അരങ്ങൊഴിഞ്ഞത് ചരിത്രത്തിലേയ്ക്ക്
തുമ്പമണ്‍ ഇടവകയുടെ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ 2021 ഒക്‌ടോബര്‍ 15-ന് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയനെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിഹാസനത്തില്‍ മലങ്കരയിലെ ഒമ്പതാമത്തെ കാതോലിക്കാ ആയി വാഴിക്കുന്നതില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചശേഷം പരുമല സെമിനാരിയിലെ വി. മദ്ബഹായില്‍നിന്നും കാല്‍വെച്ചത് അദ്ദേഹം പോലുമറിയാതെ ചരിത്രത്തിലേയ്ക്കാണ്.
1876-നു ശേഷം മൂന്നാം പ്രാവശ്യം പ്രസിഡന്റ് ആയ മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ അല്ലാതെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സമ്മേളിച്ചത് തലേന്ന് 2021 ഒക്‌ടോബര്‍ 14-ന് പരുമല സെമിനാരിയില്‍ത്തന്നെ ആയിരുന്നു. മലങ്കര സഭാ ഭരണഘടന 73, 106 എന്നീ വകുപ്പുകളനുസരിച്ച് മലങ്കര മെത്രാപ്പോലീത്തായുടെ അഭാവത്തില്‍ സീനിയര്‍ മെത്രാപ്പോലീത്താ എന്ന നിലയില്‍ അദ്ധ്യക്ഷം വഹിച്ചത് കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ ആയിരുന്നു. ചരിത്രത്തിന്റെ ഒന്നാം നിയോഗം.
1934 ഫെബ്രൂവരി 23-ന് പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെ പ. വട്ടശ്ശേരില്‍ തിരുമേനി അപ്രതീക്ഷിതമായി കാലം ചെയ്ത സാഹചര്യത്തിലാണ് അതേവര്‍ഷം ഡിസംബര്‍ 26-ന് മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടുവാനും അദ്ധ്യക്ഷത വഹിക്കുവാനുമുള്ള സാഹചര്യം പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായ്ക്ക് സംജാതമായത്. സാങ്കേതികമായി അതിന് അര്‍ഹത ഇല്ലെങ്കിലും അന്ന് കാതോലിക്കാ എന്ന നിലയില്‍ പൊതു സഭയെ നയിക്കുവാനുള്ള അംഗീകാരം അദ്ദേഹത്തിനുണ്ടായിരുന്നു. 1974 ഒക്‌ടോബര്‍ 2-ന് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ വിളിച്ചുകൂട്ടിയ അസോസിയേഷനിലാണ് മലങ്കര സഭാ ഭരണഘടന 73-ാം വകുപ്പനുസരിച്ച് സീനിയര്‍ മെത്രാപ്പോലീത്താ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസാണ് അദ്ധ്യക്ഷം വഹിച്ചത്. പക്ഷേ അപ്പോള്‍ അനാരോഗ്യവാനെങ്കിലും കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ ഭരണത്തിലുണ്ടായിരുന്നു. പിന്‍ഗാമിയെ നിയമാനുസൃതം തിരഞ്ഞെടുത്തിട്ടുമുണ്ടായിരുന്നു. ഈ അനുകൂല ഘടകങ്ങള്‍ ഒന്നും 2021-ല്‍ മാര്‍ ക്ലിമ്മിസിന് ഇല്ലായിരുന്നു.
