പുതുചരിത്രം രചിച്ച് മലങ്കര അസോസിയേഷൻ ; 7 പേരെ തിരഞ്ഞെടുക്കണം: ബാവാ
ഓൺലൈൻ വോട്ടിങ് മലങ്കര സഭയുടെ ചരിത്രത്തിൽ ആദ്യം
കോലഞ്ചേരി: ഏഴു ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പള്ളി പ്രതിപുരുഷ യോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഇന്ന് ഒന്നിന് കോലഞ്ചേരിയിൽ സമ്മേളിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. നാലായിരത്തോളം പ്രതിനിധികൾ ഓൺലൈൻ വഴി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും.
7 പേരെ തിരഞ്ഞെടുക്കണം: ബാവാ
കോലഞ്ചേരി: സഭയ്ക്കും ഭദ്രാസനങ്ങൾക്കും കാലികമായ മുന്നേറ്റം കൈവരിക്കുന്നതിന് നേതൃത്വം നൽകാൻ 7 പേരെ ബിഷപ് സ്ഥാനത്തേക്ക് ഇന്നു നടക്കുന്ന അസോസിയേഷൻ യോഗത്തിൽ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
ഭാരതത്തിന്റെ ദേശീയ സഭയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമോന്നത ജനപ്രതിനിധി മണ്ഡലമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി ചേർക്കുന്നു എന്നതിന്റെ അഭിമാന നിമിഷങ്ങളിലാണ് നാം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിക്കാൻ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അസോസിയേഷൻ യോഗ നടപടികളിലേക്ക് പ്രാർഥനാപൂർവം നാം പ്രവേശിക്കുകയാണ്.
മലങ്കര സഭയുടെ ചരിത്രത്തിൽ ഇദംപ്രഥമമായിട്ടാണ് അസോസിയേഷനിൽ ഓൺലൈൻ വോട്ടിങ് ക്രമീകരിക്കുന്നതെന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്. ലോകത്തിലെ ക്രൈസ്തവ സഭകളിൽ മറ്റെങ്ങും കാണാത്ത ജനാധിപത്യ സംവിധാനമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഇടവക പള്ളികളിൽ നിന്നും ഇടവകാംഗങ്ങളുടെ സംഖ്യയ്ക്കനുസരിച്ച് പ്രതിനിധികളെ ഇടവക പൊതുയോഗം കൂടി തിരഞ്ഞെടുത്ത് അസോസിയേഷൻ യോഗത്തിൽ പങ്കെടുപ്പിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് എന്ന ഖ്യാതി അസോസിയേഷൻ യോഗത്തിന് ചരിത്രം ചാർത്തി നൽകുന്നു.
ഇതു മലങ്കര സഭയുടെ അഭിമാന നിമിഷമാണ്, സ്വത്വബോധത്തിന്റെ സുപ്രധാന അടയാളമാണ്. വിശുദ്ധ മാർത്തോമ്മാ ശ്ലീഹാ പകർന്നു നൽകിയ ക്രിസ്തു വിശ്വാസം തലമുറകൾക്ക് കൈമാറി നൽകി സാക്ഷ്യത്തോടെ ജീവിക്കുവാൻ മലങ്കര നസ്രാണികളുടെ ജീവൻ നിലനിൽക്കുന്ന കാലത്തോളം പരിശ്രമിക്കാം. കോലഞ്ചേരിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രധാന അജൻഡ മലങ്കര സഭയുടെ മെത്രാപ്പൊലീത്താ ശ്രേണിയിലേക്ക് ഏഴു വൈദികരെ കൂടി ചേർക്കുക എന്നതാണ്. പരിശുദ്ധ സഭയുടെ ഭദ്രാസനങ്ങൾ മെത്രാപ്പോലീത്താമാരുടെ അഭാവത്തിൽ മലങ്കര മെത്രാപ്പൊലീത്തായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇത് ആ ഭദ്രാസനങ്ങളുടെ വളർച്ചയുടെ വേഗത കുറയ്ക്കുന്നു എന്ന ബോധ്യത്തിലാണ്, കാതോലിക്കാ സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ, ആ കുറവ് പരിഹരിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി മെത്രാപ്പൊലീത്താമാരെ തിരഞ്ഞെടുക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. സഭയുടെ സമിതികളുടെ സഹകരണത്തിലും പ്രത്യേകമായി നിയോഗിച്ചിരിക്കുന്ന സമിതികളുടെ പരിശ്രമങ്ങളുടെ ഫലമായും 11 മെത്രാപ്പോലീത്താ സ്ഥാനാർഥികളെയാണ് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പിനായി സമർപ്പിച്ചിരിക്കുന്നത്.
