OVS - ArticlesTrue Faith

വി.മാമോദീസ – ഒരു പഠനം

പഴയ സെമിനാരി അദ്ധ്യാപകന്‍ ഫാ.ഡോ.ബേബി വര്‍ഗ്ഗീസ്  എഴുതുന്നു !

1.1 Ξ  മാമോദീസ എന്നാല്‍ എന്ത് ?

ക്രിസ്തുവിനോട് ചെരുന്നതിനാണ്  മാമോദീസ ഏല്‍ക്കുന്നത്. ”ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. ”(ഗലാത്യര്‍ 3:27)

ക്രിസ്തുവിനോട് ചേരുക എന്നു പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാത്തിലും പങ്കുചേരുന്നതാണ്. ”യേശു ക്രിസ്തുവിനോട്  ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാവുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അവന്‍റെ മരണത്തെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃത്തോടും ഏകീഭവിക്കും ”(റോമന്‍ 6:3-5) പഴയ മനുഷ്യന്‍ മരിക്കുകയും ,ക്രിസ്തുവില്‍ പുതിയ മനുഷ്യന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഇതിനെ പുതിയ നിയമത്തില്‍ വീണ്ടും ജനനം എന്നും വിളിക്കുന്നു. (യോഹ: 3:3-5). നാം ദൈവമക്കളായി വീണ്ടും ജനിക്കുന്നു. അതുവഴി ദൈവരാജ്യത്തിന്‍റെ  പൌരാന്മാരായിത്തീരുന്നു. (ഗലാത്യര്‍ 4:4-7, റോമര്‍ 8:14-17)

1.2 Ξ മാമോദീസ  എന്തിനുവേണ്ടി ?

ക്രിസ്തുവിനോട് ചേരുന്നതിനും അതുവഴി ദൈവമക്കളായി വീണ്ടും ജനിക്കുന്നതിനുമാണ് നാം മാമോദീസ ഏല്‍ക്കുന്നത്.

1.3 Ξ ശിശുസ്നാനം എന്തിന് ?

വിശ്വാസികളുടെ കുഞ്ഞുങ്ങള്‍ ദൈവത്തിനോട് ചേരുന്നതിനും, അതുവഴി ദൈവമക്കളായി തീരുന്നതിനുമാണ് അവരെ ശൈശവപ്രായത്തില്‍ സ്നാനം കഴിപ്പിക്കുന്നത്. മാമോദീസ വഴി അവര്‍ ക്രിസ്തുവിന്‍റെ   ശരീരമായ പരിശുദ്ധ സഭയിലെ അംഗങ്ങളായിത്തീരുന്നു. (എഫെ.5:30, 1കൊരി  12:13)

”ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടയരുത്; സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടെതാണല്ലോ’ ‘(മത്തായി 19:14) എന്ന് ക്രിസ്തുതന്നെ പറയുന്നതിനാല്‍ ശിശുക്കള്‍ക്ക് മാമോദീസ നല്‍കുന്നതിനു താന്‍ വിലക്കുന്നില്ലെന്ന് വ്യക്താമാണ്.

1.4 Ξ മാമോദീസായുടെ മറ്റുപേരുകള്‍ ഏവ ?

‘വീണ്ടും ജനനം ‘(യോഹ: 3:3-5), പുതിയ സൃഷ്ടി (2 കൊരി 5:17), മുദ്ര (സീല്‍ ) (2 കൊരി 1:21-22) (എഫെ 1:14); 4.30; വെളിപാട് 7:3) പരിശുദ്ധാത്മാവിന്‍ നവീകരണം (തീമോത്തിയോസ് : 3:6-7)

1.5 Ξ നടത്തേണ്ടത് എപ്പോള്‍ ?

വി.കുര്‍ബാനയ്ക്ക് മുമ്പ് മാമോദീസ നടത്തുന്ന രീതിയാണ് നാലാം നൂറ്റാണ്ടില്‍ മുതല്‍ സഭയില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് മിക്ക സഭകളിലും, വി.കുര്‍ബാനക്കു ശേഷമാന് മാമോദീസ നടത്തുന്നത്. എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളുടെ ഗൌരവമനുസരിച്ചു മാമോദീസ നല്‍കുവാന്‍ വൈദികന് അനുവാദമുണ്ട്.

2  Ξ ഒരു കുഞ്ഞു ജനിച്ചശേഷം എന്നാണു മാമോദീസ നല്‍കേണ്ടത് ? 

