അന്ത്യ അത്താഴത്തിന്‍റെ ഓർമ്മ പുതുക്കി പെസഹാ വ്യാഴം
ഇന്ന് പെസഹാ വ്യാഴം. യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹാ ആചരിക്കുന്നു.
അന്ത്യ അത്താഴ വേളയിൽ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടക്കും. ദേവാലയങ്ങളിൽ പുലർച്ചെ കുർബാന, പകൽ യാമപ്രാർഥനകൾ എന്നിവയ്ക്ക് ശേഷം വൈകുന്നേരം 12 വൈദികരുടെ പാദങ്ങൾ മെത്രാൻ കഴുകി ചുംബിക്കുന്ന കാലുകഴുകൽ ശുശ്രൂഷയ ഉണ്ടായിരിക്കും. അന്ത്യ അത്താഴവേളയെയും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തെയും അനുസ്മരിക്കുന്ന വായനകളും പ്രഘോഷണവും നടത്തും.അന്ത്യ അത്താഴ വേളയിലാണ് യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യർക്ക് നൽകിയത് .ഇതിനെ അനുസ്മരിച്ച് വൈകുന്നേരം ഭവനങ്ങളിൽ പ്രത്യേകം അപ്പം പുഴുങ്ങി പാൽ തയാറാക്കി വിശ്വാസികൾ അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും. ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തിൽ വച്ചാണ് അപ്പം പുഴുങ്ങുന്നത്. തേങ്ങാപ്പാലും ശർക്കരപ്പാനിയും ചേർത്തുണ്ടാക്കുണ്ടാക്കുന്ന പാൽ കുരുത്തോല മുറിച്ചിട്ടാണ് തിളപ്പിക്കുന്നത്. ഒറ്റിക്കൊടുക്കലിനെയും പീഡാനുഭവങ്ങളെയും അനുസ്മരിക്കുന്ന തിരുവചന ഭാഗങ്ങൾ വായിച്ചശേഷം ഭവനങ്ങളിലെ മുതിര്‍ന്നയാളാണ് അപ്പം മുറിച്ച് പ്രായക്രമത്തിൽ നൽകുക.പിറ്റേന്ന് ദേവാലയങ്ങളിൽ ദുഖവെള്ളിയാഴ്ച പീഡാനുഭവ വായന, പരിഹാരപ്രദക്ഷിണം തുടങ്ങിയ അനുഷ്ഠാനങ്ങൾ നടക്കും.
പെസഹാ ശുശ്രൂഷ
ക്രിസ്തുവിന്റെ തിരുവത്താഴത്തെ അനുസ്മരിച്ചു കൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു പെസഹാ ശുശ്രൂഷ. ഉയിർപ്പു ഞായറാഴ്ചയ്ക്കു മുമ്പ് നാല്പതു ദിവസം നീണ്ടു നില്ക്കുന്ന നോമ്പിന്റെ അവസാന ദിവസങ്ങളാണ് പെസഹാ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ. ഇതിൽ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകളാണ് തിരുവത്താഴത്തെ അനുസ്മരിച്ചുള്ളത്.ഉയിർപ്പുതിരുനാൾകാലത്തെ ആദ്യ ദിവസമായ വ്യാഴാഴ്ച പല പേരുകളിലും അറിയപ്പെടുന്നു. പെസഹാ വ്യാഴാഴ്ചയെന്നാണ് ഈ ദിവസം പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ഈ ദിവസത്തെ ഉയിർപ്പിനു തൊട്ടു മുമ്പുള്ള വ്യാഴാഴ്ച എന്നു വിളിക്കുന്നു. വലിയ വ്യാഴാഴ്ച എന്നും ഈ ദിനം അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഈ ദിവസത്തെ മോണ്ടി തെർസ്ഡേ (Maundy Thursday) എന്നു പറയുന്നു. ക്രിസ്തു അന്ത്യ അത്താഴ സമയത്ത് ഒരു പുതിയ ഉടമ്പടി -“ഇതെന്റെ ശരീരമാകുന്നു…………. ഇതെന്റെ രക്തമാകുന്നു എന്ന ഉടമ്പടി-നല്കിയതിനാലാണ് അതിന്റെ അനുസ്മരണ ദിനത്തിന് മോണ്ടി തെർസ്ഡേ എന്ന പേർ ലഭിച്ചത്. ജർമനിയിൽ ഈ ദിവസത്തെ ഗ്രീൻ തെഴ്സ്ഡേ (Green Thursday) എന്നു വിളിക്കുന്നു. ഷീർ തെഴ്സ്ഡേ (Sheer Thursday) എന്ന പേരും ഈ ദിവസത്തിനുണ്ട്.
