OVS - ArticlesTrue Faith

Contemplation On The Book Of Jonah The Prophet- സംഗ്രഹീത മൊഴിമാറ്റം

പഴയനിയമത്തിലെ യോനായുടെ പുസ്തകത്തിന്റെ ഒരു ധ്യാനവായനയാണിത്. ഗ്രന്ഥ കർത്താവ് കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന പോപ്പ് ഷെനൂഡാ മൂന്നാമൻ. ദൈവശാസ്ത്രപരമായ സങ്കീർണ്ണതകളിലേയ്ക്കൊന്നും കടക്കാതെ തികച്ചും അദ്ധ്യാത്മികമായൊരു സമീപനം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. വാദപ്രതിവാദങ്ങൾക്കപ്പുറം മനുഷ്യജീവിതനവീകരണത്തിനാവശ്യമായ പാഠങ്ങൾ തേടുന്ന ഒരന്വേഷണമാണിവിടെ ലക്ഷ്യം. നാൽപതുനോമ്പിന് മുമ്പുള്ള പ്രവേശികപോലെ മൂന്ന് നാളുകൾ അനുതാപത്തിലേയ്ക്ക് നയിക്കുന്നതിന് തിരഞ്ഞെടുത്തിരിക്കുന്ന വേദചരിത്രമാണ് യോനായുടെ പുസ്തകം എന്നത് അതിന്റെ സാംഗത്യവും പ്രസക്തിയും വെളിപ്പെടുത്തുന്നതാണ്. ആറു ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള ധ്യാനമൊഴികൾ നമ്മുടെ അദ്ധ്യാത്മ പുരോഗതിയുടെ അളവുകോലായി മാറുന്നുവെന്നതാണ് വായനാനുഭവം.