1909 കര്‍ക്കിടകം 28-ന് പഴയ സെമിനാരിയില്‍ വെച്ച് പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമനെ മലങ്കര മെത്രാപ്പോലീത്താ ആയി സുന്ത്രോണിസാ നടത്തിയതിനു ശേഷം ആദ്യമായി ആണ് 2021 ഒക്‌ടോബര്‍ 14-ന് പരസ്യമായി ഒരാളെ മലങ്കര മെത്രാനായി സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ച് സ്ഥാനാരോഹണം നടത്തുന്നത്. മുന്‍ഗാമി കാലംചെയ്യുകയോ സ്ഥാനംത്യാഗം ചെയ്യുകയോ ചെയ്യുമ്പോള്‍ മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന പിന്‍ഗാമി സ്വയമേ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം പ്രാപിക്കുക എന്നതാണ് 1964 മുതല്‍ നിലനില്‍ക്കുന്ന പാരമ്പര്യം. 1934 മുതല്‍ പൗരസ്ത്യ കാതോലിക്കായാണ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനംകൂടി വഹിക്കുന്നത്. കാതോലിക്കാ സ്ഥാനാരോഹണം പ്രൗഡിയോടെ നടത്തുന്നതിനാല്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണം എന്നൊന്നില്ലാതെയായി. ആ പതിവിന് ഇക്കുറി മാറ്റംവന്നു. നസ്രാണി പാരമ്പര്യമനുസരിച്ച് മലങ്കര മെത്രാനെ മോതിരമിടുവിച്ച്, ചിത്രമുറങ്ങുന്ന ഇതര സ്ഥാനചിഹ്നങ്ങളും അണിയിച്ച്, മലങ്കര മെത്രാനടുത്ത പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിഹാസനത്തില്‍ ആരൂഡനാക്കാനുള്ള അസുലഭ ഭാഗ്യവും മാര്‍ ക്ലിമ്മീസിനു ലഭിച്ചു.
1975 മുതല്‍ പൗരസ്ത്യ കാതോലിക്കാമാരെ വാഴിക്കുന്ന സുന്നഹദോസില്‍ അദ്ധ്യക്ഷം വഹിക്കുന്നത് സീനിയര്‍ മെത്രാപ്പോലീത്താമാരാണ്. എങ്കിലും ഒക്‌ടോബര്‍ 15-ന് മലങ്കര മെത്രാപ്പോലീത്തായെ കാതോലിക്കാ ആയി വാഴിച്ചതില്‍ ഒരു അപൂര്‍വതയുണ്ട്. ഗ്രിഗോറിയോസ് ബാര്‍ എബ്രായ ക്രമപ്പെടുത്തിയതനുസരിച്ച് കാതോലിക്കായേയും പാത്രിയര്‍ക്കീസിനെയും വാഴിക്കുമ്പോള്‍ മാത്രം സ്ഥാനാര്‍ത്ഥിയുടെ തലയ്ക്കുമുകളില്‍ ഏവന്‍ഗെലിയോന്‍ പിടിച്ചുകൊണ്ട് മുഖ്യ കാര്‍മ്മികന്‍ … അബ്രഹാമിനോടും, വിശ്വാസികളും നിന്റെ ആശ്രിതരുമായ ശേഷം പാത്രിയര്‍ക്കീസന്മാരോടും മൂശയോടും അഹറോനോടും ഏലിയോസാറിനോടും ഫിനഹാസിനോടും അറിയിച്ചവന്‍ … എന്നാരംഭിക്കുന്ന രഹസ്യ പ്രാര്‍ത്ഥന ചൊല്ലണം. (ഹൂദായ കാനോന്‍, ഏഴാം കെപ്പലിയോന്‍, മൂന്നാം പസൂക്കാ, ഹൂദായ) റോമിലെ വി. ക്ലിമ്മീസിന്റെ അഞ്ചാം പുസ്തകത്തില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന മാര്‍ ക്ലിമ്മീസിന്റെ പ്രാര്‍ത്ഥന എന്നാണ് അറിയപ്പെടുന്നത്. കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്റെ സ്ഥാനനാമവും റോമിലെ വി. ക്ലിമ്മീസിന്റെയാണ്. സ്വന്തം സ്ഥാനനാമഹേതുവായ പരിശുദ്ധന്റെ അതേ പേരില്‍ അറിയപ്പെടുന്ന അതിപ്രധാനമായ ഈ പ്രാര്‍ത്ഥന ചൊല്ലുവാനുള്ള ഭാഗ്യവും കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായ്ക്കു ലഭിച്ചു.