വിശുദ്ധ കുർബാന സ്ഥാപിച്ച വ്യാഴാഴ്ച തന്നെ അതിന്റെ അനുസ്മരണ നിലനിർത്തുവാൻ ഇതിനോടനുബന്ധിച്ചുള്ള പ്രത്യേകം ശുശ്രൂഷാ കർമങ്ങൾ വേണമെന്നുള്ള ചിന്താഗതി വളർന്നപ്പോഴാണ് വിശുദ്ധ വ്യാഴാഴ്ചയുടെ പ്രാധാന്യം വർദ്ധിച്ചത്. ആദ്യ കാലങ്ങളിൽ സ്ഥലത്തെ ബിഷപ്പും ജനങ്ങളും ഒന്നു ചേർന്ന് ഈ ദിനം ആചരിച്ചിരുന്നു. (ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവ സഭയിൽ സാധാരണ പുരോഹിതർ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ബിഷപ്പുമാരും ഡീക്കന്മാരും ആയിരുന്നു ഇക്കാലത്തെ സഭാപ്രമാണികൾ. എ.ഡി.നാലാം നൂറ്റാണ്ടിൽ ഈ ദിവസം അന്ത്യ അത്താഴത്തിന്റേതായ വ്യാഴാഴ്ച എന്നറിയപ്പെട്ടിരുന്നു. ദിവ്യകുർബാന സ്ഥാപിച്ച വ്യഴാഴ്ച വൈകുന്നേരം തന്നെ ഇതിനുവേണ്ടിയുള്ള അനുസ്മരണചടങ്ങുകൾ ആരംഭിച്ചത് ജെറുസലേമിൽ ആണെന്നു വിശ്വസിക്കുന്നു.
കാല്‍ കഴുകൽ ശുശ്രൂഷ
കാല്‍ കഴുകൽ ശുശ്രൂഷ പുരോഹിതർ മാത്രമല്ല, മറ്റു പല പ്രശസ്ത വ്യക്തികളും നടത്തിയിരുന്നു. എ.ഡി. 15-ാം ശ.വരെ ഇംഗ്ളണ്ടിലെ രാജാക്കന്മാർ കാരുണ്യത്തിന്റെ അടയാളമായി പന്ത്രണ്ട് ദരിദ്രരുടെ പാദങ്ങൾ ഈ ദിവസം കഴുകിയിരുന്നു. പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാനം നിലവിൽ വന്നതോടു കൂടി ഈ പതിവ് ഇംഗ്ലണ്ടിൽ അവസാനിച്ചു. എന്നാൽ പണ്ടത്തെ ഓർമയെ അനുസ്മരിക്കുന്നതിനു വേണ്ടി ലണ്ടനിലുള്ള ഒരു പ്രത്യേക ദേവാലയത്തിൽ വ്യാഴാഴ്ച ദിനം ബ്രിട്ടിഷ് രാജകുടുംബക്കാർ സാധുക്കൾക്ക് പ്രത്യേകതരം ദാനങ്ങൾ നല്കുന്ന പതിവ് ഇന്നും ഉണ്ട്.
https://ovsonline.in/latest-news/pesaha-appam-pal/