I. The problem of the Fleeing Prophet

എല്ലാ പ്രവാചകന്മാരും “നമ്മെപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ തന്നെ” യെന്ന് യാക്കോബിന്റെ പുസ്തകത്തെ (5:17) പുരസ്ക്കരിച്ച് ആദ്യമേ വ്യക്തമാക്കുന്നു. പൗലൂസിന്റെ ഭാഷയിൽ മൺപാത്രങ്ങളിലാണ് നിധി സംഭരിക്കപ്പെട്ടിട്ടുള്ളത് (2 കൊരി 4:7). പിഴവുകളും കുറവുകളും ബലഹീനതകളുമുള്ള മനുഷ്യരിൽ തന്നെയാണ് ദൈവകൃപ നിറഞ്ഞതത്രയും! പ്രവാചകനായ യോനായിലൂടെ പ്രവർത്തിക്കുന്ന ദൈവം നമ്മെയും ധൈര്യപ്പെടുത്തുന്നു. ഇത്രമേൽ ദുർബലനായ പ്രവാചകനെ ഉപയോഗിക്കുന്ന ദൈവം പാപികളായ നമ്മിലും പ്രവൃത്തിക്കുന്നവനാണന്ന് ഓർമ്മപ്പെടുത്തുന്നു. തുടർന്ന് യോനായുടെ യാത്രയിലെ വീഴ്ചകളെ ലേഖകൻ അക്കമിട്ട് പറയുന്നു.
(i) അനുസരണക്കേടും മറുതലിക്കലും:
ദൈവത്തെ അനുസരിക്കാൻ ജനത്തെ പഠിപ്പിക്കേണ്ട പ്രവാചകൻ സ്വയം അനുസരണക്കേട് കാട്ടുന്നു. പാപമില്ലാത്തവനായ തമ്പുരാന് പാപികളായ മനുഷ്യരോടുണ്ടായ കാരുണ്യം വീണുപോയവനായ യോനായ്ക്ക് നിനവേയോട് തോന്നാതിരുന്നത് എത്രയോ കഷ്ടതരമാണ്.
(ii) അഹങ്കാരം: നിനവേയിലേയ്ക്ക് അയാൾ പോകുന്നില്ല. കാരണം കൗതുകകരമാണ്! നിനവേയിലെ ജനം അനുതപിച്ചാൽ കാരുണ്യവാനായ ദൈവം അവരോട് ക്ഷമിക്കും; അതിനാൽ ഞാൻ പറഞ്ഞ വാക്ക് വെറുതെയാകും! എന്റെ വാക്ക് വെറും വാക്കാകും. തന്റെ സ്വന്തബഹുമാനവും കീർത്തിയും പ്രവചന പ്രാഗത്ഭ്യവവുമൊക്കെ നഷ്ടമാകും. ഇങ്ങനെ തികച്ചും സ്വയകേന്ദ്രീകൃതമായ ഒരു വിചാരലോകത്തേക്ക് അയാൾ വല്ലാതെ ചുരുങ്ങുന്നു. പട്ടണത്തിന്റെ രക്ഷയെക്കാളും സ്വന്തമഹിമയാണ് അയാൾ ശ്രദ്ധിച്ചതത്രയും! പുസ്തകത്തിന്റെ അവസാനം വരെയും അതുകാണാം. (4:2).
(iii) അല്പവിശ്വാസവും അബദ്ധ വിചാരവും: അയാൾ ദൈവനിയോഗത്തിൽ നിന്ന് ഒളിച്ചോടുന്നു. സർവ്വവ്യാപിയായ ദൈവത്തിൽ നിന്ന് മറഞ്ഞിരിക്കാമെന്ന് നിരൂപിക്കുന്ന മനുഷ്യൻ വിഡ്ഢിത്തമാണ് കാട്ടുന്നത്. സങ്കീർത്തകൻ പാടുന്ന പോലെ, “ദൈവമേ, നിന്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും? ഈ ബോധ്യമാണ് അയാൾക്ക് നഷ്ടമായത്. പൂർവ്വപിതാവായ ആദം മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കാൻ ശ്രമിച്ചതുപോലെ ഒരു ഭോഷ്ക്കാണ് ഇവിടെയും കാണുക. പണം കൊടുത്താണ് അയാൾ തർശ്ശീസിലേക്ക് പോയത്. നോക്കുക, പാപത്തിന് പണം കൊടുക്കുന്നു. ധനം മാത്രമല്ല നഷ്ടമായത്; ഹൃദയശുദ്ധിയും അയാളിൽ നിന്ന് പൊയ്പ്പോകുന്നു. മറുവശത്ത് കൃപയാകട്ടെ ദാനമായി ലഭിക്കുന്നു. ഇവിടെയാണ് ദൈവീക പ്രവൃത്തിയുടെ ലാവണ്യം ദർശിക്കാനാവുക. ദൈവം യോനായുടെ അനുസരണക്കേടിനെയും ഗുണകരമായി പരിവർത്തിപ്പിക്കുന്നു. എല്ലാത്തിലും നന്മ കാണുന്ന ദൈവീക കാഴ്ചപ്പാട് ഇവിടെയുമുണ്ട്. വിപരീതസാഹചര്യങ്ങളെ അനുകൂലമാക്കിത്തീർക്കുന്നു. എങ്ങനെയെന്നോ? യോനായുടെ ഈ അപഥ സഞ്ചാരം നിനുവയരുടെയും കപ്പൽ ജോലിക്കാരുടെയും രക്ഷയ്ക്ക് നിദാനമാകുന്നു. ഭോക്താവിൽ നിന്ന് ഭോജനവും മല്ലനിൽ നിന്ന് മധുരവും (ന്യായാ 14:14) എന്ന കടംകഥപോലെ നാം ജീവിതത്തിൽ നേരിടേണ്ടിവരുന്ന എല്ലാ പരീക്ഷണങ്ങളിലും ഒരു നന്മയുണ്ടാകുമെന്ന് തിരിച്ചറിയുക; അതിന്റെ സാധ്യതയെ തേടുക. അതാണ് നാം സഞ്ചരിക്കേണ്ട ദൈവീകമായ മാർഗ്ഗം.