അമ്പത്തിയാറു ദിവസം  കഴിഞ്ഞു മാമോദീസ നല്‍കുന്ന രീതിയാണ് മലങ്കര സഭയില്‍ ദീര്‍ഘകാലമായി നിലവിലുള്ളത്. മാതാവിന്‍റെ  ശരീരാവസ്ഥ, കുഞ്ഞിന്‍റെ  ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ഈ രീതി സ്വീകരിച്ചത്. പുരാതന കനോനുകളില്‍ ഇതേപ്പറ്റി ഏതെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. വിദേശ മലയാളികളുടെ കുഞ്ഞുങ്ങളെ അമ്പത്തിയാറു ദിവസങ്ങള്‍ക്ക് മുമ്പോ ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമോ , മാമോദീസ കഴിപ്പിക്കുന്നത് ഇന്ന് സാധാരണയായി കഴിഞ്ഞിരിക്കുന്നു. യാഹൂദന്മാര്‍ക്കിടയില്‍  പ്രസവത്തിനു ശേഷം ആണ്‍കുഞ്ഞു എങ്കില്‍ നാല്‍പതു ദിവസവും പെണ്‍കുഞ്ഞു എങ്കില്‍   എണ്‍പത് ദിവസവും മാതാവിനെ അശുദ്ധയായി കണക്കാക്കിയിരിക്കുന്നു. ഇതിനു ‘ശുദ്ധീകരണകാലം ‘(ലൂക്കോസ് 2:22) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള ചില ആചാരങ്ങള്‍ മദ്ധ്യ പൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ ഇടയില്‍ ഉണ്ടായിരുന്നു.

3 Ξ മാമോദീസയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഏവ ?

കുഞ്ഞിന്‍റെ മാതാപിതാക്കള്‍, തലതൊടുന്നയാള്‍ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ വരെ കുമ്പസരിച്ചു വി.കുര്‍ബാന അനുഭവിക്കണം. ഒന്ന് മുതല്‍ മൂന്നു ദിവസം വരെ ഉപവസിക്കുന്നതും നല്ലതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇടവക വികാരിയെ കണ്ട് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ് അഭികാമ്യം. വലിയ ഇടവകളില്‍, കഴിയുന്നത്രേ, ഞായറാഴ്ച മാമോദീസ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാതെയിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ധൂപ പ്രാര്‍ത്ഥന, വിവാഹം, പള്ളിക്കമ്മിറ്റി തുടങ്ങി പല കാര്യങ്ങളും വൈദികന് ഞായറാഴ്ചകളില്‍ നടത്തേണ്ടതിനാല്‍ ധൃതിയില്‍ മാമോദീസ നടത്തി, അതിന്‍റെ ഗൌരവവും, അര്‍ത്ഥവും നഷ്ടമാകാതിരിക്കുവാന്‍ ഇത് സഹായിക്കും.

4 Ξ മാമോദീസ നടത്തുവാന്‍ അനുവാദമില്ലാത്ത ദിവസങ്ങള്‍ ഏവ ? എന്തുകൊണ്ട് ?

വലിയനോമ്പില്‍, പാതിനോബിനും ഈസ്റ്ററിനും ഇടയില്‍ മാമോദീസ നടത്താറില്ല. ഈ സമയത്ത് മാമോദീസ മുറി അടച്ചിടുന്ന രീതി ആദിമ സഭയിലുണ്ടായിരിനു. മാമോദീസ, കര്‍ത്താവിന്‍റെ  ഉയര്‍പ്പിലുള്ള പങ്കാളിത്തം ആകയാല്‍ ഉയര്‍പ്പ് പെരുന്നാള്‍, സ്നാനത്തിനു ഏറ്റവും അനുയോജ്യമായ ദിവസമാണെന്ന്   പൊതുവെ ചിന്തിച്ചിരിക്കുന്നു. വിശ്വാസ ബോധനം നടത്തിയിരുന്ന സ്നാനാത്ഥികള്‍ക്ക് സാധാരണ ഉയര്‍പ്പ് പെരുന്നാളിലാണ് മാമോദീസ നല്‍കിയിരിക്കുന്നത്. വലിയ നോമ്പ്  സ്നാനാത്ഥികളുടെ പരിശീലനത്തിന്‍റെ അവസാന ഘട്ടമായിരിന്നു. പാതി നോമ്പ് കഴിഞ്ഞാല്‍ തീവ്രമായ പരിശീലനം നല്‍കിയിരിന്നു. മാമോദീസയ്ക്കുള്ള ഒരുക്കമെന്ന നിലയിലാണ് പാതിനോമ്പും ഈസ്റ്ററിനും ഇടവയില്‍ മാമോദീസ മുറി അടച്ചിട്ടിരിക്കുന്നത്.

