Departed Spiritual FathersOVS - Latest News

പുണ്യശ്ലോകനായ ഗീവർഗ്ഗീസ് മാർ ദിയസ്ക്കോറോസ് (ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകൻ)

ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകൻ, ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി, സന്യാസ ജീവിതത്തിന്റെ പതിവ്രതയും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിച്ച സന്യാസി ശ്രേഷ്ഠൻ, ധ്യാനഗുരു, വിശ്വാസ സംരക്ഷകൻ, ദീർഘ വീക്ഷകൻ, പാവപ്പെട്ടവരുടെ ക്ഷേമത്തനായി ജീവിതം മാറ്റിവച്ച ദൈവത്തിന്റെ മഹാപുരോഹിതൻ.

കോഴഞ്ചേരി തേവർവേലിൽ കുടുംബത്തിലെ കുഞ്ഞുപാപ്പിയുടെയും അച്ചാമ്മയുടെയും ഇളയ മകനായി 1926 ഒക്ടോബർ പന്ത്രണ്ടിന് ഗീവർഗീസ് മാർ ദിയസ്‌കോറസ് ജനിച്ചു. വഞ്ചിത്ര സ്കൂളിലും കോഴഞ്ചേരി ഗവൺമെന്റ സ്കൂളിലും പ്രഥമിക വിദ്യാഭ്യാസവും തുടർന്ന് കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും അഭ്യസിച്ചു. 1948-ൽ മധുരയിലെ അമേരിക്കൻ കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദ പഠനത്തിനായി ചേർന്നു. 1950-ൽ ബിരുദം കരസ്ഥമാക്കിയ ശേഷം ബോംബെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ചുരുങ്ങിയ കാലം കോഴഞ്ചേരി സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് പഠിക്കുമ്പോൾ അദ്ദേഹത്തിന് വൈദവിളി ലഭിച്ചു. തുടർന്ന് ബാങ്ക് ഉദ്യോഗം അവസാനിപ്പിച്ചു വൈദിക പഠനത്തിനായി കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ചേർന്നു.

പുത്തൻകാവ് കൊച്ചു തിരുമേനിയിൽ നിന്നും പൂർവ്വികരായ മാതാപിതാക്കളിൽ നിന്നും വിശുദ്ധ പൗരോഹിത്യത്തിലേക്കുള്ള ചായ്‌വും മാർഗനിർദേശവും അദ്ദേഹത്തിന് പ്രചോദനം ലഭിച്ചു. 1962 ഏപ്രിൽ പരിശുദ്ധ ബസ്സേലിയോസ് ഗീവർഗ്ഗീസ് ദ്വീതീയൻ ബാവയുടെ കാർമ്മികത്വത്തിലും ദാനിയേൽ മാർ പീലക്സിനോസ്, മാത്യൂസ് മാർ അത്താനാസിയോസ് (പിന്നിട് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ ഒന്നാമൻ കതോലിക്കാ ബാവ) എന്നിവരുടെ സഹകാർമ്മികത്വത്തിൽ കോട്ടയം പഴയ സെമിനാരിയിൽ വച്ച് ശൈമ്മശൻ പട്ടം സ്വീകരിച്ചു. 1963 ഫെബ്രുവരി 2 -ന് കോട്ടയം പഴയ സെമിനാരിയിൽ വച്ച് തന്നെ പരിശുദ്ധ ബസ്സേലിയോസ് ഗീവർഗ്ഗീസ് ദ്വീതീയൻ ബാവ പൂർണ്ണ ശൈമ്മശൻ പട്ടവും നൽകി. 1963-ൽ പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ്  ദ്വീതിയൻ കാതോലിക്കാ ബാവയിൽ നിന്നും ദേവലോകം അരമന ചാപ്പലിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഫാ. ടി. ഇ. ജോർജ്ജ് എന്ന് പേരിൽ അദ്ദേഹം അറിയപ്പെട്ടു. കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് ദേവാലയത്തിൽ അദ്ദേഹം ആദ്യ കുർബാന അർപ്പിച്ചു.