അതിസുന്ദരമായൊരു മനനത്തിലേയ്ക്കാണ് ഇനി പ്രവേശിക്കുക! മനനശേഷിയുള്ളവനായ മനുഷ്യനെ ലജ്ജിപ്പിക്കാൻ ദൈവം യുക്തിരഹിതമായ സൃഷ്ടിയെ (irrational creatures) ഉപയോഗിക്കുന്നു. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ശൂന്യനായി പ്രവർത്തിച്ചപ്പോഴാണ് ദൈവം ഇങ്ങനെ ചെയ്യുക. ദൈവം ഒരു കാറ്റിനെ അയയ്ക്കുന്നു. കപ്പലുലയുന്നു. അത് അവരെ പ്രാർത്ഥനയിലേക്ക് നയിക്കുന്നു. അവന്റെ വചനം അനുസരിക്കുന്ന കാറ്റും കൊടുങ്കാറ്റുമെന്ന സങ്കീർത്തനം ഓർക്കുക. ശരിക്കും ജനത്തെ പ്രാർത്ഥനയിലേക്ക് നയിക്കേണ്ട പ്രവാചകൻ ഉറങ്ങുമ്പോൾ അവരെ ഉണർത്താൻ ദൈവം കാറ്റിനെ അയയ്ക്കുന്നു. പുസ്തകത്തിന്റെ അവസാനഭാഗത്ത് പ്രവാചകനെ വീണ്ടുമുണർത്താൻ അത്യുഷ്ണമുള്ളൊരു കിഴക്കൻ കാറ്റും വരുത്തുന്നു. അടുത്തതായി തിമിംഗലമാണ് ദൈവത്തെ അനുസരിക്കുന്നത്. അത് പിന്നീട് ദൈവകല്പനപ്രകാരം യോനായെ വിഴുങ്ങുന്നു; പിന്നെ ഛർദ്ദിക്കുന്നു. തുടർന്ന്, സൂര്യൻ മുതൽ നിസ്സാരനായൊരു പുഴുവും ഒരിളം ചെടിയുമെല്ലാം ദൈവത്തെ അനുസരിക്കുന്നു. The only creature who was not obedient was the rational Jonah who God had granted free will by which he could disobey Him, മനുഷ്യൻ തനിക്ക് ലഭിച്ച സ്വാതന്ത്യവും വിവേകവും ദുരുപയോഗം ചെയ്യുന്നു. നാം സ്വന്തവിവേകത്തിലാണ് ആശ്രയിക്കുന്നത്. സദൃശ്യവാക്യം പറയുന്നു, “പൂർണ്ണ ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തവിവേകത്തിൽ ഊന്നരുത്” (3:5) “ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും. അതിന്റെ അവസാനമോ മരണവഴികൾ അത്രേ!” ( 14:12); (16:25), യോനായൊഴികെ ഈ പുസ്തകത്തിൽ കാണുന്ന എല്ലാ മനുഷ്യരും ദൈവത്തെ അനുസരിക്കുന്നു. ദൈവഹിതം അനുസരിക്കുക എന്നതാണ് സ്വർഗ്ഗീയ ജീവിതാനുഭവം. വലിയ തിമിംഗലം മുതൽ ചെറുപുഴുവരെയും രക്ഷയുടെ ദൈവീക പദ്ധതിയിൽ ഭാഗഭാക്കാകുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ മാത്രം ഒഴിഞ്ഞുമാറുന്നു. കാരണം സ്വന്തവിവേകത്തിലും ചിന്തയിലും വികാരങ്ങളിലും ആശ്രയിച്ചുവെന്നതാണ്. ബുദ്ധി ദൈവീകദാനമാണ്. പക്ഷേ, ചില നേരങ്ങളിൽ നമ്മുടെ ജീവിതത്തിലും ആത്മീയ പുരോഗതിക്കും വിനയത്തിലേക്കുള്ള വളർച്ചയ്ക്കും അത് തടസ്സമാണെങ്കിൽ സൂക്ഷിക്കേണ്ടതാണ്.

