തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1
കോട്ടയത്ത് 2024 ഫെബ്രുവരി 25-ന് നടന്ന മാര്‍ത്തോമ്മന്‍ പൈതൃക സംഗമം പലരെയും വിറളി പിടിപ്പിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നും തല്ലുകൊള്ളുവാന്‍ വിധിക്കപ്പെട്ടവര്‍ എന്നു വിദേശ അടിമത്വത്തില്‍ ഇന്നും അഭിരമിക്കുന്ന ചില ക്രൈസ്തവ സഭാ വിഭാഗങ്ങളും, അസ്തമിച്ചുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും വിശേഷിപ്പിക്കുകയും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന മലങ്കര നസ്രാണികള്‍ എന്ന മാര്‍ത്തോമ്മായുടെ ഗാത്രം കോട്ടയത്ത് ഒഴുകിയെത്തി തങ്ങളുടെ ജാതിക്കു തലവനും ഇന്ത്യയൊക്കയുടേയും വാതിലും പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ വാണരുളുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ബാവായോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തത് മുകളില്‍ പറഞ്ഞവര്‍ക്ക് ഞെട്ടലുണ്ടാക്കി എന്നത് സത്യം. പ്രത്യേകിച്ചും പാഴിരുളിന്‍ സേനാ വിഭാഗങ്ങളായ ഈ ക്ഷുദ്ര രാഷ്ട്രീയ-മത സംഘങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍.
മാര്‍ത്തോമ്മന്‍ പൈതൃക സംഗമം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അതിനെതിരെയുള്ള ജല്പനങ്ങള്‍ സ്വാഭാവികമായും പുത്തന്‍കുരിശു സൈബര്‍ സഖാക്കള്‍ നവമാദ്ധ്യമങ്ങളില്‍ ആരംഭിച്ചു. അതിഗംഭീരമായി സംഗമം നടന്നുകഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും വിമര്‍ശിക്കാനില്ലാത്തതിനാലാവണം നാക്കു ചൊറിച്ചില്‍ സഹിക്കാനാവാതെ ഒരു പുതിയ അവതാരത്തെ എഴുന്നള്ളിച്ചത്. സെബാസ്റ്റ്യന്‍ ടി. തറയില്‍! അദ്ദേഹം ചങ്ങനാശ്ശേരി എസ്. ബി. കോളേജ് പ്രൊഫസറാണെന്നു ചിലര്‍ സൈബറിടത്തില്‍ വിശേഷിപ്പിച്ചു കണ്ടു. ഏതായാലും അദ്ദേഹത്തിന്റേതായി പ്രചരിക്കുന്ന ഫെയ്‌സ് ബുക്ക് കുറിപ്പിന് ശതാബ്ദി പിന്നിട്ട എസ്. ബി. കോളേജിലെ ഒരു അദ്ധ്യാപകനുണ്ടാകേണ്ട ഏറ്റവും താഴ്ന്ന നിലവാരം പോലുമില്ല. ചിലരുടെ വര്‍ത്തമാനകാല വാഴക്കുല പ്രബന്ധങ്ങള്‍ പോലെ മാത്രം.
സെബാസ്റ്റ്യന്‍ ടി. തറയില്‍ എന്ന ഒരു മാന്യദേഹം ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. കൈകള്‍ ഏശാവിന്റേത്, ശബ്ദം യാക്കോബിന്റേത് എന്നു വിചാരിച്ചാലും തെറ്റില്ല. മാര്‍ത്തോമ്മ മാര്‍ഗ്ഗം (Marthoma Margam) എന്ന ഫേസ്ബുക്ക് പേജില്‍ 2024 ഫെബ്രുവരി 27-നാണ് ഇത് പ്രത്യക്ഷപ്പെട്ടത്.
ഒരു ഫെയ്‌സ് ബുക്ക് മറുപടിക്കുപോലും യോഗ്യത ഇല്ലാത്തതാണ് മാ.രാ.രാ. സെബാസ്റ്റ്യന്‍ ടി. തറയില്‍ അവര്‍കളുടെ കായിതം. പക്ഷേ ഏതു നുണയും പലകുറി ആവര്‍ത്തിച്ചാല്‍ സത്യമായി കണക്കാക്കപ്പെടും എന്ന ഗീബത്സിയന്‍ തന്ത്രം അറിയാവുന്നവര്‍ ഇത് ദിനംപ്രതി ഷെയര്‍ചെയ്ത് പ്രചരിപ്പിക്കുമ്പോള്‍ പൊതുസമൂഹത്തിനു ഉണ്ടാകാവുന്ന സംശയങ്ങള്‍ക്ക് സ്വല്‍പ്പം വിശദമായ മറുപടി കൊടുക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നലാണ് ഈ കുറിപ്പിന്റെ പിന്നിലെ ചേതോവികാരം.
