‍നിന്നും മലങ്കര സഭ വിട്ടുനിന്നു എന്നത് സത്യമാണ്. അതിനുള്ള കാരണം ആ യോഗത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിലെ സുതാര്യതയില്ലായ്മയാണ്. ഇതു മനസിലാക്കാന്‍ ഈ യോഗം സംബന്ധിച്ചു 2019 മെയ് 1-ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അയച്ച സര്‍ക്കുലര്‍ വായിച്ചാല്‍ മതി. ഒന്നുമാത്രം മനസിലാക്കുക: ചില പാട്രിയാര്‍ക്കല്‍ മോഹങ്ങളുമായി കുറവിലങ്ങാടിനെ മഹത്വവല്‍ക്കരിക്കാന്‍ നടത്തിയ പ്രസ്തുത യോഗത്തില്‍ മലങ്കര സഭ പങ്കെടുക്കാതിരുന്നത് അവരുടെ കടുത്ത മാര്‍ത്തോമ്മന്‍ പൈതൃക അവബോധം കൊണ്ടാണ്.
19. മാര്‍ത്തോമ്മന്‍ പൈതൃക സമ്മേളനത്തിന് കേരളത്തിലെ ഇതര ക്രൈസ്തവ തലവന്‍മാരെ എന്തുകൊണ്ട് വിളിച്ചില്ല എന്നതാണ് തറയില്‍ പണ്ഡിതരുടെ ഒരു ചോദ്യം. ഒരു വീട്ടില്‍ ഏതെങ്കിലും ചടങ്ങ് നടക്കുമ്പോള്‍ അവിടെ ആരെ ക്ഷണിക്കണം, ആരെ ക്ഷണിക്കേണ്ട എന്നു തീരുമാനിക്കുന്നത് ആ വീട്ടുകാരാണ്. പുറത്തുനിന്നും ആരും അതില്‍ ഇടപെടേണ്ട.
20. റോമന്‍ കത്തോലിക്കാ സഭയിലെ മാര്‍ത്തോമ്മന്‍ കുരിശ്, ജന അഭിമുഖ കുര്‍ബാന എന്നീ വിവാദ വിഷയങ്ങള്‍ ആളിക്കത്തിച്ചത് മലങ്കരസഭയാണ് എന്നാണ് തറയില്‍ പണ്ഡിതരുടെ അടുത്ത കണ്ടുപിടുത്തം. 1970-കളുടെ അവസാനമാണ് എറണാകുളം അതിരൂപതയിലെ ലത്തീന്‍-പൗരസ്ത്യ പക്ഷക്കാര്‍ തമ്മില്‍ മാര്‍ത്തോമ്മന്‍ അഥവാ പേര്‍ഷ്യന്‍ കുരിശിനെപ്പറ്റി കൊമ്പുകോര്‍ക്കുന്നത്. ഈ വിഷയത്തില്‍ തികഞ്ഞ നിസംഗതയാണ് മലങ്കരസഭ അന്നും ഇന്നും പുലര്‍ത്തുന്നത്. പേര്‍ഷ്യന്‍ കുരിശിനോട് പ്രത്യേക പ്രതിപത്തിയോ വിപ്രതിപത്തിയോ മലങ്കര സഭ വച്ചുപുലര്‍ത്തുന്നില്ല. 1984-ല്‍ ആണ് മലങ്കര മലങ്കരസഭയില്‍ ഒരു പള്ളിക്കുമുകളില്‍ ആദ്യമായി പേര്‍ഷ്യന്‍ കുരിശ് സ്ഥാപിക്കുന്നത്. ഇന്ന് അപൂര്‍വമായി പള്ളികളിലും അള്‍ത്താരകളിലും ഈ മാതൃകയിലുള്ള കുരിശ് ഉപയോഗിക്കുന്നുണ്ട്.
1965-ല്‍ അവസാനിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ആ ദശാബ്ദത്തിന്റെ അന്ത്യത്തിലാണ് റോമന്‍ കത്തോലിക്കാ സഭയില്‍ ജനാഭിമുഖ കുര്‍ബാന നിലവില്‍വന്നത്. മലങ്കരസഭയടക്കം പൗരസ്ത്യ സഭകള്‍ക്കൊന്നിനും വേദശാസ്ത്രപരമായി ഇത് അംഗീകരിക്കാനാവില്ല. സാക്ഷാല്‍ റോമാപാപ്പാ വിചാരിച്ചിട്ടും അവസാനിക്കാത്ത എറണാകുളം അതിരൂപതയിലെ കുര്‍ബാന വിവാദത്തില്‍ മലങ്കര സഭയ്ക്ക് എന്തുകാര്യം?
(തുടരും)
ഡോ. എം. കുര്യന്‍ തോമസ്