II. Gentle Mariners are better than Jonah

തെരഞ്ഞെടുക്കപ്പെട്ട പ്രവാചകനെക്കാളുമധികം നന്മകൾ പ്രദർശിപ്പിക്കുന്ന വിജാതീയരായ കപ്പൽ തൊഴിലാളികളാണ് ധ്യാനവിഷയം. ശിഷ്യന്മാരുടെ നടപടികളിൽ കാണുന്ന വിജാതീയനായ കൊർന്നല്യോസിനെപ്പോലെ ഉദാരമതികളാണിവരും എന്ന് ലേഖകൻ പറയുന്നു. ശരിക്കും യോനാ തന്നേക്കാൾ ഉത്തമരായ മനുഷ്യരെ ഇവിടെ കണ്ടെത്തുന്നുവത്രെ! പ്രവാചകന്റെയും അവരുടെയും വിചാരങ്ങളിൽ മാറ്റമുണ്ടാവാൻ ഈ യാത്ര കാരണമാവുകയാണ്. തുടർന്ന്, അവരിലെ നന്മകളെ ഓരോന്നായി പറയുന്നു.
(i) അവർ പ്രാർത്ഥനാ മനുഷ്യരാണ്. (1:5) കടലിളകുമ്പോൾ അവർ മനുഷ്യ ബുദ്ധിയിൽ ഒന്നും ചിന്തിക്കുന്നതിനു പകരം ആദ്യം ചെയ്തത് പ്രാർത്ഥനയാണ്. പിന്നീടാണ് ഭാരമുള്ള ചരക്കുകൾ പുറത്തേയ്ക്കെറിയുക. ഇവിടെ പ്രാർത്ഥിക്കാതിരുന്നത് യോനാ മാത്രമാണ്. ജാതികൾ പ്രാർത്ഥിക്കുമ്പോൾ സ്വന്തജനമായവൻ പ്രാർത്ഥിക്കാതിരുന്ന് ഉറങ്ങുന്നു. അയാളെ ഉണർത്താൻ ഒരു ദൈവദൂതനെയോ മറ്റൊരു പ്രവാചകനെയോ അല്ലാ ദൈവം അയയ്ക്കുന്നത്; ഒരു വിജാതീയനെ! ഒരു സാധാരണ വിശ്വാസിയെ! സുവിശേഷങ്ങൾ ഉദ്ധരിക്കുന്നുണ്ട് ഈ ഭാഗത്ത്. ജൂതന്മാരുടെ അവിശ്വാസത്തിനും അല്പ വിശ്വാസത്തിനും തിരുത്തായി എത്ര മാതൃകകൾ ക്രിസ്തുവിന്റെ ജീവനപരിസരത്തുണ്ട്. പുരോഹിതനെയും ലേവ്യനെയും പഠിപ്പിക്കുന്ന ശമര്യാക്കാരനായ സഞ്ചാരി, ക്നാനായക്കാരി സ്ത്രീ, പരീശനിൽ ബോധ്യം വരുത്തുന്ന ചുങ്കക്കാരൻ, പ്രമാണിമാർക്ക് താക്കീതാകുന്ന പാപിനിയായ സ്ത്രീ ഇങ്ങനെ സമ്പൂർണ്ണ ദൈവാശ്രയത്തിന്റെ മാതൃകകൾ എത്രയധികമുണ്ട് നമ്മെയും തിരുത്തുവാനെന്ന് മറക്കരുത്! (ii) കപ്പൽ തൊഴിലാളികൾ ദൈവത്തെ അന്വേഷിക്കുന്നവരാണ്. സത്യദൈവത്തിന്റെ കല്പനകളെ അവർ കേൾക്കുന്ന മാത്രയിൽ തന്നെ അതിനോട് അനുസരണം കാട്ടുന്നു. (iii) അവർ ഉറച്ച വിശ്വാസമുള്ളവരാണ്. (iv) ഉലയുന്ന കപ്പലിൽ അവർ പുലർത്തുന്ന സമചിത്തത അപാരമാണ്. (v) മുൻവിധിയില്ലാതെയുള്ള സമീപനം. (vi) തെറ്റുകാരനെന്നറിഞ്ഞിട്ടും യോനായോട് കാട്ടുന്ന കാരുണ്യം എന്നിങ്ങനെ നമ്മുടെ സാമാന്യ ധാരണകൾക്കതീതമായൊരു നീതിബോധം പുലർത്തുന്ന മനുഷ്യരായിട്ടാണ് ലേഖകൻ അവരെ അടയാളപ്പെടുത്തുന്നത്.

III.  Jonah in the Belly of the Fish

ന്യായമായും നമുക്കുണ്ടാകുന്ന ഒരു സന്ദേഹമുണ്ട്. ദൈവം തെറ്റുകാരനായ യോനായെ വീണ്ടും ഉപയോഗിക്കുകയാണോ? നോക്കുക, പത്രോസ് മൂന്ന് വട്ടം തള്ളിപ്പറഞ്ഞിട്ടും ദൈവം അവനെ പുനരാക്കുന്നത്. ശരിക്കും ദൈവത്തിന്റെ വഴികൾ നമ്മിൽ നിന്ന് വ്യത്യസ്തമാണ്. എത്രയോ ചെറിയ പ്രകോപനങ്ങൾകൊണ്ടാണ് നാം പല ബന്ധങ്ങളെയും നിഷ്കരുണം മുറിച്ചുകളയുക. ഇവിടെ വലിയ മത്സ്യം യോനായ്ക്കൊരു ശിക്ഷയായി വന്നില്ല; പിന്നെയോ ഒരു അഭയം തന്നെയാകുന്നു. വിഴുങ്ങുന്ന വലിയ മത്സ്യങ്ങൾ അനേകം ഈ ലോകത്തിലുണ്ട്. മനുഷ്യജീവിതത്തിൽ പൂർണ്ണമായും ഇരുട്ടിൽ പെട്ടു പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറില്ലേ? യോനാ ഈ സമയം മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. വലിയ പ്രതിസന്ധികളിൽ നമുക്കുള്ള വലിയ പാഠമാണിത്. Tribulation is a school of prayer. പ്രവാചകൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. ദൈവം പ്രാർത്ഥന കേട്ട് ഉത്തരമരുളുമെന്ന് ഉറപ്പിക്കുന്നു. ഈ ബോധ്യം അയാളിലെ ആത്യന്തിക നന്മ വെളിപ്പെടുത്തുന്നുവെന്ന് പോപ്പ് സാക്ഷിക്കുന്നു. അവന്റെ പ്രാർത്ഥന പരാതികളിൽ നിന്ന് നന്ദിപ്രകാശനത്തിലേയ്ക്ക് വഴിമാറുന്നത് അതിന്റെ തെളിവാണ്.