ആദ്യമായി സെബാസ്റ്റ്യന്‍ തറയിലിനു സഭകളെക്കുറിച്ചും അവയുടെ നാമങ്ങളെക്കുറിച്ചുമുള്ള അജ്ഞത പരിശോധിക്കാം. കോട്ടയത്ത് മാര്‍ത്തോമ്മന്‍ പൈതൃക സംഗമം നടത്തിയത് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയാണ്. എല്ലാ ഔദ്യോഗിക രേഖകളിലും അപ്രകാരമാണ് പരാമര്‍ശനം. സഭ ഉപയോഗിക്കുന്നതും അപ്രകാരമാണ്. മലങ്കര എന്നത് കേരളത്തിന്റെ മലബാര്‍ എന്ന സംജ്ഞയുടെ പൂര്‍ണ്ണ മലയാള രൂപമാണ്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകളിലും മലങ്കര എന്നാണ് പരാമര്‍ശനം. ഇന്ന് മലങ്കര എന്ന പദം അജ്ഞാതമായ വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ ദേശീയ വ്യക്തിത്വം പ്രകടമാക്കാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്ന് തികച്ചും അനൗദ്യോഗികമായി അടുത്തകാലത്ത് പ്രതിപാദിക്കാറുണ്ട് എന്നുമാത്രം.
അടുത്തത് പുത്തന്‍കൂര്‍ – പഴയകൂര്‍ പ്രയോഗങ്ങളാണ്. കൂര്‍ എന്ന പഴയ മലയാള പദത്തിന് അധികാരസ്ഥാനം എന്നാണര്‍ത്ഥം. ഇതിന് എറ്റവും നല്ല ഉദാഹരണമാണ് തെക്കുംകൂര്‍ – വടക്കുംകൂര്‍. 1653-ല്‍ തോമ്മാ അര്‍ക്കദിയാക്കോനെ മാര്‍ത്തോമ്മാ ഒന്നാമന്‍ എന്ന നാമത്തില്‍ ആദ്യത്തെ തദ്ദേശീയ മെത്രാനായി വാഴിച്ചപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ച ബഹുഭൂരിപക്ഷത്തെ പുതിയ അധികാരസ്ഥാനത്തെ പിന്തുണയ്ക്കുന്നവര്‍ എന്ന നിലയില്‍ പുത്തന്‍കൂറുകാര്‍ എന്നു വിളിച്ചു. 1641 മുതല്‍ ഭരിച്ചുവന്ന അന്നത്തെ റോമന്‍ കത്തോലിക്കാ മെത്രാന്‍ ഫ്രാന്‍സിസ് ഗാര്‍ഷ്യയെ പിന്തുണച്ചവരെ – പാരമ്പര്യപ്രകാരം കേവലം നാനൂറു പേരെ – പഴയകൂറുകാര്‍ എന്നും.
എന്നാല്‍ പുത്തന്‍കൂര്‍ – പഴയകൂര്‍ പ്രയോഗങ്ങള്‍ക്കും ഒരു പരിമിതി ഉണ്ടായിരുന്നു. റോമന്‍ കത്തോലിക്കരില്‍ നസ്രാണികളും നവക്രൈസ്തവരും ഉണ്ടായിരുന്നു. അവരെ വംശീയമായി തിരിച്ചറിയേണ്ടത് സിവില്‍ അധികാരികളുടെ ഭരണപ്രശ്‌നമായി. ഈ സാഹചര്യത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ നസ്രാണികളേയും നവ ക്രൈസ്തവരേയും അവരുടെ ആരാധനാഭാഷയുടെ അടിസ്ഥാനത്തില്‍ യഥാക്രമം സുറിയാനി ക്രിസ്ത്യാനി എന്നും ലത്തീന്‍ ക്രിസ്ത്യാനി എന്നും നാമകരണം നടത്തിയത്. ഇതേത്തുടര്‍ന്ന് നവക്രൈസ്തവര്‍ ഇല്ലാത്ത പുത്തന്‍കൂര്‍ വിഭാഗം അതേപേരില്‍ തുടര്‍ന്നപ്പോള്‍ മറുവിഭാഗം റോമാ-സുറിയാനിക്കാര്‍ എന്നറിയപ്പെട്ടു.
(തുടരും)
ഡോ. എം. കുര്യന്‍ തോമസ്