OVS - Latest NewsOVS-Kerala News

പുലിക്കോട്ടിൽ തിരുമേനി പുതു ചരിത്രംരചിച്ച ക്രാന്തദർശി ; ഓർമ്മപ്പെരുന്നാൾ സമാപിച്ചു

കോട്ടയം : കേരളത്തിലെമ്പാടും വിദ്യാലയങ്ങൾ സ്ഥാപിച്ച് മലങ്കരസഭയുടെ മിഷനറി പ്രവർത്തനങ്ങൾക്ക് പുതു ചരിത്രംരചിച്ച ക്രാന്തദർശിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പറഞ്ഞു.പുലിക്കോട്ടിൽ തിരുമേനിയുടെ 116 – മത് ഓർമ്മപ്പെരുന്നാൾ അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

വിദ്യാവെളിച്ചത്തിലൂടെ മാത്രമേ സമൂഹത്തിലെ ഇരുട്ടകറ്റാൻ കഴിയൂവെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചു. ജാതിമത വ്യത്യാസമില്ലാതെ ഏവർക്കും അറിവ് പകർന്നതിലൂടെ നവോത്ഥാനത്തിന് വേഗംപകരാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും കാതോലിക്കാ ബാവാ അനുസ്മരിച്ചു. കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പഴയ സെമിനാരിയിൽ നടത്തിയ സ്ഥാപക സ്മൃതിസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുയായിരുന്നു. കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ അധ്യക്ഷതവഹിച്ചു.

വൈദികട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ. എം. കുര്യൻ തോമസ്, എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു.

മികച്ച വിദ്യാലയങ്ങൾക്കുള്ള നസ്രാണി ട്രോഫി പുരസ്കാരത്തിന് വെണ്ണിക്കുളം സെയ്ന്റ് ബഹനാൻസ് എച്ച്എസ്എസ്, ഈങ്ങാപ്പുഴ എംജിഎം എച്ച് എസ്എസ്, വാകത്താനം യുപി, തിരുവല്ല എംജിഎംഎൽപി, പാമ്പാടി എംഡിഎൽപി സ്കൂളുകൾ അർഹരായി. മികച്ച അധ്യാപകർക്കുള്ള വിദ്യാമൃതം പുരസ്കാരം പ്രിയ ജേക്കബ്, ഗ്രേസൻ മാത്യു, ലാലി മാത്യു, റെജി എസ്, ഷിജോ ബേബി, സൂസൻ കെ. ജോൺ എന്നിവർക്ക് പരിശുദ്ധ കാതോലിക്കാബാവാ സമ്മാനിച്ചു.

error: Thank you for visiting : www.ovsonline.in