IV. Nineveh the Great City

ദൈവം വീണ്ടും യോനായെ നിയോഗിക്കുന്നു. ഇത്തവണ അയാൾ കല്പന ലംഘിക്കുന്നില്ല. ദൈവം യോനായോട് കോപിക്കുന്നില്ല. പ്രവാചകഗണത്തിൽ നിന്നും നീക്കുന്നില്ല. അയാൾക്ക് പകരം മറ്റൊരാളെ വിടുന്നില്ല. ഒരു പ്രായോഗികപാഠം ഇതിലുണ്ട്. തെറ്റുപറ്റിയവനെ വീണ്ടും വീണ്ടും പഴിക്കുന്നില്ല. കുത്തിനോവിക്കുന്നില്ല. യോനായ്ക്ക് ശരിയായ മാനസാന്തരമുണ്ടായോ എന്നൊരു ചോദ്യമുണ്ട്. അയാളിലെ ദുരഭിമാനം പൂർണ്ണമായും ശമിച്ചുവോ? അതോ കേവലം ബാഹ്യമായ ഒരു പരിവർത്തനം മാത്രമാണോ? എന്താകിലും അയാൾ ദൈവീക വഴിയിലേക്കുള്ള പാതിദൂരം പിന്നിട്ടു. ഭീതി കൊണ്ടെങ്കിലും അനുസരിക്കാൻ നിശ്ചയിച്ചുവല്ലോ? പുറമെ ദൈവകല്പന അനുസരിക്കുന്നുവെങ്കിലും അയാളുടെ ഉള്ളിൽ യഥാർത്ഥ മാനസാന്തരം സംഭവിച്ചിരുന്നില്ല. He was walking by the rod and not by the grace, എന്നിരിക്കിലും ദൈവീക പരിജ്ഞാനത്തിലേയ്ക്കുള്ള ആദ്യപടിയായി ദൈവം യോനായുടെ നടപടി അംഗീകരിച്ചു.