പക്ഷേ മാര്‍ ക്ലിമ്മീസ് ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്നത് ഇവകൊണ്ടു മാത്രമല്ല. അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞ ഒരു പ്രതിസന്ധി ഘട്ടത്തില്‍ മലങ്കര സഭയെ വിജയകരമായ നയിച്ച് ആശ്വാസ തുറമുഖത്തെത്തിച്ചു എന്നതിനാലാണ്. തനിക്കൊരു പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ 2021 ഒക്‌ടോബര്‍ 14-ന് പരുമലയില്‍ മലങ്കര അസോസിയേഷന്‍ കൂടുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ നോട്ടീസു കല്പന അയച്ചിരുന്നെങ്കിലും അതിനു മുമ്പ് ജൂലൈ 12-ന് അദ്ദേഹം കടന്നു പോയി. ഈ നോട്ടീസു കല്പനയോടൊപ്പം സഭാ ഭരണഘടനയും 2022 ഫെബ്രുവരി വരെ കാലാവധിയുള്ള അസോസിയേഷനും തിരഞ്ഞെടുപ്പു നടക്കും എന്ന് ഉറപ്പാക്കി എന്നൊരു ആശ്വാസം 1934-നെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരുന്നു. ഭരണഘടനയനുസരിച്ച് പ്രായത്തില്‍ സീനിയര്‍ ആയ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായ്ക്ക് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും മാനേജിംഗ് കമ്മറ്റിയും വിളിച്ചുകൂട്ടാം എന്നതും അനുകൂല ഘടകമായി.
പക്ഷേ സഭയുടെ ദൈനംദിന ഭരണം ഒരു കീറാമുട്ടി തന്നെയായിരുന്നു. സമഗ്രമായ സഭാ ഭരണഘടന എഴുതിയുണ്ടാക്കിയവരും കാലോചിതമായി അത് പരിഷ്‌ക്കരിച്ചവരുമായ പ്രഗത്ഭന്മാര്‍ കാണാതെപോയ ഒരു സന്നി ഗ്ദാവസ്ഥയാണ് 2021 ജൂലൈ 12-ന് ഉണ്ടായത്. മലങ്കര മെത്രാപ്പോലീത്താ ഇല്ലാത്ത അവസ്ഥ! 1934-ന് ശേഷം ഒരിക്കലും ഉണ്ടാകാത്ത സാഹചര്യം!
കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് സീനിയര്‍ മെത്രാപ്പോലീത്താ അദ്ധ്യക്ഷനും യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് എന്നീ മെത്രാന്മാരും വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു അഡ്മിനിസ്റ്റ്രേറ്റീവ് കൗണ്‍സില്‍ രൂപീകരിച്ചാണ് സഭ ഈ പ്രതിസന്ധി നേരിട്ടത്. എങ്കിലും കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കുകയും ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാനുള്ള ചുമതല മാര്‍ ക്ലിമ്മീസിന്റെ ചുമലിലായിരുന്നു. അതദ്ദേഹം ഭംഗിയായി പരാതികളില്ലാതെ നിറവേറ്റി. പ. സഭയുടെ ഏറ്റവും ചെറിയ ദൈനംദിന കാര്യങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. നടപടികള്‍ ഉണ്ടായി.