5 Ξ   മാമോദീസയില്‍   സ്നാനാത്ഥികള്‍ക്ക്   നല്‍കിവരുന്ന പേരുകള്‍ക്കുള്ള മാനദണ്ഡം എന്താണ് ?

ക്രിസ്തീയ പേരുകള്‍ നല്‍കിവരുന്ന രീതിയാണ് എല്ലാ സഭകളും അവലംബിച്ചിരിക്കുന്നത്. സഹദേന്മാരുടെയും വിശുദ്ധന്മാരുടേയും, ഓര്‍മ്മ ദിവസങ്ങളിലോ, അവരുടെ കബറട ദേവാലയങ്ങളിലോ മാമോദീസ നടത്തുമ്പോള്‍ അവരുടെ പേരുകള്‍ നല്‍കുന്നതും സാധാരണമാണ്. പേര് ‘ഐഡന്റിറ്റിറി’യുടെ സൂചനയാണ്. പുതിയ  ‘ഐഡന്റിറ്റിറി’ സ്നാനം മേല്‍ക്കുന്നയാളിനു ലഭ്യമായിരിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് പേര് നല്‍കുന്നത്. മലങ്കര നസ്രാണികളുടെ ഇടവയില്‍ വല്യപ്പന്‍, വല്യമ്മ എന്നിവരുടെ പേരുകളാണ് സാധാരണ നല്കുന്നത്. തലമുറകളുടെ തുടര്‍ച്ച എന്ന അര്‍ത്ഥം ഇതിനു നല്‍കാവുന്നതാണ്.

6  Ξ തലതൊടുന്ന ആള്‍ ആവിശ്യമുണ്ടോ ? 

പുറജാതിക്കാരനായ ഒരാള്‍ മാമോദീസ ഏല്‍ക്കുവാന്‍ ആഗ്രഹിച്ചാല്‍, ഒരു സഭാംഗം അയാളെ ബിഷപ്പിന്‍റെ  അടുക്കല്‍ കൊണ്ടു വന്നു, സാക്ഷ്യം നല്‍കേണ്ടതുണ്ടായിരിന്നു. അയാള്‍ക്ക് ‘സ്പോണ്‍സര്‍’ എന്നും ‘വഴികാട്ടി’ എന്നും പേരുണ്ടായിരുന്നു. മാമോദീസ ഏല്‍ക്കാനുള്ള ആളിനെ സ്നാനര്‍ത്ഥിയായി സ്വീകാരിച്ചിരുന്നു. അയാളുടെ വിശ്വാസ പരിശീലത്തിനു മേല്‍നോട്ടം വഹിക്കുന്ന ചുമതല മേല്‍പ്പറഞ്ഞ വിശ്വസിക്കായിരിന്നു. ഇതില്‍ നിന്നാണ് തല തൊട്ടപ്പന്‍/അമ്മ (ഗോഡ്ഫാദര്‍,ഗോഡ് മദര്‍) എന്ന സ്ഥാനം ഉണ്ടാവുന്നത്. ശിശുക്കളുടെ കാര്യത്തില്‍ വിശ്വാസ ബോധത്തിന്‍റെ  ഉത്തരവാദിത്തം തലതൊടുന്ന ആള്‍ ഏറ്റെക്കുന്നു. കൂട്ടുകുടുംബം സംവിധാനത്തില്‍ പിതാമഹന്‍, പിതാമഹി എന്നിവരായിരിന്നു കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനകളും വിശ്വാസത്തിന്‍റെ  ആദ്യ പാഠങ്ങളും പഠിപ്പിച്ചിരുന്നത്.