നിനുവയെ മഹാനഗരമെന്നാണ് ദൈവം നാലുതവണ വിശേഷിപ്പിക്കുന്നത്. ഇടംകയ്യും വലംകയ്യും തമ്മിൽ തിരിച്ചറിയാത്ത അജ്ഞരായ ജനം വസിച്ചിരുന്ന ഒരു വിജാതീയ നഗരത്തെ ദൈവം എന്തുകൊണ്ട് മഹാനഗരമെന്ന് വിളിക്കുന്നു. പാപത്താൽ മലീമസമായ ഈ നഗരം അതിനർഹമല്ല. പിന്നെ മാനുഷിക രീതിയിൽ, തലസ്ഥാന നഗരമായതു കൊണ്ടോ ഒന്നേകാൽ ലക്ഷത്തോളം ജനസമൂഹം വസിക്കുന്നത് കൊണ്ടോ വിശേഷിപ്പിക്കുന്നതാണോ? യഥാർത്ഥത്തിൽ അവരുടെ അനുതാപത്തെ മുൻകൂട്ടി കണ്ടുള്ള വിശേഷണമെന്ന് ലേഖകൻ സമർത്ഥിക്കുന്നു. “നിനുവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കുമെന്ന്” യേശു പിന്നീട് സാക്ഷിക്കുന്നുവല്ലോ (മത്തായി 12:41) ഇതിലൊരു ഉദാത്ത പാഠമുണ്ട്. മനുഷ്യൻ ആവശ്യപ്പെടാതെപോലും ദൈവം അവരെ രക്ഷിക്കാനാഗ്രഹിക്കുന്നു. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവകരുതൽ വെളിവാക്കുന്നു. തന്നിൽ വിശ്വസിക്കുന്ന ജൂതരെ മാത്രമല്ല ദൈവം കരുതുക. കൂട്ടത്തിൽപെടാത്ത ആടുകൾ അവന്റെ തൊഴുത്തിലുണ്ട്. കപ്പൽ ജോലിക്കാരിലൂടെയും നിനവെയിലെ ജനങ്ങളിലൂടെയും ദൈവം യോനയെ തിരുത്തുന്നു. നിനുവെയുടെ മഹത്വം അനുതാപത്തിലാണ്. ദൈവവചനത്തോട് അതിദ്രുതം അവൻ പ്രതികരിക്കുന്നു. എന്നാൽ സോദോക്യർക്ക് ദൈവം നൽകിയ താക്കീതിനെ അവർ പരിഹസിച്ചു. യേശുവിന്റെ കാലത്തെ ജൂതന്മാർ അവനെ കൈക്കൊണ്ടില്ല. യേശുവിന്റെ വീര്യപ്രവൃത്തികൾ കണ്ടിട്ടും അവർ അവനെ വിശ്വസിച്ചില്ല. കാണാതെ വിശ്വസിച്ചവരായ നിനവേക്കാർ ഇവരെക്കാളും മഹത്വമുള്ളവരാണ്. ദൈവവചനം അനുസരിക്കുന്നതിലൂടെ വിശ്വാസം, സത്യഅനുതാപം, താഴ്മ എന്നിവയുളവാകുന്നു. ലോകസുഖങ്ങളുടെ പരിത്യാഗത്തിന്റെ പ്രതീകമായി രാജാവും പ്രജകളും നുറുങ്ങിയ ഹൃദയത്തോടെ വിലപിച്ചപ്പോൾ ദൈവസന്നിധിയിൽ അത് പ്രീതികരമായ സൗരഭ്യവാസനയായി പരിണമിച്ചു. യോനായുടെ പ്രസംഗം കേട്ടാണ് അവർ അനുതപിച്ചത്. തിരുവെഴുത്തിൽ ഒറ്റവരി പ്രസംഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത്രമാത്രം മതിയായിരുന്നുവോ? ലോത്ത് ഇങ്ങനെ പറഞ്ഞപ്പോഴും (ഉല്പത്തി 9:14) നോഹയുടെ പെട്ടകം കണ്ടവർക്കും അതിന്റെ വൃത്താന്തം കേട്ടവർക്കും ഇത്തരമൊരു അനുതാപം ഉണ്ടായില്ലല്ലോ? എന്തിനേറെ, തിന്നാൽ നീ മരിക്കും എന്ന് പറഞ്ഞിട്ട് ആദം പോലും കേൾക്കുന്നില്ലല്ലോ! കേവലം ശാസനകൾ പാപത്തെ തടുക്കുന്നില്ല. പിന്നെയെന്താണ്? യോനാ പ്രവാചകന്റെ തീഷ്ണമായ ദാഹമോ, നിനവയിലെ ജനത്തിന്റെ ഹൃദയത്തിന്റെ ഒരുക്കമോ? ലേഖകൻ രണ്ടാമത്തെ ഉത്തരത്തോട് പക്ഷം ചേരുന്നു. കേൾവിക്കാരുടെ ഒരുക്കം പ്രധാന ഘടകമാണ്. ധനികയുവാവിനോട് യേശു നേരിട്ട് സംസാരിച്ചിട്ടും ഒരുക്കമില്ലാത്തതിനാൽ അനുതാപമുണ്ടായില്ല. കല്ലുകൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്തുകൾ ഓർമ്മിപ്പിക്കുന്നു. പ്രസംഗകനായ യോനായ്ക്ക് വിശ്വാസമില്ലാതിരുന്നിട്ടും നിനവേ ജനതയുടെ വിശ്വാസം മാനസാന്തരത്തിന് കാരണമായിത്തീർന്നു.