ഈ പ്രതിസന്ധിയില്‍നിന്നും മലങ്കര സഭ ഒരു പാഠം പഠിക്കാനുണ്ട്. മലങ്കര മെത്രാപ്പോലീത്താ സിംഹാസനം വൈധവ്യം പ്രാപിക്കുമ്പോള്‍ നടത്തേണ്ട ഒരു ഇടക്കാല ഭരണ സംവിധാനം ഉടന്‍ ചിട്ടപ്പെടുത്തി ഭരണഘടനയുടെ ഭാഗമാക്കണം. റോമന്‍ കത്തോലിക്കാ സഭയ്ക്ക് കെമര്‍ലങ്ക, സിറിയക്ക് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാഖാം എന്നീ പേരുകളില്‍ ഉള്ള സ്ഥാനികള്‍ ഇടക്കാല സംവിധാനമായി ഉണ്ട്. മലങ്കരയിലും അത്തരമൊന്ന് രൂപീകരിക്കേണ്ടത് അത്യന്താപേഷിതമാണ്. എത്രയും വേഗം നിയമാനുസൃതമായി ഭരണഘടന ഭേദഗതി ചെയ്ത് അതിനുള്ള ക്രമീകരണം ചെയ്യേണ്ടിയിരിക്കുന്നു.
അസോസിയേഷന്‍ നടത്തിപ്പായിരുന്നു അടുത്ത കീറാമുട്ടി. നാലായിരത്തില്‍ അധികം അംഗങ്ങള്‍ക്ക് അര്‍ഹതയുള്ള അസോസയേഷന്‍ യോഗം കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ നടത്തുക അസാദ്ധ്യമായിരുന്നു. ഇതിനും മലങ്കര സഭ പരിഹാരം കണ്ടു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരുമലയോടൊപ്പം പരസ്പരബന്ധിതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 കേന്ദ്രങ്ങളില്‍ ഒരേ സമയം അസോസയേഷന്‍ യോഗം ചേര്‍ന്നു. മാര്‍ ക്ലിമ്മീസിന്റെ അദ്ധ്യക്ഷതയിലാണ് സമാനതകളില്ലാത്ത ഈ പ്രതിനിധി സമ്മേളനം നടന്നത്.
പിന്നീട് ഉണ്ടായത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്. പല പേരുകളും ഉയര്‍ന്നു വന്നു. 1962 മുതല്‍ നിലവിലിരിക്കുന്ന പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ നാമനിര്‍ദ്ദേശം അംഗീകരിക്കുക എന്ന കീഴ്‌വഴക്കം ഒഴിവാക്കി അസോസിയേഷനില്‍ മത്സരം നടത്തുവാന്‍ ചില പ്രതിലോമ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചു. പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ പൊട്ടിത്തെറി പലരും വ്യാമോഹിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ മലങ്കര സഭ ചിന്നിച്ചിതറുമെന്നു പലരും സ്വപ്നം കണ്ടു. ഒന്നും സംഭവിച്ചില്ല. നോമിനേഷന്‍ നല്‍കേണ്ട അവസാന ദിനം അസോസിയേഷന്‍ സെക്രട്ടറിയുടെ കൈയ്യിലെത്തിയത് ഒരെണ്ണം മാത്രം പ. സുന്നഹദോസ് ശുപാര്‍ശ ചെയ്ത് മാനേജിംഗ് കമ്മറ്റി അംഗീകരിച്ച ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടേതു മാത്രം. ഏകാഭിപ്രായം രുപികരിക്കുന്നതിനു പിമ്പില്‍ മാര്‍ ക്ലിമ്മീസിന്റെയും തൊട്ടടുത്ത സീനിയര്‍ മെത്രാപ്പോലീത്താ മാര്‍ അന്തോണിയോസിന്റെയും സൗമ്യവും എന്നാല്‍ ശക്തവും ആയ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് പിന്നാമ്പുറ രഹസ്യം.