വൈദികർക്കും അത്മായർക്കും ഒരുപോലെ യോഗ്യരെന്ന് ബോധ്യമുള്ളവരെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം, പരിശുദ്ധ സഭ നൽകുന്ന ജനാധിപത്യ പ്രക്രിയയുടെ വലിയ അടയാളമാണ്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിന്റെ പ്രവർത്തനമണ്ഡലങ്ങളിൽ മുഴുകാനുള്ള വലിയ സന്ദേശം കൂടിയായി മാറുന്നു, ഈ അസോസിയേഷൻ യോഗവും അതിന്റെ നടപടികളും എന്നത് ഏറെ അഭിമാനം നൽകുന്നു. അതിജീവനത്തിനായി വെമ്പൽ കൊള്ളുന്ന മനുഷ്യമനസ്സുകളിൽ പ്രത്യാശയുടെ പുതുകിരണം ഈ അസോസിയേഷനും പകർന്നു നൽകുവാൻ സാധ്യമാകും .
ഇന്നലെ കോലഞ്ചേരിയിൽ നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യ വരണാധികാരി ഡോ. സി. കെ. മാത്യു തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിവരിച്ചു.
സമ്മേളന നഗറിൽ കാതോലിക്കേറ്റ് പതാക ബാവാ ഉയർത്തി. ഇന്നലെ വൈകുന്നേരം 5 മുതൽ അംഗങ്ങളുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമാപിക്കും. 1 മണിക്ക് സമ്മേളനം ആരംഭിക്കും. 2-ന് വോട്ടിങ്. 5ന് സമാപിക്കും. തുടർന്ന് ഫലപ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തിൽ സമ്മേളന നഗറിൽ മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രം സംബന്ധിക്കും. ബാക്കിയുളള അംഗങ്ങൾ ഓൺലൈനിൽ പങ്കെടുക്കുമെന്ന് വൈദികട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ അറിയിച്ചു.
ബിഷപ് സ്ഥാനത്തേക്കു മത്സരിക്കുന്നവർ (പേര്, വയസ്സ്, നിലവിലുള്ള ചുമതല, വിദ്യാഭ്യാസയോഗ്യത എന്നിവ യഥാക്രമം)
1. ഫാ. ഏബ്രഹാം തോമസ് (52): കോട്ടയം പഴയ സെമിനാരി അസി.പ്രഫസർ, എക്യുമെനിക്കൽ റിലേഷൻസ്, ഓർത്തഡോക്സ് സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ചർച്ചകളുടെ രാജ്യാന്തര ജോയിന്റ് കമ്മിഷൻ കോ-സെക്രട്ടറി. ഗണിതശാസ്ത്ര ബിരുദം. പുരാതന, ബൈസന്റൈൻ പഠനങ്ങളിൽ ബിരുദാനന്തര ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും
2. ഫാ. അലക്സാണ്ടർ പി. ഡാനിയേൽ (54): വള്ളിക്കാട്ടു ദയറാ മാനേജർ. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ദൈവശാസ്ത്രത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം.
3. ഫാ. എൽദോസ് ഏലിയാസ് (42): വികാരി, സെന്റ് തോമസ് പള്ളി, ഫ്ലോറിഡ. യുഎസ്. ബോട്ടണിയിൽ ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.
4. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (48): വികാരി, കത്തിപ്പാറത്തടം പള്ളി, കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് പള്ളി, ചരിത്രത്തിലും നിയമത്തിലും ബിരുദം.ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.
5. ഫാ. ഡോ. റെജി ഗീവർഗീസ് (48): കോട്ടയം പഴയ സെമിനാരി അസോഷ്യേറ്റ് പ്രഫസർ. ബികോം, ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും.
6. ഫാ. പി. സി. തോമസ് (52): അസി. പ്രഫസർ, പഴയ സെമിനാരി. മലയാളത്തിൽ ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും
7. ഫാ. ഡോ. വർഗീസ് കെ, ജോഷ്വാ (50): മാർ ബസേലിയോസ് ദയറാ, ഞാലിയാകുഴി, ചരിത്രത്തിൽ ബിരുദം, സുറിയാനിയിൽ ബിരുദാനന്തര ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും.
8. ഫാ. വർഗീസ് പി. ഇടിച്ചാണ്ടി (48): വികാരി, സെന്റ് ജോർജ് പള്ളി ഇന്ദിരാ നഗർ, ബെംഗളുരു. കെമിസ്ട്രിയിൽ ബിരുദവും മലയാളം, തത്വശാസ്ത്രം, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പരിസ്ഥിതി സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും. ദൈവശാസ്ത്രത്തിൽ ബിരുദം.
9. ഫാ. വിനോദ് ജോർജ് (49): മാനേജർ, പരുമല സെമിനാരി. സാമ്പത്തിക ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം.
10. ഫാ. യാക്കോബ് തോമസ് (42): ദേവലോകം അരമന മാനേജർ. സാമ്പത്തിക ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം.
11. ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട് (43): മലങ്കര സഭാ മാസിക ചീഫ് എഡിറ്റർ. നിയമത്തിലും ദൈവശാസ്ത്രത്തിലും ബിരുദം, സുറിയാനിയിൽ ബിരുദാനന്തര ബിരുദം.