V. Saving Jonah from his obduracy and Pride

നിനവേയുടെ രക്ഷയിൽ സ്വർഗ്ഗം ആനന്ദിക്കുമ്പോഴും യോനാ മാത്രം നിരാശനായി കാണപ്പെടുന്നു. ദൈവകാരുണ്യം അവന് അനിഷ്ടമായി. ധൂർത്തപുത്രന്റെ ഉപമയിലെ ജ്യേഷ്ഠ സഹോദരനെ യോനാ ഓർമ്മിപ്പിക്കുന്നു. ഇനിയും വെടിയാത്ത അഹംഭാവം ഒന്നുമാത്രമാണ് അവന്റെ ദുഃഖത്തിനു കാരണം. മറ്റൊന്നിനെയും കരുതാതെ സ്വന്തം കാര്യം മാത്രം അന്വേഷിക്കുന്നു. സ്വന്ത വാക്കിന്റെ ഗരിമയിലുള്ള ദുരഭിമാനം വിട്ടുമാറിയിട്ടില്ല. ദൈവേഷ്ടത്തോട് ചേരാൻ അയാൾക്ക് പറ്റുന്നില്ല. പട ചേർത്തവനെ പ്രസാദിപ്പിക്കാത്ത പോരാളിയാകുന്നു. (2 തിമോത്തി 2:4). പൂർവ്വാനുഭവങ്ങളിൽ നിന്ന് അവൻ പഠിക്കുന്നില്ല. ദൈവമേൽപിച്ച ദൗത്യം തന്റെ അന്തരാത്മാവിൽ ജ്വലിച്ചിരുന്നില്ല. മനുഷ്യരോടുള്ള സ്നേഹവും അവനെ ഭരിച്ചില്ല. എല്ലാം കേവലം ഉപരിപ്ലവം മാത്രം. ഉള്ളിൽ മറ്റെന്തിനേക്കാളും അഹന്ത നിറഞ്ഞ് നിന്നു. ഈ ആത്മീയ അധപതനത്തിന്റെ നടുവിലും അവൻ പ്രാർത്ഥിച്ചുവെന്നത് അതിശയമാണ്. എന്നാൽ ആ പ്രാർത്ഥനയിൽ നിറയെ പരിഭവങ്ങളും സ്വയനീതീകരണവുമാണ്. തെറ്റിപ്പോയിട്ടും അനുതപിക്കുന്നില്ല. ദൈവകരുണയെ കുറ്റപ്പെടുത്തുന്നു. എന്നാൽ താൻ കേവലം സന്ദേശവാഹകൻ മാത്രമാണെന്നും യഥാർത്ഥത്തിൽ വാക്കിന്റെ ഉടമ ദൈവമെന്നും തിരിച്ചറിയാതെ എന്റെ വാക്ക് വെറും വാക്കായിത്തീർന്നു എന്ന് പറഞ്ഞ് പിറുപിറുക്കുന്നു. ദൈവം തന്റെ വാക്ക് മാറ്റിയതല്ല; പിന്നെയോ അനുതപിച്ച നിനവേ നഗരമാണ് ദൈവകരുണയെ പുറപ്പെടുവിച്ചത്. യോനയുടെ ദേഷ്യപ്രകടനങ്ങൾക്കിടയിലും ദൈവം അവനെ കരുതുന്നു. ജനങ്ങളോട് അനുതാപം പ്രസംഗിച്ചവന് ഒരനുതാപം അനിവാര്യമെന്ന് ദൈവത്തിനറിയാം. ദൈവം അനുരജ്ഞന വഴി തുറക്കുന്നു. ഒരു ആവണക്കിന്റെ തണലേകുന്നു. അവന്റെ ഹൃദയകാഠിന്യത്തെ ഇല്ലായ്മ ചെയ്യാൻ ഒരുമ്പെടുന്നു. ചെടിയുടെ തണലിൽ അവൻ അത്യന്തം സന്തോഷിച്ചു (4:6) ഇത് തന്നെ സ്തബ്ദനാക്കി എന്ന് പോപ്പ് പറയുന്നു. കാരണം, ഒരു വലിയ സംഘം ജനത്തിനുണ്ടായ ആശ്വാസത്തിൽ ആനന്ദിക്കാതെ യോനയ്ക്കെങ്ങനെ തനിക്ക് ലഭിച്ച സ്വകാര്യസുഖത്തിൽ ആനന്ദിക്കാനായത് എന്നതാണാശ്ചര്യം. നിനവേയിൽ യോന ദൈവത്തിനുവേണ്ടി പ്രവർത്തിച്ചു. നിനവേ നഗരം വിട്ട് പുറപ്പെട്ടപ്പോൾ ദൈവം യോനയ്ക്കു വേണ്ടി പ്രവർത്തിക്കുന്നു. സകല ദൈവീകപ്രവർത്തികളുടെയും ലക്ഷ്യം മനുഷ്യരുടെ നന്മയാണ്. സൂര്യതാപത്താൽ അവന്റെ ശരീരം തളർന്നു. അപ്പോൾ ആത്മാവ് ഉണരുന്നു. അവൻ മരണം പോലും ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. എന്നാൽ ദൈവം ആ പ്രാർത്ഥന കേട്ടില്ല. ശരിക്കും ചില പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം തരാത്തത് എത്ര നല്ലത് എന്ന് ലേഖകൻ പറയുന്നു. ദൈവകരുണയുടെ ആഴം യോനയെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.