ഇതിനിടയിലാണ് ഇസ്രായേല്‍ ഗോത്രം ചിതറിപ്പോകണമെന്ന് അതിയായി ആഗ്രഹിക്കുന്ന …പാഴിരുളിന്‍ സേനാ നിവഹങ്ങളുടെ… ആക്രമണം. കോടതികളില്‍ വിശ്വാസമില്ലന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടം പാടി നടക്കുന്നവര്‍ മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതിവരെ അസോസിയേഷനും തിരഞ്ഞെടുപ്പും വാഴ്ചയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവഹാരപ്പെരുമഴയുമായി മുമ്പോട്ടു പോയി. എല്ലാത്തിലും ഒന്നാം എതിര്‍ കക്ഷി കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്! അദ്ദേഹമടക്കം ആരും പതറിയില്ല. അസോസിയേഷനും തിരഞ്ഞെടുപ്പും കാതോലിക്കാ വാഴ്ചയും സുഗമമായി നടക്കത്തക്കവിധം വ്യഹാരവുമായി പോയവര്‍ തന്നെ വിധി വാങ്ങിത്തന്നു. മാര്‍ ക്ലിമ്മീസ് അസോസിയേഷന്‍ നടത്തി, മലങ്കര മെത്രാപ്പോലീത്തായെ സ്ഥാനപ്പെടുത്തി, കാതോലിക്കായെ വാഴിച്ചു. പ്രതിബന്ധങ്ങളില്ലാതെ.
2021 ജൂലൈ 12-ന് മുമ്പ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും കോട്ടയം ബസേലിയോസ് കോളേജിലും അദ്ധ്യാപകന്‍ എന്ന നിലയിലും, സുല്‍ത്താന്‍ ബത്തേരി, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ എന്ന നിലയിലും നസ്രാണികള്‍ക്ക് പരിമിതമായ പരിചയം മാത്രമുള്ള കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ കേവലം മൂന്നു മാസം കൊണ്ട് നസ്രാണി മനസില്‍ ശാശ്വതപ്രതിഷ്ഠ നേടി. പിതാവ് എന്ന അര്‍ത്ഥത്തില്‍ അവരുടെ ഭാഷയില്‍ ശീമ മെത്രാന്മാരെ ബാവാ എന്നും, അതേ അര്‍ത്ഥത്തില്‍ നാട്ടു മെത്രാന്മാരെ പുലിക്കോട്ടിലച്ചന്‍, ചേപ്പാട്ടച്ചന്‍ എന്ന രീതിയില്‍ അച്ചന്‍ എന്നും വ്യവഹരിച്ചിരുന്ന നസ്രാണി പരിഷ, അതിലും ഉപരിയായ സ്‌നേഹബഹുമാനാദരവുകളോടെ നിഷ്‌കളങ്കമായ ചിരി മുഖമുദ്രയായ മാര്‍ ക്ലിമ്മീസിനെ ഈ ചുരുങ്ങിയ കാലത്തിനിടയില്‍ ക്ലിമ്മീസ് അപ്പച്ചന്‍ എന്നു സംബോധന ചെയ്തു തുടങ്ങി!
എണ്‍പത്തിയാറു വയസുള്ള ക്ലിമ്മീസ് അപ്പച്ചന്റെ വിജയം എവിടെയാണ്? അതിനു പരിശുദ്ധാത്മ സന്നിവേശം എന്നു നിശ്ചയമായും മറുപടി പറയാം. അതിന് അനേകം ദൃഷ്ടാന്തങ്ങളുണ്ട്. തങ്ങള്‍ക്കു കാര്യമായ മുന്‍പരിചയമില്ലാത്ത, ഭരണഘടനാപരമായ സ്ഥാനമാനങ്ങളില്ലാത്ത, അദ്ദേഹത്തിന്റെ കല്പനകള്‍ നസ്രാണികള്‍ അക്ഷരംപ്രതി അംഗീകരിച്ചു. അനേക ഊഹാപോഹങ്ങള്‍ നിലനില്‍ക്കെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ഒരൊറ്റ സ്ഥാനാര്‍ത്ഥിയിലേയ്ക്ക് എത്തിച്ചേര്‍ന്നു. ആ സ്ഥാനാര്‍ത്ഥിയെ മാനേജിംഗ് കമ്മറ്റി അംഗീകരിച്ചു ശുപാര്‍ശ ചെയ്തു. മലങ്കര സഭയുടെ അത്യുന്നത പാര്‍ലിമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എതിര്‍വാക്കില്ലാതെ അത് അംഗീകരിച്ചു മലങ്കര മെത്രാപ്പോലീത്തായാക്കി. പിറ്റേന്നു കാതോലിക്കാ ആയി വിഘ്‌നങ്ങളില്ലാതെ വാഴിച്ചു. പരിശുദ്ധാത്മ സന്നിവേശത്തിന് ഇതില്‍ കൂടുതല്‍ തെളിവ് എന്തുവേണം.? മാര്‍ ക്ലിമ്മീസിന്റെ കൈകളിലൂടെ പരിശുദ്ധ റൂഹാ പ്രവര്‍ത്തിച്ചു എന്നത് വ്യക്തം.