Ξ തലതൊടാനുള്ള അവകാശം ആര്‍ക്ക് ? മറ്റു സഭാംഗങ്ങളെ അനുവദിക്കുമോ

സഭാവിശ്വാസികള്‍ക്കു മാത്രമേ തലതൊടന്‍ അവകാശമുള്ളൂ. അതായത് ഓര്‍ത്തഡോക്സ്‌ സഭയില്‍ വി.കുര്‍ബാന അനുഭവിക്കുവാന്‍ യോഗ്യതയുള്ള ആളിന് മാത്രമേ , കുഞ്ഞിനു തല തൊടന്‍ യോഗ്യതയുള്ളൂ. മറ്റു  സഭാംഗങ്ങളെ തലതൊടന്‍ അനുവദിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പിതാമഹന്‍ മതാമഹന്‍ തുടങ്ങിയവര്‍ ഇതര സഭാംഗങ്ങള്‍ ആണെങ്കില്‍ അവരുടെ പേരുകള്‍ നല്‍കാവുന്നതാണ്. എന്നാല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ കൈകളില്‍ കുഞ്ഞിനെ വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനകളും, പ്രഖ്യാപങ്ങളും നടത്തുന്നയാള്‍ ഓര്‍ത്തഡോക്സ്‌ സഭാംഗമായിരിക്കണം.

8  Ξ മുതിര്‍ന്നവരുടെ മാമോദീസായുടെ തയ്യാറെടുപ്പുകള്‍, നിയമ നടപടികള്‍, നടപടി ക്രമം ഏവ ?

മാമോദീസ സ്വീകരിക്കുന്നവര്‍ കൂറെ ആഴ്ചകള്‍ക്കോ , ദിവസങ്ങള്‍ക്കോ മുമ്പ് വൈദികനെ സമീപിച്ചു തയ്യാറെടുപ്പുകള്‍ ആരംഭിക്കണം. അടിസ്ഥാന സത്യ വിശ്വാസങ്ങളും, പ്രാര്‍ത്ഥനകളും പഠിക്കണം. മാമോദീസക്ക് മുമ്പ് മൂന്നു ദിവസമെങ്കിലും ഉപവസിക്കണം. മാമോദീസക്ക് മുമ്പായി  കുമ്പസാരം നടത്തണം.

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ , താന്‍ പ്രേരണകൂടാതെ സ്വമേധയാ വിശ്വാസം സ്വീകരിക്കുന്നുവന്നു മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതിനല്‍കുന്നതും , അത് നോട്ടറി പബ്ലിളിക്ക് സാക്ഷ്യപ്പെടുതുന്നതും നന്നായിരിക്കും

ഞായറാഴ്ച പരസ്യമായി സ്നാനമേല്‍ക്കുന്നതിന് പ്രയാസമുണ്ടെങ്കില്‍ ഇട ദിവസം വി.കുര്‍ബാന അര്‍പ്പിച്ചു നടത്താവുന്നതാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ മാമോദീസയില്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്, എന്നാല്‍ ആഭരണങ്ങള്‍ മാറ്റി, മുടി അഴിച്ചിട്ടു സ്നാനമേല്‍ക്കുവാന്‍ നിര്‍ദേശിക്കണം. മാമോദീസ തൊട്ടിക്ക് മുകളില്‍ , തല കുനിച്ചു നില്‍കുമ്പോള്‍ തലയില്‍ വെള്ളം കോരി ഒഴിച്ച് സ്നാനം നല്‍കണം, മൂറോന്‍ അഭിഷേകം നെറ്റിയിലും, കൈപത്തിയിലും കുരിശടയാളം വരച്ചു നടത്തേണ്ടതാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകകളുടെ ദേഹത്ത് കാര്‍മ്മികന്‍ അഭിഷേകം ചെയ്യുന്നതിനെ ഡിഡാസ്ക്കാലിയ വിലക്കുന്നുണ്ട്.

സാധാരണ മാമോദീസ തന്നെയാണ് മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കുന്നത്. തലതൊട്ടപ്പന്‍, തല തൊട്ടപ്പമ്മ എന്നിവ ആവിശ്യമാണ്. എന്നാല്‍ ‘സാത്താനെ ഉപേക്ഷിക്കുന്നു’ മിശിഹായെ സ്വീകരിക്കുന്നു’ എന്നീ പ്രഖ്യാപനങ്ങള്‍ സ്നാനനാര്‍ത്ഥി തന്നെ ഏറ്റുപറയണം. തല്‍സമയം, തല തൊട്ടപ്പന്‍ കൈകളില്‍ പിടിക്കേണ്ട ആവിശ്യമില്ല.