VI. God in the book of Jonah

ദൈവീക ഇടപെടലുകളുടെ ലാവണ്യാതിരേകമാണ് ഈ പുസ്തകത്തിൽ മറ്റെന്തിനേക്കാളും ചാരുതയാർന്ന ധ്യാനവിഷയം. (i) മനുഷ്യനെ തേടുന്ന ദൈവം: ധൂർത്തുപുത്രനെപോലെ അപ്പന്റെ ഭവനത്തിലേക്ക് വരുന്നതുവരെ കാക്കുകയല്ല; പിന്നാലെ തേടിചെല്ലുകയാണ്. നിനവേക്കാരേയും കപ്പൽ ജീവനക്കാരെയും യോനാതന്നെയും മനുഷ്യനെ വീണ്ടെടുക്കുവാൻ ദൈവം വിവിധ മർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ചരിത്രത്തിലുണ്ട്. ശിക്ഷയും കരുണയും താക്കീതുകളും പരീക്ഷകളും പരിപാലനകളുമെല്ലാം. (ii) ദൈവീക തിരുത്തൽ രീതികൾ: (a) ഒരു പ്രത്യേക കാലാവധിയോടു കൂടിയ താക്കീത് (b) കപ്പൽക്കാർക്ക് നൽകിയ ചെറുശിക്ഷപോലെ, (c) യോനായെ വിഴുങ്ങുന്ന വൻമത്സ്യം കണക്ക്. ജീവിതനൗകയെ ഉലയ്ക്കുന്ന കാറ്റുകൾ വീശുമ്പോൾ നീ തിരിച്ചറിയേണ്ടത് മറ്റൊന്നുമല്ല. ലോക സ്നേഹത്താലുളവായ അനാവശ്യ ഭാരങ്ങൾ പുറത്തറിയണമെന്നുള്ളതാണ്. ചില മനുഷ്യർ ചില അടയാളങ്ങളിലൂടെ ദൈവവചനം തിരിച്ചറിയുന്നു. മറ്റു ചിലർക്കാകട്ടെ കഠിന ശോധനകൾ വേണ്ടിവരുന്നു. യോനായ്ക്ക് ചെറുതൊന്നും പോരാതെ വരുന്നു. ചെറിയ മയക്കങ്ങൾക്ക് ലഘു പ്രഹരങ്ങൾ മതിയാകും. എന്നാൽ ഉറക്കം നടിക്കുന്നവരെ ശക്തമായ പ്രഹരം വേണം ഉണർത്താൻ. (iii) ദൈവം ഇളവു നൽകുന്നവനാണ്: മനുഷ്യൻ തെറ്റായ വഴികളെ ഉപേക്ഷിക്കുന്നുവെങ്കിൽ ദൈവം സ്വയം തിരുത്തും. (iv) ദൈവത്തിന്റെ സുദീർഘ സഹിഷ്ണത: മനുഷ്യന്റെ ദുഷ്ടത എത്ര വർദ്ധിച്ചു വന്നാലും ദൈവം കാത്തിരിക്കും. നാം എത്രമാത്രം ക്ഷിപ്രകോപികളാണെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു. ഒരു തെറ്റിന് ജീവിതം മുഴുവൻ നാം ചിലരെ അകറ്റി നിർത്തും. ശരിക്കും യോനായെക്കുറിച്ച് പോലും എത്രമാത്രം എതിരഭിപ്രായമാകും നമുക്ക് പറയാനുണ്ടാവുക. എന്നാൽ ദൈവത്തിന്റെ വഴി എത്ര വ്യത്യസ്തമാണ്. (v) ദൈവം സകല മനുഷ്യരുടേതുമാണ്. സന്ദേഹിയായ തോമസിനേയും പരുക്കനായ ശീമോനേയും തീഷ്ണവാനായ ഏലിയാവിനേയും ഭയചകിതനായ അബ്രഹാമിനേയും അവൻ കൂടെച്ചേർഞ്ഞു. തച്ചന്റെ മകന്റെ കയ്യിലെ മരമുത്തുകളായിരുന്നവർ: വലിയ കുശവന്റെ കയ്യിലെ കളിമണ്ണും! യോനയിലും നിനവേക്കാരിലും പ്രവർത്തിച്ചവൻ നമ്മിലും പ്രവർത്തിക്കുന്നവനാണ്. ഏറ്റവും ക്രയാത്മകമായി അവനോട് പ്രതീകരിക്കുക. (vi) ദൈവം മനുഷ്യരോട് സംവദിക്കുന്നവനാണ്. അബ്രഹാമിനോടും മോശയോടും സംവദിച്ചവൻ യോനായോട് സംവദിക്കുന്നു. (vii) ദൈവത്തിന്റെ പാതകളെല്ലാം വിജയ വീഥികളാണ്. യോനായുടെ പുസ്തകം വിജയത്തിന്റെ പുസ്തകമാണ് അജ്ഞാന അന്ധകാരത്തിലായിരുന്നവർക്കെല്ലാം – നിനവേക്കാരും യോനായും കപ്പൽക്കാരുമെല്ലാം- സത്യാനുതാപവും മാർഗ്ഗദർശനവും ലഭിക്കുന്നു. തന്നിൽത്തന്നെ ആശ്രയിക്കാതെ പൂർണ്ണമായും ദൈവത്തിൽ ആശ്രയിച്ച് അവനെ അനുസരിച്ചു ജീവിക്കാനുള്ള സുന്ദരപാഠമാണ് യോനായുടെ പുസ്തകത്തിലൂടെയുള്ള ഈ ധ്യാനം നാമേവർക്കുംപകർന്നു നൽകുന്നത്.

Original Book download Link >>

– സംഗ്രഹീത മൊഴിമാറ്റം : സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ

error: Thank you for visiting : www.ovsonline.in