പരിശുദ്ധാത്മ സന്നിവേശത്തിന്റെ പ്രത്യക്ഷ തെളിവുകള്‍ വേറെയുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പ്രായവും അനാരോഗ്യവും പരിഗണിച്ച് തുമ്പമണ്‍ ഭദ്രാസന ഭരണത്തില്‍ നിന്നും ഒഴിവാക്കി വിശ്രമിക്കാന്‍ അനുവദിക്കണം എന്നു രണ്ടു പ്രാവശ്യം പ. എപ്പസ്‌ക്കോപ്പല്‍ സുന്നഹദോസിനോട് രേഖാമൂലം ആവശ്യപ്പെട്ട മാര്‍ ക്ലിമ്മീസ് ആണ് ഇത്ര ശക്തനായത്. തികച്ചും അനോരോഗ്യവാന്‍ എന്നു പലരും വിധിയെഴുതിയ മാര്‍ ക്ലിമ്മീസ്, ക്ലേശകരമായ അസോസിയേഷന്‍ അദ്ധ്യക്ഷസ്ഥാനം ഒക്‌ടോബര്‍ 14-ന് വഹിച്ചു. പിറ്റേന്നു അഞ്ചു മണിക്കൂറിലധികം നീണ്ട കാതോലിക്കാ വാഴ്ചയില്‍ യാതൊരു പിഴവും ക്ഷിണവുമില്ലാതെ മുഖ്യകാര്‍മ്മികത്വം വഹിച്ചകൊണ്ട് തന്റെ അപ്പോസ്ഥോലികമായ ദൗത്യം നിര്‍വഹിച്ചു. അദ്ദേഹത്തിലെ പരിശുദ്ധാത്മ സന്നിവേശത്തിന് പ്രത്യക്ഷ ദൃഷ്ടാന്തവും കാതോലിക്കാ വാഴ്ചയുടെ സമയത്ത് കാണിച്ചുതന്നു. സ്വതേ ശാന്തനും മൃദുഭാഷിയും ശാരീരികമായി ദുര്‍ബലനെന്നു കേഴ്‌വിയുമുള്ള മാര്‍ ക്ലിമ്മീസ്, പരിശുദ്ധ സഭയില്‍… എന്നാരംഭിക്കുന്ന ഒറ്റവാചകത്തിലുള്ള സ്ഥാനാരോഹണ പ്രഖ്യാപനം നടത്തിയപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയും ശക്തിയും ശബ്ദവും നേരിട്ടും ദൃശ്യമാദ്ധ്യമങ്ങളിലൂടെയും കേട്ട പതിനായിരങ്ങള്‍ ഞെട്ടി. ആ ദുര്‍ബല ശരീരത്തില്‍നിന്ന് ഈ ശബ്ദം എങ്ങിനെ പുറപ്പെട്ടു? അതാണ് പരിശുദ്ധാത്മ സന്നിവേശം.