Ξ  മൂന്നുതരത്തില്‍ സ്നാനര്‍ത്ഥിയെ മുദ്രയിടുന്നുഎന്തുകൊണ്ട് ? അര്‍ത്ഥം എന്ത് ?

9.1 മൂന്നാമത്തെ മുദ്ര തൈലം കൂടാതെയാണ് നല്‍കുന്നത്. ഒരാളെ സ്നാനാര്‍ത്ഥിയായി സ്വീകരിക്കുമ്പോള്‍ ബിഷപ്പ് തലയില്‍  കൈവച്ച്, നെറ്റിയില്‍ മുദ്രയിട്ടിരിക്കുന്നു. സ്നാനാര്‍ത്ഥിയായി സ്വീകരിക്കുന്നതിന്‍റെ  സൂച്ചനയാണിത്. തുടര്‍ന്ന് പൈശാചിക ശക്തികളില്‍ നിന്നും സ്നാനാര്‍ത്ഥി വിമുക്തനായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. സ്നാനാര്‍ത്ഥി സാത്താനെ ഉപേക്ഷിക്കുകയും , മിശിഹായെ സ്വീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനു സമര്‍പ്പിക്കുമ്പോള്‍, സഭ കുഞ്ഞിനെ സ്വീകരിച്ചു ‘മിശിഹായുടെ മുദ്ര’ നല്‍കി സ്നാനത്തിനായി ഒരുക്കുന്നു എന്ന അര്‍ഥം നല്‍കാവുന്നതാണ്.

9.2 രണ്ടാമത്തെ മുദ്ര സൈത്ത് കൊണ്ട് നെറ്റിയില്‍ നല്‍കുന്നു. മാമോദീസയ്ക്ക് മുമ്പ് പ്രാര്‍ത്ഥിച്ച ഒലിവു എണ്ണ (സൈത്ത്) കൊണ്ടും, മാമോദീസക്കു ശേഷം വി.മൂറോന്‍ തൈലം കൊണ്ട് നെറ്റിയിലും , ദേഹത്തും അഭിഷേകം ചെയ്യുന്ന രീതി അതിപുരാതനമാണ്. സൈത്തുകൊണ്ടു നെറ്റിയില്‍ അഭിഷേകം നല്‍കുന്നത്, ‘മിശിഹായെ സ്വീകരിക്കുന്നു’ എന്ന പ്രഖ്യാപത്തിനും വിശ്വാസ പ്രമാണത്തിനും ശേഷമാണ്. ഇതിന്‍റെ അര്‍ത്ഥത്തെപ്പറ്റി തല്‍സമയത്തുള്ള പ്രാര്‍ത്ഥന യില്‍ സൂചനയുണ്ട്. ‘വീണ്ടും ജനനത്തില്‍ പുത്ര സ്വീകാരത്തിനു അര്‍ഹനായിത്തീരുവാന്‍ വേണ്ടി, സന്തോഷതൈലത്താല്‍, പിതാവിന്‍റെയും, പുത്രന്റെയും ജീവനുള്ള  പരിശുദ്ധ റൂഹായുടെയും നാമത്തില്‍, നിത്യജീവനായി…. മുദ്രകുത്തപ്പെടുന്നു’

മാമോദീസയ്ക്കുള്ള ഒരുക്കമായിട്ടാണ് ഈ അഭിഷേകം നല്കുന്നത്. ”സന്തോഷ തൈലം ”(സങ്കീ 45:7) ക്രിസ്തുവിന്‍റെ അഭിഷേകത്തിന്‍റെ സൂചനയാണ്. സൈത്ത് കൊണ്ടുള്ള അഭിഷേകം വഴി, സ്നാനനാര്‍ത്ഥി സാക്ഷാല്‍ ഒലിവായ് (സൈത്ത്) ക്രിസ്തുവിനോട്‌ ചേര്‍ക്കപ്പെടുന്നു (റോമന്‍ 11:17)

കാതോലിക്കേറ്റിന്‍റെ  കീഴിലെ പാരമ്പര്യം അനുസരിച്ചു മലങ്കരയില്‍ നെറ്റിയില്‍ തൈലം കൊണ്ട് മുദ്രയിടുക മാത്രം ചെയ്യുന്നു. എന്നാല്‍ അന്തിയോഖ്യ സഭയുള്‍പ്പെടെ സൈത്ത് കൊണ്ട് ദേഹം മുഴുവന്‍ അഭിഷേകം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

