പ്രാർഥനയുടെയും അധ്വാനത്തിന്റെയും പ്രതീകമാണ് ബാവാ: മാർ ജോർജ് ആലഞ്ചേരി
പരുമല ∙ ക്രിസ്തുവിന്റെ ശരീരമായ സഭയെ പരിപാലിക്കാൻ കെൽപുള്ള നേതൃത്വമാണ് ഓർത്തഡോക്സ് സഭയ്ക്കു ലഭിച്ചിരിക്കുന്നതെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണ ചടങ്ങിനു ശേഷം ചേർന്ന അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈവിരലുകളുടെ പുറംഭാഗത്തും കൈവെള്ളയിലും തഴമ്പുള്ളയാളാണു കാതോലിക്കാ ബാവാ. പുറത്തെ തഴമ്പ് ദൈവസന്നിധിയിൽ നിരന്തരം കുമ്പിട്ടു പ്രാർഥിച്ചുണ്ടായതാണ്; ഉള്ളിലെ തഴമ്പ് അധ്വാനിച്ചുണ്ടായതും. പ്രാർഥിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന ശക്തനായ നേതാവിനെയാണു മലങ്കര മെത്രാപ്പൊലീത്താ സ്ഥാനത്തേക്കു ലഭിച്ചതെന്നും മാർ ആലഞ്ചേരി പറഞ്ഞു.
പരസ്പരം എതിർക്കാനല്ല വൈവിധ്യങ്ങളെ സ്വീകരിക്കാനാണു ഭാരതം നമ്മെ പഠിപ്പിക്കുന്നതെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 9 ഭാഷകൾ കൈകാര്യം ചെയ്യുന്ന കാതോലിക്കാ ബാവാ ബഹുസ്വരതയെ ഉൾക്കൊള്ളുന്നയാളാണെന്നും മതസൗഹാർദത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് ഔഗേൻ കുറിയാക്കോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, മന്ത്രി വി.എൻ.വാസവൻ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.