2021 ഒക്‌ടോബര്‍ 15-ന് തന്റെ കാപ്പയോടൊപ്പം അപ്രതീക്ഷിതമായി വന്നുകയറിയ ഒരു ഭാരിച്ച ഉത്തരവാദിത്വവും ഊരിവെച്ചാണ് ഉത്തമ ആചാര്യനായ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ പരുമല സെമിനാരി മദ്ബഹായുടെ പടികളിറങ്ങിയത്. അപ്പോള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ടത് ലക്ഷക്കണക്കിന് മലങ്കര നസ്രാണികളാണ്. മൂന്നു മാസം നീണ്ട സന്നിഗ്ദാവസ്ഥയില്‍ നിശബ്ദമായും എന്നാല്‍ ലക്ഷ്യബോധത്തോടെയും സഭാ നൗകയെ നയിച്ച്, യഥാര്‍ത്ഥ കപ്പിത്താനെ തിരഞ്ഞെടുത്ത്, ചുക്കാന്‍ ഏല്‍പ്പിച്ചുള്ള പടിയിറക്കം. ആര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം.
ദൈവത്തിന്റെ ആദ്യ സൃഷ്ടിയായ പ്രകൃതിയെ, ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ച മനുഷ്യനൊപ്പം സ്‌നേഹിക്കുന്ന കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ പമ്പാ തീരത്തെ സ്വന്ത സൃഷ്ടിയായ സമഷ്ടിയിലേക്ക് അഭിമാനത്തോടെ പിന്‍വാങ്ങുമ്പോഴും ഒരു ഭാരം അദ്ദേഹത്തിനുമേല്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കുകയാണ്. അത് കാതോലിക്കാ തിരഞ്ഞെടുപ്പിന് പ. എപ്പസ്‌ക്കോപ്പല്‍ സുന്നഹദോസ് നടത്തിയ വോട്ടെടുപ്പാണ്. സ്ഥാനാര്‍ത്ഥികളും നിര്‍ദ്ദേശകനും പിന്തുണക്കാരനും ഇല്ലാതെ എല്ലാ അംഗങ്ങളും സ്ഥാനാര്‍ത്ഥികള്‍ എന്ന കാഴ്ചപ്പാടില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിന്റെ ഫലം പുറത്തു വിടരുതെന്നും, ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച വ്യക്തിയുടെ പേരു മാത്രം പ്രഖ്യാപിക്കണമെന്നുമുള്ള വ്യക്തമായ ധാരണ പ. എപ്പസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ ആദ്യമേതന്നെ ഉണ്ടായിരുന്നു. അത് അതേപടി പാലിക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്റെ പേരു മാത്രം സുന്നഹദോസ് ശുപാര്‍ശ ചെയ്തു. അത് അംഗീകരിക്കപ്പെട്ടു. വാഴ്ചയും നടന്നു.
പക്ഷേ സുന്നഹദോസിലെ വോട്ടിഗ് നില ഒരു കുമ്പസാര രഹസ്യമാണ്. വോട്ട് ചെയ്ത മെത്രാന്മാര്‍ പോലും അന്വേഷിക്കാത്ത രഹസ്യം. അത് അറിയാവുന്നവര്‍ മുന്‍ ധാരണ അനുസരിച്ച് വോട്ട് എണ്ണിയ സുന്നഹദോസ് അദ്ധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായും സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്തായും മാത്രം. ഇരുവരും ജീവിതാന്ത്യംവരെ ഈ വിവരം രഹസ്യമായി സൂക്ഷിക്കുവാന്‍ കടപ്പെട്ടവര്‍.
നസ്രാണിക്ക് ഇതൊന്നും പ്രശ്‌നമല്ല. കാറുംകോളും നിറഞ്ഞ മൂന്നു മാസം സഭാ നൗകയെ നയിച്ച് സുരക്ഷിത തുറമുഖത്തെത്തിച്ച കപ്പിത്താന്‍ എന്ന നിലയില്‍ ക്ലിമ്മീസ് അപ്പച്ചന്‍ എന്നും സഭാ ചരിത്രത്തില്‍ സ്മരിക്കപ്പെടും. കേവലം തുമ്പമണ്ണിന്റെ ഇടയനായി കടന്നു പോകേണ്ടിയിരുന്ന കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായെ മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്താ ആയി നസ്രാണി മനസില്‍ ഉയര്‍ത്തിയത് കാലത്തിന്റെ കാവ്യനീതി.
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 20 October 2021)