മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ; രജിസ്ട്രേഷൻ ഇന്ന് 5 മണി (IST) മുതൽ.
7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ കോലഞ്ചേരിയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലെ പ്രധാന വേദിയില്‍ പരിശുദ്ധ കാതോലിക്കാ ബാവ, മെത്രാപ്പോലീത്താമാര്‍, സഭാ സ്ഥാനികള്‍, സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളിക്കും. ഓരോ ഭദ്രാസനങ്ങളിലെയും അസോസിയേഷന്‍ പ്രതിനിധികള്‍ അതാത് മെത്രാപ്പോലീത്തമാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ ഓണ്‍ലൈനിലൂടെ സമ്മേളനത്തില്‍ പങ്കുചേരും. നാലായിത്തോളം പ്രതിനിധികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും.
മാനേജിംഗ് കമ്മറ്റി നല്‍കിയിരിക്കുന്ന 11 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് 7 പേരെ തെരഞ്ഞെടുക്കേണ്ടത്. ഫാ. ഏബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. എല്‍ദോസ് ഏലിയാസ്, റവ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ.ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
അസോസിയേഷന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് (24-ന്) ഉച്ചയ്ക്ക് 2.45-ന് കോലഞ്ചേരിയിലെ അസോസിയേഷന്‍ നഗറില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സഭാ മാനേജിംഗ് കമ്മറ്റി മൂന്നു മണിക്ക് സമ്മേളിക്കും. അംഗങ്ങളുടെ രജിസ്‌േട്രഷന്‍ ഇന്ന് (Feb 24) വൈകുന്നേരം 5 മണി മുതല്‍ നാളെ (Feb 25) ഉച്ചക്ക് 12 മണി വരെ ആയിരിക്കും. ഭദ്രാസന കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്നോ സ്വന്തം നിലയിലോ അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരമുണ്ടാകും. www.mosc22.in എന്ന വെബ്‌സൈറ്റിലൂടെ യോഗത്തില്‍ പ്രവേശിക്കാം. നിശ്ചിത സമയത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനോ വോട്ടു രേഖപ്പെടുത്തുന്നതിനോ സാധിക്കുകയില്ല.
പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന യോഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തും. 2 മണിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മൂന്ന് മണിക്കൂറാണ് വോട്ടിങിന് സമയം അനുവദിച്ചിട്ടുളളത്. ഇതു സംബന്ധിച്ച് അറിയിപ്പ് അദ്ധ്യക്ഷന്‍ നല്‍കും. തുടര്‍ന്ന് ഫല പ്രഖ്യാപനം നടക്കും. 1934-ലെ സഭാ ഭരണഘടന പ്രകാരം പട്ടക്കാരുടെയും, അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം കണക്കാക്കിയായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. രാജസ്ഥാന്‍ കേഡറിലെ 1977 ബാച്ച് ഐ. എ. എസ് ഓഫീസറും, രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന സി.കെ മാത്യൂ ആണ് മുഖ്യ വരണാധികാരി.
ഘോഷയാത്ര
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിന് ശേഷം 12.15 -ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സമ്മേളന നഗറിലേക്ക് സാമൂഹിക അകലം പാലിച്ച് ഘോഷയാത്ര ആരംഭിക്കും. കാതോലിക്കേറ്റ് പതാകയേന്തി മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്താമാര്‍ ഏറ്റവും പിന്നിലായി മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ എന്നീ ക്രമത്തില്‍ സമ്മേളന വേദിയില്‍ പ്രവേശിക്കും.
സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളും സാനിറ്റൈസര്‍ ലഭ്യതയും, തെര്‍മല്‍ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്‌ക് ധരിക്കേണ്ടതാണ്. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരും യോഗത്തിന് രണ്ടാഴ്ച മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും, നിശ്ചിത കാലയളവിനുള്ളില്‍ കോവിഡ് വിമുക്തരായവര്‍ക്കും മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ വൈകീട്ട് 5 മണി (IST) മുതൽ ആരംഭിയ്ക്കുന്നു
മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ രജിസ്ട്രേഷൻ നടപടിയിലേക്ക് കടക്കുകയാണ്.ഇന്ന് വൈകീട്ട് 5 മണി (IST) മുതൽ നാളെ ഉച്ചക്ക് 12 മണി (IST) വരെയുള്ള 19 മണിക്കൂറിനിടയിൽ പള്ളി പ്രതിനിധികൾക്ക് രെജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
For Registration : www.mosc22.in
For any Enquiries
📞 8714619051 to 8714619100
🖥️cro@mosc22.in
help@mosc22.in