9.3 മൂന്നാമത്തെ മുദ്ര വി.മൂറോന്‍ കൊണ്ട് നല്‍കുന്നു. തുടര്‍ന്ന് മാമോദീസയേറ്റയാളിന്‍റെ  ശരീരം   മുഴുവനും അഭിഷേകം ചെയ്യുന്നു. മശിഹായുടെ പരിമള വാസനയും സത്യ വിശ്വാസത്തിന്‍റെ അടയാളവും മുദ്രയും, വിശുദ്ധാത്മനല്‍വരത്തിന്‍റെ  പൂര്‍ത്തീകരണവുമായ വി.മൂറോനാല്‍ മുദ്രകുത്തപ്പെടുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് നെറ്റിയില്‍ മുദ്രയിടുന്നത്. യേശു ക്രിസ്തുവിന്‍റെ  അടയാളം നെറ്റിയില്‍ വരയ്ക്കുന്നു. വി.മാമോദീസയില്‍ പരിശുദ്ധത്മാവിനെ പ്രാപിച്ചതിന്‍റെ  അടയാളമാണിത്.

10 Ξ   മാമോദീസയ്ക്കു ശേഷം വെള്ള വസ്ത്രം ധരിക്കുന്നതിന്റെ കാരണം എന്ത് ?

മാമോദീസയില്‍ പ്രാപിച്ച പുതുക്കത്തിന്‍റെയും, പാപമോചനത്തിന്‍റെയും, വിശുദ്ധിയുടെയും അടയാളമാണ് വെള്ള വസ്ത്രം, അന്ധകാരത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ചു ‘പ്രകാശ വസ്ത്രം’ ധരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.

11 Ξ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ മാമോദീസയ്ക്ക് ഉണ്ടെങ്കില്‍ ഏത് ക്രമത്തിലാണ് മാമോദീസ നല്‍കുന്നത്  ?

പ്രായമനുസരിച്ച് ആണ്‍കുട്ടികളെയും തുടര്‍ന്ന് പെണ്‍കുട്ടികളെയും സ്നാനപ്പെടുത്തുന്നു. എല്ലാവര്‍ക്കുമായി ഒരുമിച്ചു വെള്ളം വാഴ്ത്താമെങ്കിലും, വാഴ്ത്തിയ വെള്ളം പാത്രത്തില്‍ പകര്‍ന്നു വെച്ച് , ഓരോ കുട്ടിക്കും പ്രത്യേകം വെള്ളം ഉപയോഗിക്കണം. ഒരു കുട്ടിയെ മാമോദീസമുക്കിയ ശേഷം , ആ വെള്ളം തുറന്നു വിട്ടതിനു ശേഷം , വാഴ്ത്തിയ വെള്ളം മാമോദീസ തൊട്ടിയില്‍ ഒഴിച്ചു അടുത്ത കുട്ടിയെ മുക്കണം.

‘സകലവും ഉചിതമായ ക്രമമായും നടക്കട്ടെ’ (1കൊരിന്ത്യര്‍ 14:39) എന്ന് വി.പൗലോസ്‌ പറയുന്നതുപോലെ പ്രായക്രമം പിന്തുടരേണ്ടതാണ്. വി.കുര്‍ബാന സ്വീകരിക്കുന്നത് പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ ക്രമത്തില്‍ ആണല്ലോ ? ആ മാതൃകയാണ് മാമോദീസയിലും പിന്തുടരുന്നത് .

12 Ξ കുഞ്ഞിനെ എടുത്തു കൊണ്ട് നില്‍ക്കേണ്ടത് തല തൊടുന്ന ആള്‍ തന്നെയാണോ ? എങ്ങനെ പിടിക്കണം ?

തല തൊടുന്ന ആള്‍ കൈകളില്‍ എടുത്തു കൊണ്ട് നില്‍ക്കുന്ന രീതിയാണ് സാധാരണ ഉള്ളത്. എന്നാല്‍ കുഞ്ഞു കരയുന്നുവെങ്കില്‍ അമ്മയോ , മറ്റു സ്ത്രീകളോ എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സാത്താനെ ഉപേക്ഷിക്കുന്നു, മിശിഹായെ സ്വീകരിക്കുന്നു എന്നീ  പ്രഖ്യാപനങ്ങളുടെ  സമയത്ത് , തല തൊടുന്ന ആള്‍ കുഞ്ഞിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് വേണം ഏറ്റുചൊല്ലാന്‍. ഏതാനും മാസങ്ങള്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ വ്യക്തായ വിധത്തില്‍ കൈകളില്‍ എടുത്തു കൊണ്ട് നില്‍ക്കണം. വെള്ളം വാഴ്വിന്‍റെ  സമയത്ത് മാത്രം കുഞ്ഞിന്‍റെ  വസ്ത്രങ്ങള്‍ മാറ്റിയാല്‍ മതിയാവും .