തന്റെ അത്മീയ ഗുരുനാഥനായ ബഥനിയിലെ ആബുന അലക്സിയോസ് മാർ തേവോദോസിയോസിനൊപ്പം (അപ്പോഴത്തെ എം ജി ഒ സി എസ് എം പ്രസിഡന്റ്) മുന്ന് വർഷക്കാലം സഭയുടെ അത്മീയ പ്രസ്ഥനമായ ഓർത്തഡോക്സ് സ്റ്റുഡന്റ്സ് മൂവ്മെന്റ് ജനറൽ സെക്രട്ടറിയായി (1962 – 1964) പ്രവർത്തിച്ചു. തന്റെ സഭാ സേവനത്തിന്റെ അവസാന നാൾവരെയും വിദ്യാർത്ഥി പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ വ്യക്തിത്വം വിദ്യാർത്ഥികളുടെ ഇടയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു. സഭയിലും സമൂഹത്തിലും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വിദ്യാർത്ഥികളോടുള്ള അദേഹത്തിന്റെ സ്നേഹവും കരുതലും യുവജനങ്ങളിൽ സഭയോടുള്ള കൂറും വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് കാരണമായി. തന്മൂലം പലരേയും സഭയുടെ അത്മീയ നേതൃത്വനിരകളിലേക്ക് വഴിയൊരുക്കുന്നതിന് അവസരമേകി. പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ ബാവായുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കുറിച്ചി വലിയപ്പള്ളി, കോട്ടയം ചെറിയപ്പള്ളി, താഴത്തങ്ങാടി പള്ളി, ബഹ്‌റൈൻ, അബുദാബി, ദോഹ എന്നിവടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1967 -ൽ ഗൾഫിൽ നിന്നും മടങ്ങിവന്ന ശേഷം കോഴഞ്ചേരി സെന്റ് മാത്യൂസ്, റാന്നി തോട്ടമൺ സെന്റ് തോമസ്, ഓമല്ലൂർ സെന്റ് തോമസ്, വടശ്ശേരിക്കര സെന്റ് മേരീസ് എന്നി ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

1970 -ൽ അദ്ദേഹം കോഴഞ്ചേരിയിൽ നിന്നും റാന്നിയിലെ തറവാട്ട് വീട്ടിലേക്ക് താമസം മാറ്റി അവിടെ ഹോളി ട്രിനിറ്റി എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു (ത്രിത്വത്തിന്റെ ക്രിസ്ത്യൻ സിദ്ധാന്തമായ ദൈവത്തെ നിർവചിക്കുന്നത് മൂന്ന് സമത്വമുള്ള, സമകാലിക, സ്ഥിരതയുള്ള ദൈവിക വ്യക്തികളിൽ നിലനിൽക്കുന്ന ഒരു ദൈവമാണെന്നാണ് എന്നാണ് ഹോളി ട്രിനിറ്റിയുടെ അർത്ഥം). പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം, മൂന്ന് വ്യത്യസ്ത വ്യക്തികൾ ഒരു സമത്വം (സത്ത) പങ്കിടുന്നു. ഈ സന്ദർഭത്തിൽ, മൂന്ന് വ്യക്തികൾ ദൈവം ആരാണെന്ന് നിർവചിക്കുന്നു, അതേസമയം ഒരു സത്ത ദൈവം എന്താണെന്ന് നിർവചിക്കുന്നു എന്ന് ഹോളി ട്രിനിറ്റി പഠിപ്പിക്കുന്നു. സഭയിൽ യാഥാസ്ഥിതിക സന്യാസിമാരെ സൃഷ്ടിക്കുക, അംഗങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ ധൈര്യം വളർത്തുക, പാവപ്പെട്ടവരെ സംരക്ഷിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക എന്നിവയാണ് ഫാ. ടി.ഇ. ജോർജ്ജ് മുന്നോട്ട് വച്ച പ്രധാന ലക്ഷ്യങ്ങൾ. യാമ പ്രർത്ഥാനകളിലും, നോമ്പ് – ഉപവാസങ്ങളിലും വളരെ ചിട്ടയുള്ള ഉത്തമ സന്യാസിയായിരുന്നു അദ്ദേഹം.

1973-ൽ ഓമല്ലൂർ വലിയ പള്ളി വികാരിയായി ചുമതലയേറ്റ അദ്ദേഹം പാത്രിയാർക്കീസ് വിഭാഗത്തിനെതിരായ വ്യവഹാരങ്ങൾ പൂർണ്ണമായും വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരത്തിനിടെ ബഹു. സുപ്രീം കോടതിയിൽ നിന്നും മലങ്കര സഭയ്ക്ക് അനുകൂലമായുള്ള ആദ്യ വിധിയാണിത്. 1973-ൽ തുമ്പമൺ ഭദ്രാസനം അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1977 മെയ് 16-ന് മാവേലിക്കരയിൽ ചേർന്ന മലങ്കര അസോസിയേഷൻ അദ്ദേഹത്തെ എപ്പിസ്‌കോപ്പൽ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1977 ഓഗസ്റ്റ് 13 -ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ അദ്ദേഹത്തിന് റമ്പാൻ (ദയറൂസോ) സ്ഥാനം നൽകി. 1978 മേയ് 15-ന് പഴഞ്ഞി പള്ളിയിൽ വച്ച് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ മറ്റ് നാല് എപ്പിസ്കോപ്പാമാർക്കെപ്പം (ഫിലിപ്പോസ് മാർ തെയോഫിലോസ്, യാക്കോബ് മാർ പോളികാർപ്പോസ്, സക്കറിയ മാർ ദിവന്നാസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്) അദ്ദേഹത്തെ ഗീവർഗീസ് മാർ ദിയസ്‌കോറസ് ആയി വാഴിച്ചു. എപ്പിസ്കോപ്പായായ ശേഷം ആദ്യ സന്ദർശനം ബോംബേയിലും അഹമ്മദാബാദിലുമായിരുന്നു. ബോംബെ ഇടവകയിൽ ദീർഘകാലമായി ഇടവക അംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. തർക്കങ്ങൾ പരിഹരിച്ച് 1978 നവംബറിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് ശംഭീരമായ സ്വീകരണം ഒരുക്കുന്നതിന് ഗീവർഗ്ഗീസ് മാർ ദിയസ്ക്കോറോസ് തിരുമേനിയുടെ ബോംബെ സന്ദർശനം സഹായകമായി.

