കരുണയുടെ ഉറവിടമാകണം സഭ: കാതോലിക്കാ ബാവാ
പരുമല ∙ ഉയരത്തിൽ വസിക്കുകയും എളിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ജാഗ്രതയാണ് ഓർത്തഡോക്സ് സഭാമക്കൾ പിന്തുടരേണ്ടതെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിരാലംബരെയും നിരാശ്രയരെയും ബന്ധിതരെയും പീഡിതരെയും അനാഥരെയും വിധവകളെയും ശുശ്രൂഷിക്കാൻ സഭയ്ക്കു ബാധ്യതയുണ്ട്. ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും മനസ്സിലാകുന്നതു കരുണയുടെ ഭാഷയാണ്. അതാണു സുവിശേഷത്തിന്റെ ഭാഷ. അതാകണം നമ്മുടെ ജീവിത സാക്ഷ്യം. കാരുണ്യത്തിന്റെ ഉറവിടമായി സഭ മാറണമെന്നും ബാവാ ഓർമിപ്പിച്ചു.
പിതാക്കന്മാർ ഭരമേൽപിച്ച സത്യവഴിയിലൂടെ നടക്കണം. ബാവാ സ്ഥാനത്തേക്കുള്ള തന്റെ തിരഞ്ഞെടുപ്പ് ദൈവ കരുണയുടെയും കരുതലിന്റെയും ഫലമാണ്. കണ്ണുനീരാലും കൃതജ്ഞതയാലും ഹൃദയം നിറയുകയാണ്. നാനാത്വത്തിൽ ഏകത്വമുള്ള ഭാരത മണ്ണിൽ ക്രൈസ്തവ സഭകൾക്കിടയിലെ സഹവർത്തിത്വം ഏകോപിപ്പിക്കാൻ നേതൃത്വം നൽകുമെന്നും ബാവാ വ്യക്തമാക്കി.
പ്രജ്ഞയിൽ നിന്നു കരുണയിലേക്കുള്ള കവിഞ്ഞൊഴുകലാണു ബോധോദയം എന്നു പഠിപ്പിച്ച ബുദ്ധന്റെയും അഹിംസാ മന്ത്രം ഉരുവിട്ട മഹാത്മാ ഗാന്ധിയുടെയും കരുണ ഉറുമ്പിനോടും വേണമെന്നോതിയ ശ്രീനാരായണ ഗുരുവിന്റെയും വാക്കുകൾ അനുസ്മരിച്ചാണു കാതോലിക്കാ ബാവാ മറുപടി പ്രസംഗം നടത്തിയത്.