13 Ξ  ഇടവകപ്പള്ളിയല്ലാതെ മറ്റു പള്ളികളില്‍ വച്ച് മാമോദീസ നടത്തുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ?

മാമോദീസ നടക്കുന്ന പള്ളിയിലെ വികാരിയോട് നേരത്തെ സംസാരിച്ചു സമയം, കാര്‍മ്മികന്‍ തുടങ്ങിയ കാര്യങ്ങളില്‍ ധാരണ ഉണ്ടാക്കണം. ഇടവകവികാരി മുഖേന ഇത് ചെയ്യുന്നതാണ്‌ യുക്തം. ഇടവക വികാരിയില്‍ നിന്നും എഴുത്തും വാങ്ങിയിരിക്കണം.

14 Ξ  സാധാരണ മാമോദീസ ക്രമത്തില്‍ നിന്നും ഒഴിവു നല്‍കിയിരിക്കുന്നത് ആര്‍ക്കൊക്കെ ?

സാധാരണ മാമോദീസ ക്രമത്തില്‍ നിന്ന് ഒഴിവു നല്കിയിരിക്കുന്നത് കുഞ്ഞു അതീവ രോഗാവസ്ഥയില്‍ ആണെങ്കില്‍ മാത്രാണ്. വീട്ടിലോ, ആശുപത്രിയിലോ വച്ച് പുതിയ ബേസിനില്‍ വെള്ളം വാഴ്ത്തി മാമോദീസ നല്‍കാവുന്നതാണ്. സന്ദര്‍ഭത്തിന്‍റെ  ഗൌരവം അനുസരിച്ച് ഗീതങ്ങള്‍ പ്രൊമിയോന്‍ – സെദറ എന്നിവ ഒഴിവാക്കാവുന്നതാണ്.

മൂറോന്‍ അഭിഷേകം നല്‍കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, കുഞ്ഞു ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ ദേവാലയത്തില്‍ വെച്ച് , അഭിഷേകവും വി.കുര്‍ബാനയും നല്‍കാവുന്നതാണ്‌. സന്ദര്‍ഭത്തിന്‍റെ  ഗൌരവം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ കാര്‍മ്മികന് അനുവാദമുണ്ട്.

15 Ξ മാമോദീസയില്‍ ഒന്നിലധികം വൈദികര്‍ പങ്കെടുക്കുമ്പോള്‍ ഒരാള്‍ പ്രാരംഭ പ്രാര്‍ത്ഥനകളും മറ്റും നടത്തുകയും അപരന്‍ വെള്ളം വാഴ്ത്തുകയും മറ്റും  ചെയ്യാമോ ?

ഒരിക്കലും പാടില്ല. വി.കുര്‍ബാനയില്‍ ഒരു വൈദികന്‍ തുയോബോ മുതല്‍ അവസാനം വരെയുള്ള കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നതുപോലെ മാമോദീസയില്‍ ഓരോന്നും ക്രമമായി ചെയ്യുക. എന്നാല്‍ ഒന്നിലധികം വൈദികര്‍ ഉണ്ടെങ്കില്‍, നെറ്റിയില്‍ മുദ്ര സൈത്ത് കൊണ്ടുള്ള മുദ്ര എന്നിവ ഓരോരുത്തരായി ചെയ്യാവുന്നതാണ്.

16  Ξ മാമോദീസയില്‍ സൌകര്യാര്‍ത്ഥം വെള്ളം നേരത്തെ വാഴ്ത്തി വച്ച് ഉപയോഗിക്കാമോ ?  

ഇതും അനുവദനീയമല്ല. ആരംഭം മുതലുള്ള ഓരോ കര്‍മ്മങ്ങളും അവയുടെ ക്രമമനുസരിച്ചു ചെയ്യണം. കഴിഞ്ഞ തലമുറയില്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ , അജ്ഞതയും അലംഭാവവും നിമിത്തം സംഭവിച്ചതാണ്.                                                                             

 

error: Thank you for visiting : www.ovsonline.in