1979 ജനുവരി 1-ന് പുതുതായി രൂപീകൃതമായ തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ എപ്പിസ്‌കോപ്പയായി. തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയിൽ തിരുവനന്തപുരത്തെ ഓർത്തഡോക്സ് സഭയുടെ വളർച്ചയ്ക്കും, സ്‌കൂളുകൾ, കോൺവെന്റുകൾ, ക്ഷേമകേന്ദ്രങ്ങൾ തുടങ്ങി പാവപ്പെട്ടവർക്കും നിരാലംബർക്കും വേണ്ടി തിരുവനന്തപുരത്ത് വിവിധ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും മാർ ദിയസ്കോറസ് പൂർണ ഉത്തരവാദിത്തം വഹിച്ചു. 1981 ഫെബ്രുവരി 28-ന് പഴയ സെമിനാരി ചാപ്പലിൽ വച്ച് മെത്രാപ്പോലീത്തയായി അഭിഷിക്തനായി. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി 1991-ൽ സ്ഥാപിതമായ ഒരു രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് തിരുവനന്തപുരം ഓർത്തഡോക്‌സ് ഭദ്രാസനത്തിന്റെ ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി. ഇതിന്റെ സ്ഥാപക പ്രസിഡന്റും ഗീവർഗീസ് മാർ ദിയോസ്‌കോറോസ് തിരുമേനിയായിരുന്നു. സൊസൈറ്റിയുടെ ഭാഗമായി ഇന്ന് ശ്രീകാര്യം മാർ ദിയയസ്‌കോറോസ് ഫാർമസി കോളേജ് (എംഡിസിപി) നടത്തുന്നു. റാന്നി ഹോളി ട്രിനിറ്റി ആശ്രമം, ഉള്ളൂർ ഓർത്തഡോക്സ് ചർച്ച് സെന്റർ, ഇടമുളയ്ക്കൽ വിഎംഡിഎം സെന്റർ, ശ്രീകാര്യം വികലാംഗ ശിശുക്ഷേമ കേന്ദ്രം, തിരുവനന്തപുരം ഹോളി ട്രിനിറ്റി സ്കൂൾ, ഹോളി ക്രാസ്സ് കോൺവെന്റ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി ഉയർന്നു വന്ന സ്ഥാപനങ്ങളാണ്.

പുണ്യശ്ലോകനായ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ പ്രേരണയാൽ റാന്നിയിലെ അങ്ങാടിയിൽ തന്റെ തറവാട് സ്വത്തിൽ ഹോളി ട്രിനിറ്റി ആശ്രമം (സെന്റ് തോമസ് മിഷൻ) സ്ഥാപിച്ചു. ഈ ആശ്രമത്തിലെ ആദ്യകാല അന്തേവാസികളും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുമാണ് നിലക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയും, വന്ദ്യ കെ ടി മാത്യൂക്കുട്ടി റമ്പാച്ചും. അദ്ദേഹം ഓർത്തഡോക്സ് സഭയുടെ ചെങ്കോട്ട മിഷനും സ്ഥാപിച്ചു. വിശാലനായ ദർശകനും സമർത്ഥനായ ഭരണാധികാരിയും ഓർത്തഡോക്സ് വിശ്വാസ സംരക്ഷകനുമായ അദ്ദേഹം തന്റെ മുഴുവൻ സ്വത്തുക്കളും മലങ്കര സഭയ്ക്ക് ദാനം ചെയ്യുകയും അവ പരിശുദ്ധ കാതോലിക്ക ബാവയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അദ്ദേഹം വളരെ വിശുദ്ധമായ ജീവിതം നയിക്കുകയും “വെറും കൈയ്യാലേ വന്നു, വെറും കൈയ്യാലേ മടങ്ങി പോകുന്നു” എന്ന ഉൾബോധത്തിൽ അന്തിമ വിളിക്കായി തയ്യാറെടുക്കുകയും ചെയ്തു. 1999 ജൂലൈ 23-ന് അദ്ദേഹം ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. തന്റെ കൈയ്യാൽ സ്ഥാപിതമായ റാന്നിയിലെ ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ അദ്ദേഹത്തെ കബറടക്കി. അവിടുത്തെ പ്രർത്ഥനകൾ നമ്മ നയിക്കട്ടെ.

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

error: Thank you for visiting : www.ovsonline.in